ലോട്ടറി ഭ്രമവും സാമ്പത്തിക ചൂഷണവും
സഈദ് പൂനൂര്‍
ഊഹക്കച്ചവടം യഥാര്‍ഥത്തില്‍ കൊളോണിയലിസം കെട്ടിപ്പടുത്ത വലിയൊരു സാമ്പത്തിക കുമിളയാണ്. എന്നാല്‍ സാമ്പത്തിക സന്തുലിതത്വം ലോട്ടറിയിലൂടെ സാധ്യമായിട്ടില്ലെന്ന് കേരള ലോട്ടറിയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. പ്രമുഖരായ ധനശാസ്ത്രജ്ഞര്‍ക്കു പോലും അതില്‍ ധാരണയില്ല. ലോട്ടറി നേടി ജീവിതം ഭദ്രമാക്കിയ എത്ര കീഴാളരുണ്ട് ഇവിടെ?
മലയാളിയുടെ ലോട്ടറി ഭാഗ്യപരീക്ഷണങ്ങള്‍ക്ക് 55 വര്‍ഷത്തോളം പഴക്കമുണ്ട്. അതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ ഖജനാവ് നിറയുന്നത്. 2021-22 വര്‍ഷത്തില്‍ 2000 കോടി രൂപയാണ് ലോട്ടറിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനു ലഭിച്ച നികുതി വരുമാനം. 1967ലാണ് കേരള സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റ് വില്‍പന ആരംഭിച്ചത്. അന്നു മുതല്‍ ഇന്നു വരെ സര്‍ക്കാരിനു കിട്ടുന്ന നികുതി വരുമാനം പടിപടിയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതായത്, ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്ന സാധാരണക്കാരായ ലോട്ടറി ഭ്രാന്തന്‍മാരാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്തുന്നത് എന്നര്‍ഥം.
കേരളത്തിലെ ലോട്ടറി വില്‍പനയുടെ കണക്കുകളിലേക്ക് കടക്കുമ്പോഴാണ് എല്ലാവരും അതിശയം കൂറുക. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ പ്രതിദിനം ചെലവാകുന്നത് 90 ലക്ഷത്തിനും ഒരു കോടിക്കും ഇടയില്‍ ലോട്ടറി ടിക്കറ്റുകളാണെന്നാണ് കണക്ക്. ആളോഹരി ടിക്കറ്റ് കണക്കാക്കിയാല്‍ മൂന്നില്‍ ഒരാളെങ്കിലും ദിനംപ്രതി കേരള ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നുണ്ടെന്ന് സാരം. നിലവില്‍ ദിനംപ്രതി 1.08 കോടി ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുവാദമാണ് സംസ്ഥാന ലോട്ടറി വകുപ്പിന് ധനവകുപ്പ് നല്‍കിയിട്ടുള്ളത്.
അച്ചടിക്കുന്ന ടിക്കറ്റുകളില്‍ ശരാശരി അഞ്ച് ശതമാനത്തോളം ടിക്കറ്റുകള്‍ മാത്രമേ വില്‍ക്കാതെ വരുന്നുള്ളൂ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 7144.54 കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് വിറ്റത്. അതില്‍ നിന്നാണ് 2000 കോടി രൂപയുടെ നികുതി വരുമാനം. കഴിഞ്ഞ 55 വര്‍ഷത്തെ കേരള ലോട്ടറിയുടെ ചരിത്രമെടുത്താല്‍ 2019-20 സാമ്പത്തിക വര്‍ഷത്തിലാണ് ലോട്ടറിയുടെ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 9972.09 കോടിയുടെ ടിക്കറ്റ് വില്‍പനയാണ് ആ വര്‍ഷം നടന്നത്. എന്നാല്‍ 1273.56 കോടി രൂപയുടെ നികുതി വരുമാനം മാത്രമാണ് ഈ വര്‍ഷം ഖജനാവിലേക്ക് ലഭിച്ചത്. ഏഴു ലോട്ടറികളാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇപ്പോള്‍ മാസത്തില്‍ എല്ലാ ദിവസവും കേരള ലോട്ടറിയുടെ നറുക്കെടുപ്പുണ്ട്.
1967ല്‍ കേരള ലോട്ടറി ആരംഭിച്ചപ്പോള്‍ ഒരു വര്‍ഷം കൊണ്ട് കേവലം 20 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതില്‍ നിന്ന് 14 ലക്ഷം രൂപ സര്‍ക്കാരിന് വരുമാനം കിട്ടി. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ ലോട്ടറി വില്‍പന 2.16 കോടിയും സര്‍ക്കാരിലേക്കുള്ള വരുമാനം 92 ലക്ഷവുമായി ഉയര്‍ന്നു. പിന്നെയും പത്ത് വര്‍ഷം കഴിഞ്ഞ് 1986-87 വര്‍ഷത്തിലെത്തിയപ്പോള്‍ 10.20 കോടി രൂപയുടെ ടിക്കറ്റുകള്‍ വില്‍ക്കുകയും 2.87 കോടി രൂപ ലാഭമുണ്ടാക്കുകയും ചെയ്തു. 1996-97 വര്‍ഷത്തിലെത്തിയപ്പോള്‍ വില്‍പന 106.74 കോടിയിലെത്തി. ലാഭം 13.41 കോടിയായി.
പത്തു വര്‍ഷം കഴിഞ്ഞ് 2006-07ല്‍ എത്തിയപ്പോള്‍ 236.26 കോടി രൂപയുടെ ലോട്ടറി വില്‍പന നടക്കുകയും 36.36 കോടി രൂപ ലാഭം നേടുകയും ചെയ്തു. 2008-09 വര്‍ഷം മുതലാണ് ലാഭം മൂന്നക്കത്തിലേക്ക് കടന്നത്. 104.20 കോടി രൂപയാണ് ഈ വര്‍ഷം സര്‍ക്കാരിനു ലാഭം കിട്ടിയത്. 2014-15 മുതല്‍ ലാഭം നാലക്കത്തിലെത്തി. ആ വര്‍ഷം 5445.43 കോടി രൂപയുടെ ടിക്കറ്റ് വില്‍ക്കുകയും 1168.26 കോടി രൂപയുടെ നികുതി വരുമാനം ഉണ്ടാവുകയും ചെയ്തു. പിന്നീട് വലിയ കുതിപ്പ് വില്‍പനയിലും വരുമാനത്തിലും ഉണ്ടായെങ്കിലും കോവിഡ് കാലത്ത് വലിയ തിരിച്ചടി നേരിട്ടു. കോവിഡ് രൂക്ഷമായ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4910.83 കോടി രൂപയുടെ ടിക്കറ്റ് മാത്രമാണ് വിറ്റത്. നികുതി വരുമാനം 1375.04 കോടി രൂപയായിരുന്നു. കോവിഡ് കാലത്ത് ടിക്കറ്റുകളുടെ നറുക്കെടുപ്പ് മാറ്റിവെച്ചിരുന്നു.
കേരള ലോട്ടറി ആരംഭിച്ചതു മുതല്‍ ഇതുവരെ ഏതാണ്ട് 72,000 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാത്രം 6602 കോടി രൂപയുടെ നികുതി വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചത്. ലോട്ടറി വില്‍പനയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ 60 ശതമാനത്തിലേറെ പ്രൈസ് നല്‍കുന്നതിനായി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. 28 ശതമാനത്തോളമാണ് നികുതിയിനത്തില്‍ ഖജനാവിലേക്ക് ലഭിക്കുന്നത്. ലോട്ടറി വില്‍പനയില്‍ നിന്നുള്ള വരുമാനത്തിന്റെ വലിയൊരു ശതമാനവും വിവിധ ക്ഷേമപദ്ധതികള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കാരും ലോട്ടറി വകുപ്പും പറയുന്നത്. ഒരു ലോട്ടറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഉള്‍പ്പെടെ ശരാശരി 2.75 ലക്ഷം പ്രൈസുകള്‍ നല്‍കുന്നുണ്ടെന്നാണ് ലോട്ടറി വകുപ്പിന്റെ കണക്ക്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 290 കോടിയിലേറെ രൂപ വിജയികള്‍ കൈപ്പറ്റിയിട്ടില്ലെന്നാണ് കണക്ക്. ഈ തുക മുഴുവന്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയിരിക്കുകയാണ്.
മദ്യാസക്തിയും സാമ്പത്തിക
പുരോഗതിയും
മദ്യവരുമാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭരണാധികാരികള്‍ അതുമൂലമുണ്ടാകുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെ മറന്നുപോവുകയാണ്. ജനാധിപത്യ ക്രമത്തില്‍ ജനക്ഷേമത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. ജനങ്ങളുടെ സമ്പത്തും ആരോഗ്യവും ചൂഷണം ചെയ്യുന്ന നിലപാടുകളില്‍ നിന്നു പിന്‍മാറിയാലേ സാമൂഹിക സമുദ്ധാരണവും സന്തുലിതമായ സാമ്പത്തിക അഭിവൃദ്ധിയും സാധ്യമാകൂ.
മദ്യപിക്കുന്നവരുടെ ആരോഗ്യത്തെ മാത്രമല്ല മദ്യം ബാധിക്കുന്നത്, സമൂഹത്തെയാകെയാണ്. തൊഴില്‍ ചെയ്തു കിട്ടുന്ന വരുമാനമാകെ മദ്യത്തിനു വേണ്ടി ചെലവഴിക്കുന്ന തൊഴിലാളികള്‍ വളരെയേറെയാണ്. പ്രതിമാസം 5000 രൂപയില്‍ താഴെ വരുമാനമുള്ള തൊഴിലാളികളാണ് കടുത്ത മദ്യപന്മാരില്‍ വലിയൊരു ഭാഗവും. ഇവരുടെ കുടുംബങ്ങള്‍ മൂന്നു വിധത്തിലുള്ള പീഡനങ്ങള്‍ നേരിടേണ്ടിവരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ചെലവില്‍ അല്‍പം പോലും സഹായിക്കാന്‍ കഴിയില്ല എന്നതാണ് ഒന്നാമത്തെ കാര്യം. മൂക്കറ്റം മദ്യപിച്ച് വീട്ടിലെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് രണ്ടാമത്തേത്. മദ്യപന്മാരുടെ വീട്ടിലെ കുട്ടികള്‍ ആരോഗ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലാകുന്നത് സ്വാഭാവികമാണ്. മൂന്നാമത്തെ ദുരന്തം പിന്നീട് വന്നുചേരുന്നതാണ്. മദ്യപാനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന രോഗം ചികിത്സിക്കേണ്ടതിന്റെ ബാധ്യതയും കുടുംബത്തിന്റെ മേലാണ് വന്നുവീഴുന്നത്.
അനധികൃതമായ പ്രവൃത്തികളിലൂടെ വന്‍തോതില്‍ പണം സമ്പാദിക്കുകയും അധികാരകേന്ദ്രങ്ങളെ സ്വാധീനിച്ച് നിയമവിരുദ്ധ പ്രവൃത്തികള്‍ തുടരുകയും ചെയ്യുന്ന മാഫിയാ സംഘങ്ങള്‍ മദ്യവ്യാപാരരംഗത്ത് വളരെ മുമ്പുതന്നെ പ്രബലമാണ്. നികുതി വെട്ടിച്ചും വ്യാജമദ്യം ഒഴുക്കിയും കള്ളില്‍ മായം ചേര്‍ത്തുമെല്ലാം ഇക്കൂട്ടര്‍ കോടികളാണ് സമ്പാദിക്കുന്നത്. വാടകഗുണ്ടകളെ വെച്ചും തൊഴിലാളി യൂനിയനുകളെ വശപ്പെടുത്തിയും രാഷ്ട്രീയ നേതാക്കള്‍ക്ക് വന്‍തോതില്‍ സംഭാവന നല്‍കിയുമാണ് അവര്‍ തങ്ങളുടെ സ്വാധീനവലയം നിലനിര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് പോലുള്ള രാഷ്ട്രീയ പ്രക്രിയകളില്‍ ഈ മദ്യരാജാക്കന്മാരുടെ സ്വാധീനം പലപ്പോഴും പ്രകടമാണ്. പ്രകൃതിവിഭവങ്ങള്‍ കൊള്ള ചെയ്യുന്ന ഭൂമാഫിയകള്‍ക്കും മണല്‍മാഫിയകള്‍ക്കുമെല്ലാം സഹായവും നേതൃത്വവും നല്‍കുന്നത് മദ്യമാഫിയകളാണ്. ചിലര്‍ മദ്യത്തോടൊപ്പം ഇത്തരം മേഖലകളിലേക്കും കുടിയേറിയിട്ടുണ്ട്.
നാടിന്റെയും നാട്ടുകാരുടെയും താല്‍പര്യങ്ങളും അവകാശങ്ങളും നടപ്പാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനു പകരം, പലപ്പോഴും ഇത്തരം മാഫിയകളുടെ താല്‍പര്യമാണ് നടപ്പാക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതെന്ന ഭീകരാവസ്ഥ വളര്‍ന്നുവരുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ശേഷി സംഘടിത പ്രസ്ഥാനങ്ങളില്‍ ഇല്ലാതാവുകയും ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ മാഫിയകള്‍ നാടിനെ പകുത്തെടുക്കുകയാണ്. ഈ സ്ഥിതി ജനങ്ങളെ നിരാലംബരാക്കുകയും ജീവിത സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പക്ഷേ സര്‍ക്കാരുകളുടെ മദ്യാസക്തിയുടെ കാരണം എന്തെന്ന് മനസ്സിലാകണമെങ്കില്‍ മദ്യം നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയില്‍ വഹിക്കുന്ന പങ്ക് എത്രത്തോളമെന്ന് പഠനവിധേയമാക്കിയാല്‍ മതി.
40,000 കോടി രൂപയാണ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ശരാശരി തനതു നികുതി വരുമാനം. ഇതില്‍ 60% ഉല്‍പന്ന വില്‍പന വഴി വാറ്റ് നികുതിയായും ബാക്കി 40% ഇന്ധന-മദ്യവില്‍പനയിലൂടെ കെജിഎസ്ടിയായും ലഭിക്കുന്നു. 40,000 കോടി രൂപയില്‍ 25% തുകയും മദ്യത്തില്‍ നിന്നു കിട്ടുന്നതാണ്. ഇന്ധന നികുതി കഴിഞ്ഞാല്‍ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നികുതി വരുമാനം മദ്യത്തില്‍ നിന്നാണ്. ഇന്ധനത്തില്‍ നിന്നു പ്രതിവര്‍ഷം 8,000 കോടി കിട്ടുമ്പോള്‍ മദ്യത്തില്‍ നിന്ന് 7,500 കോടിയിലേറെ രൂപ ലഭിക്കുന്നു. 2018-19ല്‍ മദ്യത്തില്‍ നിന്നും 14,504 കോടി രൂപ ലഭിച്ചു. മദ്യത്തില്‍ നിന്നുള്ള വരുമാനം പത്ത് വര്‍ഷത്തിനുള്ളില്‍ ഏകദേശം മൂന്നിരട്ടിയായി ഉയര്‍ന്നു. നികുതിയേതര വരുമാനത്തില്‍ വലിയ പങ്കും മദ്യത്തില്‍ നിന്നാണ് എന്നത് മറ്റൊരു വസ്തുത. മദ്യവരുമാനം വര്‍ഷാവര്‍ഷം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014-15ല്‍ 8277 കോടിയായിരുന്നത് 2015-16ല്‍ 9787 കോടിയും 2016-17ല്‍ 10,353 ഉം 2017-18ല്‍ 11,024 കോടി രൂപയായിട്ടുമാണ് വരുമാനം വര്‍ധിച്ചത്. 14,505 കോടി രൂപയുടെ മദ്യമാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കേരളം കുടിച്ചു തീര്‍ത്തത്. നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി വരെ മദ്യവരുമാനത്തിലൂടെ നമ്മുടെ ഖജനാവിലേക്ക് എത്തിയത് 1880.30 കോടി രൂപയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ 598 ബാറുകളും 357 വൈന്‍-ബിയര്‍ പാര്‍ലറുകളും ബിവറേജസ് കോര്‍പറേഷന്റെ കീഴില്‍ 265 ചില്ലറ വില്‍പന ശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ 36 വില്‍പനകേന്ദ്രങ്ങളുമുണ്ട്.
കഴിഞ്ഞ ന്യൂഇയറില്‍ മാത്രം 68.57 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത് എന്നാണ് കണക്ക്. മദ്യം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനനം മുതല്‍ മരണം വരെയും വിവാഹം, മതാഘോഷങ്ങള്‍, തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ തുടങ്ങി സന്തോഷ-സന്താപഘട്ടങ്ങളിലെല്ലാം മദ്യം അനിവാര്യമായിക്കഴിഞ്ഞു. അതുതന്നെയാണ് സര്‍ക്കാരിന് ഇത്ര വലിയ വരുമാനം നേടിക്കൊടുക്കുന്നതും. അതിന്റെ വരുമാനത്തെപ്പറ്റി വാചാലരാകുന്നവര്‍ അതുണ്ടാക്കുന്ന ദുരന്തങ്ങള്‍ക്കു മുന്നില്‍ മൗനം പാലിക്കുന്നു.
ജോലി ചെയ്തു കിട്ടുന്ന കൂലിയുടെ ബഹുഭൂരിപക്ഷവും മദ്യത്തിനു വേണ്ടി ചെലവഴിക്കുന്നവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ചെറുതൊന്നുമല്ല. ലഹരിവിമുക്തി ബോധവത്കരണത്തിനായി വര്‍ഷംതോറും കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ചെറുതും വലുതുമായ ധാരാളം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് മദ്യം കാരണമായിത്തീരുന്നു എന്നു വ്യക്തം. മനുഷ്യനെ മുച്ചൂടും മുടിക്കുന്ന മദ്യമെന്ന ദുരന്തത്തെ ദൂരെയെറിയാന്‍ വിവേകമുള്ളവര്‍ക്ക് സാധിക്കണം. മദ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തോടൊപ്പം അതിലൂടെ നഷ്ടമാകുന്ന സമ്പത്ത്, ജീവന്‍, സമാധാനം എന്നിവയെക്കുറിച്ചുകൂടി ചിന്തിക്കാന്‍ വിവേകമതികള്‍ തയ്യാറാവണം.
ജനങ്ങളുടെ ആരോഗ്യവും പണവും ജീവിതവും ഇല്ലാതാക്കുന്ന മദ്യത്തെ കേവല സാമ്പത്തിക വരുമാനമാര്‍ഗമായി മാത്രം കാണുന്നതിലെ അപകടം വലുതാണ്. സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗം ചൂഷണാധിഷ്ഠിതമായിക്കൂടാ. ചൂഷണാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയില്‍ നിന്നു നിര്‍മാണാത്മക സമ്പദ്‌വ്യവസ്ഥയിലേക്ക് നമുക്ക് എന്തുകൊണ്ട് മാറിക്കൂടാ? കേരത്തിന്റെ മുഴുവന്‍ വിഭവശേഷിയും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന പദ്ധതികള്‍ ഉണ്ടാവണം. വിവരസാങ്കേതിക വിദ്യയുടെ ഈ ലോകത്ത് ഇത് കൂടുതല്‍ ഫലപ്രദമാണുതാനും. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പോഷിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. മലയാളികളുടെ ക്രിയാശേഷിയെ പോസിറ്റീവ് ആയി ഉപയോഗിക്കാനും സാധിക്കും. സാമ്പത്തിക വളര്‍ച്ചയോടൊപ്പം അക്രമങ്ങള്‍, റോഡപകടങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, കുടുംബ തകര്‍ച്ചകള്‍, കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ പല സാമൂഹിക പ്രശ്‌നങ്ങളെയും ഇല്ലാതാക്കാന്‍ ഇതിലൂടെ സാധ്യമാവും.