22 Sunday
December 2024
2024 December 22
1446 Joumada II 20

കോനാരി അബ്ദുറഹ്്മാന്‍ ഹാജി; വിദ്യാഭ്യാസ – കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സപര്യയാക്കിയ വ്യക്തിത്വം

ശാക്കിര്‍ബാബു കുനിയില്‍


ജീവകാരുണ്യ, വിദ്യാഭ്യാസ-സാംസസ്‌കാരിക-മത-സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൊതുപ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ചേളാരി കൂട്ടുമൂച്ചി സ്വദേശി കോനാരി അബ്ദുറഹ്്മാന്‍ ഹാജി. കോനാരി അലവി ഹാജിയുടെയും കരുവന്‍തിരുത്തി ഇല്ലത്ത് കളത്തിങ്ങല്‍ കദീസക്കുട്ടിയുടെയും മകനായി 1950ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. നല്ല അക്ഷരാഭ്യാസമുണ്ടായിരുന്ന ഉമ്മയില്‍ നിന്നാണ് പ്രാരംഭ പഠനം നടത്തിയത്. പിന്നീട് ഫാറൂഖ്് കോളജില്‍ നിന്ന് ബോട്ടണിയില്‍ നിന്ന് ബിരുദം നേടിയെങ്കിലും പിതാവിന്റെ ബിസിനസില്‍ സഹായിയായി പ്രവര്‍ത്തിക്കാനാണ് അദ്ദേഹം താല്‍പര്യപ്പെട്ടത്. പോസ്റ്റല്‍ വകുപ്പില്‍ ജോലി ലഭിച്ചുവെങ്കിലും ബിസിനസിലെ താല്‍പര്യം കാരണം അത് ഉപേക്ഷിച്ചു.
ബിസിനസിലൂടെ സമ്പത്ത് കുന്നുകൂട്ടുക എന്നതിനു പകരം സഹജീവികളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കി അതിന് പരിഹാരം കണ്ടെത്താന്‍ അദ്ദേഹം പരിശ്രമിച്ചു. ബിസിനസിനെ തന്റെ സ്വര്‍ഗപ്രവേശത്തിനുള്ള മാര്‍ഗമാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. നാട്ടിലെയും മറുനാടുകളിലെയും നിരവധി വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായി. പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ അതിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നു. എബിലിറ്റി ജന.സെക്രട്ടറി അഡ്വ. കോനാരി യൂനുസ് സലീമിന് അതിന് പ്രചോദനമായത് പിതാവിന്റെ ജീവകാരുണ്യ തല്‍പരതയായിരുന്നു.
ബിസിനസ് ആവശ്യാര്‍ഥം കോഴിക്കോട്ട് വരുമ്പോള്‍ മുജാഹിദ് പള്ളികളിലെ ഖുത്ബകള്‍ ശ്രവിച്ചാണ് അദ്ദേഹം ഇസ്്‌ലാഹി ആദര്‍ശം സ്വീകരിച്ചത്. തുടര്‍ന്ന് സ്വന്തം നാട്ടില്‍ ഇസ്‌ലാഹി ചലനങ്ങള്‍ക്ക് തുടക്കമിടുകയും ദീനീ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.
ചേളാരി കൂട്ടുമൂച്ചി സലഫി മസ്ജിദ് പ്രസിഡന്റ്, പരപ്പനങ്ങാടി എജ്യൂക്കേഷന്‍ കോംപ്ലക്‌സ് ആന്റ് ചാരിറ്റി സെന്റര്‍ വൈസ് പ്രസിഡന്റ്, മമ്പാട് യതീംഖാന പ്രസിഡന്റ്, എം ഇ എസ് കോളജ് കമ്മിറ്റിയംഗം, കേരള സ്‌റ്റേറ്റ് മുസ്്‌ലിം ഓര്‍ഫനേജ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗം, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സംസ്ഥാന സമിതിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
നാടിന്റെയും നാട്ടുകാരുടെയും പൊതുപ്രശ്‌നങ്ങളില്‍ മുന്നില്‍ നിന്ന് പരിഹാരം കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വികസനം എന്തെന്നറിയാതെ ഇരുട്ടില്‍ കഴിഞ്ഞ കൊടക്കാട് പ്രദേശത്ത് റോഡ്, പാലം, വൈദ്യുതി, ടെലിഫോണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ കൊണ്ടുവരുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. മര്‍ഹൂം അവുക്കാദര്‍ കുട്ടി നഹ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ തന്റെ ആത്മബന്ധം ഉപയോഗിച്ച് നാടിനെ വികസനത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
നാട്ടിലും മറുനാട്ടിലുമുള്ള ആയിരങ്ങള്‍ക്ക് അത്താണിയായിരുന്നു അദ്ദേഹത്തിന്റെ വീട്. ഈ വിഷയത്തില്‍ അദ്ദേഹത്തിന് ഏറെ പിന്തുണ നല്‍കാന്‍ ഭാര്യ മര്‍ഹൂം കാഞ്ഞിരാല ഖദീജക്കും സാധിച്ചിരുന്നു. സമകാലിക വിഷയങ്ങളില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്ന അബ്ദുറഹ്്മാന്‍ ഹാജിക്ക് വിദ്യാഭ്യാസ മേഖലയില്‍ വേറിട്ട കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. തന്റെ കാലശേഷവും സമൂഹത്തിനായുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ കുടുംബത്തിന് പ്രചോദനം നല്‍കിക്കൊണ്ടാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top