21 Saturday
December 2024
2024 December 21
1446 Joumada II 19

ദുഹാ നമസ്‌കാരവും പ്രമാണങ്ങളും

പി കെ മൊയ്തീന്‍ സുല്ലമി


ദുഹാ നമസ്‌കാരത്തിന്റെ പ്രാമാണികതയെ സംബന്ധിച്ച് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നത് വസ്തുതയാണ്. അതിനു ചില കാരണങ്ങളുമുണ്ട്. ഒന്ന് താഴെ വരുന്ന ഹദീസുകളാണ് അതിനു കാരണം. ”മുവര്‍രിഖ്(റ) പ്രസ്താവിച്ചു: ഞാന്‍ ഇബ്‌നു ഉമറി(റ)നോട് ചോദിച്ചു. താങ്കള്‍ ദുഹാ നമസ്‌കരിക്കാറുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. ഞാന്‍ ഉമറി(റ)നോട് അപ്രകാരം ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇല്ല. ഞാന്‍ അബൂബക്കറി(റ)നോട് അപ്രകാരം ചോദിച്ചു: അദ്ദേഹം പറഞ്ഞു: ഇല്ല. ഞാന്‍ അപ്രകാരം നബി(സ)യോട് ചോദിച്ചു. അവിടന്ന് പറഞ്ഞു: ഞാനത് ഓര്‍ക്കുന്നില്ല” (ബുഖാരി 1175, യാത്രയില്‍ ദുഹാ നമസ്‌കരിക്കുന്ന അധ്യായം).
ഇതേ അധ്യായത്തില്‍ തന്നെ ഇമാം ബുഖാരി(റ) ഉദ്ധരിച്ച മറ്റൊരു ഹദീസ്: ”ഉമറുബ്‌നു മുര്‍റത്ത്(റ) പ്രസ്താവിച്ചു. അബ്ദുര്‍റഹ്മാനുബ്‌നു അബീലൈല(റ) പ്രസ്താവിച്ചതായി ഞാന്‍ കേട്ടു: ഉമ്മുഹാനിഅ് എന്ന സ്ത്രീയല്ലാതെ നബി(സ) ദുഹാ നമസ്‌കരിക്കുന്നത് കണ്ടതായി നമ്മോട് ആരും തന്നെ പറഞ്ഞിട്ടില്ല. അവര്‍ പറഞ്ഞു: നബി(സ) മക്കാ വിജയദിവസം അവരുടെ വീട്ടില്‍ പ്രവേശിക്കുകയും കുളിക്കുകയും എട്ടു റക്അത്ത് ദുഹാ നമസ്‌കരിക്കുകയും ചെയ്തു. അവിടന്ന് റുകൂഉും സുജൂദും പൂര്‍ത്തീകരിക്കാത്ത വിധം അപ്രകാരം ലഘുവായി നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല” (ബുഖാരി 1176).
1175ാം നമ്പര്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തി: ”ഇബ്‌നു ഉമര്‍(റ) ഇവിടെ നിഷേധിക്കുന്നത് ദുഹാ നമസ്‌കാരം സ്ഥിരമായി (നിര്‍ബന്ധം) എന്ന നിലയിലും പ്രകടമായി പള്ളിയില്‍ അത് ജമാഅത്തായി നിര്‍വഹിക്കുന്നതിനെ സംബന്ധിച്ചുമാണ്. കാരണം, അത് സുന്നത്തിനു വിരുദ്ധമാണ്. അപ്രകാരം ദുഹാ നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കുന്നതിനെ ഇബ്‌നു മസ്ഊദ്(റ) എതിര്‍ത്തിരുന്നതായി ഇബ്‌നു അബീശൈബ(റ) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം വീട്ടില്‍ വെച്ച് നിര്‍വഹിക്കാനാണ് കല്‍പിച്ചത്” (ഫത്ഹുല്‍ബാരി 4:85).
1176ാം നമ്പര്‍ ഹദീസിനെ വിശദീകരിച്ച് ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തി: ”ദുഹാ നമസ്‌കാരം ലഘൂകരിക്കാമെന്നതിന് ഹദീസില്‍ തെളിവുണ്ട്” (ഫത്ഹുല്‍ബാരി 4:86). മേല്‍പറഞ്ഞ രണ്ടാമത്തെ ഹദീസിനെക്കുറിച്ച് ഇബ്‌നു അബ്ദുല്‍ ബര്‍റ്(റ) ഇക്‌രിമ(റ) വഴിയായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്: ”ദുഹാ നമസ്‌കാരം ഏറ്റവും കൂടിയത് എട്ടു റക്അത്താണെന്ന് ഹദീസില്‍ തെളിവുണ്ട്” (ഫത്ഹുല്‍ബാരി 4:86).
സ്വഹീഹുല്‍ ബുഖാരിയിലെ മറ്റൊരു അധ്യായം ഇപ്രകാരമാണ്: ”ദുഹാ നമസ്‌കരിക്കുന്നവന്റെ അധ്യായം. അത് ഉപേക്ഷിക്കല്‍ അനുവദനീയമാണ്” (ഫത്ഹുല്‍ബാരി 4:88). പ്രസ്തുത അധ്യായത്തിലെ ഒരു ഹദീസ് ഇപ്രകാരമാണ്: ”ആഇശ(റ) പ്രസ്താവിച്ചു: നബി(സ) ദുഹാ നമസ്‌കാരം (പതിവാക്കുന്നതായി) ഞാന്‍ കണ്ടിട്ടില്ല. അത് ഒരു പുണ്യകര്‍മമായി ഞാന്‍ കാണുന്നു” (ബുഖാരി 1177).
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം ബൈഹഖി പ്രസ്താവിച്ചു: ”ഞാന്‍ അപ്രകാരം കണ്ടിട്ടില്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ‘പതിവാക്കുന്ന’തായി കണ്ടിട്ടില്ലയെന്നാണ്” (ഫത്ഹുല്‍ബാരി 4189).
അബൂഹുറൈറ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”എന്റെ കൂട്ടുകാരന്‍ (നബി) മൂന്നു കാര്യങ്ങള്‍ എന്നോട് ബലമായി കല്‍പിച്ചു. മരണം വരെ ഞാന്‍ അതില്‍ ഉപേക്ഷ വരുത്തുന്നതല്ല. എല്ലാ മാസവും മൂന്നു ദിവസത്തെ നോമ്പ്, ദുഹാ നമസ്‌കാരം, ഉറങ്ങുന്നതിനു മുമ്പ് വിത്ര്‍ നമസ്‌കാരം എന്നിവയാണവ” (ബുഖാരി 1178). സ്വഹീഹ് മുസ്‌ലിമിലെ ഒരധ്യായം ഇപ്രകാരമാണ്: ”ദുഹാ നമസ്‌കാരം സുന്നത്താകുന്ന അധ്യായം. അതില്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് റക്അത്തും ഏറ്റവും കൂടിയത് എട്ട് റക്അത്തും മധ്യനിലവാരത്തില്‍ നാല് റക്അത്തുമാണ്” (സ്വഹീഹ് മുസ്‌ലിം 3:246).
ഈ അധ്യായത്തില്‍ വന്ന ആദ്യത്തെ ഹദീസ്: ”അബ്ദുല്ലാഹിബ്‌നു ശഖീഖ്(റ) പ്രസ്താവിച്ചു: ഞാന്‍ ആയിശ(റ)യോട് ചോദിച്ചു. നബി(സ) ദുഹാ നമസ്‌കരിക്കാറുണ്ടായിരുന്നോ? അവര്‍ പറഞ്ഞു: ഇല്ല, യാത്രയില്‍ നിന്നു മടങ്ങിവരുമ്പോഴല്ലാതെ” (മുസ്‌ലിം 717).
ആയിശ(റ)യുടെ ചില റിപ്പോര്‍ട്ടുകളും ഇബ്‌നു ഉമറി(റ)ന്റെ ചില റിപ്പോര്‍ട്ടുകളുമാണ് ദുഹാ നമസ്‌കാരത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്. പക്ഷേ, ഹദീസുകള്‍ മുഴുവന്‍ വീക്ഷിക്കുമ്പോഴും പണ്ഡിതന്മാരുടെ വിശദീകരണം ശ്രദ്ധിക്കുമ്പോഴും സംശയം തീരുന്നതാണ്.
”ആയിശ(റ) പ്രസ്താവിച്ചതായി ഉര്‍വ(റ) പറഞ്ഞു: നബി(സ) ദുഹാ നമസ്‌കരിക്കുന്നതായി ഞാന്‍ തീരെ കണ്ടിട്ടില്ല. തീര്‍ച്ചയായും ഞാനത് അനുഷ്ഠിക്കാറുണ്ടായിരുന്നു. ജനങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണത്താല്‍ ചില കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ നബി(സ)ക്ക് താല്‍പര്യമുണ്ടായിരുന്നെങ്കിലും (സ്ഥിരമായി) നബി(സ) അപ്രകാരം അനുഷ്ഠിക്കാറുണ്ടായിരുന്നില്ല” (മുസ്‌ലിം 718).
ഇവിടെ നബി(സ) ദുഹാ നമസ്‌കാരം അനുഷ്ഠിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല എന്ന് ആയിശ(റ) പറഞ്ഞതിന്റെ വിവക്ഷ, സ്ഥിരമായി നബി(സ) അപ്രകാരം നമസ്‌കരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ലായെന്നാണ്. അല്ലാതെ നബി(സ) തീരെ ദുഹാ നമസ്‌കരിച്ചിരുന്നില്ല എന്നല്ല. അത് ഹദീസില്‍ നിന്നും അതിന്റെ വ്യാഖ്യാനത്തില്‍ നിന്നും ശേഷം വരുന്ന ഹദീസില്‍ നിന്നും ബോധ്യപ്പെടുന്നതാണ്.
ഇമാം നവവി(റ)യുടെ പ്രസ്താവന: ”ഈ അധ്യായത്തില്‍ ആഇശ(റ) പറഞ്ഞത് നബി(സ) യാത്രയില്‍ നിന്നും മടങ്ങിവരുമ്പോഴല്ലാതെ സ്ഥിരമായി തീരെ ദുഹാ നമസ്‌കരിക്കാറുണ്ടായിരുന്നില്ലയെന്നാണ്. അപ്രകാരമല്ലാതെ അവര്‍ കണ്ടിട്ടില്ലയെന്നാണ്. തീര്‍ച്ചയായും അവരത് നമസ്‌കരിക്കാറുണ്ടായിരുന്നു. നബി(സ)ക്ക് ഒരു കര്‍മം അനുഷ്ഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും ശരി, നബി(സ) അത് സ്ഥിരമായി അനുഷ്ഠിച്ചാല്‍ നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണം അത്തരം കര്‍മങ്ങള്‍ സ്ഥിരമായി അനുഷ്ഠിക്കാതെ ഒഴിവാക്കുകയെന്നതായിരുന്നു അവിടത്തെ സമ്പ്രദായം” (ശറഹു മുസ്‌ലിം 3:250).
നബി(സ) ദുഹാ നമസ്‌കാരം എന്ന സുന്നത്ത് നിലനിര്‍ത്തിയിരുന്നു എന്ന് ആയിശ(റ)യില്‍ നിന്നു ഉദ്ധരിക്കുന്ന ഹദീസ് വ്യക്തമാക്കുന്നു: ”ആയിശ(റ) അവരോട് പറഞ്ഞതായി മുആദത്ത് എന്ന സ്ത്രീ പ്രസ്താവിച്ചു. നബി(സ) എത്ര റക്അത്തായിരുന്നു ദുഹാ നമസ്‌കരിച്ചിരുന്നത് എന്ന് അവര്‍ ആയിശ(റ)യോട് ചോദിച്ചു. (ആയിശ) പറഞ്ഞു: നാല് റക്അത്തുകള്‍. അവിടന്ന് ഉദ്ദേശിക്കുന്നപക്ഷം റക്അത്തുകള്‍ വര്‍ധിപ്പിക്കും” (മുസ്‌ലിം 719). അതിനും താഴെ വരുന്ന ഹദീസില്‍ ഇപ്രകാരമാണ്: ”നബി(സ) നാലു റക്അത്തായിരുന്നു ദുഹാ നമസ്‌കരിച്ചിരുന്നത്. അല്ലാഹു ഉദ്ദേശിക്കുന്നത്ര വര്‍ധിപ്പിക്കുകയും ചെയ്യും” (മുസ്‌ലിം, ഇബ്‌നുമാജ). ഇതും ആയിശ(റ)യില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ്.
സ്വഹീഹുല്‍ ബുഖാരിയില്‍ ഉമ്മു ഹാനിഇല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് സ്വഹീഹ് മുസ്‌ലിമിലും വന്നിട്ടുണ്ട്. ”നബി(സ) മക്കാ വിജയദിവസം അവരുടെ വീട്ടില്‍ പ്രവേശിക്കുകയും എട്ട് റക്അത്ത് ദുഹാ നമസ്‌കരിക്കുകയും ചെയ്തു” (മുസ്‌ലിം 336).
അബൂഹുറൈറ(റ)യില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസ് ഇമാം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. ”അബൂഹുറൈറ(റ) പ്രസ്താവിച്ചു: എന്റെ കൂട്ടുകാരന്‍ (നബി) മൂന്ന് കാര്യങ്ങള്‍ എന്നോട് ബലമായി കല്‍പിച്ചു: ഉറങ്ങുന്നതിനു മുമ്പ് വിത്‌റ് നമസ്‌കരിക്കുക, രണ്ട് റക്അത്തുകള്‍ വീതം ദുഹാ നമസ്‌കരിക്കുക, എല്ലാ ഓരോ മാസവും മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക എന്നിവയാണവ” (മുസ്‌ലിം 721).
അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”എന്റെ ചങ്ങാതി (നബി) മൂന്നു കാര്യങ്ങള്‍ എന്നോട് ബലമായി കല്‍പിക്കുകയുണ്ടായി. അതൊരിക്കലും ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും ഉപേക്ഷ വരുത്തുന്നതല്ല. വിത്ര്‍ നമസ്‌കരിക്കുന്നതുവരെ ഞാന്‍ ഉറങ്ങുന്നതല്ല. ദുഹാ നമസ്‌കാരം, എല്ലാ ഓരോ മാസവും മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക എന്നിവയാണവ” (മുസ്‌ലിം 722).
സ്വഹീഹു മുസ്‌ലിമിലെ ഹദീസുകള്‍ മുഴുവന്‍ ഉദ്ധരിച്ചതിനു ശേഷം ഇമാം നവവി രേഖപ്പെടുത്തി: ”ഇപ്പറഞ്ഞ ഹദീസുകളില്‍ അടിയുറപ്പുള്ള പണ്ഡിതന്മാരെല്ലാം ഏകോപിച്ചിരിക്കുന്നു. അവര്‍ക്കിടയില്‍ ദുഹാ നമസ്‌കാരത്തിന്റെ വിഷയത്തില്‍ യാതൊരു ഭിന്നിപ്പുമില്ല. അതിന്റെ ചുരുക്കം ഇപ്രകാരമാണ്: ദുഹാ നമസ്‌കാരം പ്രബലമായ സുന്നത്താണ്. ഏറ്റവും കുറഞ്ഞത് രണ്ട് റക്അത്തും പൂര്‍ണമായത് എട്ട് റക്അത്തും മധ്യനിലവാരത്തിലുള്ളത് നാലോ അല്ലെങ്കില്‍ ആറോ റക്അത്തുകളുമാകുന്നു” (ശറഹു മുസ്‌ലിം 3:251).
ഇബ്‌നു ഉമറി(റ)ല്‍ നിന്നു വന്ന ഒരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ”മുജാഹിദ്(റ) പ്രസ്താവിച്ചു: ഞാനും ഉര്‍വതുബ്‌നു സുബൈറും പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ആയിശ(റ)യുടെ റൂമിനോട് ചാരി ഇരിക്കുന്നുണ്ട്. അപ്പോള്‍ കുറേ ആളുകള്‍ പള്ളിയില്‍ ദുഹാ നമസ്‌കരിക്കുന്നുണ്ട്. അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തോട് (ഇബ്‌നു ഉമറിനോട്) ചോദിച്ചു: ഈ നമസ്‌കാരം എന്താണ്? അദ്ദേഹം പറഞ്ഞു. ബിദ്അത്താണ്” (മുസ്‌ലിം). ഇത് മൂന്നു നിലയില്‍ ശരിയല്ല. ഒന്ന്, ബിദ്അത്താണെന്ന് അദ്ദേഹം പറഞ്ഞത്, ദുഹാ നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കുന്നതിനെ സംബന്ധിച്ചാണ്. ഫത്ഹുല്‍ബാരി 4:85 കാണുക.
ഇമാം ശാത്വബി ഈ ഹദീസിനെ സംബന്ധിച്ച് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”ഇമാം ത്വര്‍ത്വൂശി(റ) പറഞ്ഞു: ഈ ഹദീസിന് രണ്ട് അവസ്ഥയുണ്ട്. അത് ഒന്നുകില്‍ അവര്‍ ജമാഅത്തായി നമസ്‌കരിച്ചതിനെ സംബന്ധിച്ചാണ് (ബിദ്അത്ത്) എന്ന് പറഞ്ഞത്. അല്ലെങ്കില്‍ നിര്‍ബന്ധ നമസ്‌കാര ശേഷം (റവാതിബ്) സുന്നത്തുകള്‍ പോലെ പതിവാക്കുന്നതിനെ സംബന്ധിച്ചാണ്” (അല്‍ഇഅ്തിസ്വാം 2:712).
നബി(സ)യുടെ സ്ഥിരപ്പെട്ട ചര്യക്കെതിരില്‍ ഇബ്‌നു ഉമറി(റ)നെപ്പോലുള്ള സ്വഹാബിമാര്‍ ഒറ്റപ്പെട്ടു പറയുന്ന അഭിപ്രായങ്ങള്‍ ദീനീപ്രമാണമല്ല. ഇമാം ശാഫിഈ(റ)യുടെ അര്‍രിസാല പേജ് 511, ഇമാം നവവി(റ)യുടെ ശറഹു മുസ്‌ലിം 155, ഇമാം ഗസ്സാലിയുടെ അല്‍മുസ്തസ്ഫ 1:262, ഇമാം സുബുകിയുടെ ജംഉല്‍ ജവാമിഅ് 2:370, ഇമാം ഇബ്‌നു ബദറാനുദ്ദിമീശ്ഖിയുടെ അല്‍മദ്ഖല്‍ പേജ് 26 എന്നിവ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.

Back to Top