30 Monday
June 2025
2025 June 30
1447 Mouharrem 4

ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധം ഓര്‍മിക്കപ്പെടേണ്ടതെങ്ങനെ?

ഡോ. ഹിശാമുല്‍ വഹാബ്‌


ഓര്‍മകള്‍ക്ക് രാഷ്ട്രീയപരമായ മാനങ്ങളുണ്ട്. ചില ഓര്‍മകള്‍ നമ്മുടെ മനസ്സുകളിലും കാലത്തിന്റെ ചുവരുകളിലും പച്ചപിടിച്ചുകിടക്കുന്നത് ചില തല്‍പരകക്ഷികളുടെ അജണ്ടകളുടെ തുടര്‍ച്ചയുള്ളതുകൊണ്ടാണ്. അവര്‍ തന്നെയാണ് മറ്റു ചില സംഭവങ്ങളെ നിസ്സാരവത്കരിച്ചുകൊണ്ട് വിസ്മൃതിയുടെ നിഗൂഢതകളിലേക്ക് തള്ളിവിടുന്നതും. വ്യവസ്ഥാപിത ശക്തികള്‍ നമ്മുടെ ഓര്‍മകളെ നിയന്ത്രിക്കുന്നതുതന്നെ പരിമിതമായ സൂചകങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടാണ്. ആ സൂചകങ്ങള്‍ നിങ്ങളില്‍ ഭയം സൃഷ്ടിക്കാനും ഒരു ശത്രുവിനെ പ്രതിഷ്ഠിക്കാനും വേണ്ടിയുള്ളതാണ്. ‘ഞങ്ങളോടൊപ്പം അല്ലെങ്കില്‍ അവരോടൊപ്പം’ എന്ന ദ്വന്ദ്വസിദ്ധാന്തത്തിലേക്ക് നിങ്ങളെ വലിച്ചിഴച്ചുകൊണ്ടുപോയി രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കും. അത്തരം ദ്വന്ദ്വങ്ങളെ വകഞ്ഞുമാറ്റി മറവിയുടെ കയങ്ങളില്‍ മുങ്ങിപ്പോയ യാഥാര്‍ഥ്യങ്ങളെ ലോക മനഃസാക്ഷിയുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് യഥാര്‍ഥ പ്രതിരോധം. മിലന്‍ കുന്ദേരയുടെ വാക്കുകളില്‍, അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടം മറവിക്കെതിരെയുള്ള ഓര്‍മയുടെ പോരാട്ടമാണ്.
21 വര്‍ഷങ്ങള്‍ക്കു ശേഷവും ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്ന ഒരു സംഭവം നമ്മുടെ ജീവിതത്തെ വേട്ടയാടുന്നുണ്ടെങ്കില്‍, ആ ഓര്‍മയുടെ ചിത്രീകരണം രാഷ്ട്രീയപ്രേരിതമാണ് എന്നത് വ്യക്തമാണ്. 2001 സപ്തംബര്‍ 11-ന് നടന്ന അമേരിക്കന്‍ ഇരട്ട ഗോപുരങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഒരു നവയുഗത്തിന്റെ ആരംഭമായി കാണുന്ന വീക്ഷണം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആസൂത്രിത രക്ഷാവിതാനമാണ്. ആ തിയ്യതിക്കു ശേഷമുള്ള സകല അധിനിവേശങ്ങളെയും ന്യായീകരിക്കാന്‍ വിവിധ സാങ്കേതിക പദങ്ങള്‍ വിന്യസിക്കപ്പെട്ടു. ‘ഭീകരവാദത്തിനെതിരെയുള്ള യുദ്ധം’ എന്ന പേരില്‍ നടത്തപ്പെട്ടതും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ കടന്നാക്രമണങ്ങള്‍ 80-ഓളം രാജ്യങ്ങളില്‍ അമേരിക്കന്‍ സ്വാധീനം ഉറപ്പിക്കാന്‍ അവരെ പ്രാപ്തരാക്കി. ഒമ്പതു ലക്ഷത്തിലധികം മനുഷ്യരുടെ ജീവനെടുത്ത ഈ ആഗോള യുദ്ധം ആയുധവിപണിയെയും സുരക്ഷാ നിരീക്ഷണ വ്യവസ്ഥയെയും പരിപോഷിപ്പിച്ചു. ഭീകരവാദത്തിന്റെ തീവ്രതയുടെ തോത് മുസ്‌ലിം മതാധിഷ്ഠിത ജീവിതത്തില്‍ കണ്ടെത്തിയ ഭരണകൂടങ്ങള്‍ പുതിയ നിയമങ്ങളും നടപടികളും തയ്യാറാക്കി നിയന്ത്രണങ്ങള്‍ക്ക് കാഠിന്യം വര്‍ധിപ്പിച്ചു.
ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം എന്നത് ഭീകരതയെന്ന പദത്തിന്റെ നിര്‍വചനത്തിലെ സന്ദിഗ്ധതയാണ്. കേവലം ഹിംസയുടെ തോതിന്റെ അടിസ്ഥാനത്തില്‍ ഭീകരതയെ നിര്‍വചിക്കുകയാണെങ്കില്‍ ആ പട്ടികയില്‍ മുന്നില്‍ വരുന്നത് ഭരണകൂടങ്ങളായിരിക്കും. ഔദ്യോഗിക രേഖകള്‍ പ്രകാരം 2977 പേരാണ് സപ്തംബര്‍ 11ന് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അല്‍ഖാഇദയുടെ 19 അംഗങ്ങളാണ് ഉസാമ ബിന്‍ലാദിന്റെയും അയ്മന്‍ സവാഹിരിയുടെയും നിര്‍ദേശപ്രകാരം ഇതു ചെയ്തത്.
അല്‍ഖാഇദയെന്ന രാഷ്ട്രേതര സായുധസംഘത്തിന്റെ രൂപീകരണം നടക്കുന്നത് 1988-ല്‍ അഫ്ഗാനിലാണ്. അന്ന് അമേരിക്കയുടെയും സുഊദിയുടെയും പാകിസ്താന്റെയും സഹകരണത്തോടെ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടിയ അറബ് മുജാഹിദീന്‍ ട്രൂപ്പുകളാണ് അല്‍ഖാഇദയായി മാറിയത്. ശീതയുദ്ധത്തിന്റെ കാലയളവില്‍ ‘ചുവപ്പു ഭീകരത’ എന്നത് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റഷ്യയും മറ്റു സഹരാജ്യങ്ങളുമായിരുന്നു. റഷ്യയുടെ അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റവും ഭരണത്തകര്‍ച്ചയും അമേരിക്കന്‍ അപ്രമാദിത്വത്തിലേക്ക് നയിച്ചപ്പോഴാണ് പഴയ റഷ്യന്‍ വിരുദ്ധ സഹകാരികള്‍ ശത്രുക്കളായി മാറിയത്. അതോടൊപ്പം ഭീകരതയുടെ നിറം ചുവപ്പില്‍ നിന്നു പച്ചയായി മാറിയതും നിര്‍വചനങ്ങളെ സങ്കീര്‍ണമാക്കുന്നു.
9/11നു ശേഷം ദ്രുതഗതിയില്‍ അമേരിക്ക നടത്തിയ അഫ്ഗാനിസ്താന്‍ അധിനിവേശം 21 വര്‍ഷങ്ങള്‍ക്കിപ്പുറം ധാരാളം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 19 അല്‍ഖാഇദ അക്രമികളില്‍ 15 പേരും മുന്‍ സുഊദി പൗരന്മാരായിരുന്നു. എന്നാല്‍ അമേരിക്ക സുഊദിയുമായി ഉഭയകക്ഷി ബന്ധങ്ങളും സൈനിക താല്‍പര്യങ്ങളും തുടര്‍ന്നു. കുവൈത്ത് അധിനിവേശത്തോടുകൂടി ആരംഭിച്ച ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്ക സദ്ദാം ഹുസൈനുമായുള്ള സഹകരണം ഉപേക്ഷിച്ച് സുഊദി നിയന്ത്രണ സഖ്യത്തിനു പിന്തുണ നല്‍കിയത് സുഊദിയെ പശ്ചിമേഷ്യയില്‍ തങ്ങളുടെ ഭാവി സഹകാരിയാക്കാന്‍ വേണ്ടിയായിരുന്നു. പത്തു വര്‍ഷത്തിനിപ്പുറം, പേര്‍ഷ്യന്‍ ഗള്‍ഫില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കിയ അമേരിക്കക്ക് അഫ്ഗാനിസ്താനിലും തുടര്‍ന്ന് ഇറാഖിലും ഭരണകൂടങ്ങളെ അട്ടിമറിച്ച് പാവ സര്‍ക്കാരുകളെ പ്രതിഷ്ഠിക്കാന്‍ സാധിച്ചു. ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ അമേരിക്ക ലക്ഷ്യം വെച്ചത് തിന്മയുടെ അച്ചുതണ്ട് എന്ന് അവര്‍ വിശേഷിപ്പിച്ച ഇറാന്‍, ഇറാഖ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളായിരുന്നു. വ്യാപക ധ്വംസനശക്തിയുള്ള ആയുധങ്ങള്‍ കൈവശം വെക്കുന്നുവെന്ന് ആരോപിച്ച് സദ്ദാം ഹുസൈന്റെ ഭരണം അട്ടിമറിച്ചതും വധശിക്ഷ നടപ്പാക്കിയതും നുണപ്രചാരണത്തിന്റെ ഭാഗമായിരുന്നു എന്ന യു എസ് സെക്രട്ടറി കോളിന്‍ പവലിന്റെ പ്രസ്താവന അമേരിക്കന്‍ അജണ്ടകളുടെ യാഥാര്‍ഥ്യങ്ങളെ പുറത്തുകൊണ്ടുവരുന്നതാണ്.
ലോകത്തെ ഏറ്റവും വലിയ ആണവശക്തികളിലൊന്നായ അമേരിക്കയാണ് ഊര്‍ജാവശ്യത്തിനുള്ള ആണവ ഉപയോഗം ഇറാന് തടഞ്ഞുകൊണ്ട് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതേസമയം, പശ്ചിമേഷ്യയിലെ ഏക ആണവ ശക്തിയായ ഇസ്രായേലിന്റെ നിലനില്‍പുതന്നെ അമേരിക്കയെ ആശ്രയിച്ചാണ്. ഇവിടെയും ഭീകരതയുടെ അര്‍ഥതലങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഇസ്‌ലാമിക ഭീകരവാദത്തിന്റെ ആഭ്യന്തര ഇരകളായി അമേരിക്കന്‍ സാമ്രാജ്യത്വം ചിത്രീകരിച്ചത് മുസ്‌ലിം സ്ത്രീകളെയാണ്. സാമ്രാജ്യത്വ സ്ത്രീവാദം എന്ന പേരില്‍ അറിയപ്പെടുന്ന അധീശത്വപരമായ ഇരവത്കരണം തങ്ങളുടെ യുദ്ധത്തിന്റെ ന്യായീകരണത്തിനായി അമേരിക്ക ഉപയോഗപ്പെടുത്തി എന്ന് ചോര്‍ത്തപ്പെട്ട സി ഐ എ രേഖ വിശദീകരിക്കുന്നുണ്ട്. 2012-ല്‍ പാകിസ്താനിലെ തെഹ്‌രീകെ ത്വാലിബിന്റെ ആക്രമണത്തില്‍ പരിക്കേറ്റ മലാല യുസുഫ് സായിയുടെ സൂചകങ്ങളെ എങ്ങനെയാണ് ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയത് എന്ന് കെ അഷ്‌റഫും ഫരീദ് ഇസ്ഹാഖും വിശദമാക്കിയിട്ടുണ്ട്. ഇത്തരം പ്രോപഗണ്ടകളെ സബാ മഹ്മൂദും വിമര്‍ശനവിധേയമായിട്ടുണ്ട്.
21 വര്‍ഷങ്ങള്‍ക്കിപ്പുറം എന്താണ് ഭീകരതാ യുദ്ധത്തിന്റെ ബാക്കിപത്രം? ഇറാഖില്‍ വളരെ കാലം പ്രവര്‍ത്തിച്ച ജോണ്‍ പില്‍ജര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇതിനെ വിശേഷിപ്പിക്കുന്നത് ഭീകരത ഉല്‍പാദിപ്പിക്കുന്ന യുദ്ധം എന്നാണ്. ലക്ഷക്കണക്കിനു പേരുടെ മരണത്തിനും തിരോധാനത്തിനും കാരാഗൃഹവാസത്തിനും കാരണമായ ഈ ആഗോള യുദ്ധം അധിനിവേശവിരുദ്ധ ചെറുത്തുനില്‍പുകളെയും രാഷ്ട്രീയ പ്രതിരോധങ്ങളെയും ഭീകരവാദത്തിന്റെ വ്യവഹാരങ്ങളിലാണ് കാണുന്നത്. പലപ്പോഴും ഭരണകൂട പിന്തുണയോടെയുള്ള അടിച്ചമര്‍ത്തലിന്റെ ഇരകളെത്തന്നെ ഭീകരവാദികളായി ചിത്രീകരിച്ചുകൊണ്ട് ഒരു സംഘബോധം സൃഷ്ടിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. സപ്തംബര്‍ 11-നു ശേഷം നിരോധിക്കപ്പെട്ട സിമി എന്ന വിദ്യാര്‍ഥി സംഘടന മുതല്‍ വിചാരണ പോലുമില്ലാതെ ജയിലില്‍ അടയ്ക്കപ്പെട്ട, യു എ പി എ ചുമത്തപ്പെട്ട ധാരാളം മുസ്‌ലിം യുവാക്കള്‍ വരെ ഈയൊരു യുദ്ധത്തിന്റെ ബാക്കിപത്രമാണ്. ഏറ്റവുമൊടുവില്‍ പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെയും സമാധാനപരമായ സമരം നടത്തിയവരെയും ജയിലില്‍ അടയ്ക്കാനും ഉപയോഗപ്പെടുത്തുന്നത് ഇതേ നടപടിക്രമങ്ങളാണ്.
ഈ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഭീകരതയുടെ രൂപമാറ്റങ്ങളും നമുക്ക് കാണാം. ഇറാഖിലെ ഭരണകൂട അട്ടിമറിയെ തുടര്‍ന്ന് രൂപംകൊണ്ട ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐ എസ്) ആണ് ഇന്ന് ഭീകരതയുടെ മുഖമായി അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം താലിബാനുമായി അനുരഞ്ജന കരാര്‍ ഒപ്പുവെച്ച് അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്ക പിന്‍മാറിയപ്പോഴും ഐ എസ് നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ശക്തമായിരുന്നു. ഒരുകാലത്ത് ഭീകരതയുടെ പര്യായമായിരുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് അറബ് വസന്താനന്തരം മിതവാദികളായി അംഗീകരിക്കപ്പെട്ടു. അതിനാല്‍ തന്നെ നിര്‍വചനങ്ങള്‍ക്ക് അതീതമായി നിലനില്‍ക്കുന്ന ഭീകരത എന്ന പ്രഹേളികയ്ക്ക് രാഷ്ട്രീയമാറ്റങ്ങള്‍ക്കനുസരിച്ച് രൂപമാറ്റം സംഭവിക്കുന്നു. ശാക്തികചേരികളുടെ കുറ്റാരോപണങ്ങള്‍ക്കപ്പുറത്ത് അവര്‍ ഉന്നംവെക്കുന്നത് അപ്രമാദിത്വവും നിയന്ത്രണങ്ങളുമാണ്. അതിനാല്‍ തന്നെ, അധികാര കേന്ദ്രങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം നീക്കങ്ങളെ കേവലം അപലപന നടപടികളാല്‍ നിസ്സാരവത്കരിക്കാതെ അതില്‍ അന്തര്‍ഭവിച്ച ഇസ്‌ലാമോഫോബിയയും സാമ്രാജ്യത്വ താല്‍പര്യങ്ങളും തുറന്നുകാണി ക്കേണ്ടതുണ്ട് എന്നതാണ് ഭീകരതായുദ്ധ വിമര്‍ശനത്തിന്റെ ബാക്കിപത്രം.

Back to Top