14 Tuesday
January 2025
2025 January 14
1446 Rajab 14

മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി ഗള്‍ഫിലെ ഗ്രന്ഥഗോപുരം

മുജീബ് എടവണ്ണ


‘ആയിരം മൈല്‍ നടക്കുക, പതിനായിരം പുസ്തകങ്ങള്‍ വായിക്കുക’ എന്ന ചൈനീസ് ചൊല്ല് ഓര്‍ത്തുകൊണ്ടാണ് താമസസ്ഥലത്ത് നിന്ന് ഏഴു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ദുബൈയിലെ ജദ്ദാഫിലുള്ള മുഹമ്മദ് ബിന്‍ റാഷിദ് ഗ്രന്ഥ സമുച്ചയത്തിലെത്തിയത്. ലൈബ്രറി എന്നു കേള്‍ക്കുമ്പോള്‍ ശരാശരി മലയാളിയുടെ മനോമുകുരത്തിലെത്തുക പൊടിപിടിച്ച പണ്ടത്തെ വായനശാലകളോ വിദ്യാലയങ്ങളിലെ ലൈബ്രറി ഹാളോ ആയിരിക്കും. എന്നാല്‍ ദുബൈ എമിറേറ്റില്‍ പുസ്തകങ്ങളുടെ പ്രപഞ്ചമെന്നു വിശേഷിപ്പിക്കാവുന്ന പുതിയ ബഹുനില കെട്ടിടത്തിനു സമീപമുള്ള ഭാഷോദ്യാനത്തിനു മുന്‍പിലെത്തിയാല്‍ തന്നെ കണ്ണും കരളും അക്ഷരങ്ങളുടെ അഴകിലാകും. സ്വല്‍പം പുസ്തകപ്രേമം ഹൃദയത്തില്‍ ഒളിപ്പിച്ചിട്ടുള്ളവരെ ഒരു കാന്തികശക്തി ഈ ആധുനിക കെട്ടിടത്തിലേക്ക് ആകര്‍ഷിക്കും.
ദുബൈയിലേക്ക് വന്നവരും വരുന്നവരും സന്ദര്‍ശന സ്ഥലങ്ങള്‍ അടയാളപ്പെടുത്തുമ്പോള്‍ മറക്കാതെ മാര്‍ക്ക് ചെയ്യേണ്ടതാണിത്. പത്ത് ലക്ഷത്തിലധികം പുസ്തകങ്ങളുടെ കമനീയ ഗോപുരം ഒരു ബില്യണ്‍ ദിര്‍ഹം (ഏകദേശം 2176 കോടി രൂപ) ചെലവിട്ടാണ് യാഥാര്‍ഥ്യമാക്കിയത്. 2022 ജൂണ്‍ 13ന് പൊതുജനങ്ങള്‍ക്ക് ഈ സാംസ്‌കാരിക-വൈജ്ഞാനിക സദനം തുറന്നുകൊടുത്ത ശേഷം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആലുമഖ്തൂം ട്വിറ്ററില്‍ കുറിച്ചു: ”വിണ്ണില്‍ നിന്ന് മണ്ണിലേക്കിറങ്ങിയ പ്രഥമ ദൈവികോപദേശം ‘നീ വായിക്കുക’ എന്നായിരുന്നു. പുതുതലമുറകളുടെ ആശയവും ജീവിതവും വികസിക്കാന്‍ ദശലക്ഷക്കണക്കിനു ഗ്രന്ഥങ്ങളുടെ ഈ ബൃഹദ് ശേഖരം ശക്തി പകരും.”
സ്‌നേഹം ജീവിതത്തിന് ഇന്ധനമാകുന്ന പോലെ പുസ്തകങ്ങള്‍ മനസ്സിനെ തേജസ്സുറ്റതാക്കുമെന്ന് ഈ പുസ്തക പൂങ്കാവിലേക്ക് ജ്ഞാനമധു നുകരാനെത്തുന്ന ഓരോരുത്തര്‍ക്കും ബോധ്യമാകും. വായിക്കാന്‍ ബാക്കി കിടക്കുന്ന പുസ്തകങ്ങളും പരിമിതമായ ആയുസ്സും തുലനം ചെയ്യാതെ ഈ കെട്ടിടത്തില്‍ നിന്ന് ഒരു പുസ്തകപ്രേമിക്ക് പടിയിറങ്ങാനാകില്ല. ശാന്തമായി ഇരുന്നു വായിക്കുക മാത്രമല്ല, എഴുതാനും ഗഹനമായ ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്യാനും സാധിക്കുന്ന അനുകൂല സാഹചര്യമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
കടലില്‍ വിരല്‍ മുക്കിയാല്‍ വിരലില്‍ അവശേഷിക്കുന്ന വെള്ളം പോലെ മാത്രമായിരിക്കും ഒറ്റത്തവണ സന്ദര്‍ശനം കൊണ്ട് ലഭിക്കുക. അത്രമേല്‍ പുസ്തകങ്ങളും പൗരാണിക രേഖകളും കയ്യെഴുത്ത് പ്രതികളും അപൂര്‍വ കൃതികളും കൊണ്ട് ഓരോ നിലകളും വേര്‍തിരിച്ച് സമ്പന്നമാക്കിയിരിക്കുന്നു. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് സന്ദര്‍ശിക്കുന്നതാണ് തിരക്കിലകപ്പെടാതിരിക്കാന്‍ നല്ലത്. പടികടന്നെത്തുന്നവരെ സ്വീകരിക്കാന്‍ പൂമുഖത്ത് ടാബുമായി ഉദ്യോഗസ്ഥരുണ്ട്.
പ്രഥമ നിലയിലാണ് ഇന്‍ഫര്‍മേഷന്‍ സെന്ററും പീരിയോഡിക്കല്‍ ലൈബ്രറിയും ജനറല്‍ ലൈബ്രറിയുമുള്ളത്. അതെല്ലാം കണ്ടും പുസ്തകങ്ങളുടെ സുഗന്ധമടിച്ചും ഒന്നാം നിലയിലേക്ക് കയറിയാല്‍ മീഡിയ ആന്റ് ആര്‍ട്ട് ലൈബ്രറിയിലെത്തും. മാപ്പുകളും അറ്റ്‌ലസുകളും കൊണ്ടും കാഴ്ചയുടെ വിരുന്നാണ് ഇവിടുത്തെ ആകര്‍ഷണം. കൂടാതെ യങ്, അഡല്‍റ്റ് ലൈബ്രറിയും കാത്തിരിക്കുന്നുണ്ട്. പ്രായഭേദത്തില്‍ വായനാഭിരുചിയിലുണ്ടാകുന്ന മാറ്റം പരിഗണിച്ചാണ് പുസ്തകങ്ങളുടെ വേര്‍തിരിവ്.
രണ്ടാം നില വലിയൊരു ഹാളിലേക്കാണ് സന്ദര്‍ശകരെ എത്തിക്കുക. പഠനമുറികള്‍ എന്നു പേരിട്ട ഇവിടെ എത്ര സമയവും ഇഷ്ട ഗ്രന്ഥങ്ങള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും മുന്നിലിരിക്കാം. പുസ്തകങ്ങള്‍ മറിക്കുന്ന ശബ്ദവും കീബോര്‍ഡുകളുടെ ശബ്ദവും മാത്രമുള്ള ശാന്തമായ അകത്തളം. എങ്ങും നിശ്ശബ്ദതയുടെ സാന്ദ്രസംഗീതം മാത്രം. വായനക്കാരനും എഴുത്തുകാരനും അവശ്യം വേണ്ട ഏകാന്തതയും ഏകാഗ്രതയും ഭഞ്ജിക്കുന്നത് സന്ദര്‍ശകരുടെ മൊബൈല്‍ ഫോണുകളുടെ അപസ്വരം മാത്രമായിരിക്കും. അതൊന്നും അലട്ടുന്നില്ലെന്ന മട്ടില്‍ മറ്റേതോ ലോകത്തെ തപസ്സ് പോലെയാണ് വായനയും എഴുത്തും പീലി വിടര്‍ത്തുന്നത്.
‘മരണം സുനിശ്ചിതമാണെന്നറിഞ്ഞിട്ടും നാം ജീവിക്കാതിരിക്കുന്നില്ലല്ലോ. അതുപോലെ ഓരോ പുസ്തകവും അവസാനിക്കും എന്നറിഞ്ഞിട്ടും നാം വായിക്കാതെയും ഇരിക്കുന്നില്ല’ -ചിലിയന്‍ നോവലിസ്റ്റ് റോബര്‍ട്ടോ ബൊളാനോ (1953-2013) എഴുതിയ വരികളുടെ സാധൂകരണമാണോ അവരില്‍ മുഖത്ത് ജ്വലിക്കുന്നതെന്ന് തോന്നും.

സ്വപ്‌നസന്നിഭമായ ഗ്രന്ഥാലയം ഒരു കുടക്കീഴില്‍ ഒത്തുകിട്ടിയ ആഹ്ലാദത്തോടെയാണ് ഓരോരുത്തരെയും ആവേശിച്ച സര്‍ഗാത്മക സപര്യ. മൂന്നാം നില പ്രധാനമായും ലൈബ്രറി ജീവനക്കാര്‍ക്കുള്ളതാണ്. ഡിജിറ്റല്‍ യുഗത്തെ സ്വാഗതം ചെയ്യുന്ന സവിശേഷമായ സമ്മേളനഹാളാണ് നാലാം നിലയുടെ സൗന്ദര്യം. 500 പേര്‍ക്ക് ഇരിക്കാവുന്ന ആധുനികതയുടെ മോടി ഒട്ടും കുറയാത്ത ഒരു തിയേറ്ററുമുണ്ട്. ഇവിടെ നാടകവും സാംസ്‌കാരിക സമ്മേളനങ്ങളുമാണ് സംഘടിപ്പിക്കുക. തിയേറ്ററിലെ അഭ്രപാളികളില്‍ തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും ആസ്വദിക്കാനാകും. രാവിലെ ഒന്‍പതിനു തുറക്കുന്ന സാംസ്‌കാരിക നിലയം രാത്രി ഒന്‍പതു വരെ സന്ദര്‍ശകരെ സ്വീകരിക്കുന്നുണ്ട്.
സ്‌പെഷ്യല്‍ കലക്ഷന്‍ ലൈബ്രറി എന്നാണ് അഞ്ചാം നിലയിലെ കൗതുകാലയത്തെ വിശേഷിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ അത്യപൂര്‍വ പകര്‍പ്പുകള്‍ നേരിട്ടു കാണാനാകും. തുകലില്‍ തയ്യാറാക്കിയ അമവീ കാലഘട്ടത്തിലെ ഖുര്‍ആന്‍ സൂക്തങ്ങളും ശേഖരത്തിലുണ്ട്. 1694ല്‍ ഹാംബര്‍ഗില്‍ അച്ചടിച്ച ഖുര്‍ആന്‍ പ്രതിയും ഇതില്‍ ഉള്‍പെടും.
ഇസ്‌ലാമിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ശോഭിച്ചു നിന്ന പണ്ഡിതരുടെ ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ വിവര്‍ത്തനങ്ങളും പുത്തന്‍ പ്രഭയോടെയാണുള്ളത്. അറബ് ലോകത്തും പുറത്തുമുള്ള ആനുകാലികങ്ങളെ അടുത്തറിയാനും അവസരമുണ്ട്. പൗരാണിക രേഖകള്‍ കയ്യെത്തും ദൂരത്താകുന്നതോടെ ഒരു ചരിത്രാലയം സന്ദര്‍ശിച്ച പ്രതീതി സന്ദര്‍ശകര്‍ക്കുണ്ടാകും.
ആറാം നിലയെ പ്രധാനമായും രണ്ട് തലത്തിലാണ് വേര്‍തിരിച്ചത്. ബിസിനസ്, എമിറേറ്റ്‌സ് ലൈബ്രറികള്‍. ബിസിനസ് ലൈബ്രറിയിലെ ഗ്രന്ഥങ്ങളുടെ ബ്ലര്‍ബുകള്‍ക്ക് പേരിനെ അന്വര്‍ഥമാക്കുന്ന നിറവും രുചിയുമുണ്ട്.
പുസ്തകങ്ങളുടെ അടുക്കിലും വെടിപ്പിലും വിസ്മയിച്ചാണ് ഇമാറാത്തിന്റെയും അറബി ഭാഷയുടെയും സ്പന്ദനമുള്ള എമിറേറ്റ്‌സ് ലൈബ്രറിയിലേക്ക് പ്രവേശിച്ചത്. അറബ് ദേശക്കാര്‍ മാത്രം പ്രവേശിക്കുന്ന അവിടേക്കാണ് കടക്കുന്നതെന്ന് കണ്ടപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്വദേശി വനിത ‘കുല്ലും ബില്ലുഗല്‍ അറബിയ’ എന്ന് നിരാശപ്പെടുത്താന്‍ ശ്രമിച്ചു.
കോലം കണ്ടാല്‍ ദേശം ഏതെന്ന് വിധിയെഴുതാന്‍ സിദ്ധിയുള്ള, അവരുടെ ഭാഷാ പരിസരത്തിനപ്പുറത്ത് വസിക്കുന്ന ആളാണ് ആഗതനെന്ന് അവര്‍ക്ക് ഒറ്റനോട്ടത്തില്‍ അളക്കാനായി. ഒരു പുഞ്ചിരി പകരം നല്‍കി അവരുടെ പ്രസ്താവനയെ ആശ്ലേഷിച്ചു. നിറയെ നര്‍മം നിറച്ച ഒരു അലമാരയിലാണ് ആദ്യം കൈവച്ചത്. ഒന്നെടുത്ത് മെത്ത പോലുള്ള ചാരു കസേരയില്‍ അമര്‍ന്നിരുന്നു.
ഭാഗ്യപരീക്ഷണത്തിനു കുറിപ്പെടുക്കുന്ന തത്തയെപ്പോലെയാണ് പുസ്തകങ്ങള്‍ വിശ്രമിക്കുന്ന ഷെല്‍ഫുകളില്‍ നിന്ന് ഒന്നെടുക്കുക. ഒഴിഞ്ഞ ഇരിപ്പിടത്തിന്റെ സുഖമറിഞ്ഞു മറിക്കാന്‍ കിട്ടിയത് ഹിശാം അവ്വാദ് തയാറാക്കിയ ‘ആയിരത്തിലധികം ഫലിതങ്ങള്‍’ അടങ്ങിയ കൃതിയായിരുന്നു. കോടതിക്കഥകള്‍ കൊണ്ട് സമ്പന്നമായ ചരിത്ര സംഭവ പേജുകളിലൊന്നില്‍ കണ്ണുടക്കി.
ഇറാഖിലെ ന്യായാധിപനായിരുന്ന അബൂ ഹാസിമിന്റെ സവിധത്തിലേക്ക് ഒരു മദ്യപനെ വിചാരണയ്ക്കായി കൊണ്ടുവരുന്നതാണ് രംഗം. മൂക്കറ്റം മദ്യപിച്ചിരുന്ന അയാളുടെ ധാര്‍മികതയിലേക്ക് ചൂണ്ടയിട്ട് മനസ്താപമുണ്ടാക്കാനായി ന്യായാധിപന്‍ ആദ്യ ചോദ്യം തൊടുത്തു: ‘മന്‍ റബ്ബുക?’ (നിന്റെ ദൈവം ആരാണ്?)
കള്ളിന്റെ കെട്ട് വിടാത്ത അയാളുടെ മറുപടി രസാവഹമായിരുന്നു:
‘അല്ലാഹു നിങ്ങളെ നന്മയിലാക്കട്ടെ, ഈ ചോദ്യം ന്യായാധിപനായ നിങ്ങളുടെ പരിധിയില്‍ പെട്ടതല്ല! ഇതു ഖബ്ര്‍ മാലാഖമാരായ മുന്‍കറിനും നകീറിനും വേണ്ടി മാറ്റിവെച്ചതാണ്!
നര്‍മോക്തി കലര്‍ന്ന മദ്യപന്റെ ഉത്തരം കേട്ടു ചിരിയടക്കാന്‍ പ്രയാസപ്പെട്ട അദ്ദേഹം, മദ്യപനെ അയാളുടെ പാട്ടിനു വിടാനാണ് ഉത്തരവിട്ടത്.
ശേഷിക്കുന്ന ചുറ്റിക്കറക്കം ആവേശഭരിതമാകാന്‍ ഉതകുന്നതായിരുന്നു നൈമിഷിക വായന. ഏഴാം നിലയിലെ എക്‌സിബിഷന്‍ സെന്റര്‍ അന്ന് പൂര്‍ത്തിയായി വരുന്നതിനാല്‍ ലിഫിറ്റില്‍ കയറിയ സന്ദര്‍ശകര്‍ അതേ വേഗത്തില്‍ തന്നെ താഴേക്ക് ഇറങ്ങുന്നതും കണ്ടു.
ഒരു സംയോജിത സാംസ്‌കാരിക കേന്ദ്രമാണ് ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി. ബുക് സൈനിങ് പാര്‍ട്ടികള്‍, സാംസ്‌കാരിക സായാഹ്നം, ശില്‍പശാലകള്‍, ലൈബ്രറി ഡയലോഗ് എന്നിവ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുമെന്ന് ലൈബ്രറി ഡയറക്ടര്‍ ബോര്‍ഡ് അംഗം ജമാല്‍ അല്‍ ശഹി പറഞ്ഞു.
വായനശാല ഒരിക്കലും ഒരു വരേണ്യവര്‍ഗമല്ലെന്നാണ് ജമാലിന്റെ പക്ഷം. എല്ലാ പ്രായക്കാര്‍ക്കും പ്രാപ്യമാകുന്നതാണത്. പുസ്തകാലയം പ്രിയംവയ്ക്കുന്നവര്‍ സംസ്‌കാരത്തിന്റെ ആരാധകരാണ്. ഭാവിയെ പ്രബലപ്പെടുത്തുന്നത് വായനയിലൂടെയായതിനാല്‍ വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ഇവന്റുകളുണ്ടാകും.

1963ലാണ് യുഎഇയില്‍ ആദ്യ പബ്ലിക് ലൈബ്രറി തുറന്നത്. ഒരു ജനതയുടെ വായനാഭിലാഷത്തിനു നിറം പകര്‍ന്നത് ശൈഖ് മുഹമ്മദിന്റെ പിതാവ് ശൈഖ് റാഷിദ് ബിന്‍ സഈദ് ആലുമഖ്തൂമാണ്. അരനൂറ്റാണ്ടിനു ശേഷം പിതാവിന്റെ പാതയില്‍ വിജ്ഞാനത്തിന്റെ ഒളിമങ്ങാത്ത ദീപശിഖയാണ് ഭാവി തലമുറയ്ക്ക് ശൈഖ് മുഹമ്മദ് കൈമാറിയത്. ദുബൈ ക്രീക്കിനു അഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്ന സാംസ്‌കാരിക മന്ദിരം ജലപാതകള്‍ വാണിജ്യ വസ്തുക്കളുടെ വിനിമയത്തിനു മാത്രമല്ല, സംസ്‌കാരങ്ങളുടെ സന്നിവേശങ്ങള്‍ക്കുകൂടി ഉള്ളതാണെന്ന് വിളിച്ചറിയിക്കുന്നു.
തുറന്ന പുസ്തകം കൊണ്ട് നെറുകയില്‍ തിലകക്കുറി ചാര്‍ത്തിയ കെട്ടിടം 54000 ചതുരശ്ര മീറ്ററില്‍ ഏഴു നിലകളിലാണ്. ലോകത്തിന്റെ അഷ്ടദിക്കുകളിലുമുള്ള വിജ്ഞാനശേഖരം ദുബൈയിലെ ഈ ഒറ്റക്കെട്ടിടത്തില്‍ ഒതുക്കിയിരിക്കുന്നു. പ്രഥമ നിലയിലുള്ള പുസ്തകക്കൂമ്പാരത്തിനു താഴെ നില്‍ക്കുന്ന ഒരാള്‍ക്ക് പുസ്തക പര്‍വതത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്ന ഒരു ചെറുജീവിയാണു താനെന്ന ഉള്‍വിളിയുണ്ടാക്കും. അടുക്കി വച്ച പുസ്തകങ്ങള്‍ അത്ര ഉയരത്തിലാണെങ്കിലും ആവശ്യമെങ്കില്‍ അവ കൈപ്പിടിയിലെത്തും. ഓഡിയോ, ഡിജിറ്റല്‍ ലൈബ്രറികളുടെ വ്യാപ്തി ആരെയും അതിശയിപ്പിക്കുന്നതാണ്. ഭിന്നശേഷിക്കാര്‍ക്ക് സവിശേഷമായ വായനശാലയാണ് ഒരുക്കിയിരിക്കുന്നത്. കാഴ്ച പരിമിതിയുള്ളവര്‍ക്ക് ബ്രെയിലി ഭാഷയിലുള്ള ഗ്രന്ഥങ്ങളും സുലഭം.
ഒറ്റപ്പെടലാണ് പ്രവാസത്തിന്റെ പാര്‍ശ്വഭാവം. അതിനു പിടികൊടുക്കാതിരിക്കാന്‍ ഒറ്റമൂലിയെന്നോണം പുസ്തകങ്ങളെ പുണരുന്നവരുടെ ലോകം കൂടിയാണിത്. ഒരു പുസ്തകമുണ്ടെങ്കില്‍ ഒരു തടവറ കൂടി വൃഥാവിലാകുമെന്നാണ് ഗാന്ധിജി തെളിയിച്ചത്. ”തടങ്കലിലാണെന്ന ദുഃഖം ഒരു നിമിഷം പോലും എന്നെ അലട്ടിയില്ല. എനിക്കു ചുറ്റും മതിലുകള്‍ തീര്‍ത്തു വൃഥാ കല്ലും കുമ്മായവും പാഴാക്കിക്കളഞ്ഞല്ലോ എന്നും തോന്നി”. ഗാന്ധിജിയുടെ ഈ വാചകങ്ങള്‍ ഇരുളടയുന്ന ചുറ്റുപാടിലും പുസ്തകങ്ങള്‍ സമ്മാനിക്കുന്ന സന്തോഷത്തെ ദ്യോതിപ്പിക്കുന്നതാണ്.
പ്രവാസത്തിന്റെ മറുവശം വിരസതയും വിജനതയുമാണ്. പുസ്തകങ്ങള്‍ വിമാനങ്ങളായി പരിണമിക്കുമ്പോഴാണ് വായനക്കാരന്‍ ഉണര്‍ച്ചയിലാകുന്നത്. ഒരു പുസ്തകമുണ്ടെങ്കില്‍ എത്രയും കിനാവു കാണാമെന്നാണെങ്കില്‍ ദുബൈയിലെ ദശലക്ഷം കിതാബുകളുടെ ഈ നിധികുംഭം കിനാക്കളുടെ ബുര്‍ജ് ഖലീഫയാണ്.

Back to Top