5 Sunday
January 2025
2025 January 5
1446 Rajab 5

വെറുപ്പിന്റെ കനല്‍ കാറ്റിനെതിരെ ഒരു പോരാളി

ടി ടി എ റസാഖ്‌

ടീസ്താ സെറ്റല്‍വാദിന്റെ ഇന്ത്യന്‍ ഭരണഘടനയുടെ കാലാള്‍ പടയാളി
എന്ന ഓര്‍മക്കുറിപ്പുകളിലൂടെ ഒരു ഹ്രസ്വയാത്ര


ഇന്ത്യയിലെ അറിയപ്പെട്ട പൗരാവകാശ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ ടീസ്ത സെറ്റല്‍വാദിനെ നാം അടുത്തറിയുന്നത് ഗുജറാത്ത് കലാപകാരികള്‍ക്കെതിരെ നടന്ന നീതിന്യായ യുദ്ധങ്ങളിലെ കരുത്തുറ്റ യോദ്ധാവ് എന്ന നിലയ്ക്കു കൂടിയാണ്. ഇക്കാര്യത്തില്‍ അവര്‍ നടത്തിയ സഹനസമരങ്ങളുടെയും നീതിന്യായ പോരാട്ടങ്ങളുടെയും മാത്രമല്ല, ഈ രംഗത്ത് അവര്‍ നേരിട്ട കടുത്ത വെല്ലുവിളികളുടെയും പീഡന പരീക്ഷണങ്ങളുടെയും വസ്തുതാ ചിത്രങ്ങളാണ് ഇന്ത്യന്‍ ഭരണഘടനയുടെ കാലാള്‍ പടയാളി (Foot Soldier of Indian Constitution a Memoir) എന്ന ഓര്‍മക്കുറിപ്പില്‍ അവര്‍ വരച്ചുകാണിക്കുന്നത്. സബ്‌രംഗ് ഇന്ത്യ എന്ന വെബ് മാഗസിന്‍ എഡിറ്ററും (നേരത്തെ ഇത് communalism combat എന്നായിരുന്നു) Citizen for Justice and Peace (CJP) ന്റെയും സ്ഥാപകാംഗവും സംഘാടകയുമാണവര്‍.
‘ദ ഡെയ്‌ലി’യില്‍ പത്രപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ച കാലത്തെ എഴുത്തുകാരിയുടെ ജീവിതത്തെ ഊന്നിപ്പറഞ്ഞുകൊണ്ടാണവര്‍ ഓര്‍മകള്‍ തുടങ്ങുന്നത്. ഭര്‍ത്താവ് ജാവേദിനൊപ്പം 1984ല്‍ ഭീവണ്ടിയില്‍ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍ എന്ന നിലയിലുള്ള അനുഭവപാഠങ്ങളില്‍ നിന്നാണ് ടീസ്ത സെറ്റല്‍വാദ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തക വളര്‍ന്നുവരുന്നത്. ‘സാമ്‌ന’യുടെയും താക്കറെയുടെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേയുള്ള രചനാപരവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ആദ്യകാല പ്രവര്‍ത്തനങ്ങളെ കുറിച്ചാണവര്‍ ആദ്യ അധ്യായങ്ങളില്‍ വിവരിക്കുന്നത്.
1992-93ലെ ശൈത്യകാലത്ത് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം മുംബൈയില്‍ നടന്ന ഭീകരമായ വര്‍ഗീയാതിക്രമങ്ങള്‍ക്ക് സാക്ഷിയായ അവര്‍, കലാപകാരികളോട് സമരം പ്രഖ്യാപിച്ചും കലാപബാധിതരെ സഹായിച്ചും തുടങ്ങിയ വര്‍ഗീയ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് രാഷ്ട്രീയ പക്വതയിലേക്ക് വരുന്നത് എന്നു വായനയില്‍ നിന്ന് മനസ്സിലാക്കാം. 1980 മുതല്‍ ക്രമമായി വര്‍ധിച്ചുവന്ന വര്‍ഗീയ കലാപങ്ങള്‍ മുതല്‍ പിന്നീട് 2002ല്‍ ഗുജറാത്ത് വരെയുള്ള കലാപവേളകളിലും വര്‍ഗീയ ഹിന്ദുത്വ ശക്തികളുടെ പങ്കിനെയും ക്രൂരതകളെയും കുറിച്ച് മാത്രമല്ല, പോലീസ് സേനകളില്‍ നിന്നുള്ള കക്ഷി പക്ഷപാതപരമായ നടപടികളെ കുറിച്ചുമുള്ള പഠനങ്ങളും അവര്‍ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നുണ്ട്.
വേരുകള്‍ എന്ന അധ്യായത്തില്‍ അവരുടെ ജന്മനാടായ ബോംബെയിലെ ബാല്യകാല സ്മരണകളെ കുറിച്ചുള്ള ചെറിയ വിവരണങ്ങള്‍ കാണാം. 1919ല്‍ നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ജനറല്‍ റെജിനാള്‍ഡ് ഡയറിനെ ക്രോസ് വിസ്താരം ചെയ്യുന്ന അവരുടെ മുത്തച്ഛന്‍ സര്‍ ചിമന്‍ലാല്‍ സെറ്റല്‍വാദിന്റെ (ഹണ്ടര്‍ കമ്മീഷന്‍ അംഗം) ചരിത്രപരമായ വേരുകളെ കുറിച്ച് അവര്‍ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. ശേഷം പഴയ എല്‍ഫിന്‍സ്റ്റോണിയന്‍ (എല്‍ഫിന്‍സണ്‍ കോളജ്) എന്ന നിലയിലുള്ള അവളുടെ ജീവിതത്തെയും വായനയെയും പരാമര്‍ശിക്കുന്നുണ്ട്. അക്കാലത്തെ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളെ കുറിച്ചും ബോംബെ എന്ന മെട്രോപൊളിറ്റന്‍ നഗരത്തിനു ചുറ്റും നടന്നുകൊണ്ടിരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെയും അതിന്റെ പ്രധാന പിന്നണി പ്രവര്‍ത്തകരെയും കുറിച്ചുമുള്ള വിവരണങ്ങളും ഈ അധ്യായത്തിന്റെ ഭാഗമാണ്. കൂടാതെ 1980 മുതല്‍ രാജ്യത്തെ തീവ്ര വലതുപക്ഷ സംഘടനകള്‍ അടിച്ചേല്‍പിച്ച കലാപങ്ങളുടെ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടവും ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം വേളകളില്‍ റിപ്പോര്‍ട്ടിങ് രംഗത്ത് മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തിയ നിസ്സംഗ മനോഭാവം അവരെ ഏറെ നിരാശയാക്കിയതായി കാണാം. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം എന്താണെന്ന ചിന്തയില്‍ നിന്നാണ് ‘കമ്മ്യൂണലിസം കോംബാറ്റ്’ എന്ന മാസികയെ കുറിച്ചുള്ള ആശയം മനസ്സില്‍ വന്നതെന്ന് അവര്‍ സൂചിപ്പിക്കുന്നു.
‘ഗവണ്‍മെന്റിന് താല്‍പര്യമില്ലെങ്കില്‍ ഒരു കലാപവും 24 മണിക്കൂറിലധികം നീണ്ടുനില്‍ക്കുകയില്ല’ (ഐ പി എസ് ഓഫീസര്‍ വിഭൂതി നാരായണ്‍ റായിയുമായുള്ള ഇന്റര്‍വ്യൂ) പോലുള്ള അതിന്റെ തലക്കെട്ടുകളും വര്‍ഗീയ നേതൃത്വത്തിനെതിരെയുള്ള കോടതിവിധികളെ വിലയിരുത്തുന്ന വിദഗ്ധരുടെ ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും മറ്റു മാധ്യമങ്ങളടക്കം ഏറ്റെടുക്കുകയുമുണ്ടായി. ബോംെബ കലാപകാരികളെ ശിക്ഷിക്കുന്നതിനു വേണ്ടിയും ശ്രീകൃഷ്ണ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനു വേണ്ടിയും നടത്തിയ ശക്തമായ ഇടപെടലുകളും കമ്മ്യൂണലിസം കോംബാറ്റിന്റെ അജണ്ടകളായി മാറി. ഇക്കാലത്തു തന്നെ ഗുജറാത്തിലേക്ക് അവരുടെ ശ്രദ്ധ തിരിയുന്നുണ്ടായിരുന്നു.

ഗുജറാത്തിലേക്ക്
2002ല്‍ ഗുജറാത്ത് കലാപങ്ങള്‍ അരങ്ങേറുന്നതിന് ഏറെ മുമ്പേ തന്നെ ഗുജറാത്തിലെ വര്‍ഗീയ രാഷ്ട്രീയം എന്ന വിഷയത്തില്‍ അവര്‍ പ്രസിദ്ധീകരിച്ച അഞ്ച് കവര്‍‌സ്റ്റോറികളില്‍ ഗുജറാത്ത് പോലീസ് അടക്കമുള്ള പ്രാഥമിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കപ്പെടുകയുണ്ടായി. ഭുജ് ഭൂകമ്പകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നടന്ന ജാതി-മത വിവേചന പ്രവണതകള്‍, ചരിത്ര പുസ്തകങ്ങളിലെ വര്‍ഗീയവത്കരണം തുടങ്ങി തുടക്കത്തില്‍ തന്നെ പല സുപ്രധാന വെളിപ്പെടുത്തലുകളും അവര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മോദിയുടെ വരവിന് ഏറെ മുമ്പ് തന്നെ ഗുജറാത്തില്‍ അപകടകരമായ ചില പ്രാഥമിക ജോലികള്‍ നടന്നുകഴിഞ്ഞിരുന്നു എന്നു പഠനങ്ങളില്‍ വ്യക്തമായതായി അവര്‍ സൂചിപ്പിക്കുന്നു. 2001ല്‍ ഗുജറാത്തില്‍ നടക്കുന്ന പ്രത്യേക ക്രിസ്ത്യന്‍-മുസ്‌ലിം സെന്‍സസിനെ കുറിച്ചും മിശ്രവിവാഹങ്ങളെ നിരീക്ഷിക്കുന്ന പോലീസ് നടപടികളെക്കുറിച്ചും അവ തികച്ചും ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനെയും അഡ്വ. നരിമാനെയും സന്ദര്‍ശിച്ചുകൊണ്ട് അവര്‍ തുടര്‍നടപടികള്‍ ആലോചിച്ചു. ഇതൊരു വലിയ നിയമയുദ്ധത്തിന്റെ ചെറിയ തുടക്കമായിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ക്കു വേണ്ടി കാത്തിരിക്കാനായിരുന്നു മറുപടി.
കമ്മ്യൂണലിസം കോംബാറ്റിന്റെ പ്രവചനാത്മകമായ ഈ വെളിപ്പെടുത്തലുകളെ പ്രകീര്‍ത്തിച്ചുകൊണ്ട് മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാജഗോപാല്‍ എഴുതി: ”ഗുജറാത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ കൂട്ടക്കൊല നടത്താന്‍ സംഘപരിവാറിന് എങ്ങനെ സാധിച്ചുവെന്നത് ഈ വാര്‍ത്തകള്‍ പലതും കൂട്ടിയോജിപ്പിച്ചാല്‍ മനസ്സിലാവും. ഗോധ്ര ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനായി മറ്റു വല്ലതും കെണ്ടത്തിയേനെ.”
കലാപവും കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട ഓര്‍മകളിലൂടെ അവര്‍ കടന്നുപോവുന്നുണ്ടെങ്കിലും അത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളായതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. എന്നാല്‍ കലാപശേഷം നടന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളും നിയമലംഘനങ്ങളും ഭരണകൂട ഭീകരതകളും ഏറെ പ്രസക്തമായ ചര്‍ച്ചയാണ്.

കലാപ ശേഷം
2002 മാര്‍ച്ചില്‍ ഗുജറാത്തിലെ ദുരിതാശ്വാസ ക്യാമ്പുകളും കലാപബാധിത ജില്ലകളും സന്ദര്‍ശിച്ച ശേഷം അവര്‍ എഴുതുന്നു: ”ഇന്ത്യന്‍ പ്രസിഡന്റ്, സുപ്രീം കോടതി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി ഉത്തരവാദപ്പെട്ട വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഞാന്‍ അടിയന്തര ജാഗ്രതാ സന്ദേശങ്ങളയച്ചു. പത്തു വര്‍ഷം മുമ്പ് മുംബൈയില്‍ നടന്നതിനേക്കാള്‍ ആയിരം മടങ്ങാണ് ഗുജറാത്ത്. ഇവിടെ നീതി നടപ്പില്‍ വരുത്താന്‍ സാധാരണ തെളിവുശേഖരണമോ മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളോ മതിയാവുകയില്ല. ഇതുപോലുള്ള വന്‍ കലാപങ്ങളില്‍ കാര്യക്ഷമമായ നീതിനിര്‍വഹണം സാധ്യമാണോ, നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കാത്തുരക്ഷിക്കാന്‍ കോടതിക്ക് കഴിയുമോ എന്നത് വലിയ ചോദ്യമാണ്.”
ഗുജറാത്ത് കലാപാനന്തര സാഹചര്യത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എളുപ്പമല്ല എന്നും, ഒറ്റപ്പെട്ട നീക്കങ്ങള്‍ ഫലം ചെയ്യില്ല എന്നുമുള്ള കാര്യങ്ങള്‍ ഭര്‍ത്താവ് ജാവേദുമായി ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അവര്‍ക്ക് ബോധ്യമായി. ഈ ബോധ്യത്തില്‍ നിന്നാണ് CJP (Citizen for Justice and Peace) പിറവിയെടുക്കുന്നത്.
സി ജെ പി
1984ലെ കലാപകാരികള്‍ ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കില്‍ 1992ലെ കലാപം ആവര്‍ത്തിക്കപ്പെടുമായിരുന്നില്ല. 1992-93ലെ ബോംബെ കലാപത്തിനിരയായവര്‍ക്ക് നീതി ലഭിച്ചിരുന്നെങ്കില്‍ 2002ല്‍ പോലീസ്-ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ട് ഗുജറാത്തിലാണെങ്കിലും കലാപത്തിനിറങ്ങുമായിരുന്നില്ല എന്നതായിരുന്നു അവരുടെ സുപ്രധാനമായ നിരീക്ഷണം. കലാപത്തിനിരയായവര്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടി ഇന്നും തുടര്‍ന്നുവരുന്ന അശ്രാന്ത പരിശ്രമങ്ങളാണ് പിന്നീട് സി ജെ പിക്കും ടീസ്ത സെറ്റല്‍വാദിനും പറയാനുള്ളത്.
സി ജെ പിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ്, ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി എല്ലാ നീതിനിര്‍വഹണ കേന്ദ്രങ്ങളിലേക്കും എല്ലാ ദിവസവും രാത്രികാലങ്ങളില്‍ ജാഗ്രതാ സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരുന്നു. ഗോധ്രയില്‍ മരണപ്പെട്ടവരെ ഉപയോഗിച്ച് ജനങ്ങളെ ഇളക്കിവിട്ടുകൊണ്ടിരുന്നത്, സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ കുറ്റകരമായ അനാസ്ഥ, മോട്ടോര്‍ ബൈക്കുകളില്‍ റോന്ത് ചുറ്റുന്ന സായുധരായ 15,000ലധികം വരുന്ന കലാപകാരികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ക്രൂരതകള്‍, എഫ് ഐ ആറില്‍ വരുത്തിയ തിരുത്തലുകള്‍, റിലീഫ് ക്യാമ്പുകളിലെ ശോച്യാവസ്ഥ, നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട വിവേചനം, സത്യസന്ധരായ പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍ തുടങ്ങി നീതിനിര്‍വഹണ വിഭാഗം ശ്രദ്ധ കൊടുക്കേണ്ട നിരവധി പ്രകോപനപരമായ രംഗങ്ങള്‍ സി ജെ പി സന്ദേശങ്ങളായി കൈമാറിക്കൊണ്ടിരുന്നു.
കഴിഞ്ഞ 20 വര്‍ഷത്തിലധികമായി അവര്‍ നിയമവാഴ്ചയുടെ തകര്‍ച്ചയ്ക്കും നീതിനിഷേധത്തിനുമെതിരെ പോരാടുകയായിരുന്നു. അഭയാര്‍ഥി ക്യാമ്പുകളുടെ ദൈനംദിന കാര്യങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കുക എന്ന മോദി ഗവണ്‍മെന്റിന്റെ നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടിയുമായിരുന്നു ഗുജറാത്ത് ഹൈക്കോടതിയില്‍ ആദ്യം ഫയല്‍ ചെയ്ത കേസ്. കേന്ദ്രം അനുവദിച്ച ഫണ്ട് തടഞ്ഞുവെക്കുകയും മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി പണം പിരിക്കുകയും സി ജെ പിയെ സംഘപരിവാര്‍ കേഡറുകള്‍ കോടതിയിലും പരിസരത്തും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന തികഞ്ഞ അരക്ഷിതാവസ്ഥകളെക്കുറിച്ച് ടീസ്ത വിവരിക്കുന്നുണ്ട്. കോടതിയില്‍ ദീര്‍ഘകാലമായി തീര്‍പ്പാവാതെ കിടക്കുന്ന കേസുകള്‍, വംശഹത്യാപരമായ അരുംകൊലകള്‍, ഇരകള്‍ക്കുള്ള നഷ്ടപരിഹാരം, കാണാതായവര്‍, ക്രിമിനല്‍ നടപടികളിലെ കടുത്ത നിസ്സംഗത തുടങ്ങി 168ഓളം കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് മാത്രം സി ജെ പി ഏറ്റെടുത്തു നടത്തിയത്. അതില്‍ 150ഓളം കേസുകളില്‍ ശിക്ഷ നടപ്പാക്കപ്പെട്ടു. അക്കൂട്ടത്തില്‍ 137 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് നല്‍കപ്പെട്ടത്.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ എന്‍ ദിവേച്ചാ, എം എച്ച് കദ്രി എന്നിവര്‍ ആക്രമിക്കപ്പെടുകയും ചീഫ് ജസ്റ്റിസ് പോലും ക്രമസമാധാനനിലയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത ഒരടിയന്തര സാഹചര്യമായിരുന്നു അന്ന് അവര്‍ നേരിട്ടത്. ബെസ്റ്റ് ബേക്കറി കേസ് നടപടികള്‍ പുനര്‍ വിചാരണക്കായി ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റാന്‍ കഴിഞ്ഞത് നീതിന്യായ ചരിത്രത്തിലെ അപൂര്‍വതകളിലൊന്നായിരുന്നു. കപില്‍ സിബല്‍ അടക്കമുള്ള പ്രമുഖര്‍ ഇക്കാര്യത്തില്‍ അവരെ അഭിനന്ദിക്കുകയുണ്ടായി.

സിറ്റിസണ്‍ ട്രൈബ്യൂണല്‍
വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്തി കണ്‍സേണ്‍ഡ് സിറ്റിസണ്‍ ട്രൈബ്യൂണല്‍ (സി സി ടി) രൂപീകരിക്കുകയാണ് പിന്നീട് അവര്‍ ചെയ്തത്. കലാപബാധിതരില്‍ നിന്നും കലാപകാരികളില്‍ നിന്നും മൊഴികളും തെളിവുകളും ശേഖരിച്ച് കേസുകളെക്കുറിച്ചും സാധ്യമായ കോടതിവിധികളെ കുറിച്ചും പഠിക്കുകയായിരുന്നു ഉദ്ദേശ്യം. 2002 മെയ് 1 മുതല്‍ 18 വരെ നടന്ന സിറ്റിങുകളില്‍ ഏകദേശം 18000 മൊഴികളാണ് ട്രൈബ്യൂണല്‍ ശേഖരിച്ചത്. ‘മനുഷ്യത്വത്തിനെതിരേയുള്ള അതിക്രമം: ഗുജറാത്ത് കൂട്ടക്കൊലയെ കുറിച്ചുള്ള അന്വേഷണം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ റിപ്പോര്‍ട്ട് കലാപത്തെയും ഗൂഢാലോചനയെയും കുറിച്ച് മാത്രമല്ല, കുറ്റകൃത്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കിനെ കുറിച്ചുമുള്ള ഏറ്റവും ആധികാരിക രേഖയായി കരുതപ്പെടുന്നു. ട്രൈബ്യൂണലിനു മുമ്പില്‍ മൊഴി നല്‍കാന്‍ ധൈര്യം കാണിച്ച മന്ത്രിസഭാംഗം ഹിരണ്‍ പാണ്ഡ്യ പിന്നീട് വധിക്കപ്പെട്ട സംഭവം അവര്‍ വിവരിക്കുന്നുണ്ട്. മൊഴി നല്‍കിയ വിവരം പുറത്തുവന്നതോടെ മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തിന്റെ ഫോണ്‍ ചോര്‍ത്തിയ രഹസ്യ നടപടികളെ കുറിച്ച് അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ എ ഡി ജി പി ആയിരുന്ന ആര്‍ ബി ശ്രീകുമാര്‍ രേഖപ്പെടുത്തിയത് ശ്രദ്ധേയമായ പരാമര്‍ശമാണ്. ശ്രീകുമാര്‍ സത്യസന്ധനായ ഒരു പോലിസ് ഓഫീസര്‍ എന്ന നിലയ്ക്ക് പിന്നീട് പല ഘട്ടങ്ങളിലും പീഡിപ്പിക്കപ്പെടുകയും ടീസ്ത സെറ്റല്‍വാദിനൊപ്പം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത വിവരണങ്ങളും ഈ ഓര്‍മകളുടെ ഭാഗമാണ്.
പ്രത്യേകാന്വേഷണ സംഘം
സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (SIT) പലരുടെ നേതൃത്വത്തില്‍ പലപ്പോഴായി നടത്തിയ അന്വേഷണങ്ങളില്‍ വരുത്തിയ ഗുരുതരമായ വീഴ്ചകളെക്കുറിച്ചും സി ജെ പിയുടെ സഹായത്തോടെ ട്രൈബ്യൂണല്‍ നടത്തിയ പഠനങ്ങള്‍ സുപ്രധാനമായി കരുതപ്പെടുന്നു. വിരമിച്ച ജസ്റ്റിസുമാര്‍ അടക്കമുള്ളവരുടെ മൊഴികള്‍ പോലും പരിഗണിക്കാതെ സാകിയ ജഫ്‌രിയുടെ കേസില്‍ പ്രത്യേകാന്വേഷണ സംഘം നടത്തിയ ബലഹീനമായ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ശക്തമായി ചെറുത്തുനില്‍ക്കാന്‍ അവരെ സഹായിച്ചത് സി ജെ പിയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എ ഡി ജി പി ശ്രീകുമാര്‍, ഐ പി എസ് ഓഫീസര്‍ രാഹുല്‍ ശര്‍മ തുടങ്ങിയവരുടെ സത്യവാങ്മൂലവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തെ നിര്‍ബന്ധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേസിലെ സഹപരാതിക്കാരി എന്ന നിലയ്ക്ക് അവര്‍ സുപ്രീം കോടതിയോട് അപേക്ഷിക്കുകയുണ്ടായി. എന്നാല്‍ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ ഈ കേസില്‍ നരേന്ദ്ര മോദിയെ ശിക്ഷിക്കാന്‍ ആവശ്യമായ തെളിവുകള്‍ വേണ്ടത്രയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും കേസുകള്‍ നീണ്ടുനീണ്ടു വഴിപിരിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളാണീ ഓര്‍മക്കുറിപ്പുകള്‍ നമുക്ക് നല്‍കുന്നത്.
കേസില്‍ അപ്പീല്‍ നല്‍കുന്നത് തടയാന്‍ വേണ്ടി സി ജെ പി അംഗങ്ങളെ അറസ്റ്റ് ചെയ്യാന്‍ അഹ്മദാബാദ് പോലീസ് വിഫല ശ്രമങ്ങള്‍ നടത്തുകയുണ്ടായി. സാകിയ ജഫ്‌രി അടക്കം കലാപത്തിനിരയായവരോട് ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ പക്ഷപാതപരവും ഗവണ്‍മെന്റ് അനുകൂലവുമായ നിലപാടുകള്‍ക്കെതിരെ ടീസ്തയും സംഘവും നടത്തിയ നിയമപോരാട്ടങ്ങളും തല്‍ഫലമായി അവരും, അവരോടൊപ്പം ആത്മാര്‍ഥത പുലര്‍ത്തിയ ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് പോലുള്ള സത്യസന്ധരായ ഓഫീസര്‍മാരും ഇന്നും അനുഭവിക്കുന്ന കേസുകളും അറസ്റ്റും ഭീഷണികളും സമാനതകളില്ലാത്തതാണ്.
കലാപത്തിനു ശേഷം അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിഞ്ഞ ഇരകള്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാനുള്ള ഉപാധിയായി കലാപകാരികളുമായി ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു നിര്‍ദേശിക്കപ്പെട്ട മാര്‍ഗം. സ്വന്തം സമുദായക്കാരല്ലാത്തവര്‍ക്ക് ഭൂമി വില്‍ക്കാന്‍ നിയമപരമായ തടസ്സങ്ങള്‍ വേറെയും ഉണ്ടായിരുന്നു അന്ന്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി പലരും അഭയാര്‍ഥി ക്യാമ്പുകളിലാണ്. സര്‍ദാര്‍പുര, ശൈഖ് മൊഹല്ല, ഗുല്‍ബര്‍ഗ അങ്ങനെ പല ഗ്രാമങ്ങളിലുള്ള 1,68,000ലധികം വരുന്ന അഭയാര്‍ഥികള്‍. അഭയാര്‍ഥി ക്യാമ്പുകളെ ‘കുട്ടികളെ ജനിപ്പിക്കുന്ന ഫാക്ടറികള്‍’ എന്നാണ് മോദി വിശേഷിപ്പിച്ചതത്രേ! ഇതിനെതിരേയും ടീസ്ത കേസ് ഫയല്‍ ചെയ്തു. ഇത്തരം കാര്യങ്ങളെല്ലാം നിയമത്തിനു മുന്നിലെത്തിച്ചു എന്നതുതന്നെയാണ് അവരുടെ പോരാട്ടത്തിന്റെ കരുത്ത്.
തെഹല്‍കയുടെ സ്റ്റിങ്
ഈ പോരാട്ടവഴിയിലാണ് തെഹല്‍കയുടെ സ്റ്റിങ് ഓപറേഷന്‍ വഴി ഒരു ശബ്ദസന്ദേശം പുറത്തുവരുന്നത്. ശബ്ദസന്ദേശത്തില്‍ ഗോധ്ര സംഭവത്തിന് പകരം വീട്ടാന്‍ ആര്‍ എസ് എസ്/ വി എച്ച് പി അംഗങ്ങള്‍ക്കായി മോദി നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശമായിരുന്നു. ‘ഓപറേഷന്‍ കലന്‍ക്’ എന്നറിയപ്പെട്ട ഈ സംഭവം പുറത്തുവന്നതോടെ സാകിയ ജഫ്‌രിയും സി ജെ പിയും വീണ്ടും ഹൈക്കോടതിയെയും തുടര്‍ന്നു സുപ്രീം കോടതിയെയും സമീപിച്ചു. അങ്ങനെയാണ് സി ബി ഐ ടേപ്പിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തിയത്. ടീസ്തയും സി ജെ പി പ്രവര്‍ത്തകരും ഏറെ കാലമായി ആരോപിച്ച വംശഹത്യയ്ക്ക് തെളിവും മനുഷ്യരാശിക്ക് പാഠവുമായി ആ ടേപ്പുകള്‍ സൂക്ഷിക്കപ്പെടുകയായിരുന്നു എന്നാണ് അവര്‍ സൂചിപ്പിക്കുന്നത്.
ഗവണ്‍മെന്റ് അനുകൂല നിലപാടുകള്‍ സ്വീകരിച്ച പ്രത്യേക അന്വേഷണസംഘത്തെ പുനഃസംഘടിപ്പിക്കുക എന്ന ആവശ്യവുമായി അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. ശിവാനന്ദ് ഝാ, ഗീതാ ജൊഹ്‌രി തുടങ്ങിയ പോലീസ് ഓഫീസര്‍മാരെ മാറ്റിനിര്‍ത്തിയെങ്കിലും ഇവിടെ ഭാഗികമായ വിജയമാണുണ്ടായത് എന്നാണവര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ”അതിനു ശേഷം എനിക്കെതിരെ നിരന്തര പകപോക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്. എനിക്കെതിരെ ഫയല്‍ ചെയ്തിട്ടുള്ള കേസുകളുടെയും തുടക്കം ഇതുതന്നെയായിരുന്നു.”
ഗുജറാത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കിടക്കാണ് അച്ഛന്‍ അതുല്‍ മരണപ്പെടുന്നത്. അവസാനമായി മകള്‍ക്കെഴുതിയ സന്ദേശത്തില്‍ അദ്ദേഹം ഇപ്രകാരം എഴുതി: ”പ്രത്യേകാന്വേഷണ സംഘത്തിന്റെ നിയമനം തന്നെ തെറ്റായ രീതിയാണ് എന്ന് നീ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ തെറ്റ് തിരുത്തപ്പെടേണ്ടതാണ് എന്ന് ആ സ്ഥാപനത്തിന് മനസ്സിലാക്കാന്‍ സമയമെടുക്കും…”
(അവസാനിക്കുന്നില്ല)

Back to Top