27 Friday
December 2024
2024 December 27
1446 Joumada II 25

അനന്തരാവകാശ നിയമങ്ങളും സ്ത്രീ സുരക്ഷയും

അബ്ദുല്‍അലി മദനി


അല്ലാഹു മനുഷ്യര്‍ക്കായി അവതരിപ്പിച്ച നിയമങ്ങളില്‍ ഏറ്റവും മഹത്തരമായതാണ് അനന്തരാവകാശ നിയമങ്ങള്‍. അല്ലാഹുവിന്റെ നിയമങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കുന്നത് അല്ലാഹുവിലും പ്രതിഫലനാളിലും പ്രവാചകന്മാരിലും വേദഗ്രന്ഥത്തിലും ദൈവവിധിയിലും മാലാഖമാരിലുമെല്ലാം ദൃഢമായി വിശ്വസിച്ചവരോടാണ്. അടിസ്ഥാനപരമായി ദൈവിക നിയമങ്ങളെ പവിത്രതയോടെ ഉള്‍ക്കൊള്ളാന്‍ സത്യവിശ്വാസികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാലാണിത്. ഇസ്‌ലാമിലെ ദായക്രമ നിയമങ്ങള്‍ പരിശോധിച്ചാല്‍ മാനവസമൂഹത്തിന്റെ സാമൂഹികമായ കെട്ടുറപ്പും നിര്‍ഭയത്വത്തോടെയുള്ള ജീവിത കാഴ്ചപ്പാടുകളും എത്രമാത്രം ആഴത്തിലും ദീര്‍ഘവീക്ഷണത്തോടെയുമാണ് ക്രമപ്പെടുത്തിയത് എന്നു കാണാം.
മേല്‍ സൂചിപ്പിച്ച ഈമാന്‍ കാര്യങ്ങളില്‍ ദൃഢബോധ്യമുള്ളവര്‍ക്ക് ദൈവിക വിചാരണയും ഇഹലോകത്തു വെച്ച് ചെയ്തുകൂട്ടിയ പ്രവര്‍ത്തനങ്ങളുടെ രക്ഷാശിക്ഷകളുമെല്ലാം എന്നും ഓര്‍മയിലുണ്ടാകും. മനുഷ്യരുടെ വംശപരമ്പരയും ബുദ്ധിയും സമ്പത്തും രക്തവും മാനവും ഉത്തരവാദിത്തത്തോടെ കാത്തുസൂക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ ഭൂമിയില്‍ സമാധാനത്തോടെ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ ബലിഷ്ഠമായതും സുവ്യക്തമായതുമായ നിയമങ്ങള്‍ നീതിപൂര്‍വം നടപ്പാക്കേണ്ടതുണ്ട്. സമൂഹത്തിലെ ഓരോ വ്യക്തിയും അവന്റെ കടമകളും കടപ്പാടുകളും അറിയുന്നതോടൊപ്പം അവനു ലഭിക്കേണ്ടതും അവന്‍ നല്‍കേണ്ടതുമായ അവകാശത്തെപ്പറ്റിയുള്ള നിര്‍ണയങ്ങളും അറിഞ്ഞിരിക്കല്‍ അത്യന്താപേക്ഷിതമാണ്. മാനവസമൂഹത്തിന്റെ ഭദ്രത നിലകൊള്ളുന്നത് നീതി നടപ്പിലുള്ളപ്പോഴാണ്. അക്രമവും അരാജകത്വവും സംഹാരാത്മകതയും സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുന്നവയാണ്.
മനുഷ്യര്‍ക്കിടയില്‍ ഏറ്റവുമധികം സങ്കീര്‍ണതയുണ്ടാകാന്‍ സാധ്യതയുള്ള രംഗമാണ് സാമ്പത്തികം. അതിനാല്‍ തന്നെ സാമ്പത്തിക പ്രശ്‌നങ്ങളെ നിര്‍ഭയമായ വിതാനത്തില്‍ എത്തിക്കണമെങ്കില്‍ ദൈവിക ഇടപെടല്‍ അനിവാര്യമാണ്. മനുഷ്യര്‍ മനുഷ്യര്‍ക്കായി നിയമങ്ങള്‍ ഉണ്ടാക്കുകയെന്നത് ഇത്തരം ഘട്ടത്തില്‍ ഭയവും ആശങ്കയും സംശയങ്ങളും കൂടുതല്‍ നീറിപ്പുകയുകയാണ് ചെയ്യുക. അതോടൊപ്പം, ഒരു നിയമവും ഞങ്ങള്‍ അംഗീകരിക്കില്ലെന്ന് പറയുകയും നിയമവ്യവസ്ഥകളെ പാടേ തള്ളിക്കളയുകയും ചെയ്താല്‍ ഉണ്ടായേക്കാവുന്ന ദുരന്തങ്ങള്‍ എത്ര വമ്പിച്ചതായിരിക്കും? അതുകൊണ്ടുതന്നെയാണ് സ്രഷ്ടാവ് മനുഷ്യര്‍ക്കായി അനന്തരാവകാശ നിയമങ്ങളും പ്രത്യേകം അവതരിപ്പിച്ചു നല്‍കിയത്. പ്രപഞ്ചനാഥനിലും അവന്റെ അധീശാധികാരങ്ങളിലും വിശ്വാസം അര്‍പ്പിച്ചൊരു സമൂഹത്തെ വാര്‍ത്തെടുത്ത ശേഷമാണ് അതെന്നുകൂടി മനസ്സിലാക്കുമ്പോള്‍ ഈ നിയമങ്ങളുടെ മഹത്വം ഉന്നതമായി പരിലസിക്കുന്നു.
”തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു” (ഖുര്‍ആന്‍ 4:1) എന്ന മുന്നറിയിപ്പ് വിശ്വാസികള്‍ക്ക് ഉണര്‍വ് നല്‍കുന്നതാണ്. വിശുദ്ധ ഖുര്‍ആനില്‍ അന്നിസാ അധ്യായത്തിലെ ഏഴാമത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു: ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ കൂടുതലാകട്ടെ, അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു” (4:7).
ഈ അധ്യായത്തില്‍ അനന്തരാവകാശ നിയമങ്ങള്‍ വ്യക്തമാക്കിയതിലും അല്ലാഹു തന്നെയാണ് ഇതെല്ലാം നിര്‍ണയിച്ചുതന്നിട്ടുള്ളതെന്നും സൂചിപ്പിച്ചത് വളരെയേറെ ഗൗരവപൂര്‍വം കാണേണ്ടതുതന്നെയാണ്. അല്ലാഹു അവതരിപ്പിച്ചുതന്നിട്ടുള്ള ഈ നിയമങ്ങളില്‍ ഓരോരുത്തര്‍ക്കും അവകാശമായി എത്രയാണോ നിശ്ചയപ്പെടുത്തിയത്, അത് സര്‍വാത്മനാ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ചവര്‍ ഒന്നടങ്കം അംഗീകരിക്കുന്നവരായിരിക്കും. സ്ത്രീയായാലും പുരുഷനായാലും അതുകൊണ്ടുതന്നെ ആര്‍ക്കും മനഃപ്രയാസം ഉണ്ടാവുകയുമില്ല. ഒന്നുകൂടി വിശദമാക്കിയാല്‍, അല്ലാഹു നിര്‍ണയിച്ച അതിര്‍വരമ്പുകള്‍ അതിക്രമിച്ചു കടക്കാന്‍ പാടില്ലാത്തതാണെന്ന് വിശ്വാസികള്‍ നല്ലവണ്ണം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് സാരം.
ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളെയും അതിന്റെ പ്രായോഗികതയെയും കിടപിടിക്കത്തക്ക ഒരു നിയമം മറ്റ് ഇതര ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നവരുടെ പക്കലില്ലെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. അനന്തരാവകാശ നിയമങ്ങളുടെ സവിശേഷത വ്യക്തമാക്കിയപ്പോള്‍ ഈ വിജ്ഞാനത്തെ നിങ്ങള്‍ പഠിക്കണമെന്നും മറ്റും പറയപ്പെട്ടിട്ടുണ്ട്. സമ്പത്തുള്ള ഒരാള്‍ ആണായാലും പെണ്ണായാലും മരണപ്പെട്ടാല്‍ അവരുടെ അടുത്തവരില്‍ നിന്നും ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നിവരില്‍ ആരാണോ ഉള്ളത് അവര്‍ക്കാണ് മുന്‍ഗണനയുള്ളത്. ജീവിച്ചിരിക്കുന്നവരും നേരത്തെ അവകാശങ്ങള്‍ക്ക് അര്‍ഹതയുള്ളവരായി മരണപ്പെട്ടവരുമെല്ലാം ഇതില്‍ പരിഗണിക്കപ്പെടും. മരണപ്പെട്ടയാളുടെ സംസ്‌കാര ചടങ്ങുകള്‍ക്കും കടബാധ്യത തീര്‍ക്കുന്നതിനും അയാള്‍ തന്റെ മരണശേഷം പുര്‍ത്തിയാക്കാന്‍ ഏല്‍പിച്ച വസ്വിയ്യത്തും കഴിച്ചു ബാക്കിയാണ് അവകാശികള്‍ക്കുണ്ടാവുക. സംസ്‌കാര ചടങ്ങുകള്‍ക്കും കടം വീട്ടാനും സമ്പത്തില്ലാത്തവന്റേത് സമൂഹം ഏറ്റെടുത്തു ചെയ്യേണ്ടതുമാണ്. യഥാര്‍ഥ അവകാശികളില്‍ ആര്‍ക്കെങ്കിലും അവകാശം കിട്ടാതാക്കാന്‍ പരിശ്രമിക്കുകയോ ധനം സ്വന്തം കൈയിലൊതുക്കാനുള്ള നീക്കമോ ആരില്‍ നിന്നും ഉണ്ടാകാവതല്ല. സമ്പത്തായതുകൊണ്ട് പൈശാചിക ചിന്തകള്‍ ഈ രംഗത്ത് കടന്നുവരാന്‍ സാധ്യതയുള്ളതിനാലാണ് നാഥനായ അല്ലാഹു തന്നെ അതിന്റെ ഭയാനകതയെപ്പറ്റി വിവരം നല്‍കിയിട്ടുള്ളത്.
മരണപ്പെട്ടയാളുടെ അവകാശികളില്‍ സ്വന്തം മക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മരണപ്പെട്ടയാളുടെ മാതാപിതാക്കളുടെയും ഭാര്യാഭര്‍ത്താക്കന്മാരെന്ന നിലയിലുള്ളവരുടെയും ഓഹരികളില്‍ ഏറ്റക്കുറവ് വന്നേക്കാം. സ്വന്തം മക്കളില്ലാത്തപ്പോള്‍ അയാളുടെ സഹോദരങ്ങളുണ്ടെങ്കില്‍ അവര്‍ മക്കളുടെ സ്ഥാനത്തേക്ക് ഉയരുന്ന ഘട്ടങ്ങളും ഉണ്ടാവാം. മരണപ്പെട്ട വ്യക്തിയുമായി ഏറ്റവും അടുത്തയാള്‍ ജീവിച്ചിരിക്കുമ്പോള്‍ അകലത്തിലുള്ളവര്‍ക്ക് അവകാശം ലഭിക്കില്ല. ഇതെല്ലാം തന്നെ സ്വന്തം സംരക്ഷണത്തിന്റെ ഭാഗമായും പരിപോഷണത്തിന്റെ ഭാഗമായുമാണ് മതം ഓര്‍മിപ്പിക്കുന്നത്. ഇസ്‌ലാമിക നിയമങ്ങളിലുള്ള ദായകനിയമങ്ങള്‍ ഖുര്‍ആനിലും പ്രവാചകന്റെ(സ) വിധികൡലും സ്ഥിരപ്പെട്ട വിശദീകരണങ്ങളിലും വന്നതിനെ ആസ്പദമാക്കിക്കൊണ്ടുള്ളതാണ്. ഖുലഫാഉര്‍റാശിദുകളുടെ ഭരണകാലങ്ങളില്‍ ഉണ്ടായ ഒറ്റപ്പെട്ട ചില സംഭവങ്ങളില്‍ പ്രവാചക മാതൃകയെ അവലംബിച്ച് അവര്‍ തീര്‍പ്പാക്കിയ ഘട്ടങ്ങളും ഉണ്ടായെന്നുവരാം. എന്തായിരുന്നാലും ഇസ്‌ലാമിലെ അനന്തരാവകാശ-ദായകനിയമങ്ങള്‍ സുതാര്യവും സമുന്നതവുമാണ്.
ഇവിടെ സ്ത്രീകളെ പ്രത്യേകം എടുത്തുപറയാനുണ്ടായ കാരണം, ഇസ്‌ലാം അവര്‍ക്ക് ആദരവ് നല്‍കിയതിനാലാണ്. ഉടമാവകാശം, ക്രയവിക്രയാധികാരം, അനന്തരാവകാശത്തില്‍ വിഹിതം, ആരാധനാ സ്വാതന്ത്ര്യം എന്നീ രംഗങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് മാനുഷികമായ പരിഗണന നല്‍കിയ മതമാണ് ഇസ്‌ലാം. അവരുടെ സ്ഥാനവും ബാധ്യതയും ശക്തിയും പ്രകൃതിപരമായ അവസ്ഥയുമെല്ലാം കണക്കിലെടുത്താണ് സ്ത്രീകള്‍ക്ക് അവകാശം നിര്‍ണയിച്ചിട്ടുളളത്. സത്യവിശ്വാസിനികള്‍ക്ക് അതില്‍ യാതൊരു വിമ്മിഷ്ടവും ഉണ്ടായിട്ടുമില്ല. മതപരമായി സ്ത്രീയുടെ മേല്‍ അവളുടെയോ സ്വന്തം കുടുംബത്തിന്റെയോ സാമ്പത്തിക ചുമതല മതം ഏല്‍പിക്കുന്നില്ല. വിവാഹിതയാകും വരെ രക്ഷിതാവും വിവാഹാനന്തരം അവളുടെ ഭര്‍ത്താവുമാണ് അതെല്ലാം വഹിക്കേണ്ടത്. എന്നിരുന്നാലും അനന്തരസ്വത്തില്‍ അവള്‍ക്ക് അര്‍ഹമായ വിഹിതം നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമല്ലാത്ത മറ്റു പല നിയമങ്ങളിലും ദര്‍ശനങ്ങളിലും അവളെ പരിഗണിക്കാത്ത അവസ്ഥയും നമുക്ക് കാണാന്‍ കഴിയും. ചില മതങ്ങളിലും നിയമങ്ങളിലും ഭാര്യക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്ന് ഒരു വിഹിതവും ലഭിക്കാറില്ല.

അനന്തരാവകാശ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ താഴെ നല്‍കാം. ഒന്നാമത്തെ സൂക്തം: ”നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു. ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടോ രണ്ടിലധികമോ പെണ്‍മക്കളാണ് ഉള്ളതെങ്കില്‍ (മരിച്ചയാള്‍) വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ടുഭാഗമാണ് അവര്‍ക്കുള്ളത്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവര്‍ക്ക് പകുതിയാണുള്ളത്. മരിച്ചയാള്‍ക്ക് സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കുകയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്ന് ഉണ്ടായിരിക്കും. മരിച്ചയാള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ല. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു” (ഖുര്‍ആന്‍ 4:11).
മരണപ്പെട്ടയാളുടെ ഏറ്റവും അടുത്തവരായ മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് ലഭ്യമാകുന്ന അവസ്ഥകള്‍ ഈ സൂക്തത്തില്‍ പൊതുവായി വിശദമാക്കിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സ്വത്ത് ഓഹരിവെക്കുമ്പോള്‍ നിയമപ്രകാരം അവകാശം ലഭിക്കാത്ത ബന്ധുക്കളായ അനാഥകളോ അഗതികളോ ആശ്രയം നഷ്ടപ്പെട്ടവരായി ഉണ്ടായേക്കാം. അവരെ നിയമാനുസൃത അവകാശികള്‍ പ്രത്യേകം പരിഗണിക്കണമെന്നും ഖുര്‍ആന്‍ അറിയിക്കുന്നുണ്ട് (4:8 നോക്കുക).
ഖുര്‍ആന്‍ 4:11ല്‍ നിന്ന് മരണപ്പെട്ടയാളുടെ മക്കളുടെ മൂന്ന് അവസ്ഥകള്‍ നമുക്ക് ഗ്രഹിക്കാം: ആണ്‍മക്കള്‍ മാത്രമുള്ള അവസ്ഥ, പെണ്‍മക്കള്‍ മാത്രമായ അവസ്ഥ, ആണ്‍മക്കളും പെണ്‍മക്കളും ഒന്നിച്ചുണ്ടാവുന്നത്. ആണ്‍മക്കള്‍ മാത്രമാണ് മരിച്ചയാള്‍ക്ക് അവകാശികളായുള്ളതെങ്കില്‍ മുഴുവന്‍ മുതലും അവര്‍ക്കിടയില്‍ സമമായി ഓഹരിവെക്കാം. എന്നാല്‍ ഒന്നിലധികം പെണ്‍മക്കളാണ് അവകാശികളെങ്കില്‍ അവര്‍ക്ക് ആകെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും, ഒരു മകള്‍ മാത്രമാണെങ്കില്‍ ആകെ സ്വത്തിന്റെ പകുതിയുമാണ് അവള്‍ക്ക് ഓഹരിയായി എടുക്കാവുന്നത്.
അപൂര്‍വം ചില ഘട്ടങ്ങളില്‍ നിര്‍ണിത ഓഹരികള്‍ നല്‍കിയ ശേഷം വല്ലതും മിച്ചം വന്നേക്കാം. അപ്പോള്‍ അത് ഇസ്‌ലാമിക സംവിധാനമുള്ളേടത്ത് പൊതുഖജനാവിലേക്കോ അതല്ലെങ്കില്‍ അവകാശികള്‍ക്കുള്ള വിഹിതത്തിലേക്കു തന്നെയോ തോതനുസരിച്ചു തിരിച്ചുവിടാം. മരണപ്പെട്ടയാള്‍ക്ക് പ്രതിഫലം കിട്ടത്തക്ക വിധമുള്ള ധര്‍മമായും നല്‍കാം. ആണ്‍മക്കളും പെണ്‍മക്കളും കൂടിയുളള അവസ്ഥയിലാണെങ്കില്‍ രണ്ടു പെണ്ണിന്റെ ഓഹരി ഒരാണിന് എന്ന നിലക്കും ഓഹരിവെച്ചെടുക്കാം. ഉദാഹരണമായി, മരണപ്പെട്ടയാളുടെ ഭാര്യയും ഒരു മകനുമാണുള്ളതെങ്കില്‍ ഭാര്യക്ക് ആകെ സ്വത്തിന്റെ എട്ടില്‍ ഒരു ഭാഗം കൊടുത്ത ശേഷം ബാക്കി മുഴുവനും മകനുള്ളതാണ്. മരണപ്പെട്ടയാള്‍ക്ക് ഭാര്യയും രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളതെങ്കില്‍ ഭാര്യക്ക് എട്ടില്‍ ഒരു ഭാഗം കൊടുത്ത ശേഷം ബാക്കിയുള്ളത് ആറ് ഓഹരിയാക്കി രണ്ട് ആണ്‍മക്കള്‍ക്ക് നാലും രണ്ട് പെണ്‍മക്കള്‍ക്ക് രണ്ടും എന്ന നിലയില്‍ എടുക്കാവുന്നതാണ്. അവകാശികളില്‍ നിര്‍ണിത ഓഹരി മാത്രം ലഭിക്കുന്നവരും അവര്‍ക്ക് കൊടുക്കാനുള്ളത് കൊടുത്ത ശേഷം ബാക്കി മുഴുവന്‍ എടുക്കുന്നവരും ഉണ്ടാകാം. മരണപ്പെട്ടയാളുടെ അവകാശികളില്‍ അടുത്തവര്‍ ആരൊക്കെയാണുള്ളത് എന്നതിനെ ആശ്രയിച്ചായിരിക്കും അത്. മരണപ്പെട്ടയാള്‍ക്ക് നാല് ആണ്‍മക്കളും നാല് പെണ്‍മക്കളും അവകാശികളായുണ്ടെന്നു കരുതുക. അപ്പോള്‍ ആകെ സ്വത്ത് പന്ത്രണ്ട് ഓഹരിയാക്കി എട്ട് ഓഹരി ആണ്‍മക്കള്‍ സമമായും നാല് ഓഹരി നാല് പെണ്‍മക്കള്‍ സമമായും പങ്കിടുകയെന്നതാണ്.

മരണപ്പെട്ടയാളുടെ മാതാപിതാക്കള്‍ അവകാശികളാകുന്ന രണ്ട് അവസ്ഥയെക്കുറിച്ച് ഈ വചനത്തില്‍ സൂചനയുണ്ട്: ഒന്ന്, മരണപ്പെട്ടയാള്‍ക്ക് ആണ്‍മക്കളും പെണ്‍മക്കളും ഉള്ളതോടൊപ്പം തന്നെ അയാളുടെ മാതാപിതാക്കളും ഉണ്ടാവുകയെന്നതാണ്. രണ്ട്, മക്കളാരും ഇല്ലാത്തപ്പോള്‍ മാതാപിതാക്കള്‍ മാത്രം ഉണ്ടാവുകയെന്നതുമാണ്. ഇതിലെ ഒന്നാമത്തെ ഘട്ടത്തില്‍ ആകെ സ്വത്തിന്റെ ആറില്‍ ഒന്നു വീതം മാതാപിതാക്കള്‍ക്കും ബാക്കി ആണിന്റെ പകുതി പെണ്ണിന് എന്ന നിലക്ക് മക്കള്‍ക്കും എടുക്കാം. രണ്ടാമത്തെ അവസ്ഥയില്‍ അഥവാ, മരണപ്പെട്ടയാള്‍ക്ക് മക്കള്‍ ആരും തന്നെയില്ലാതെ മാതാപിതാക്കള്‍ മാത്രം അവകാശികളായി വരുന്നേടത്ത് മാതാവിന് മൂന്നില്‍ ഒരു ഭാഗം കൊടുത്തശേഷം ബാക്കി പിതാവിന് എടുക്കാവുന്നതാണ്.
ഉദാഹരണമായി, (ഒന്ന്:) മരണപ്പെട്ടയാള്‍ക്ക് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും മാതാവും പിതാവും അവകാശികളുണ്ടെന്നു കരുതുക. അപ്പോള്‍ ആകെ സ്വത്തിന്റെ ആറിലൊന്നു വീതം മാതാപിതാക്കള്‍ എടുക്കുക. ബാക്കിവരുന്നത് ആണിന്റെ പകുതി പെണ്ണിന് എന്ന നിലക്ക് മക്കളും എടുക്കുക. (രണ്ട്:) മരണപ്പെട്ടയാള്‍ക്ക് പെണ്‍മക്കളും മാതാപിതാക്കളുമാണ് ഉള്ളതെങ്കില്‍ പെണ്‍മക്കള്‍ക്ക് മൂന്നില്‍ രണ്ടു ഭാഗം കൊടുക്കുക. മാതാവിന് ആറിലൊന്നും കൊടുക്കുക. ബാക്കി പിതാവും എടുക്കുക. (മൂന്ന്:) മരണപ്പെട്ടയാള്‍ക്ക് ഒരു പെണ്‍കുട്ടിയും മാതാപിതാക്കളുമാണെങ്കില്‍ പെണ്‍കുട്ടിക്ക് ആകെ സ്വത്തിന്റെ പകുതിയും മാതാവിന് ആറിലൊന്നും ബാക്കി പിതാവിനും എന്ന നിലക്ക് ഓഹരി വെക്കുക. ഇവിടെയെല്ലാം പിതാവിന് ലഭിക്കുന്നത് നിശ്ചിത ഓഹരി 1/6 ഉള്‍പ്പെടെയാണ്. (നാല്:) മരണപ്പെട്ടയാള്‍ക്ക് മാതാപിതാക്കള്‍ മാത്രമാണുള്ളത്, മക്കളായി ആരും തന്നെയില്ല എങ്കില്‍ സ്വത്തിന്റെ മൂന്നിലൊന്ന് മാതാവിന് നല്‍കി ബാക്കി പിതാവ് എടുക്കുക.
അനന്തരാവകാശ നിയമങ്ങള്‍ സൂചിപ്പിച്ച ഖുര്‍ആനിലെ രണ്ടാമത്തെ സൂക്തം ഇതാണ്:
”നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായാല്‍ അവന്‍ വിട്ടേച്ചുപോയതിന്റെ നാലില്‍ ഒരു ഭാഗം നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊരു ഭാഗമാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ഉള്ളത്. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന് എട്ടില്‍ ഒന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടം ഉണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കപ്പെടുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹാദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദര-സഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറിലൊരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അത് കഴിച്ചാണിത്. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രേ ഇത്. അല്ലാഹു സര്‍വജ്ഞനും സഹനശീലനുമാകുന്നു” (ഖുര്‍ആന്‍ 4:12). ഈ വചനത്തില്‍ മരണപ്പെട്ടയാളുടെ ഉമ്മയൊത്ത സഹോദരങ്ങളുടെ അവകാശത്തെപ്പറ്റിയാണ് പറയുന്നത്. മറ്റു സഹോദരങ്ങളുടെ അവകാശത്തെപ്പറ്റി ഖുര്‍ആന്‍ 4:176ല്‍ പറയുന്നുണ്ട്.
മാതാവൊത്ത സഹോദരര്‍ക്കുള്ള അവകാശത്തില്‍ ആണിനും പെണ്ണിനും തുല്യ ഓഹരിയാകുന്നു. മാതാവിന്റെ പ്രതിനിധികള്‍ എന്ന നിലയിലാണ് അവര്‍ക്ക് അവകാശം നല്‍കപ്പെടുന്നത്. അവകാശികളോടുള്ള വെറുപ്പിന്റെ പേരില്‍ തന്റെ സ്വത്തില്‍ നിന്ന് തന്റെ മരണശേഷം യാതൊന്നും അവര്‍ക്ക് കിട്ടരുതെന്ന് കരുതി ഒരാള്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരാള്‍ക്ക് വലിയൊരു ഭാഗം സ്വത്ത് രേഖപ്പെടുത്തുകയോ മൊഴി നല്‍കുകയോ ചെയ്താല്‍ അത് ദ്രോഹമാണ്.
അനന്തരാവകാശ നിയമങ്ങള്‍ പ്രതിപാദിച്ചിട്ടുള്ള മേല്‍ സൂക്തത്തിന്റെ ആദ്യഭാഗം ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ലഭിക്കുന്ന അവകാശത്തിന്റെ അവസ്ഥയാണ് വ്യക്തമാക്കുന്നത്. ഇതില്‍ ഭാര്യയുടെ സ്വത്തില്‍ നിന്ന് സന്താനങ്ങളുള്ള അവസ്ഥയിലാണെങ്കില്‍ ഭര്‍ത്താവിന് നാലിലൊന്നും, സന്താനങ്ങള്‍ ആരും തന്നെയില്ലാത്തപക്ഷം അവളുടെ ആകെ സ്വത്തിന്റെ പകുതിക്കും ഭര്‍ത്താവ് അവകാശിയാവും. എന്നാല്‍ മരണപ്പെട്ട ഭര്‍ത്താവിന്റെ സ്വത്തില്‍നിന്ന് മക്കളുള്ള അവസ്ഥയില്‍ ഭാര്യക്ക് എട്ടിലൊന്നും മക്കളില്ലാത്ത നിലയിലാണെങ്കില്‍ നാലിലൊന്നുമാണ് ലഭിക്കുക.
ഉദാഹരണമായി, മരണപ്പെട്ടയാള്‍ക്ക് ഭാര്യയും രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും അവകാശികളായി ഉണ്ടെങ്കില്‍ ഭാര്യക്ക് എട്ടിലൊന്ന് നല്‍കിയ ശേഷം ബാക്കി ആണിന്റെ പകുതി പെണ്ണിന് എന്ന നിലയില്‍ മക്കള്‍ ഓഹരി വെക്കുക. എന്നാല്‍ മരണപ്പെട്ടത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവും രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണെങ്കിലോ ഭര്‍ത്താവിന് നാലിലൊന്നും ബാക്കി ആണിന്റെ പകുതി പെണ്ണിന് എന്ന നിലക്കും ഓഹരി വെച്ചെടുക്കാം. ഇത് രണ്ടും മക്കളുള്ള ഘട്ടത്തില്‍ വീതം വെക്കുന്ന രൂപമാണ്. എന്നാല്‍ മക്കളില്ലാത്ത അവസ്ഥയില്‍ മരണപ്പെട്ട ഭര്‍ത്താവിന്റെ മുതലില്‍ നിന്ന് ഭാര്യക്ക് നാലിലൊന്നും മരണപ്പെട്ട ഭാര്യയുടെ സ്വത്തില്‍ നിന്ന് ഭര്‍ത്താവിന് ആകെ സ്വത്തിന്റെ പകുതിയും ലഭിക്കും.

അനന്തരാവകാശ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ വചനങ്ങളിലെ മൂന്നാമത്തേത് താഴെ പറയും വിധമാണ്:
”(നബിയേ,) അവര്‍ നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക: കലാലത്തിന്റെ പ്രശ്‌നത്തില്‍ (മരണപ്പെടുന്നയാള്‍ക്ക് പിതാവോ സന്താനങ്ങളോ ഇല്ലാത്ത അവസ്ഥയിലുള്ള അനന്തരാവകാശ പ്രശ്‌നം) അല്ലാഹു നിങ്ങള്‍ക്കിതാ മതവിധി പറഞ്ഞുതരുന്നു: അതായത് ഒരാള്‍ മരണപ്പെട്ടു, അയാള്‍ക്ക് സന്താനമില്ല, ഒരു സഹോദരിയുണ്ട്. എങ്കില്‍ അയാള്‍ വിട്ടേച്ചുപോകുന്ന സ്വത്തിന്റെ പകുതി അവള്‍ക്കുള്ളതാണ്. ഇനി (സഹോദരി മരിക്കുകയും) അവള്‍ക്ക് സന്താനമില്ലാതിരിക്കുകയാണെങ്കില്‍ സഹോദരന്‍ അവളുടെ (പൂര്‍ണ) അവകാശിയായിരിക്കും. ഇനി രണ്ട് സഹോദരികളാണുള്ളതെങ്കില്‍ അവന്‍ (സഹോദരന്‍) വിട്ടേച്ചുപോകുന്ന സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കുള്ളതാണ്. ഇനി സഹോദരന്മാരും സഹോദരിമാരും കൂടിയാണുള്ളതെങ്കില്‍ ആണിന് രണ്ട് പെണ്ണിന്റേതിനു തുല്യമായ ഓഹരിയാണുള്ളത്. നിങ്ങള്‍ പിഴച്ചുപോകുമെന്ന് കരുതി അല്ലാഹു നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു” (ഖുര്‍ആന്‍ 4:176).
ഈ സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സഹോദര-സഹോദരിമാരുടെ അവകാശങ്ങള്‍ മരണപ്പെട്ടയാള്‍ക്ക് മക്കളില്ലാത്തതിനാല്‍ അവളുടെ സഹോദരന്‍ മകന്റെ സ്ഥാനേത്തക്കും അയാളുടെ സഹോദരി മകളുടെ സ്ഥാനത്തേക്കും ഉയരുന്നതിനാല്‍ ലഭിക്കുന്ന അവസ്ഥകളാണ്. ഉദാഹരണമായി, മരണപ്പെട്ട ഒരു സ്ത്രീക്ക് മക്കളായി ആരും തന്നെയില്ല, സഹോദരന്മാരാണുള്ളത്. എങ്കില്‍ ഈ സഹോദരന്മാര്‍ അവളുടെ സ്വത്തില്‍ തുല്യ അവകാശികളായിരിക്കും. ഇനി മരണപ്പെട്ട സ്ത്രീക്ക് ഒരു സഹോദരിയാണെങ്കില്‍ അവള്‍ക്ക് പകുതിയും ഒന്നിലധികം സഹോദരിമാരാണുള്ളതെങ്കില്‍ അവര്‍ക്ക് മൂന്നില്‍ രണ്ടു ഭാഗവും ലഭിക്കും. എന്നാല്‍ മരണപ്പെട്ട സ്ത്രീക്ക് അവകാശികളായി ഒരു സഹോദരനും ഒരു സഹോദരിയും ഉണ്ടെങ്കിലോ അവര്‍ ആണിന്റെ പകുതി പെണ്ണിന് എന്ന നിലയിലും ഓഹരി വെച്ചെടുക്കണം. ഇനി മരണപ്പെടുന്നത് പുരുഷനാണെങ്കില്‍ അയാള്‍ക്ക് മക്കളില്ലെങ്കില്‍ അയാളുടെ സഹോദരന്മാര്‍ക്ക് സ്വത്തില്‍ തുല്യ അവകാശമാണുള്ളത്. മരണപ്പെട്ടയാള്‍ക്ക് ഒരു സഹോദരിയാണുള്ളതെങ്കില്‍ അവള്‍ക്ക് പകുതിയും, ഒന്നിലധികം സഹോദരിമാരാണെങ്കില്‍ അവര്‍ക്ക് മൂന്നില്‍ രണ്ട് ഭാഗവും, സഹോദരന്മാരും സഹോദരിമാരും ഉണ്ടെങ്കില്‍ ആണിന്റെ പകുതി പെണ്ണിന് എന്ന നിലയിലും ഓഹരി വെച്ചെടുക്കേണ്ടതാണ്. മരിക്കുന്നയാള്‍ക്ക് മക്കളില്ലാത്തതിനാല്‍ അയാളുടെ സഹോദരങ്ങള്‍ മക്കളുടെ സ്ഥാനത്തേക്ക് ഉയരുകയാണ് ചെയ്യുന്നത്.
ഈ വിഹിതങ്ങളെല്ലാം തന്നെ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ളതാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ള സത്യവിശ്വാസികള്‍ ഇത് സര്‍വാത്മനാ അംഗീകരിക്കുകയും ചെയ്യുന്നു. ഉമ്മ, മകള്‍, സഹോദരി, ഭാര്യ എന്നീ ഘട്ടങ്ങളിലുള്ള സ്ത്രീകള്‍ക്കും അര്‍ഹമായ വിഹിതം അല്ലാഹു നല്‍കുകയാണ് ചെയ്തിട്ടുള്ളത്. അതില്‍ അവരും സംതൃപ്തരാണ്. അനന്തരാവകാശ നിയമങ്ങള്‍ വിവരിക്കുന്ന ഖുര്‍ആനിലെ മൂന്നു സൂക്തങ്ങളുടെ സംക്ഷിപ്ത രൂപമാണിത്. ബാക്കിയുള്ളതെല്ലാം ഇതിന്റെ അനുബന്ധ വിശദാംശങ്ങളാണ്.

Back to Top