29 Thursday
January 2026
2026 January 29
1447 Chabân 10

ശിരോവസ്ത്ര വിലക്ക്: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുംവിധമുള്ള നടപടികളുണ്ടെങ്കില്‍ മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്ര അവകാശം നിഷേധിച്ചത് സര്‍ക്കാറിന്റെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയത്തില്‍ ശിരോവസ്ത്ര നിരോധനമേര്‍പ്പെടുത്തുന്നത് കടുത്ത അപരാധമാണ്. മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്ര വിലക്ക് ഏര്‍പ്പെടുത്തുക വഴി പ്രൊവിഡന്‍സ് സ്‌കൂള്‍ അധികൃതര്‍ മതനിരപേക്ഷതയെ വെല്ലുവിളിക്കുകയാണ്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന വിദ്യാലയങ്ങളെ വര്‍ഗീയ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കാവതല്ല. ശിരോവസ്ത്ര വിലക്കേര്‍പ്പെടുത്തുന്ന വിദ്യാലയങ്ങളിലെ സര്‍ക്കാര്‍ എയ്ഡ് പിന്‍വലിക്കുകയും മാനേജ്‌മെന്റുകള്‍ക്കെതിരില്‍ കര്‍ശന നടപടിയെടുക്കുകയും വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ജി. സെയ്തലവി അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ എം കുഞ്ഞമ്മദ് മദനി, പി പി ഖാലിദ്, ഡോ. ജാബിര്‍ അമാനി, കെ എ സുബൈര്‍, സഹല്‍ മുട്ടില്‍, അബ്ദുല്‍ജബ്ബാര്‍ മങ്കലതയില്‍, എം അഹമ്മദ്കുട്ടി മദനി, ഡോ. അനസ് കടലുണ്ടി, ഹമീദലി ചാലിയം, കെ പി അബ്ദുറഹീം ഖുബ, ശാദിയ, ഫൈസല്‍ നന്മണ്ട, അബ്ദുസ്സലാം പുത്തൂര്‍, ബി പി എ. ഗഫൂര്‍ പ്രസംഗിച്ചു.

Back to Top