29 Sunday
June 2025
2025 June 29
1447 Mouharrem 3

പിന്തുടര്‍ച്ചാവകാശ നിയമങ്ങളും വസ്വിയ്യത്തും

സയ്യിദ് സുല്ലമി


അനന്തരാവകാശ നിയമങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഇസ്‌ലാം നല്‍കുന്നത്. ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ സ്വത്ത് കാലതാമസമെടുക്കാതെ അവകാശികള്‍ക്കിടയില്‍ ശരീഅത്ത് നിയമ പ്രകാരം വീതിച്ചു നല്‍കേണ്ടതാണ്. അനന്തരാവകാശ സ്വത്തിന് അര്‍ഹരായവരെക്കുറിച്ച് ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സ്വഹാബിമാരുടെ അടുത്ത ബന്ധുക്കള്‍ മരണപ്പെട്ടപ്പോള്‍ അനന്തരാവകാശ വിഹിതങ്ങള്‍ പ്രവാചകന്‍ പറഞ്ഞുകൊടുത്തതായി ഹദീസുകളില്‍ വ്യക്തമായി വന്നിട്ടുണ്ട്. അത് കുറവല്ലേ എന്ന് ചിന്തിക്കുന്നത് അര്‍ഥശൂന്യമാണ്. കാരണം മനുഷ്യന്റെ ഭാവിയും ഭൂതവും വര്‍ത്തമാനവും നന്നായി അറിയാവുന്ന കാരുണ്യവാനായ നാഥന്റെ നിയമമത്രെ അത്.
വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിച്ച രീതി ഒഴിവാക്കി തങ്ങള്‍ക്ക് തോന്നുന്നതുപോലെ അനന്തര സ്വത്ത് വീതം വെക്കുന്നത് അല്ലാഹുവിനോടുള്ള ധിക്കാരവും നന്ദികേടുമാണ്. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ നിയമപരിധികളാകുന്നു അവയൊക്കെ. ഏതൊരാള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ, അവനെ അല്ലാഹു താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രേ മഹത്തായ വിജയം. ആര് അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ നിയമപരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്‌നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്” (4:13,14).
”നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ഓഹരി നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു” (4:11). ഈ നിയമങ്ങളെ അവഗണിച്ച് സമൂഹത്തില്‍ കാണുന്നതുപോലെ അനന്തര സ്വത്തുക്കള്‍ വീതം വെക്കുന്നത് ഒഴിവാക്കുകയും ഖുര്‍ആനിക നിയമങ്ങള്‍ വഴി നമുക്ക് കിട്ടുന്ന സ്വത്ത് കൊണ്ട് – അതെത്ര ചെറുതാണെങ്കിലും- തൃപ്തിപ്പെടുകയുമാണ് സത്യവിശ്വാസികള്‍ക്ക് കരണീയമായിട്ടുള്ളത്.
പിതാവ് മരണപ്പെട്ടാല്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇടയില്‍ സ്വത്ത് തുല്യമായി ഭാഗം വെക്കുന്ന പ്രവണത ചില കുടുംബങ്ങളില്‍ കണ്ടുവരുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ ഖുര്‍ആനിക നിയമങ്ങളെ ലംഘിക്കുകയാണ്. ചില സഹോദരിമാര്‍ തുല്യമായി ഭാഗിക്കണമെന്ന് വാദിക്കുകയും ചെയ്യാറുണ്ട്. അതെല്ലാം അല്ലാഹുവിന്റെ നിയമങ്ങള്‍ ധിക്കരിക്കലാകുന്നു. പിതാവിന്റെയോ മാതാവിന്റെയോ മരണശേഷം ആണ്‍-പെണ്‍ മക്കള്‍ക്കിടയില്‍ തുല്യമായി വീതിക്കാന്‍ ഞങ്ങള്‍ക്ക് തൃപ്തിയാണെന്ന് പറയുന്ന സംഭവങ്ങളുമുണ്ട്. ഇവിടെയും ഖുര്‍ആനിക നിയമങ്ങള്‍ നടപ്പാക്കാതെ പോകുന്നു. അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പാക്കാനുള്ള അവസരങ്ങള്‍ ഉപയോഗിക്കുകയാണ് ഓരോ സത്യവിശ്വാസിക്കും അഭികാമ്യം.
മക്കളായി പെണ്‍കുട്ടികള്‍ മാത്രമുള്ള പിതാവ് മരണപ്പെട്ടാല്‍ സ്വത്തില്‍ നിന്ന് ഭാര്യക്കും പെണ്‍മക്കള്‍ക്കും നിശ്ചിത ഓഹരികള്‍ നല്‍കിയ ശേഷം അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ക്ക് നല്‍കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ ഈ വ്യക്തി മരണപ്പെടുന്നതിനു മുമ്പുതന്നെ ഭാര്യയുടെയും പെണ്‍മക്കളുടെയും പേരില്‍ മുഴുവന്‍ സ്വത്തും എഴുതിവെക്കുന്ന പ്രവണത കണ്ടുവരുന്നു. ഖുര്‍ആന്‍ വ്യക്തമാക്കിയ അനന്തരാവകാശ നിയമങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവര്‍ക്ക് റബ്ബ് നിശ്ചയിച്ച വിഹിതങ്ങള്‍ തടയുകയാണ് ഇവര്‍ ചെയ്യുന്നത്. മറ്റുള്ളവരുടെ അവകാശം തടയുകയെന്നത് ഗുരുതരമായ കുറ്റമാണ്.

പുരുഷ മേധാവിത്വമോ?
അനന്തരാവകാശ നിയമത്തില്‍ സ്ത്രീക്ക് പകുതി മാത്രമാണ് നല്‍കുന്നതെന്നും ഇത് പുരുഷ മേധാവിത്വമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ചിലര്‍ ഇസ്‌ലാമിന് നേരെ ഉന്നയിക്കാറുണ്ട്. അനന്തര സ്വത്ത് വീതം വെക്കുമ്പോള്‍ ചില അവസരങ്ങളില്‍ സ്ത്രീയെക്കാള്‍ പുരുഷനും ചില ഘട്ടങ്ങളില്‍ പുരുഷനെക്കാള്‍ സ്ത്രീക്കും ലഭിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യമായും ലഭിക്കുന്നു. എന്തുകൊണ്ട് സ്ത്രീക്ക് പുരുഷന്റെ പകുതി നല്‍കുന്നുവെന്ന ചോദ്യത്തിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന മറുപടി, അവര്‍ക്ക് കുടുംബത്തിന് സാമ്പത്തികച്ചെലവ് കണ്ടെത്തേണ്ട ബാധ്യതയില്ല, അത് പുരുഷനു മാത്രമാണ് എന്നതാണ്.
ഒരാള്‍ മകനെയും മകളെയും വിട്ടേച്ച് മരണപ്പെട്ടാലും, മകന്റെ മകനെയും മകന്റെ മകളെയും വിട്ടേച്ച് മരണപ്പെട്ടാലും സ്ത്രീക്ക് പുരുഷന്റെ പകുതിയായിരിക്കും. സഹോദരനെയും സഹോദരിയെയും വിട്ടേച്ചുപോവുകയോ അല്ലെങ്കില്‍ പിതാവൊത്ത സഹോദരനെയും പിതാവൊത്ത സഹോദരിയെയും വിട്ടേച്ചുപോവുകയോ ചെയ്യുമ്പോഴും സ്ത്രീക്ക് പുരുഷന്റെ പകുതിയായിരിക്കും ലഭിക്കുക. മറ്റുള്ള അവസരങ്ങളിലെല്ലാം സ്ത്രീക്ക് പുരുഷന് കിട്ടുന്നതുപോലെയോ അതിലധികമോ ലഭിക്കുന്നു.
പുരുഷനെക്കാള്‍ സ്ത്രീക്ക് അവകാശം ലഭിക്കുന്ന അവസരങ്ങളുമുണ്ട്. അങ്ങനെയുള്ള ഒരു സന്ദര്‍ഭം നോക്കൂ: അബ്ദുല്ലാഹിബ്്‌നു അബ്ബാസ്(റ) പറയുന്നു: ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും വിട്ടേച്ചു മരണപ്പെട്ടാല്‍ ഭര്‍ത്താവിന് ആകെ സ്വത്തിന്റെ പകുതിയും മാതാവിന് ആകെ സ്വത്തിന്റെ മൂന്നില്‍ ഒന്നും ബാക്കിവരുന്നത് പിതാവിനും എന്നിങ്ങനെയാണ്. ഇനി ഒരാള്‍ തന്റെ ഭാര്യയെയും മാതാപിതാക്കളെയും വിട്ടേച്ചു മരണപ്പെട്ടാല്‍ ഭാര്യക്ക് ആകെ സ്വത്തിന്റെ കാല്‍ഭാഗവും മാതാവിന് ആകെ സ്വത്തിന്റെ മൂന്നിലൊന്നും ബാക്കി വരുന്നത് പിതാവിനും നല്‍കുക. ഇതേ വിധിയാണ് ശുറൈഹ് അല്‍ ഖാദിയും മുഹമ്മദുബ്‌നു സീരീനും ദാവൂദുബ്‌നു അലിയും അഭിപ്രായപ്പെട്ടിട്ടുള്ളത് (തഫ്‌സീര്‍ ഖുര്‍തുബി).
വസ്വിയ്യത്ത്
അനന്തര സ്വത്ത് വിഭജിക്കുന്നതിനു മുമ്പായി വസിയ്യത്തും കടവും ഉണ്ടെങ്കില്‍ അത് വീട്ടണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. മക്കളില്‍ ചിലര്‍ക്ക് അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കില്‍ വസിയ്യത്ത് ചെയ്യാവുന്നതാണ്. ഇസ്‌ലാം അംഗീകരിക്കുന്ന സംഗതികള്‍ക്കും വസിയ്യത്ത് ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ ആകെ സ്വത്തിന്റെ മൂന്നിലൊന്നില്‍ കൂടാന്‍ പാടില്ല.
മകന്‍ മരണപ്പെടുകയും മകന്റെ മക്കളും ഭാര്യയും ഉണ്ടായിരിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് സ്വത്ത് വസിയ്യത്ത് ചെയ്യണം. പിതാവ് ജീവിച്ചിരിക്കെ മകന്‍ മരണപ്പെട്ടാല്‍ പേരമക്കള്‍ക്ക് സ്വത്തില്ല എന്നു പറയുന്നത് അന്യായവും ഖുര്‍ആന്‍ വിരുദ്ധവുമാണ്. അവര്‍ വഴിയാധാരമാകാതിരിക്കാന്‍ അവര്‍ക്കു വേണ്ടി വസിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ”നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാകുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രേ അത്” (വി.ഖു 2:180).
ഈ സൂക്തത്തെ വിശദീകരിച്ച് ശൈഖ് സ്വാലിഹ് ഉസൈമീന്‍ പറയുന്നു: മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്. അത് ഭക്തിയുടെ അടയാളങ്ങളില്‍ പെട്ടതാണ്. പരിശുദ്ധ ഇസ്‌ലാം ഓരോ വ്യക്തിക്കും അര്‍ഹതപ്പെട്ടതും ന്യായമായതും നല്‍കി. എന്നാല്‍ ശരീഅത്തിന് വിരുദ്ധമായ വസ്വിയ്യത്ത് നടപ്പാക്കാനും പാടില്ല. ഉദാഹരണം: ഏതെങ്കിലും ഒരാള്‍ക്ക് മുഴുവനായി സ്വത്ത് എഴുതിവെച്ച് മറ്റുള്ള അവകാശികള്‍ക്ക് ഒന്നും നല്‍കാതെയോ ന്യായമായത് നിഷേധിക്കുകയോ ചെയ്യുന്നത്. അതുപോലെ മൂന്നിലൊന്നില്‍ അധികം വസ്വിയ്യത്ത് ചെയ്താല്‍ അതങ്ങനെ നടപ്പാക്കിക്കൂടാ. ഇസ്‌ലാമികവിരുദ്ധ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള വസ്വിയ്യത്തും തള്ളിക്കളയണം. അത്തരം വസ്വിയ്യത്തുകള്‍ പാടില്ലാത്തതാണ്. (ഫതാവാ നൂറുന്‍ അലദ്ദര്‍ബ്)

Back to Top