മങ്കൂസ് മൗലൂദിലെ ശിര്‍ക്കന്‍ വചനങ്ങള്‍
പി കെ മൊയ്തീന്‍ സുല്ലമി
റബീഉല്‍ അവ്വല്‍ മാസത്തിലെ അവസാനത്തില്‍ സ്‌കൂളിന്റെ മുന്നിലുള്ള പള്ളിയില്‍ നിന്നു മൗലിദ് പാരായണം കേട്ടപ്പോള്‍ അമുസ്‌ലിമായ ഒരധ്യാപകന്‍ എന്നോട് ചോദിച്ചു: ”മുഹമ്മദ് നബി ഒരു ദിവസമല്ലേ ജനിച്ചിട്ടുള്ളൂ, ഇതെന്താ മാസം മുഴുവന്‍ ജന്മദിനാഘോഷം?” ഞാന്‍ പറഞ്ഞു: ”മുഹമ്മദ് നബി(സ) ജനിച്ച ദിവസം പോലും ആഘോഷിക്കാന്‍ ഇസ്‌ലാമില്‍ കല്‍പനയില്ല. എന്നിട്ടല്ലേ മാസം മുഴുവന്‍! ഇതൊക്കെ പില്‍ക്കാലത്ത് ചില പുരോഹിതന്മാര്‍ ദീനില്‍ നിര്‍മിച്ചുണ്ടാക്കിയതാണ്.”
ജന്മദിനം ആഘോഷിക്കാന്‍ ഇസ്‌ലാമില്‍ തെളിവില്ല. ദീനില്‍ ‘നല്ല ബിദ്അത്ത്’ നിര്‍മിച്ചെടുക്കാം എന്നതാണ് പൗരോഹിത്യഭാഷ്യം. അന്നേ ദിവസം നബി(സ)യുടെ മദ്ഹ് പറയലാണ് ലക്ഷ്യമെന്നാണ് ഇവര്‍ പറയാറുള്ളത്. സൂക്ഷ്മമായി പരിശോധിച്ചാല്‍, മൗലിദിന്റെ ഗദ്യപദ്യങ്ങളിലൂടെ നബി(സ)യെ മദ്ഹ് ചെയ്യുകയല്ല(പുകഴ്ത്തുക), ദമ്മ (നിന്ദിക്കുക) ചെയ്യുകയാണെന്ന്. മങ്കൂസ് മൗലിദിലെ ഓരോ പരാമര്‍ശങ്ങള്‍ക്കും അക്കമിട്ട് മറുപടി പറയാന്‍ കഴിയും.
(ഒന്ന്) ലോകം സൃഷ്ടിക്കുന്നതിനു മുമ്പ് നബി(സ)യുടെ പ്രകാശം സൃഷ്ടിച്ചു (മങ്കൂസ്). ഇത് വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനത്തിന് വിരുദ്ധമാണ്. അല്ലാഹു ആദ്യം സൃഷ്ടിച്ചത് വെള്ളമാണ്. ”ജീവനുള്ള എല്ലാ വസ്തുക്കളെയും നാം ഉണ്ടാക്കിയത് വെള്ളത്തില്‍ നിന്നാണ്” (അന്‍ബിയാഅ് 30). നബി(സ)യും ജീവനുള്ള ഒരു സൃഷ്ടിയല്ലേ. നബി(സ)യെ അല്ലാഹു സൃഷ്ടിച്ചയക്കാന്‍ കാരണം ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയാണെന്നാണ് വിശുദ്ധ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്. ”ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും അവനെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ” (അല്‍ബഖറ 129). ഈ വചനത്തിനു ബലം നല്‍കുന്ന ഒരു ഹദീസ്: ”അബൂഉമാമ(റ) പറയുന്നു: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കളുടെ ഉത്ഭവത്തിന്റെ കാരണം എന്താണ്? അവിടുന്ന് പറഞ്ഞു: എന്റെ പിതാമഹന്‍ ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയാണ്” (അഹ്മദ്, മുസ്‌നദ്).
നബി(സ)യുടെ പ്രകാശമാണ് ആദ്യം സൃഷ്ടിച്ചത് എന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ഉദ്ധരിക്കാറുള്ള മറ്റൊരു വാറോലയാണ് ”താങ്കളില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഈ ലോകം തന്നെ പടക്കുമായിരുന്നില്ല” എന്ന റിപ്പോര്‍ട്ട്. ഇത് നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്ന് ജലാലുദ്ദീനുസ്സുയൂഥിയും (അല്ലആലി 1:450-451), ഇമാം സ്വഗാനിയും (അല്‍അഹാദീസുല്‍ മൗദൂആത്തി, പേജ് 7) രേഖപ്പെടുത്തിയിട്ടുണ്ട്.
(രണ്ട്) ‘ആദം(അ) ഇടതേട്ടം നടത്തിയത് നബി(സ)യെ പിടിച്ചാണ്’ (മങ്കൂസ്). ഇതും വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമാണ്. അല്ലാഹു അരുളി: ”അവര്‍ (ആദമും ഹവ്വയും) രണ്ടു പേരും പ്രാര്‍ഥിച്ചു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരുകയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും” (അഅ്‌റാഫ് 23).
ആദമിന്(അ) പശ്ചാത്തപിക്കാനുള്ള മേല്‍ വചനങ്ങള്‍ ഇട്ടുകൊടുത്തത് അല്ലാഹുവാണ്. ”അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച ആദമിന് അല്ലാഹു പാപമോചനം നല്‍കി” (അല്‍ബഖറ 37). മേല്‍ പറഞ്ഞ വചനങ്ങളിലൊന്നും നബി(സ)യെ പിടിച്ച് ഇടതേട്ടം നടത്തിയിട്ടില്ല, അവര്‍ അല്ലാഹുവോട് നേരിട്ട് പശ്ചാത്താപം നടത്തുകയാണ് ചെയ്തത്.
(മൂന്ന്) നൂഹ് നബി(അ) നബി(സ)യെ പിടിച്ച് സഹായം തേടി. അങ്ങനെയാണ് ആ വിപത്തില്‍ നിന്ന് രക്ഷപ്പെട്ടത് (മങ്കൂസ്).
നൂഹ് നബി(അ) വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെട്ടത് നബി(സ)യെ ഇടയാളനാക്കി സഹായം തേടിയതുകൊണ്ടാണത്രേ! അല്ലാഹു പറയുന്നു: ”നൂഹിനേയും ഓര്‍മിക്കുക. മുമ്പ് അദ്ദേഹം അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന് നാം ഉത്തരം നല്‍കി” (അന്‍ബിയാഅ് 76). ”പലകകളും ആണികളുമുള്ള നമ്മുടെ (അല്ലാഹുവിന്റെ) മേല്‍നോട്ടത്തില്‍ സഞ്ചരിക്കുന്ന ഒരു പേടകത്തില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു” (ഖമര്‍ 13,14). ഇവിടെയൊന്നും ആരും മുഹമ്മദ് നബിയോട് തേട്ടം നടത്തിയിട്ടില്ല. എല്ലാ പ്രവാചകന്മാരും അല്ലാഹുവോട് നേരിട്ട് പ്രാര്‍ഥിക്കുകയാണ് ചെയ്തത്.
(നാല്) മങ്കൂസ് മൗലിദില്‍ അസംഭവ്യങ്ങളായ ചില സംഗതികള്‍ കാണാം: അതിന്റെ ആശയങ്ങള്‍ ഇപ്രകാരമാണ്: പ്രവാചകന്മാരെല്ലാം അവരുടെ (ഗര്‍ഭിണിയായ ആമിനയുടെ) അടുക്കല്‍ പ്രവേശിച്ചു. അവര്‍ പറഞ്ഞു: ഈ സന്മാര്‍ഗത്തിന്റെയും വിജയത്തിന്റെയും സൂര്യനെ പ്രസവിച്ചുകഴിഞ്ഞാല്‍ ‘മുഹമ്മദ്’ എന്നു പേരിടണം. അവര്‍ ഇബ്‌റാഹീ(അ)മിനെ കണ്ടത് (അദ്ദേഹം അവിടെ ചെന്നത്) ദുല്‍ഖഅദ് മാസത്തിലാണ്. മൂസാ നബി(അ) അവിടെ ചെന്നത് ദുല്‍ഹിജ്ജ മാസത്തിലുമാണ് (മങ്കൂസ്).
ഇവിടെ ചില തമാശകളുണ്ട്. മൗലിദിനെ ഗദ്യത്തിലും പദ്യത്തിലും ചിലയിടങ്ങളില്‍ ‘ബി മക്കത്ത ആമിന’ (നിര്‍ഭയമായ മക്ക) എന്ന് പറയാറുണ്ട്. അവിടെയൊക്കെ ആമിന നബി(സ)യുടെ മാതാവാണെന്ന് തെറ്റിദ്ധരിച്ചു അറിവില്ലാത്ത ചിലര്‍ ‘റൡയല്ലാഹു അന്‍ഹാ’ ചൊല്ലാറുണ്ട്. എന്നാല്‍ അറിവുണ്ടെന്ന് ധരിക്കുന്നവരും ഇപ്രകാരം തര്‍ളിയത് ചൊല്ലാറുണ്ട്. ഇത് ഹദീസുകള്‍ക്ക് വിരുദ്ധമാണ്.
താഴെ വരുന്ന ഹദീസും ഇമാം നവവി(റ)യുടെ വ്യാഖ്യാനവും കാണുക: ”നബി(സ) അരുളിയതായി അബൂഹുറയ്‌റ(റ) പ്രസ്താവിച്ചു: എന്റെ മാതാവിനു വേണ്ടി പൊറുക്കലിനെ തേടാന്‍ ഞാന്‍ എന്റെ റബ്ബിനോട് അനുവാദം ചോദിച്ചു. എനിക്ക് അനുവാദം തന്നില്ല. അവരുടെ ഖബ്ര്‍ സന്ദര്‍ശിക്കാന്‍ അനുവാദം ചോദിച്ചു. അപ്പോള്‍ എനിക്ക് അനുവാദം നല്‍കി” (മുസ്‌ലിം 976). ഈ ഹദീസിനെ ഇമാം നവവി വ്യാഖ്യാനിക്കുന്നത് കാണുക: ”മേല്‍ ഹദീസില്‍ മുശ്‌രിക്കുകളെ ജീവിതകാലത്തും മരണശേഷവും സന്ദര്‍ശിക്കാം എന്നതിന് തെളിവുണ്ട്. കാരണം മരണശേഷം അവരെ സന്ദര്‍ശിക്കാമെങ്കില്‍ ജീവിതകാലത്ത് സന്ദര്‍ശിക്കാം എന്നത് ഏറ്റവും വലിയ തെളിവാണ്. കാഫിറുകള്‍ക്കു വേണ്ടി പൊറുക്കലിനെ തേടല്‍ നിരോധിച്ചിരിക്കുന്നു എന്നതിനും ഹദീസില്‍ തെളിവുണ്ട്” (ശറഹു മുസ്‌ലിം 4:53).
മേല്‍ ഹദീസ് പ്രകാരം ഇമാം നവവി നബി(സ)യുടെ മാതാവിന്റെ പേര് കേള്‍ക്കുമ്പോള്‍ തര്‍ളിയത്ത് ചൊല്ലുന്നതിനെ അംഗീകരിക്കുന്നില്ല? നബി(സ)യുടെ മാതാവിന്റെ അടുക്കല്‍ മരണപ്പെട്ടുപോയ പ്രവാചകന്മാര്‍ (വയറുകാണാന്‍) വരികയെന്നത് മായാവിക്കഥയാണ്. കാരണം, കഴിഞ്ഞുപോയ പ്രവാചകന്മാരില്‍ ദുനിയാവിലേക്ക് ഇറങ്ങിവരും എന്ന് മുസ്‌ലിംകള്‍ തര്‍ക്കമില്ലാതെ വിശ്വസിക്കുന്നത് ഈസാ നബി(അ)യില്‍ മാത്രമാണ്.
(അഞ്ച്) ‘പേടിച്ചരണ്ടു നില്‍ക്കുന്ന അന്ത്യദിനത്തില്‍ അങ്ങയുടെ ശുപാര്‍ശ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ! ഞങ്ങളുടെ യജമാനനായവരും നബിമാരില്‍ ഉത്തമരുമായവരേ, അത് ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നപക്ഷം കഷ്ടം തന്നെയാണ്’ (മങ്കൂസ്).
മേല്‍ വരികള്‍ ശിര്‍ക്കും ഖുര്‍ആന്‍ വിരുദ്ധവുമാണ്. അന്ത്യദിനത്തില്‍ അല്ലാഹു ഒരാള്‍ക്കും നിരുപാധികം ശുപാര്‍ശക്ക് അധികാരം നല്‍കിയിട്ടില്ല. അല്ലാഹുവിന്റെ പ്രത്യേകമായ അനുവാദം ലഭിച്ചതിനു ശേഷം മാത്രമേ മഹ്ശറയില്‍ ശുപാര്‍ശ ചെയ്യാന്‍ കഴിയൂ. അത് നിരവധി സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്. അതിനാല്‍ നബി(സ)യുടെ ശുപാര്‍ശയില്‍ ഉള്‍പ്പെടാന്‍ തേടേണ്ടത് അല്ലാഹുവോടാണ്.
നബി(സ)യോട് ഇപ്രകാരം തേടല്‍ രണ്ട് നിലയില്‍ ശിര്‍ക്കാണ്: ഒന്ന്, അല്ലാഹുവിന്റെ സ്ഥാനത്ത് നബി(സ)യെ വെച്ചു. രണ്ട്, നമ്മുടെ പ്രാര്‍ഥന മരണപ്പെട്ടുപോയ നബി(സ) കേള്‍ക്കും എന്ന വിശ്വാസം. ജീവിച്ചിരിക്കുമ്പോള്‍ അദൃശ്യം അറിയാത്ത നബി(സ) മരണശേഷം എങ്ങനെ അറിയും? അല്ലാഹു അരുളി: ”അദൃശ്യകാര്യത്തിന്റെ താക്കോലുകള്‍ അവന്റെ പക്കലാണ്. അവനല്ലാതെ അത് അറിയുന്നവനില്ല” (അന്‍ആം 59).
ഇത്തരം വചനങ്ങള്‍ ഖുര്‍ആനില്‍ നിരവധിയുണ്ട്. അദൃശ്യം അറിയിച്ചുകൊടുക്കുമെങ്കില്‍ അവന്‍ ഇഷ്ടപ്പെടുന്ന പ്രവാചകന്മാര്‍ക്ക് മാത്രമേ അറിയിക്കൂ. അക്കാര്യം ആലുഇംറാന്‍ 179ലും അല്‍ജിന്ന് 26ലും വന്നിട്ടുണ്ട്. അല്ലാഹു അരുളി: ”അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരു ശുപാര്‍ശകനുമില്ല” (യൂനുസ് 3). ”നബിയേ, പറയുക: എല്ലാ ശുപാര്‍ശയും അല്ലാഹുവിനാണ്” (സുമര്‍ 44). നബി(സ)ക്ക് ഇഷ്ടമുള്ളവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ സാധ്യമല്ലെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്: ”അപ്പോള്‍ വല്ലവന്റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ താങ്കള്‍ക്ക് നരകത്തിലുള്ളവനെ രക്ഷപ്പെടുത്താനാകുമോ?” (സുമര്‍ 19).
നബി(സ) ഫാത്വിമ(റ)യോട് ഇപ്രകാരം പറയുകയുണ്ടായി: ”മുഹമ്മദിന്റെ മകള്‍ ഫാത്വിമാ, നിന്റെ ശരീരത്തെ നീ തന്നെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തണം. അല്ലാഹുവില്‍ നിന്നു യാതൊന്നും (ഇളവും) നേടിത്തരാന്‍ എന്നാല്‍ സാധ്യമല്ല.”
(ആറ്) ‘നേതാക്കളില്‍ എന്റെ നേതാവായവരേ, ഞാന്‍ അങ്ങയുടെ സംരക്ഷണം തേടിക്കൊണ്ടാണ് വന്നിട്ടുള്ളത്. എന്റെ ഉദ്ദേശ്യത്തെ നിരാശപ്പെടുത്തരുതേ’ (മങ്കൂസ്).
ഇഹത്തിലും പരത്തിലും സംരക്ഷണം നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്. ”എന്നാല്‍ അല്ലാഹുവാണ് ഏറ്റവും നല്ല സംരക്ഷകന്‍. അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കാരുണ്യവാനാകുന്നു” (യൂസുഫ് 64). ”തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവരെ ഈ ഖുര്‍ആന്‍ മുഖേന താങ്കള്‍ താക്കീത് നല്‍കുക. അവനു പുറമെ യാതൊരു സംരക്ഷകനും ശുപാര്‍ശകനും അവര്‍ക്കില്ല” (അന്‍ആം 51).
അല്ലാഹുവല്ലാത്ത ശക്തികള്‍ നമ്മെ സംരക്ഷിക്കും എന്ന് വിശ്വസിച്ചുകൊണ്ട് അവരോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണ്. ”നിങ്ങള്‍ക്ക് അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലതന്നെ” (അല്‍ബഖറ 107). യൂസുഫ് നബി(അ)യുടെ പ്രാര്‍ഥന കാണുക:
”എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്നും സ്വപ്‌നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും നീ എന്നെ പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു” (യൂസുഫ് 101).
(ഏഴ്) ‘ഞാന്‍ എണ്ണവും ക്ലിപ്തവും ഇല്ലാത്ത നിലയില്‍ തെറ്റുകളിന്മേല്‍ വാഹനം കയറിയിരിക്കുന്നു. എന്റെ യജമാനനും നബിമാരില്‍ ഉത്തമനുമായവരേ, അങ്ങയോട് ഞാന്‍ അതിനെക്കുറിച്ച് ആവലാതി ബോധിപ്പിക്കുന്നു’ (മങ്കൂസ്).
പാപം പൊറുക്കുന്നവന്‍ അല്ലാഹുവാണ്. എന്നാല്‍ മങ്കൂസ് മൗലിദുകാരന്‍ നബി(സ)യോടാണ് പൊറുക്കലിനെ തേടുന്നത്. പാപം പൊറുക്കല്‍ സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രവര്‍ത്തനത്തില്‍ പെട്ട കാര്യമാണ്. അതിന് അല്ലാഹു ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് പാപം ചെയ്യാത്ത നബി(സ) പോലും അല്ലാഹുവോട് പൊറുക്കലിനെ തേടി മാതൃക കാണിച്ചുതന്നത്. അല്ലാഹു അല്ലാത്തവരോട് പൊറുക്കലിനെ തേടല്‍ ശിര്‍ക്കാണ്. നൂഹ് നബി(അ) പറഞ്ഞതായി അല്ലാഹു അരുളി: ”അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു” (നൂഹ് 10).
”പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹു അല്ലാതെ ആരാണുള്ളത്?” (ആലുഇംറാന്‍ 135). ”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക” (ഹൂദ് 3). ”നബി(സ) ഒരു ദിവസം 70 തവണയിലധികം അല്ലാഹുവോട് പൊറുക്കലിനെ തേടാറുണ്ടായിരുന്നു” (ബുഖാരി). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ”ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവോട് പൊറുക്കലിനെ തേടുക. ഞാന്‍ ഒരു ദിവസം 100 തവണ പൊറുക്കലിനെ തേടാറുണ്ട്” (മുസ്‌ലിം).