30 Friday
January 2026
2026 January 30
1447 Chabân 11

‘ശവപ്പെട്ടികള്‍ കൈയില്‍ കരുതിക്കോ’; ഫ്രാന്‍സിലെ അറബ് കുടുംബത്തോട് തീവ്ര വലതുപക്ഷം


ഫ്രാന്‍സിലെ ലിയോണില്‍ തന്റെ പിതാവിന്റെ വീടിന് നേരെയുണ്ടായ വംശീയ ഭീഷണി വെളിപ്പെടുത്തി അറബ് വംശജനായ ഫ്രഞ്ച് ആക്ടിവിസ്റ്റ് അനസ് അല്‍അലവി. കൈപടയിലെഴുതിയ, വംശീയ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന കടലാസിന്റെ ചിത്രം അനസ് അല്‍അലവി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ‘സഞ്ചികളോ ശവപ്പെട്ടികളോ തയാറാക്കിവെക്കാന്‍ ഉടന്‍ ഞങ്ങള്‍ ഫ്രാന്‍സിലെ അറബികളോട് ആവശ്യപ്പെടുന്നു’ എന്ന വംശീയ പരാമര്‍ശങ്ങളാണ് കടലാസിലുണ്ടായിരുന്നത്. 63-കാരനായ തന്റെ പിതാവിനെക്കാള്‍ സത്യസന്ധനും ആര്‍ദ്രതയുള്ളവനുമില്ല. എന്നാലിന്ന് അദ്ദേഹം ദുഃഖിതനാണ്. അത്യപൂര്‍വമായേ അദ്ദേഹം ദുഃഖിക്കുന്നത് കാണാറുള്ളൂ -ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പിന്തുണക്കുന്ന അനസ് അല്‍അലവി ട്വിറ്ററില്‍ കുറിച്ചു. അനസിന്റെ പിതാവിന്റെ വീട്ടിലേക്ക് വന്ന ഭീഷണികളെ ആക്ടിവിസ്റ്റുകളും ബ്ലോഗര്‍മാരും അപലപിച്ചു. ഇത്തരത്തിലുള്ള വിവിധ സംഭവങ്ങളാല്‍ ലിയോണ്‍ നഗരം ഫ്രാന്‍സിലെ ഏറ്റവും വംശീയത നിറഞ്ഞ സ്റ്റേറ്റായി മാറികൊണ്ടിരിക്കുകയാണ്.

തീവ്ര വലതുപക്ഷത്തിന്റെ അപകടത്തെ കുറച്ചുകാണുന്നതാണ് ഫ്രാന്‍സിലെ അറബ് സമൂഹത്തിലെ വലിയൊരു വിഭാഗം നേരിടുന്ന പീഡനത്തിന് കാരണം -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

തീവ്ര വലതുപക്ഷ സംഘടനയായ ‘ജനറേഷന്‍ ഐഡന്റിറ്റി’യുടെ ശക്തികേന്ദ്രമാണ് ലിയോണ്‍. ഈ സംഘടനയെ പിരിച്ചുവിടാന്‍ ഫ്രഞ്ച് അധികൃതര്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചെങ്കിലും, ഭൂരിഭാഗം തീവ്ര വലതുപക്ഷ പാര്‍ട്ടികളും എതിര്‍ക്കുകയായിരുന്നു.

Back to Top