8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

പ്രവാചകസ്‌നേഹികളാവുക

എം ടി അബ്ദുല്‍ഗഫൂര്‍


അനസുബ്‌നു മാലിക്(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല. അവന്റെ മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റു ജനങ്ങളെക്കാളും ഉപരിയായി ഞാന്‍ അവന് പ്രിയപ്പെട്ടതാകുന്നതുവരെ (ബുഖാരി, മുസ്‌ലിം)

സ്‌നേഹം മനസിന്റെ വികാരമാണ്. അത് ജീവിതത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. ഒരാളെ മനസിലാക്കുകയും നിരീക്ഷിക്കുകയും പഠനവിധേയമാക്കുകയും വിശകലനം നടത്തുകയും ചെയ്യുമ്പോള്‍ സ്‌നേഹത്തിന്റെ അളവ് വര്‍ധിക്കുക സ്വാഭാവികമത്രേ. സ്‌നേഹം സ്പര്‍ശന സാധ്യമല്ലെങ്കിലും അതിന്റെ അടയാളങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ആ അടയാളങ്ങളാണ് സ്‌നേഹിക്കപ്പെടുന്നവരെ അനുസരിക്കുന്നതിലൂടെ പ്രകടമാവുന്നത്. അവര്‍ക്കുവേണ്ടി എന്ത് ത്യാഗം ചെയ്യാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത് മനസിന്റെ സ്‌നേഹമെന്ന വികാരമാണ്. ഒരാളോട് ആത്മബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ഒരിക്കലും അയാള്‍ക്കെതിരായി നില്‍ക്കാനോ അയാളുടെ ഇഷ്ടത്തിനു നേരെ മുഖം തിരിക്കാനോ നമുക്ക് കഴിയില്ല.
വിശ്വാസികള്‍ക്ക് ദൈവത്തോടും ദൈവദൂതനോടും ഉണ്ടാവേണ്ട ഇഷ്ടം ഈ തരത്തിലാവുക എന്നത് വിജയത്തിലേക്കുള്ള വഴി തുറക്കുവാന്‍ കാരണമാകുന്നു. ഇങ്ങനെ അല്ലാഹുവെയും അവന്റെ പ്രവാചകനെയും ഇഷ്ടപ്പെടാന്‍ ഒരാള്‍ക്ക് കഴിയുന്നുവെങ്കില്‍ അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും കല്‍പനകള്‍ അനുസരിക്കാനും വിലക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും അത് അവനെ പ്രേരിപ്പിക്കുന്നു. അത് അയാളുടെ ജീവിതത്തെ സമൂലമായി മാറ്റിയെടുക്കുകയും ചെയ്യുന്നു.
വിശ്വാസികള്‍ അല്ലാഹുവോടും അവന്റെ പ്രവാചകനോടും കാണിക്കുന്ന സ്‌നേഹം ഏറ്റവും മികച്ചുനില്‍ക്കണമെന്നതിലേക്കാണ് ഉപര്യുക്ത വചനത്തിന്റെ സൂചന. ലോകത്തുള്ള സര്‍വ വസ്തുക്കളെക്കാളും ഉപരിയായി അല്ലാഹുവെയും അവന്റെ ദൂതരെയും സ്‌നേഹിക്കുകയെന്നത് വിശ്വാസപൂര്‍ത്തീകരണത്തിന്റെ ഭാഗമാണ്.
ഒരാളോട് നമുക്കുള്ള ഇഷ്ടം പ്രകടമാവുന്നത് വാക്കുകളിലൂടെ മാത്രമല്ല. അയാളുടെ നല്ല സ്വഭാവവും സംസ്‌കാരവും പിന്‍പറ്റുന്നതിലൂടെയാണ്. സ്വഭാവംകൊണ്ടും സംസ്‌കാരംകൊണ്ടും വിശ്വാസാചാരങ്ങളിലും മഹനീയ മാതൃകകള്‍ ലോകത്തിനു മുന്നില്‍ സമര്‍പ്പിച്ച മഹാനാണ് മുഹമ്മദ് നബി(സ). ആ പ്രവാചകന്റെ നടപടിക്രമങ്ങള്‍ സ്വീകരിക്കുക എന്നത് ആദര്‍ശമാക്കി മാറ്റുമ്പോഴാണ് നാം ആ പ്രവാചകനെ സ്‌നേഹിക്കുന്നു എന്നു പറയാന്‍ കഴിയുക.
പ്രവാചകസ്‌നേഹമെന്നത് അവിടുത്തെ അനുധാവനം ചെയ്യലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അതിന്റെ ഗുണഫലമായി നമുക്ക് ലഭിക്കുന്നതാകട്ടെ, ദൈവസ്‌നേഹമെന്ന സൗഭാഗ്യവും. പാപമുക്തമായ ജീവിതം പ്രവാചക സ്‌നേഹത്തിന്റെ മറ്റൊരു സദ്ഫലമായി വിശുദ്ധ ഖുര്‍ആന്‍ (3:31) പറയുന്നു. പ്രവാചകനെ കാണുകയോ കൂടെ ജീവിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള പ്രവാചകസ്‌നേഹം സമ്മാനിക്കുന്നത് സ്വര്‍ഗീയ ജീവിതത്തില്‍ പ്രവാചകനോടൊത്തുള്ള സഹവാസമത്രേ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x