22 Wednesday
October 2025
2025 October 22
1447 Joumada I 0

നാല് ചോദ്യങ്ങള്‍

എം ടി അബ്ദുല്‍ഗഫൂര്‍


അബൂബറസതുല്‍ അസ്‌ലമി നദ്‌ലത് ബ്‌നു ഉബൈദ്(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കു ന്നു: തന്റെ ആയുസിനെക്കുറിച്ച്, അത് എങ്ങനെ ചെലവഴിച്ചു(നശിപ്പിച്ചു) എന്നും, അറിവുകൊണ്ട് എന്ത് പ്രവര്‍ത്തിച്ചുവെന്നും, ധനം എവിടെ നിന്ന്് സമ്പാദിച്ചു, ഏത് മാര്‍ഗത്തില്‍ ചെലവഴിച്ചു എന്നും, ശരീരം എങ്ങനെ ഉപയോഗിച്ചു (ദ്രവിച്ചു) തീര്‍ന്നു എന്നും ചോദ്യം ചെയ്യപ്പെടുന്നതുവരെ ഒരടിമയുടെയും പാദങ്ങള്‍ അന്ത്യദിനത്തില്‍ മുന്നോട്ടു നീങ്ങുകയില്ല.” (തിര്‍മിദി)

പരീക്ഷകള്‍ മൂല്യനിര്‍ണയത്തിനുള്ള ഉപാധിയാണ്. വളര്‍ച്ചയും പുരോഗതിയും അടയാളപ്പെടുത്താനുള്ള ഉപകരണമായാണ് മൂല്യനിര്‍ണയം ഉപയോഗിക്കാറുള്ളത്. പരീക്ഷകളില്‍ ഫലം തൃപ്തികരമല്ലെങ്കില്‍ പുനര്‍മൂല്യനിര്‍ണയത്തിന് സംവിധാനമുണ്ട്. ഉദ്ദേശിച്ച മാര്‍ക്ക് ലഭിക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്.
എന്നാല്‍ യഥാര്‍ഥ പരീക്ഷ ജീവിതം തന്നെയാണ്. നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ (വി.ഖു 67:2) എന്ന പരിശോധനയാണ് ജീവിതമാകുന്ന പരീക്ഷയില്‍ വിലയിരുത്തപ്പെടുന്നത്. ഈ പരീക്ഷയുടെ പ്രത്യേകത തന്നെ, പരീക്ഷയ്ക്കുശേഷം പിന്നീട് മെച്ചപ്പെടുത്താനോ ഒന്നുകൂടി എഴുതി ജയി ക്കാനോ അവസരമില്ല എന്നതുതന്നെയാണ്. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടിക്കൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവൃത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു (63:11) എന്ന ഖുര്‍ആന്‍ വചനം ശ്രദ്ധേയമാകുന്നു.
അതുകൊണ്ട് തന്നെയായിരിക്കാം ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍ മുന്‍കൂട്ടി നല്‍കിയിരിക്കുന്നത്. സുപ്രധാനമായ നാല് ചോദ്യങ്ങള്‍. ഉത്തരം നല്‍കേണ്ടത് ജീവിതത്തിലൂടെ. ഒന്നാമത്തേത് ആയുസ്സുതന്നെ. അല്ലാഹു കനിഞ്ഞരുളിയ ആയുസ്സ് ഏത് മാര്‍ഗത്തിലാണ് ചെലവഴിച്ചത് എന്ന ചോദ്യം പ്രസക്തമാണ്. ധര്‍മത്തിന്റെയും അധര്‍മത്തിന്റെയും വഴികളേറെയുണ്ടായിരുന്നിട്ടും ധര്‍മപാത തെരഞ്ഞെടുക്കാനുള്ള വിവേകം കാണിക്കുന്നവര്‍ക്ക് ഫുള്‍ മാര്‍ക്ക് ലഭിക്കുന്നു.
അറിവ് മറ്റൊരു അനുഗ്രഹമാണ്. അറിവാകുന്ന അനുഗ്രഹത്തിന് നന്ദി ചെയ്യുക എന്നത് അത് പകര്‍ന്നു നല്‍കുന്നതിലൂടെയാണ്. അതുപോലെ അറിവിന്റെ ദാതാവായ അല്ലാഹുവിനെ കണ്ടെത്തുന്നതിന്, നേടിയ അറിവിനെ എത്രത്തോളം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു എന്നുള്ളതും നന്ദിയുടെ ഭാഗമാണ്.
സമ്പത്തിനെക്കുറിച്ച് രണ്ട് ചോദ്യങ്ങള്‍ക്കുത്തരം പറയേണ്ടതുണ്ട്. അതിന്റെ സമ്പാദ്യവും വിനിമയവുമാണ് വിവരിക്കേണ്ടത്. സമ്പാദിക്കാനുള്ള വകുപ്പുകള്‍ ധാരാളമുണ്ടായിരിക്കെ, അനുവദനീയമായ നിലയിലുള്ള സമ്പാദ്യമാണോ തന്റെ സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതെന്ന് പരിശോധിക്കപ്പെടുന്നതാണ്. ധൂര്‍ത്തും ആഡംബരവും അനാവശ്യമായ മറ്റു ചെലവുകളും ഒഴിവാക്കാനും നല്ല മാര്‍ഗത്തില്‍ ചെലവഴിക്കാനുമുള്ള പ്രേരണയാണീ ഹദീസ്.
മറ്റൊന്ന് ശരീരത്തെക്കുറിച്ചാണ്. അത് എങ്ങനെ ഉപയോഗപ്പെടുത്തിയതെന്നും അതിനെന്തെല്ലാം വിഭവങ്ങളാണ് നല്‍കിയതെന്നും പരിശോധിക്കുന്നതാണ്. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കണ്ടെത്താന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ജീവിതമാകുന്ന പരീക്ഷയില്‍ ഏതൊരാള്‍ക്കും വിജയിക്കുവാനും ഉന്നതമായ അവസ്ഥയില്‍ എത്തിച്ചേരാനും സാധിക്കുമെന്ന വസ്തുതയെയാണ് ഈ തിരുവചനം ബോധ്യപ്പെടുത്തുന്നത്.

Back to Top