30 Friday
January 2026
2026 January 30
1447 Chabân 11

കാനഡയിലെ വിദ്വേഷ കുറ്റകൃത്യങ്ങളെ അപലപിച്ച് ഇന്ത്യ


കാനഡയിലെ ശ്രീ ഭഗവത്ഗീത പാര്‍ക്കില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നതിനു തെളിവില്ലെന്ന് ബ്രാപ്റ്റന്‍ നഗരത്തിലെ മേയറും പ്രാദേശിക പോലീസും അറിയിച്ചു. കാനഡയിലെ ബ്രാപ്റ്റന്‍ നഗരത്തിലെ ശ്രീഭഗവത്ഗീത പാര്‍ക്കിലെ വിദ്വേഷ പ്രവര്‍ത്തനങ്ങളെ ഇന്ത്യ അപലപിച്ചതിനെ തുടര്‍ന്നാണ് കാനഡ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ക്കില്‍ നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ട്വീറ്റ് ചെയ്തിരുന്നു. തുടക്കത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കനേഡിയന്‍ അധികൃതര്‍ പാര്‍ക്കില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതിന് തെളിവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ”അടുത്തിടെ തുടക്കം കുറിച്ച ശ്രീഭഗവത്ഗീത പാര്‍ക്ക് തകര്‍ക്കപ്പെട്ടതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ ക്ഷമ കൈക്കൊള്ളാന്‍ കഴിയില്ല. കൂടുതല്‍ അന്വേഷണത്തിന് പീല്‍ റീജിയണല്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്” എന്ന് മേയര്‍ ബ്രൗണ്‍ അന്വേഷണത്തിനു മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ശ്രീഭഗവദ്ഗീത പാര്‍ക്ക് നേരത്തേ ട്രോയേഴ്‌സ് പാര്‍ക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. പുനര്‍നാമകരണത്തിനു ശേഷം സപ്തംബര്‍ 28നാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.

Back to Top