അന്ധവിശ്വാസ പ്രചാരകരെ ഒറ്റപ്പെടുത്തണം -മുജാഹിദ് ആദര്‍ശ മുഖാമുഖം

കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ആദര്‍ശ മുഖാമുഖം സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ചൂഷണമുക്തവും അന്ധവിശ്വാസ രഹിതവുമായ സമൂഹസൃഷ്ടിയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നതെന്നും ആത്മീയതയുടെ പേരില്‍ നടമാടുന്ന സകലമാന ചൂഷണങ്ങളെയും ഇസ്‌ലാം എതിര്‍ക്കുന്നുണ്ടെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ആദര്‍ശ മുഖാമുഖം പ്രസ്താവിച്ചു.
ദൈവത്തിലേക്ക് ഇടത്തട്ടുകാരെ വെച്ച് ആത്മീയവാണിഭം കൊഴുപ്പിക്കുന്നവര്‍ക്കെതിരെ വിശ്വാസി സമൂഹം ജാഗരൂകരാകണം. അന്ധവിശ്വാസ പ്രചാരകരുടെ പങ്ക് പറ്റുന്ന ഭരണകൂടങ്ങളും രാഷ്ട്രീയ സംഘടനകളും വിശ്വാസ ചൂഷണങ്ങളെ തുറന്നെതിര്‍ക്കാന്‍ മടി കാണിക്കുകയാണ്. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി വിശ്വാസി സമൂഹത്തെ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കാന്‍ വിശ്വാസികള്‍ തന്നെ മുന്നോട്ടുവരണമെന്നും ആദര്‍ശ മുഖാമുഖം ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ സുല്ലമി കുഴിപ്പുറം, അലി മദനി മൊറയൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുല്‍അസീസ് മദനി, അബുല്‍കലാം ഒറ്റത്താണി, ഒ എം അബ്ദുല്ലത്തീഫ് മദനി, മന്‍സൂറലി ചെമ്മാട്, കെ പി അബ്ദുല്‍അസീസ് സ്വലാഹി, മിസ്ബാഹ് ഫാറൂഖി, ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ, എം ടി അബ്ദുല്‍ഗഫൂര്‍, അബ്ദുറഷീദ് മടവൂര്‍ പ്രസംഗിച്ചു.