7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

വിപ്ലവകരമായ നിലപാടുകള്‍ തന്നെ

ഫിദ എന്‍ പി ബാംഗ്ലൂര്‍

ഡോ. ഇ കെ അഹ്മദ്കുട്ടിയുമായി ഹാറൂന്‍ കക്കാട് അഞ്ചു ലക്കങ്ങളിലായി നടത്തിയ സംഭാഷണം വിജ്ഞാനപ്രദവും കാലികപ്രസക്തവുമായിരുന്നു. കേരള മുസ്‌ലിം നവോത്ഥാനത്തിന് ഊര്‍ജം പകര്‍ന്ന ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ കൂടെ നടന്നുതീര്‍ത്ത വഴികളില്‍ ദര്‍ശിച്ച ഒരുപാട് ഓര്‍മകളും അനുഭവങ്ങളുമാണ് ഡോ. ഇ കെ ഈ സംഭാഷണത്തില്‍ പങ്കുവെച്ചത്.
സംഭാഷണത്തില്‍ വീണ്ടും ഓര്‍ക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ ധാരാളം വിഷയങ്ങള്‍ കടന്നുവന്നു. അതിലൊന്നാണ്, ബുദ്ധിയുടെയും ചിന്തയുടെയും പ്രാധാന്യത്തെ കുറിച്ച് ധാരാളം പറയുമെങ്കിലും പണ്ഡിതന്മാരില്‍ അധികവും അക്ഷരവായനക്കാരും അക്ഷരപൂജകരുമാണ് എന്നത്. ആത്മാവില്ലാത്ത അനുഷ്ഠാനപരതയാണ് പലരും ശീലിച്ചത്. ഇസ്‌ലാമിന്റെ രീതി വഹ്‌യും അഖ്‌ലും അഥവാ അഖ്‌ലും നഖ്‌ലും സംയോജിച്ചുകൊണ്ടുള്ളതാണ്.
മറ്റൊന്ന്, ഹദീസിനെ കുറിച്ച് ഇനിയും പഠനങ്ങളും ഗവേഷണങ്ങളും നടക്കാനുണ്ട്. അത് ഒരിക്കലും ‘ഹദീസ് നിഷേധ’മല്ല, ഹദീസ് ശുദ്ധീകരണമാണ്. വിശുദ്ധ ഖുര്‍ആനിനോട് യോജിക്കാത്ത ഹദീസുകള്‍ സ്വീകരിച്ചതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായി വര്‍ത്തിച്ചത് എന്ന പരാമര്‍ശമാണ്.
കല, സാഹിത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട നമ്മുടെ നിലപാടുകള്‍ ഇപ്പോഴും പഴഞ്ചനാണ് എന്ന കണ്ടെത്തലും പ്രാധാന്യമര്‍ഹിക്കുന്നു. കഥ, കവിത, നാടകം, സിനിമ, ചിത്രകല, സംഗീതം, ഗാനം, ഫോട്ടോഗ്രഫി എന്നിവയെല്ലാം ചിലര്‍ക്ക് ലഹ്‌വും (വിനോദം) മറ്റു ചിലര്‍ക്ക് ഹറാമുമാണ്. മതപരമായ വൈജ്ഞാനിക രചനകള്‍ മതി, സര്‍ഗാത്മക സാഹിത്യം വേണ്ട എന്നാണ് പല പണ്ഡിതന്മാരുടെയും നിലപാട്. ഈ ചിന്താഗതി മാറേണ്ടതാണ്. കവികളും കഥാകാരന്മാരും നാടകകൃത്തുക്കളും ഗായകരും വളരെ കുറവാണ്. ഈ അവസ്ഥ മാറേണ്ടതാണ്. ഇതും വളരെ ശ്രദ്ധേയമായി തോന്നി. ഇത്രയും വിപ്ലവകരമായ, ഊര്‍ജസ്വലമായ ചിന്തകള്‍ ഡോ. ഇ കെ പങ്കുവെക്കുമ്പോള്‍ ഇന്നത്തെ യുവപണ്ഡിതന്മാരില്‍ പലരും ഓടിത്തോല്‍ക്കാനെങ്കിലും ഒപ്പം കൂടേണ്ടതാണ് എന്നു മാത്രം പറയട്ടെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x