22 Sunday
December 2024
2024 December 22
1446 Joumada II 20

പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ പ്രത്യേക പ്രാര്‍ഥനയുണ്ടോ?

പി കെ മൊയ്തീന്‍ സുല്ലമി


ഒരു ഹദീസ് സ്വീകാര്യമായിത്തീരാന്‍ അതിന്റെ സനദ് (പരമ്പര) മാത്രം സ്വഹീഹായാല്‍ മതിയെന്നത് ‘ഉസൂലുല്‍ ഹദീസി’ന് (ഹദീസ് നിദാനശാസ്ത്രം) വിരുദ്ധമാണ്. താഴെ വരുന്ന പ്രമാണങ്ങള്‍ ശ്രദ്ധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടുന്നതാണ്. ഇമാം സഖാവി രേഖപ്പെടുത്തി: ഒരു ഹദീസിന്റെ സനദിലോ മത്‌നിലോ (മാറ്റര്‍) ആശയക്കുഴപ്പം സംഭവിക്കുന്നപക്ഷം പ്രസ്തുത ഹദീസ് നിര്‍ബന്ധമായും ദുര്‍ബലപ്പെടുന്നതാണ് (ഫത്ഹുല്‍മുഗീസ് 1:225). ഒരു ഹദീസില്‍ വന്ന മാറ്റര്‍ (വിഷയം) സ്ഥാപിക്കാനാണ് പരമ്പര അഥവാ സനദ്. അപ്പോള്‍ ഒരു ഹദീസിന്റെ മത്‌നും സനദും തുല്യപ്രാധാന്യമുള്ളതാണെങ്കിലും മത്‌നിന് കൂടുതല്‍ പരിഗണന നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന് ഈമാന്‍ കാര്യം ആറാണ്. അത് ഏഴാണെന്ന വിധം സ്വഹീഹായ പരമ്പരയോടെ(സനദ്) ഒരു ഹദീസ് വന്നാല്‍ സ്വീകരിക്കാനൊക്കുമോ? ഈ വിഷയത്തില്‍ ഇമാം നവവി(റ)യുടെ ഗുരുനാഥന്‍ അബൂശാമ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ആശയക്കുഴപ്പം മത്‌നില്‍ മാത്രം വരാവുന്നതാണ്. അത് സനദില്‍ മാത്രവും വരാവുന്നതാണ്. ഇമാം സുയൂത്വി(റ) പറഞ്ഞതുപോലെ മത്‌നിലും സനദിലും ആശയക്കുഴപ്പം ഉണ്ടാകാവുന്നതാണ് (ഹാമിശ്, കിതാബുല്‍ ബാഇസ്, പേജ് 68).
ഇമാം ശാത്വിബി പ്രസ്താവിച്ചു: ഹുകുമുകള്‍ക്ക്(മത്‌നുകള്‍) വിരുദ്ധമായി ഹദീസുകളുടെ പരമ്പര മാത്രം സ്വഹീഹായാല്‍ മതിയെന്ന ചില ഹദീസ് പണ്ഡിതന്മാരുടെ ന്യായവാദം നടപ്പില്‍ വരുന്നതല്ല (അല്‍ഇഅ്തിസാം 1:290). ജലാലുദ്ദീനുസ്സുയൂത്വി(റ) രേഖപ്പെടുത്തി: ഒരു ഹദീസിന്റെ സനദ് ശരിയായാല്‍ മത്‌നും ശരിയാകും എന്ന വാദം അംഗീകരിക്കാവുന്നതല്ല. അസ്വീകാര്യവും ന്യൂനതയുമുള്ള ഒറ്റപ്പെട്ട ആശയങ്ങള്‍ മത്‌നില്‍ ഉണ്ടാവാം എന്നതിനാലാണത് (അല്‍ഹാഖിലില്‍ ഫതാവാ 1:124). ഇമാം ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തി: ഒരു ഹദീസിന്റെ സനദിന്റെ സ്വീകാര്യത മത്‌നിന്റെ സാധുതയെ സ്വീകാര്യമാക്കുന്നില്ല (അല്‍ബാഇസ്, പേജ് 42). ഇമാം സഹസ്‌വാനി(റ)യുടെ പ്രസ്താവന ഇപ്രകാരമാണ്: ഒരു ഹദീസിന്റെ പരമ്പരയിലെ വ്യക്തികള്‍ വിശ്വസ്തരാണ് എന്നത് അതിന്റെ മത്‌ന് ശരിയാണെന്നതിന് തെളിവാകുന്നില്ല (സ്വിയാനത്തുല്‍ ഇന്‍സാന്‍, പേജ് 393).
ഉദാഹരണത്തിന് സ്വഹീഹുല്‍ ബുഖാരിയിലെ 3655 നമ്പര്‍ ഹദീസും അതിന്റെ വ്യാഖ്യാനവും പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടുന്നതാണ്. ഇബ്‌നു ഉമര്‍(റ) പ്രസ്താവിച്ചു: ഞങ്ങള്‍ നബി(സ)യുടെ കാലഘട്ടത്തില്‍ ചിലര്‍ക്ക് പ്രത്യേകത (സ്ഥാനം) കല്‍പിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ അബൂബക്കര്‍(റ), പിന്നെ ഉമര്‍(റ), പിന്നെ ഉസ്മാന്‍(റ) എന്നിവര്‍ക്ക് സ്ഥാനം കല്‍പിക്കാറുണ്ടായിരുന്നു (ബുഖാരി 3655).
മേല്‍പറഞ്ഞ ഹദീസിന്റെ പരമ്പര ശരിയാണെങ്കിലും പ്രസ്തുത ഹദീസ് ഇജ്മാഇന് (മുസ്‌ലിം ലോകത്തെ ഏകകണ്ഠമായ അഭിപ്രായം) വിരുദ്ധമാണ് എന്നതാണ് ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) രേഖപ്പെടുത്തിയത്. ഈ ഹദീസില്‍ അലി(റ)യുടെ ശ്രേഷ്ഠത അറിയപ്പെടുന്നില്ല. അത് നീതിപൂര്‍വകമല്ല. ഈ ഹദീസ് അഹ്‌ലുസ്സുന്നയുടെ (വിശ്വാസപ്രമാണങ്ങള്‍ക്ക്) വിരുദ്ധമാണെന്ന് ഇബ്‌നു അബ്ദുല്‍ ബര്‍റ്(റ) പ്രസ്താവിച്ചിരിക്കുന്നു. മേല്‍പറഞ്ഞ മൂന്നു വ്യക്തികള്‍ക്കു ശേഷം പിന്നെ ശ്രേഷ്ഠത അലി(റ)ക്കാണ് എന്നതാണ് അഹ്‌ലുസ്സുന്നയുടെ പക്ഷം. ഇബ്‌നു ഉമറി(റ)ല്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ ഹദീസ് തെറ്റാണ്.
അതിന്റെ സനദ്(പരമ്പര) സ്വഹീഹാവുകയും മത്‌നില്‍ (വിഷയം) ആശയക്കുഴപ്പം നേരിടുകയും ചെയ്യുന്ന നിരവധി ഹദീസുകള്‍ നിലവിലുണ്ട്. ചിലപ്പോള്‍ അവ ഏറ്റവും വിശ്വസ്തരായി അറിയപ്പെടുന്ന റിപ്പോര്‍ട്ടര്‍മാരിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായിരിക്കും. അതില്‍പെട്ട ഒരു ഹദീസാണ് പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ ‘അല്ലാഹുവേ, എന്റെ മനസ്സിനെ പ്രകാശപൂരിതമാക്കേണമേ’ എന്ന ആശയം ഉള്‍ക്കൊള്ളുന്ന പ്രാര്‍ഥന. പ്രസ്തുത ഹദീസ് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തതാണ്. പ്രസ്തുത ഹദീസ് ബുഖാരിയടക്കം മറ്റു പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പക്ഷേ, പ്രസ്തുത ഹദീസിന്റെ അധ്യായങ്ങളും ഹദീസിന്റെ മാറ്ററുകളും (മത്‌നുകള്‍) പല രൂപത്തിലുമാണ്. ഇള്വ്ത്വിറാബ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. മുള്ത്വരിബായ-ആശയക്കുഴപ്പം-സൃഷ്ടിക്കുന്ന ഹദീസുകള്‍ ഉസ്വൂലുല്‍ ഹദീസിന്റെ നിയമപ്രകാരം സ്വീകാരയോഗ്യവുമല്ല.
ഒന്ന്, ഈ ഹദീസ് ഇമാം ബുഖാരി ഉദ്ധരിച്ചത് പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ എന്ന അധ്യായത്തിലല്ല. രാത്രിയില്‍ ഉണരുമ്പോള്‍ പ്രാര്‍ഥിക്കുന്ന അധ്യായം എന്നതിലാണ്. ഇതാണ് ഒന്നാമത്തെ ആശയക്കുഴപ്പം. സ്വഹീഹുല്‍ ബുഖാരി 14:180ാം പേജ് നോക്കുക. രണ്ട്, ഇമാം മുസ്‌ലിം സ്വഹീഹില്‍ ഈ ഹദീസ് രേഖപ്പെടുത്തിയതും ‘പള്ളിയിലേക്ക് പുറപ്പെടല്‍’ എന്ന അധ്യായത്തിലല്ല, ‘നബി(സ)യുടെ നമസ്‌കാരവും രാത്രിയിലെ പ്രാര്‍ഥനയും’ എന്ന അധ്യായത്തിലാണ്. അപ്പോള്‍ ആശയക്കുഴപ്പം രണ്ടായി. സ്വഹീഹു മുസ്‌ലിം 3:300ാം പേജ് നോക്കുക. മൂന്ന്, ഇമാം നവവി(റ) ഈ ഹദീസ് രേഖപ്പെടുത്തിയത് ‘പള്ളിയിലേക്ക് മുന്നിടുമ്പോള്‍ പ്രാര്‍ഥിക്കേണ്ട അധ്യായം’ എന്നതിലാണ്. അത് മൂന്നാമത്തെ ആശയക്കുഴപ്പമാണ്. കാരണം സ്വഹീഹുല്‍ ബുഖാരിയിലെയും സ്വഹീഹു മുസ്‌ലിമിലെയും അധ്യായത്തിന്റെ പേരല്ല, ഇമാം നവവി(റ) അദ്കാര്‍ എന്ന ഗ്രന്ഥത്തില്‍ കൊടുത്തത്. അദ്കാര്‍ പേജ് 24 നോക്കുക. നാല്, മുസ്‌ലിം ലോകത്ത് അറിയപ്പെടുന്ന കര്‍മശാസ്ത്ര ഹദീസ് ഗ്രന്ഥമാണ് സയ്യിദ് സാബിഖി(റ)ന്റെ ഫിഖ്ഹുസ്സുന്ന എന്നത്. അതിലെ അധ്യായവും ഇമാം നവവി(റ)യുടെ അദ്കാറിലെ അധ്യായത്തിനു സമാനമായി ‘പള്ളിയിലേക്ക് മുന്നിടുമ്പോള്‍ പ്രാര്‍ഥിക്കേണ്ടത്’ എന്ന അധ്യായത്തിലാണ്.
ബുഖാരിയിലെയും മുസ്‌ലിമിലെയും അധ്യായങ്ങള്‍ പരസ്പരം വിരുദ്ധങ്ങളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. എന്നാല്‍ ഇമാം നവവി(റ)യുടെ അദ്കാറിലും സയ്യിദ് സാബിഖി(റ)ന്റെ ഫിഖ്ഹുസ്സുന്നയിലും അധ്യായങ്ങള്‍ ഒരേ ആശയത്തിലുള്ളതാണെങ്കിലും സയ്യിദ് സാബിഖ് പ്രസ്തുത അധ്യായത്തില്‍ കൊടുത്ത ഹദീസ് വീട്ടില്‍ നിന്നു പുറപ്പെടുമ്പോഴുള്ള പ്രാര്‍ഥനയാണ്. അത് ഇപ്രകാരമാണ്: ‘ഉമ്മുസലമ(റ) പറഞ്ഞു: നബി(സ) വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ അല്ലാഹുവിന്റെ നാമത്തില്‍, ഞാന്‍ എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു എന്ന് പ്രാര്‍ഥിച്ചിരുന്നു’ (അസ്ഹാബുസ്സുനനി). മേല്‍പറഞ്ഞ ഹദീസിന്റെ വിശദീകരണമായി അദ്ദേഹം തന്നെ രേഖപ്പെടുത്തി: ‘പള്ളിയിലേക്ക് പുറപ്പെടുമ്പോഴും അല്ലാത്ത സ്ഥലങ്ങളിലേക്ക് പുറപ്പെടുമ്പോഴും വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ പ്രാര്‍ഥിക്കേണ്ടത് ഇപ്രകാരമാണെന്ന് സ്വഹീഹായി വന്നിട്ടുണ്ട്’ (ഹാമിശ് ഫിഖ്ഹുസ്സുന്ന 1:247).
എന്നാല്‍ ഇമാം നവവി(റ) പള്ളിയിലേക്ക് മുന്നിടുമ്പോള്‍ പ്രാര്‍ഥിക്കേണ്ടത് ഇപ്രകാരമാണെന്നാണ് പറഞ്ഞത്. അത് സയ്യിദ് സാബിഖ്(റ) ഉദ്ധരിച്ച ഹദീസിന് വിരുദ്ധവുമാണ്. അത് ശ്രദ്ധിക്കുക: ‘ബാങ്ക് കൊടുക്കുന്നവന്‍ ബാങ്ക് കൊടുക്കും. അതുകൊണ്ടുദ്ദേശിക്കുന്നത് സുബ്ഹിയിലെ ബാങ്കാണ്. നബി(സ) ഇപ്രകാരം പ്രാര്‍ഥിക്കും. അല്ലാഹുവേ, എന്റെ മനസ്സിന് പ്രകാശം ചൊരിയേണമേ’ (മുസ്‌ലിം, അദ്കാര്‍ പേജ് 24, 25). പള്ളിയിലേക്ക് പോകുമ്പോഴുള്ള പ്രാര്‍ഥന നിരവധി ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞതാണ്. ഒരു ഹദീസ് ഉപേക്ഷിക്കാനോ തവഖ്ഖുഫാക്കാനോ (അവഗണിക്കുക) ഒരു ഇള്ത്വിറാബ് (ആശയക്കുഴപ്പം) ഉണ്ടായാല്‍ മതി എന്നാണ് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത്. എന്നിരിക്കെ, നിരവധി ആശയക്കുഴപ്പങ്ങളാണ് ഈ ഹദീസിലുള്ളത്. അതിലൊന്ന്, ബുഖാരിയും മുസ്‌ലിമും കൊടുത്ത അധ്യായം തന്നെ പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ ചൊല്ലേണ്ടതിനെക്കുറിച്ചല്ല. പ്രാര്‍ഥിക്കേണ്ട സമയത്തിന് വ്യത്യാസമുണ്ട്. അതുപോലെ ഇമാം നവവി(റ)യുടെയും സയ്യിദ് സാബിഖി(റ)ന്റെയും പ്രാര്‍ഥനകള്‍ രണ്ടു വിധമാണ്. അതില്‍ മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും സയ്യിദ് സാബിഖ്(റ) പറഞ്ഞതുപോലെ വീട്ടില്‍ നിന്നിറങ്ങുമ്പോഴുള്ള പ്രാര്‍ഥനയാണ് പള്ളിയില്‍ പോകുമ്പോഴും ചൊല്ലാറുള്ളത്.
ഈ ഹദീസില്‍ ആശയക്കുഴപ്പം ഉണ്ട്. റിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ ഭിന്നിപ്പുമുണ്ട്. ഏഴ് നിലയില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹുഭൂരിപക്ഷവും അതിനോട് വിയോജിച്ചിരിക്കുന്നു (ശറഹു മുസ്‌ലിം 3:313). അതിനും പുറമെ ഒരേ ആശയം വരേണ്ട ഹദീസില്‍ വ്യത്യസ്ത പദപ്രയോഗങ്ങളും വന്നിട്ടുണ്ട്. അത് മറ്റൊരു ഇള്ത്വിറാബ്(ആശയക്കുഴപ്പം) ആണ്. എപ്പോഴാണ് പ്രസ്തുത പ്രാര്‍ഥന നടത്തിയത് എന്ന വിഷയത്തിലും ആശയക്കുഴപ്പമുണ്ട്. ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തി: ആദ്യം പറഞ്ഞത് നമസ്‌കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് എന്നാണ്. ഒന്നാമത്തെ ഹദീസില്‍ പറഞ്ഞത് ‘സുബ്ഹി നമസ്‌കാരത്തിന് പുറപ്പെടുമ്പോള്‍’ എന്നാണ്. തിര്‍മിദി ഉദ്ധരിച്ചത് ‘നമസ്‌കാരം കഴിഞ്ഞശേഷം’ എന്നാണ്. ബുഖാരി(റ)യുടെ ഹദീസില്‍ നമസ്‌കാരം കഴിഞ്ഞ ശേഷം ‘അല്ലാഹുവേ, എന്റെ മനസ്സിന് പ്രകാശം ചൊരിയേണമേ’ എന്ന് പ്രാര്‍ഥിക്കും എന്നാണ് (ഫത്ഹുല്‍ ബാരി 14/182).
അദ്ദേഹം വീണ്ടും രേഖപ്പെടുത്തി: കുറൈബിന്റെ അവസാനത്തെ ഹദീസില്‍ ‘പ്രകാശത്തിനു മേല്‍ പ്രകാശം പ്രദാനം ചെയ്യേണമേ’ എന്നാണ്. പ്രസ്തുത വിഷയത്തില്‍ വന്ന ഹദീസുകള്‍ ഭിന്നിപ്പുകള്‍ നിറഞ്ഞതാണ്, ഇബ്‌നുല്‍ അറബി പറഞ്ഞതുപോലെ. അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി: പ്രസ്തുത ഹദീസുകള്‍ക്ക് ഇരുപത്തഞ്ചോളം ദോഷങ്ങളുണ്ട് (ഫത്ഹുല്‍ബാരി 14/184).
ഏതെങ്കിലും ഒരു ഹദീസ് പ്രമുഖര്‍ റിപ്പോര്‍ട്ട് ചെയ്താലോ കുറേ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്താലോ സ്വഹീഹാവണം എന്നില്ല. അത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കും ഹദീസ് നിദാനശാസ്ത്രത്തിനും വിധേയമായിരിക്കണം. എങ്കില്‍ മാത്രമേ അംഗീകരിക്കാന്‍ പറ്റൂ.

Back to Top