വഫിയ്യയും നോളജ് സിറ്റിയും ഇരു സമസ്തകളുടെയും ഭാവിയെന്ത്?
ബി പി എ ഗഫൂര്‍
സമസ്തയെന്ന വടവൃക്ഷത്തിന്മേല്‍ കേവലമൊരു ഇത്തിക്കണ്ണിയായി അള്ളിപ്പിടിച്ചു വളര്‍ന്ന ശജറ ഇപ്പോള്‍ സമസ്തയുടെ കാതലിനെപ്പോലും കാര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് സമീപകാല വിവാദങ്ങള്‍ തെളിയിക്കുന്നത്. ശജറയും സി ഐ സിയും തമ്മിലുള്ള പോര് വികസിച്ച് സമസ്തയും സി ഐ സിയും എന്ന നിലക്ക് പരസ്യമായ പോര്‍വിളിയില്‍ എത്തിനില്‍ക്കുന്നു ഇപ്പോള്‍ കാര്യങ്ങള്‍. സി ഐ സിക്കു കീഴിലുള്ള തൊണ്ണൂറിലധികം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഫി-വഫിയ്യ പഠിതാക്കളുടെ സര്ഗോത്സവവുമായി ബന്ധപ്പെട്ടാണ് വിവാദം നടുറോഡില്‍ എത്തിയത്.
സമസ്തയ്ക്കു കീഴിലുള്ള കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് (സി ഐ സി) ആണ് വാഫി-വഫിയ്യ സ്ഥാപനങ്ങളുടെ സംഘാടനം നിര്‍വഹിക്കുന്നത്. അബ്ദുല്‍ഹകീം ഫൈസി ആദൃശ്ശേരിയാണ് സി ഐ സിക്ക് ചുക്കാന്‍ പിടിക്കുന്നത്. സി ഐ സിയുടെ ഭരണഘടന അനുസരിച്ച് അതിന്റെ ഉപദേശക സമിതിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഉണ്ടായിരിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു.
എന്നാല്‍, ഈയടുത്ത് സംസ്ഥാന സര്‍ക്കാരും മുസ്ലിം സംഘടനകളും നേര്‍ക്കുനേരെ ഏറ്റുമുട്ടേണ്ടിവന്ന സന്ദര്‍ഭങ്ങളിലെല്ലാം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ നിലപാടിനൊപ്പം നിന്നത് മുസ്ലിംലീഗിനും സമസ്തയിലെ മഹാഭൂരിപക്ഷത്തിനും ഏറെ അതൃപ്തിയുണ്ടാക്കി. ഇടതുപക്ഷത്തിന്റെ അജണ്ടക്കനുസരിച്ച് സമസ്തക്കാരെ പരുവപ്പെടുത്താന്‍ ശജറയെന്ന വിമത വിഭാഗത്തിന്റെ കൈയിലെ കളിപ്പാവയായി സമസ്ത പ്രസിഡന്റ് മാറുന്നു എന്ന് സമസ്തയിലെ തന്നെ വലിയൊരു വിഭാഗത്തിനും മുസ്ലിംലീഗിനും ആക്ഷേപമുണ്ടായി. വഖ്ഫ് നിയമന വിവാദം വന്നപ്പോള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ പ്രക്ഷോഭങ്ങളില്‍ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള വിഭാഗം വിട്ടുനില്‍ക്കുകയും സമര പരിപാടികളെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ഇത് പാണക്കാട് തങ്ങന്മാരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
സി ഐ സിയുടെ ഭരണസമിതിയില്‍ കൂടുതലും പാണക്കാട് കുടുംബവുമായി ബന്ധപ്പെട്ടവരാണ്. സി ഐ സി ഉപദേശക സമിതിയില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുടരുന്നത് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ അവര്‍ സി ഐ സിയുടെ ഭരണഘടനയില്‍ തന്ത്രപരമായ ഭേദഗതി കൊണ്ടുവന്നു. സി ഐ സി ഉപദേശക സമിതിയില്‍ സമസ്തയുടെ പ്രതിനിധിയുണ്ടായിരിക്കണം എന്നു ഭേദഗതി വരുത്തി. അതു പ്രകാരം നടന്ന പുനഃസംഘടനയില്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ ഉപദേശക സമിതിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ഇവിടം മുതലാണ് സി ഐ സിയും സമസ്തയും തമ്മിലുള്ള പോര് പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തുന്നത്. സമസ്ത മുശാവറ കൂടി സി ഐ സി നേതൃത്വത്തിനു ശക്തമായ താക്കീതു നല്കി. ഉപദേശക സമിതി ഭേദഗതി അടക്കമുള്ള ഭേദഗതികള്‍ക്കു പുറമേ അക്കാദമിക കാര്യങ്ങളിലും നടത്തിപ്പുകാര്യങ്ങളിലും വിശദമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. കോഴ്സ് അവസാനിക്കും വരെ വഫിയ്യ പഠിതാക്കള്‍ക്ക് വിവാഹം ചെയ്യാന്‍ പാടില്ലെന്ന നിബന്ധന റദ്ദാക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമസ്ത മുന്നോട്ടുവെച്ചത്.
സി ഐ സിയും സമസ്തയും പരസ്പരം ചെളിവാരിയെറിയലുകള്‍ അപകടകരമായ തലത്തിലെത്തിയപ്പോള്‍ ഇരുവിഭാഗവും പാണക്കാട്ട് യോഗം ചേര്‍ന്ന് അനുരഞ്ജനത്തില്‍ എത്തിയതായാണ് പറയപ്പെടുന്നത്. എന്നാല്‍ ആ അനുരജ്ഞനത്തിന് സി ഐ സി പുല്ലുവില കല്പിച്ചില്ലത്രേ. ഇത് സമസ്തയെ കുറച്ചൊന്നുമല്ല പൊല്ലാപ്പിലാക്കിയത്.
ഈയൊരവസരത്തിലാണ് സി ഐ സി സ്ഥാപനങ്ങളുടെ വാഫി-വഫിയ്യ സര്‍ഗോത്സവവും സനദ് ദാന സമ്മേളനവും ഒക്ടോബര്‍ 20, 21 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന വിവരം പ്രഖ്യാപിച്ചത്. സി ഐ സിയെ നിലയ്ക്കു നിര്‍ത്താന്‍ പറ്റിയ അവസരം ഇതുതന്നെയാണെന്ന് മനസ്സിലാക്കിയ ശജറ വിഭാഗം സമസ്തയെ കടുത്ത തീരുമാനത്തിനു പ്രേരിപ്പിച്ചു.
സി ഐ സിയുടെ കീഴിലുള്ള തൊണ്ണൂറിലധികം വരുന്ന സ്ഥാപനങ്ങള്‍ സമസ്തയുടെ കീഴിലുള്ളതാണെന്നതിനാല് അവരെ വിലക്കുകയെന്ന കടുത്ത തീരുമാനമാണ് സമസ്ത മുശാവറയില്‍ ഉണ്ടായത്. സമസ്തയുമായുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ സി ഐ സി പാലിച്ചിട്ടില്ലെന്നതിനാല് വാഫി-വഫിയ്യ സര്ഗോത്സവവുമായും സനദ് ദാന സമ്മേളനവുമായും സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും സംഘടനാ നേതൃത്വങ്ങളും പ്രവര്‍ത്തകരും വിട്ടുനില്‍ക്കണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാര്‍ പരസ്യമായി പ്രസ്താവനയിറക്കി.
സാധാരണഗതിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയാല്‍ അത് നടക്കില്ലെന്നു തന്നെയാണ് വിചാരിക്കുക. എന്നാല്‍ സമസ്തയെ ഞെട്ടിച്ചുകൊണ്ട് സര്‍ഗോത്സവ്-സനദ്ദാന സമ്മേളനവുമായി സി ഐ സി നേതൃത്വം മുന്നോട്ടുപോവുകയും സമസ്ത സ്ഥാപനങ്ങള്‍ പരിപാടിയുമായി സഹകരിക്കുകയും ചെയ്തു. സി ഐ സിക്കു നേരെയുള്ള വിലക്ക് മുസ്ലിം ലീഗിനെതിരിലുള്ള ശജറയുടെയും ജിഫ്രി മുത്തുക്കോയ തങ്ങളുടെയും വെല്ലുവിളിയാണെന്നു തിരിച്ചറിഞ്ഞ മുസ്ലിംലീഗ് നേതൃത്വം പരിപാടി നടത്താനുള്ള എല്ലാ പിന്തുണയും നല്കി. എസ് വൈ എസ് പ്രസിഡന്റ് കൂടിയായ മുസ്ലിംലീഗ് അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് തങ്ങന്മാര് ഒന്നടങ്കം പരിപാടിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി നിന്നു.
ഇവിടെയാരും ഓടു പൊളിച്ചുവന്നിട്ടില്ല. ഒറ്റ ദിവസം കൊണ്ട് ആരും വിപ്ലവം ഉണ്ടാക്കിയിട്ടില്ല. ഭിന്നിപ്പിന്റെയല്ല ഐക്യത്തിന്റെ ദീപമാണ് തെളിയിക്കേണ്ടതെന്നു സമസ്തയുടെ വിലക്കിനെതിരെ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സനദ് ദാന സമ്മേളനത്തില്‍ തുറന്നടിച്ചു. പാണക്കാട് തങ്ങന്മാര് നിരന്നിരുന്ന വേദിയില്‍ സി ഐ സിയുടെ മുഖ്യ സംഘാടകന്‍ അബ്ദുല്‍ഹകീം ഫൈസി ആദൃശ്ശേരി സമസ്തയുടെ ആരോപണങ്ങളെയെല്ലാം പരസ്യമായി ഖണ്ഡിച്ചു:
”ജനാധിപത്യപരമായി സ്വീകാര്യത നേടിയ, എല്ലാവരും അംഗീകരിക്കുന്ന പാണക്കാട് കുടുംബത്തിന്റെ നേതൃത്വമാണ് സമസ്തയുടെയും സി ഐ സിയുടെയുമെല്ലാം നേതൃത്വം. അതിന്റെ പണ്ഡിതനേതൃത്വമാണ് സമസ്ത. ആധ്യാത്മിക ജ്ഞാനത്തിന്റെ ആകത്തുക മര്യാദയെന്നതാണ്. പണ്ഡിതനേതൃത്വത്തിന്റെ ചുമതല ഉപദേശനിര്ദേങ്ങള് പണ്ഡിതോചിതമായി നല്‍കുകയെന്നതാണ്. മുസ്ലിം ജനമനസ്സുകള്‍ ആത്മീയമായി തോളിലേറ്റിയ പാണക്കാട് കുടുംബത്തെ ധിക്കരിക്കാവതല്ല. കുരിശുയുദ്ധം പിന്‍വലിച്ച് മുസ്ലിം ഉമ്മത്തിന്റെ പൊതുധാരയിലേക്ക് വരണം. വാഫി-വഫിയ്യ സംവിധാനവും സമന്വയ വിദ്യാഭ്യാസവും തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ദീനിന്റെ ശത്രുക്കള്‍ ഇതിനെ തകര്‍ക്കാന്‍ നോക്കുമ്പോള്‍ സമസ്തയുടെ ആദര്‍ശ നേതൃത്വവും പാണക്കാട് കുടുംബത്തോടൊപ്പം ചേര്‍ന്നു നേരിടണം. സമസ്തയ്ക്ക് കീഴ്പെട്ട് ജീവിക്കുന്നത് കോട്ടുമല ഉസ്താദിനെ കണ്ടിട്ടാണ്.”
വഫിയ്യ കോഴ്സ് പഠിച്ചുകൊണ്ടിരിക്കെ വിവാഹം പാടില്ലെന്ന നിബന്ധന പിന്‍വലിക്കണമെന്ന സമസ്തയുടെ ആവശ്യം ആദൃശ്ശേരി പരസ്യമായി ഖണ്ഡിച്ചു: ”വഫിയ്യ കോഴ്സ് രാജധാനി എക്സ്പ്രസ് പോലെയാണ്. അത് വഴിക്ക് നിര്‍ത്തില്ല. അതുപോലെ തന്നെ വഫിയ്യ കോഴ്സ് ഇടയ്ക്കുവെച്ച് നിര്‍ത്താന്‍ പാടില്ല. അടുക്കളയിലേക്ക് പറഞ്ഞുവിടാനാണെങ്കില്‍ അഞ്ചു വര്‍ഷം പഠിക്കേണ്ട ആവശ്യമില്ല. ലോകത്തിനു വെളിച്ചം പകരാന്‍ പെണ്‍കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്. സ്ത്രീയെ കെട്ടിപ്പൂട്ടേണ്ടതല്ല. പെണ്ണിന് പഠിക്കാനും കുടുംബത്തെ സഹായിക്കാനുമാവും. വികസനമുണ്ടാവണം. അതിന് അറിവു വേണം. മതം അതിന് തടസ്സമാവരുത്. അറിവിനായി ഉദയം ചെയ്തവര്‍ക്ക് ആരുടെ മുന്നിലും തലകുനിക്കാനാവില്ല. ഇത് തടസ്സപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. അറിവിനു നേര്‍ക്കു വരുന്ന തടസ്സങ്ങള്‍ പരിഗണിക്കുന്നില്ല. പാണക്കാട് കുടുംബത്തിന് പ്രബുദ്ധ കേരളത്തിന്റെ പിന്തുണയുണ്ട്.”
അബ്ദുല്‍ഹകീം ഫൈസി ആദൃശ്ശേരിയുടെ പ്രസംഗം സമസ്തയുടെ വിലക്കു പ്രസ്താവനയെ തകര്‍ത്തെറിഞ്ഞു.
അഭിമാനക്ഷതമേറ്റ സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തുവന്നു. ഹൈദ്രോസ് മുസ്ല്യാര്‍ ആണ്ടുനേര്‍ച്ചയിലും ശംസുല്‍ ഉലമാ ആണ്ടുനേര്‍ച്ചയിലും ജിഫ്രി തങ്ങള്‍ സി ഐ സി നേതൃത്വത്തെ പരസ്യമായിത്തന്നെ താക്കീത് ചെയ്തു.
”ആരെങ്കിലും എവിടെ നിന്നെങ്കിലും പരിഹസിച്ചാലോ കാര്‍ക്കിച്ചു തുപ്പിയാലോ ചെറുതാവില്ല” എന്നതായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. ”ഇത് തീക്കളിയാണ്. വേണ്ടാത്ത കളി. തീക്കളി നാശത്തിലേക്കുള്ള വഴിയാണ്”- ഹൈദ്രോസ് മുസ്ല്യാര്‍ ആണ്ടുനേര്‍ച്ചയുടെ വേദിയില്‍ ജിഫ്രി തങ്ങള്‍ ഇത് പറയുമ്പോള്‍ തൊട്ടടുത്തിരുന്ന എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ മുഖഭാവം രോഷാഗ്നി പ്രകടമാക്കുന്നതായിരുന്നു.
തുടര്‍ന്ന് ഇരുവിഭാഗത്തിന്റെ അണികള്‍ തമ്മില്‍ അതിശക്തമായ പോര്‍വിളികള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ”പണ്ഡിതസഭയ്ക്ക് യോജിക്കാത്ത കാര്യങ്ങള്‍ കണ്ടാല്‍ അത് വിലക്കാനുള്ള അധികാരം സമസ്തയ്ക്കുണ്ട്. അതിനെ അവഗണിച്ച് പാണക്കാട് തങ്ങന്മാര് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തത് തങ്ങന്മാര് തന്നെ സമസ്തയെ ധിക്കരിക്കുന്നു എന്ന് അണികളെ ബോധ്യപ്പെടുത്തലാണ്. സമസ്തയുടെ തീരുമാനങ്ങള്‍ക്ക് വില കല്പിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. തങ്ങന്മാര് എത്ര വലിയവരാണെങ്കിലും പണ്ഡിതന്മാരുടെ കൂടെ നില്ക്കാന് അവര്‍ ബാധ്യസ്ഥരാണ്” എന്നാണ് ഒരു മുസ്ല്യാര്‍ പ്രസ്താവിച്ചത്.
”ഉള്ളാള്‍ തങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്തിനാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന് ചോദിച്ചവരുടെ ജാരസന്തതികള്‍ ഇ കെ സമസ്തയിലും ജനിച്ചു” എന്നാണ് ഇതിന് സി ഐ സി പക്ഷം തിരിച്ചടിച്ചത്. ശജറയെ മുളയിലേ നുള്ളിക്കളഞ്ഞിരുന്നെങ്കില് അതിന്റെ അപകടം ഇപ്പോള്‍ അനുഭവിക്കേണ്ടിയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. ശജറയുടെയും ജിഫ്രി മുത്തുക്കോയ തങ്ങളുടെയും പിന്നില്‍ കാന്തപുരം സുന്നികളാണെന്ന ധാരണ വെച്ചാണ് ഇവിടെ ജാരസന്തതികള്‍ എന്ന് ആക്ഷേപിക്കുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന അവസ്ഥയിലല്ല നിലവില്‍ കാന്തപുരം സമസ്തയുള്ളത്.
കാലാവസ്ഥാ ഉച്ചകോടി
നോളജ് സിറ്റിയിലെ കാലാവസ്ഥാ സമ്മേളനത്തില്‍ വനിതകള്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടും, മര്‍കസ് സ്ഥാപനങ്ങളും കാന്തപുരം സമസ്തയും കാന്തപുരത്തിന്റെ മകന് ഡോ. അബ്ദുല്‍ഹകീം അസ്ഹരി സ്വന്തമാക്കുന്നു എന്ന നിലയ്ക്കുള്ള വിമര്‍ശനങ്ങളും അവര്‍ക്കിടയില്‍ വലിയ ആഭ്യന്തര കലഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
കാന്തപുരം ഉസ്താദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉസ്താദിന്റെ കല്പനകള് കാറ്റില്‍ പറത്തി നോളജ് സിറ്റിയില്‍ അന്യ സ്ത്രീപുരുഷന്മാര്ക്ക് യഥേഷ്ടം മേയാന്‍ അവസരമൊരുക്കിയെന്നാണ് ഡോ. അബ്ദുല്‍ഹകീം അസ്ഹരിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി വിമത വിഭാഗം ആരോപിക്കുന്നത്. അന്യപുരുഷന്മാരോടൊപ്പം നോളജ് സിറ്റിയിലെ സ്റ്റേജിലും സദസ്സിലും സ്ത്രീകള്‍ ഇടകലര്ന്നിരിക്കുന്നതും സ്റ്റേജില്‍ കയറി സ്ത്രീകള്‍ പ്രഭാഷണം നടത്തിയതുമെല്ലാം ന്യായീകരിക്കാന്‍ അണികള്‍ ഏറെ പ്രയാസപ്പെടുകയാണ്.
സ്ത്രീകള്‍ പ്രസംഗിക്കുകയല്ല പ്രസവിക്കാനുള്ളതാണെന്ന ഉസ്താദിന്റെ പഴയ പ്രസംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇ കെ സമസ്തക്കാരും മറ്റുള്ളവരും സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ പിടിച്ചുനില്ക്കാന് എ പി സമസ്തയുടെ പണ്ഡിതന്മാര്ക്കും പ്രവര്‍ത്തകര്‍ക്കും സാധിക്കുന്നില്ലെന്നത് വലിയ ആഭ്യന്തര പ്രതിസന്ധിയാണ് എ പി സമസ്തയിലുണ്ടാക്കിയിരിക്കുന്നത്. മര്‍കസ് സ്ഥാപനങ്ങളില്‍ നിന്ന് ഏറക്കുറേ അകലം പാലിക്കാറുള്ള പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ഭം നന്നായി മുതലെടുക്കുന്നു എന്നത് എ പി സമസ്തയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ന്യായീകരണങ്ങള്‍ കൊണ്ട് പിടിച്ചുനില്ക്കാന് കഴിയാതെ വന്നപ്പോള്‍ എ പി സമസ്തയുടെ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ല്യാര്‍ക്ക് ഡോ. ഹകീം അസ്ഹരിയെ തന്നെ തള്ളിപ്പറയേണ്ടിവന്നു. ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ വേദിയിലും സദസ്സിലും അന്യപുരുഷന്മാരോടൊപ്പം സ്ത്രീകള്‍ ഇടകലര്‍ന്നിരുന്നതിനെ അദ്ദേഹം പരസ്യമായിത്തന്നെ തള്ളിപ്പറഞ്ഞു. എ പി സമസ്തയുടെ സ്ത്രീകളുടെ പൊതുരംഗപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്നും കാലാവസ്ഥാ സമ്മേളനത്തിലെ നടപടി അംഗീകരിക്കാവതല്ലെന്നും അദ്ദേഹം തുറന്നടിച്ചു. സംഭവത്തില്‍ മര്‍കസ് നേതൃത്വത്തോടും കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിച്ചവരോടും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
ചുരുക്കത്തില്‍, വഫിയ്യ സംവിധാനത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തോടെ ഇ കെ സമസ്തയും, കാലാവസ്ഥാ ഉച്ചകോടിയിലെ സ്ത്രീപങ്കാളിത്തത്തോടെ എ പി സമസ്തയും തുല്യദുഃഖിതരായി ആഭ്യന്തര കലാപത്തെ നേരിട്ടുകൊണ്ടിരിക്കുന്നു. മുസ്ലിം നവോത്ഥാന പ്രസ്ഥാനം കൂടുതല്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ട ഘട്ടമാണിത്. നവോത്ഥാന മുന്നേറ്റത്തിന്റെ പിന്മുറക്കാരായി സ്വയം അഭിരമിക്കുന്ന നവയാഥാസ്ഥിതിക വിഭാഗങ്ങളെല്ലാം സ്ത്രീകളെ മറയ്ക്കുള്ളില്‍ തളച്ചിടുമ്പോള്‍ ഇസ്ലാം സ്ത്രീക്ക് നല്കിയ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കാനുള്ള മുന്നേറ്റത്തിന് ഇസ്ലാഹി പ്രസ്ഥാനത്തില്‍ മാത്രമാണ് പ്രതീക്ഷ.