30 Friday
January 2026
2026 January 30
1447 Chabân 11

രണ്ടു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 23 പള്ളികള്‍; ഫ്രഞ്ച് ഭരണകൂടത്തിനെതിരെ മുസ്ലിംകള്‍


മുസ്ലിംകള്‍ക്കും മസ്ജിദുകള്‍ക്കുമെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നത് ഫ്രഞ്ച് ഭരണകൂടം തുടരുകയാണ്. രാജ്യത്ത് വീണ്ടുമൊരു മസ്ജിദ് അടച്ചുപൂട്ടാനൊരുങ്ങി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം. മസ്ജിദിലെ ഇമാം ഭീകരവാദ പ്രവര്‍ത്തനങ്ങളിലും സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നതിനും ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബാസ് റിന്‍ മേഖലയിലെ ഒബര്‍നായ് മസ്ജിദ് അടച്ചുപൂട്ടാനുള്ള നടപടിക്രമങ്ങള്‍ ഫ്രഞ്ച് ഭരണകൂടം ആരംഭിച്ചതായി ഫ്രഞ്ച് ചാനലായ ബി എഫ് എമ്മും ലെ ഫിഗാരോ പത്രവും റിപ്പോര്‍ട്ട് ചെയ്തു. റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം, രാജ്യത്ത് തുടരുന്ന ‘ഇസ്ലാമിക വിഘടനവാദ’ത്തിനെതിരെയുള്ള പോരാട്ടമാണിതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചു. ‘വിഘടനവാദി’കളുടെ 23 മസ്ജിദുകള്‍ രണ്ട് വര്‍ഷത്തിനിടെ അധികൃതര്‍ അടച്ചുപൂട്ടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജനുവരി നാലിനാണ് ഫ്രഞ്ച് ദേശീയ അസംബ്ലിയിലെ പ്രത്യേക കമ്മിറ്റി ‘റിപ്പബ്ലിക്കന്‍ മൂല്യങ്ങളോടുള്ള ആദരവ് ശക്തിപ്പെടുന്നതിനുള്ള തത്വങ്ങള്‍’ എന്ന വിവാദ ബില്‍ അംഗീകരിച്ചത്. ഈ ബില്‍ തുടക്കത്തില്‍ ‘വിഘടനവാദ ഇസ്ലാമിനെതിരായ പോരാട്ടം’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് ഫ്രാന്‍സിലെ മുസ്ലിംകളെ ലക്ഷ്യംവെക്കുന്നതാണെന്നും മുസ്ലിം ജീവിതങ്ങളിലെ എല്ലാ തലങ്ങളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണെന്നും രാജ്യത്തെ മുസ്ലിം സമൂഹം വിമര്‍ശിച്ചു.

Back to Top