സ്വഫ്ഫ് ശരിപ്പെടുത്തല്‍
പി കെ മൊയ്തീന് സുല്ലമി
അല്ലാഹു നിര്‍ബന്ധമായും സുന്നത്തായും കല്പിച്ച പല ആരാധനാകര്‍മങ്ങളും അനുഷ്ഠിക്കുന്നതിനു പിന്നിലുള്ള ലക്ഷ്യം പരലോകം മാത്രമായിരിക്കില്ല. മറിച്ച്, ഭൗതിക ജീ വിത സുരക്ഷയ്ക്കാവശ്യമായ ഘടകങ്ങളും അതിലുണ്ട് എന്നാണ് പ്രമാണങ്ങളില്‍ നിന്നു വ്യക്തമാവുന്നത്. നമസ്കാരത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം സ്വര്‍ഗം കരസ്ഥമാക്കുക എന്നതാണ്. അല്ലാഹു അരുളി: ”എന്നെ സ്മരിക്കാന്‍ വേണ്ടി നീ നമസ്കാരം നിലനിര്‍ത്തുക” (ത്വാഹാ 14). നബി(സ) അരുളി: ”നമുക്കും അവര്‍ക്കും ഇടയിലുള്ള കരാര്‍ (വ്യത്യാസം) നമസ്കാരമാകുന്നു. വല്ലവനും അത് മനഃപൂര്‍വം ഉപേക്ഷ വരുത്തുന്നപക്ഷം തീര്‍ച്ചയായും അവന് കാഫിറായി” (അഹ്മദ്, അസ്വ്ഹാബുസ്സുനന്‍).
അതേയവസരത്തില്‍, നമസ്കാരം ഭൗതികമായി മനുഷ്യര്‍ക്ക് മികച്ച ജീവിതം പ്രദാനം ചെയ്യുന്നു. അല്ലാഹു അരുളി: ”തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാണ്” (അന്‍കബൂത് 45). നീചവൃത്തികളില്‍ നിന്നും നിഷിദ്ധ കര്‍മങ്ങളില്‍ നിന്നും നമസ്കാരം തടയിടുമെങ്കില് അക്രമവും അനീതിയുമില്ലാത്ത ഒരു ഭൗതിക ജീവിതം സംജാതമാകും എന്ന കാര്യം ഉറപ്പാണ്. ഇതുപോലെ തന്നെയാണ് നമസ്കാരത്തിലെ സ്വഫ്ഫിന്റെ അവസ്ഥയും. ജമാഅത്ത് നമസ്കാരത്തിന്റെ പ്രതിഫലം പരലോകത്ത് പൂര്‍ണമായി ലഭിക്കണമെങ്കില്‍ സ്വഫ്ഫുകള് ശരിയാകേണ്ടതുണ്ട്. അല്ലാഹു അരുളി: ”കല്ലുകള്‍ സമൃദ്ധമായി സംയോജിപ്പിച്ച ഒരു മതില് പോലെ അണിചേര്‍ന്നുകൊണ്ട് അവന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു” (സ്വഫ്ഫ് 4). ഈ വചനം നമസ്കാരത്തില്‍ സ്വഫ്ഫ് നില്‍ക്കുന്നതിനെ സംബന്ധിച്ചല്ലെങ്കിലും ഇസ്ലാമിന്റെ ഐക്യവും സ്നേഹവും ഭദ്രതയും കുറിക്കുന്നതാണ്.
നമസ്കാരത്തില്‍ സ്വഫ്ഫ് നില്‍ക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യം പരലോക പ്രതിഫലം മാത്രമല്ല, മറിച്ച് ഭൗതികലോകത്തെ ഐക്യവും സ്നേഹവും അതില്‍ പെട്ടതാണ്. നബി(സ) പറഞ്ഞു: ”അല്ലാഹുവിന്റെ അടിമകളേ, നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള് ശരിയാക്കുക തന്നെ വേണം. അല്ലാത്തപക്ഷം അല്ലാഹു നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതാണ്” (മുസ്ലിം). മറ്റൊരു ഹദീസ് കാണുക: ”നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള് ശരിയാക്കുക. നബി(സ) മൂന്നു തവണ ആവര്‍ത്തിച്ചു പറയുകയുണ്ടായി. അല്ലാത്തപക്ഷം നിങ്ങളുടെ മനസ്സുകളെ അല്ലാഹു ഭിന്നിപ്പിക്കും” (അബൂദാവൂദ്). മുസ്ലിംകള് പരസ്പരം സ്നേഹം നിലനിര്‍ത്തുക എന്നത് ഇസ്ലാമിന്റെ ലക്ഷ്യമാണ്. നബി(സ) അരുളി: ”നിങ്ങള്‍ പരസ്പരം സ്നേഹം നിലനിര്‍ത്തുന്നതുവരെ ഒരിക്കലും സത്യവിശ്വാസിയാവുന്നതല്ല” (മുസ്ലിം). ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ട ഒരു കാര്യം, ആരാധനകള്‍ കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് പരലോകത്തിലെ കാര്യങ്ങള്‍ മാത്രമല്ല, മറിച്ച്, ഭൗതിക ജീവിതവും ഉള്‍പ്പെടും എന്നതാണ്.
നമസ്കാരത്തില്‍ അണിയണിയായി സ്വഫ്ഫില്‍ നില്‍ക്കണമെന്നാണ് പ്രവാചകാധ്യാപനം. മടമ്പും (കാല്‍മടമ്പുകള്‍) ചുമലും ഒപ്പിച്ച് കഴിയാവുന്നേടത്തോളം വിടവുകള്‍ ഇല്ലാതാക്കിനില്ക്കണം. ”നബി(സ) പറഞ്ഞു: നിങ്ങള്‍ സ്വഫ്ഫുകള് വിടവില്ലാതെ അടുപ്പിച്ചു നിര്‍ത്തുക. കഴുത്തുകള്‍ നേരെയാക്കുക. എന്റെ ജീവന് ആരുടെ കൈയിലാണോ അവനെത്തന്നെയാണ് സത്യം, തീര്‍ച്ചയായും പിശാച് നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതും സ്വഫ്ഫുകള്‍ക്കിടയില്‍ പ്രവേശിക്കുന്നതായും ഞാന്‍ കാണുന്നു” (അബൂദാവൂദ് 667).
ഇവിടെ പിശാച് ഭിന്നിപ്പുണ്ടാക്കുക, സ്വഫ്ഫുകള്‍ക്കിടയില്‍ പ്രവേശിക്കുക എന്നൊക്കെ പറഞ്ഞത് ആലങ്കാരിക അര്‍ഥത്തിലാണ്. അഥവാ അവന്റെ പ്രേരണയ്ക്ക് വഴങ്ങി സ്വഫ്ഫിന്റെ കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ എന്ന അര്‍ഥത്തിലാണ് ഹദീസില്‍ വന്നത്, അല്ലാതെ പിശാച് സ്വഫ്ഫില്‍ വന്നുനില്ക്കും എന്നല്ല. ഇത്തരം നിരവധി ഹദീസുകള്‍ കാണാം. ചില ഉദാഹരണങ്ങള്‍:
ഒന്ന്, ”പിശാച് അവന്റെ തരിമൂക്കില് രാപ്പാര്‍ക്കും” (ബുഖാരി, മുസ്ലിം). ഈ ഹദീസിനെ ഇമാം നവവി(റ) വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: ”ഈ ഹദീസില്‍ പിശാച് ഉപമാലങ്കാരമാണ്. ഇവിടെ പിശാച് കൊണ്ട് ഉദ്ദേശിക്കുന്നത് മൂക്കില്‍ പറ്റിപ്പിടിക്കുന്ന പൊടിപടലങ്ങളും മൂക്കട്ട പോലുള്ള മ്ലേച്ഛവസ്തുക്കളുമാണ്. അതിനെ പിശാചിനോട് ഉപമിച്ചതാണ്” (ശറഹു മുസ്ലിം 2:129).
രണ്ട്, നബി(സ) പറഞ്ഞു: ”നിങ്ങള്‍ കോട്ടുവായ ഇടുന്നപക്ഷം കൈകൊണ്ട് നിയന്ത്രിക്കണം. തീര്‍ച്ചയായും പിശാച് വായില്‍ കടക്കും” (മുസ്ലിം 2995). ഈ ഹദീസിനെ ഇമാം നവവി(റ) വ്യാഖ്യാനിക്കുന്നു: ”ഇവിടെ പിശാചിലേക്ക് ചേര്‍ത്തുപറഞ്ഞത് (വലിയ ശബ്ദത്തില്‍) കോട്ടുവായ ഇടല് പിശാചിനെ സന്തോഷിപ്പിക്കുന്ന കാര്യമായതിനാലാണ്” (ശറഹു മുസ്ലിം 9:349-350).
മൂന്ന്, ”നമസ്കരിക്കുന്നവന്റെ മുന്നിലൂടെ ധിക്കാരപൂര്‍വം നടക്കുന്നവനോട് നിങ്ങള്‍ യുദ്ധം ചെയ്യണം. നിശ്ചയം, അവന് പിശാച് മാത്രമാണ്” (ബുഖാരി, മുസ്ലിം). ഈ ഹദീസിനെ ഇബ്നു ഹജര്‍(റ) വ്യാഖ്യാനിക്കുന്നു: ”അവന്റെ പ്രവര്‍ത്തനം പിശാചിന്റെ പ്രവര്‍ത്തനമാണ്” (ഫത്ഹുല്‍ബാരി 2:374).
നാല്: നബി(സ) പറഞ്ഞു: ”ഒരു വിരിപ്പ് പുരുഷന് (ഭര്‍ത്താവിന്), മറ്റൊരു വിരിപ്പ് സ്ത്രീക്ക് (ഭാര്യക്ക്), മൂന്നാമത്തെ വിരിപ്പ് വിരുന്നുകാരന്, നാലാമത്തെ വിരിപ്പ് പിശാചിന്” (മുസ്ലിം). ഇമാം നവവി(റ) ഈ ഹദീസിനെ വ്യാഖ്യാനിക്കുന്നു: ”എല്ലാ നീചമായ പ്രവര്‍ത്തനങ്ങളും പിശാചിലേക്ക് ചേര്‍ത്തു പറയും. കാരണം (നീചമായ കാര്യങ്ങള്‍) പിശാചിനെ തൃപ്തിപ്പെടുത്തുന്നവയായിരിക്കും” (ശറഹു മുസ്ലിം 7:309). ഇവിടെ നീചമായ പ്രവൃത്തി ധൂര്‍ത്താണ്. അത് പിശാചിന് ഇഷ്ടമാണ്. അതുകൊണ്ടാണ് പിശാചിലേക്ക് ചേര്‍ത്തുപറഞ്ഞത്. ജാഹിലിയ്യാ കാലഘട്ടങ്ങളിലെ എല്ലാ ശിര്‍ക്കന്‍ അനാചാരങ്ങളും നവയാഥാസ്ഥിതികര്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍പെട്ട ഒരു അന്ധവിശ്വാസമാണ് പിശാച് ശാരീരികമായി ഉപദ്രവിക്കും, സ്വഫ്ഫില്‍ കയറി നില്ക്കും എന്നൊക്കെയുള്ള അന്ധവിശ്വാസങ്ങള്‍.
ഖുര്‍ആനിലും ഹദീസിലും വന്ന ഉപമകളും ഉപമാലങ്കാരങ്ങളും ദുര്‍വ്യാഖ്യാനം പാടില്ല. പിശാച് വീഴ്ത്തും, പിശാച് ഭ്രാന്തുണ്ടാക്കും എന്നീ അന്ധവിശ്വാസങ്ങള്‍ നിലനിന്നിരുന്നത് പൂര്‍വികരായ അറബികളിലായിരുന്നു. അവര്‍ മുശ്രിക്കുകളുമായിരുന്നു. ഇമാം അബൂസഈദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ”ജിന്ന് പിശാച് മനുഷ്യനെ വീഴ്ത്തും, മനുഷ്യന് ഭ്രാന്തുണ്ടാക്കും എന്നീ ജല്പനങ്ങള് അറബികളുടേതാണ്” (അബൂസഈദ് 1:308).
പിശാചിന് മാനസികം എന്ന നിലയിലല്ലാതെ ശാരീരികമായി മനുഷ്യനെ ഒരു ഉപദ്രവവും ഏല്പിക്കാന് സാധ്യമല്ലെന്ന് ഇമാം ശൗക്കാനി ഫത്ഹുല്‍ ഖദീര്‍ 3:102ലും ഇമാം ഖുര്‍ത്വുബി അല്‍ജാമിഉ ലിഅഹ്കാമില്ഖുര്ആന് 5:234ലും ഇബ്നു ജരീറുത്ത്വബ്രി തഫ്സീറുല്‍മനാര്‍ 1:329ലും ഇമാം സമഖ്ശരി തഫ്സീറുല്‍ കശ്ശാഫ് 1:320ലും ഇമാം ഇബ്നു കസീര്‍ തഫ്സീര്‍ 3:533ലും തഫ്സീര്‍ ജലാലൈനി 1:293ലും രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വഫ്ഫില്‍ നില്‍ക്കേണ്ടത് വിരലൊപ്പിച്ചല്ല. വിരലൊപ്പിച്ചു നിന്നാല്‍ സ്വഫ്ഫ് വളയും. കാരണം എല്ലാവരുടെയും കാല്പ്പാദങ്ങള് ഒരേ വലുപ്പമുള്ളവയല്ല. ചെറിയ പാദമുള്ളവര്‍ കയറിനില്ക്കേണ്ടിവരും. ചിലര്‍ വിരലൊപ്പിച്ച് സ്വഫ്ഫ് നില്ക്കാന് വിരലില്‍ ചവിട്ടി വേദനിപ്പിക്കാറുണ്ട്. അത് കുറ്റകരമാണ്. സ്വഫ്ഫ് നില്‍ക്കേണ്ടത് മടമ്പുകളും ചുമലുകളും ഒപ്പിച്ചാണ്. സ്വഹീഹുല്‍ ബുഖാരിയിലെ ഒരു അധ്യായം ശ്രദ്ധിക്കുക: ”ചുമലിനെ ചുമലിനോടും കാല്‍പ്പാദത്തെ കാല്പ്പാദത്തോടും ചേര്‍ത്തുവെക്കുന്ന അധ്യായം” (ബുഖാരി, ഫത്ഹുല്‍ബാരി 3:137).
ബറാഅ്(റ) പ്രസ്താവിച്ചു: ”നബി(സ) ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സ്വഫ്ഫിലെ വിടവുകള്‍ തീര്‍ത്തിരുന്നു. ഞങ്ങളുടെ നെഞ്ചുകളും ചുമലുകളും തടവി ഇപ്രകാരം പറയുമായിരുന്നു: സ്വഫ്ഫിന്റെ കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കരുത്. അപ്പോള്‍ നിങ്ങളുടെ മനസ്സുകള്‍ ഭിന്നിക്കും” (അബൂദാവൂദ് 664). അബൂമസ്ഊദ്(റ) പ്രസ്താവിച്ചു: ”നബി(സ) നമസ്കാര സന്ദര്‍ഭത്തില്‍ ഞങ്ങളുടെ ചുമലുകള്‍ തടവിക്കൊണ്ട് ഇപ്രകാരം പറയുമായിരുന്നു. നിങ്ങള്‍ സ്വഫ്ഫുകള് ശരിയായി നില്‍ക്കണം. നിങ്ങള്‍ ഭിന്നിക്കരുത്. അപ്പോള്‍ നിങ്ങളുടെ മനസ്സുകള്‍ ഭിന്നിക്കും” (മുസ്ലിം 1000).
നുഅ്മാനുബ്നു ബഷീര്‍(റ) പ്രസ്താവിച്ചു: ”നബി(സ) ജനങ്ങളിലേക്ക് മുന്നിട്ടുകൊണ്ട് ഇപ്രകാരം പറയുകയുണ്ടായി: നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള് ശരിയാക്കണം. മൂന്ന് തവണ ആവര്‍ത്തിച്ചു പറഞ്ഞു. നുഅ്മാന്(റ) പറഞ്ഞു: അപ്പോള്‍ ഓരോ വ്യക്തിയും തന്റെ തോളും കാല്‍മുട്ടുകളും കാല്‍മടമ്പുകളും തന്റെ സഹോദരന്റെ തോളിനോടും കാല്മുട്ടിനോടും കാല്മടമ്പിനോടും ഒപ്പിച്ചുനില്ക്കുന്നതായി ഞാന്‍ കണ്ടു” (അബൂദാവൂദ് 662).