പുതിയ പ്രഭാതത്തിന് രണ്ട് പതിറ്റാണ്ട്
2002 ആഗസ്റ്റ് 23 വെള്ളി. അന്ന് പുറത്തിറങ്ങിയ ശബാബ് വാരികയില്‍ ‘മിറ്റ്’ എഴുതിയ മുഖലേഖനത്തിന്റെ തലക്കെട്ട് ‘പുതിയ പ്രഭാതം പുതിയ പ്രതീക്ഷകള്‍’ എന്നായിരുന്നു. 2002-ലാണ് മുജാഹിദ് പ്രസ്ഥാനത്തില്‍ പിളര്‍പ്പുണ്ടാകുന്നത്. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച ഒരു പ്രസ്ഥാനം ഭിന്നിച്ചുപോകുന്നതിനെ തടഞ്ഞുനിര്‍ത്താന്‍ പല വഴിക്ക് ശ്രമങ്ങളുണ്ടായി. എന്നാല്‍ ഈ പ്രസ്ഥാനത്തെ പിളര്‍ത്തിയേ അടങ്ങൂ എന്ന വാശിക്കു മുമ്പില്‍ അഭ്യുദയകാംക്ഷികള്‍ നിസ്സഹായരായി നിന്നു. ചൂണ്ടിക്കാണിക്കാന്‍ ഒരു കാരണവുമില്ലാതെ ഐ എസ് എമ്മിനെ പിരിച്ചുവിടാന്‍ രാപ്പകല്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ഐ എസ് എമ്മിന്റെ മുഖപത്രമായ ശബാബ് ഉന്നയിച്ച വാദങ്ങളും വരാന്‍ പോകുന്ന ഭീഷണികളും, അക്ഷരാര്‍ഥത്തില്‍ പുലരുന്നതാണ് പിന്നീട് നാം കാണുന്നത്. ഗള്‍ഫ് സലഫിസവും ജിന്ന് സേവയും മന്‍ഹജ് വാദവുമാണ് യഥാര്‍ഥ തൗഹീദ് എന്ന വാദഗതിക്കാരുടെ പിന്നീടുള്ള പരിണാമത്തിന് കേരളം സാക്ഷിയാണ്. ഇറക്കുമതി ചെയ്യുന്ന ആശയങ്ങളും ചിന്താധാരകളും കേരളത്തിന്റെ മുസ്‌ലിം നവോത്ഥാന മുന്നേറ്റത്തിന് തുരങ്കംവെക്കുമെന്ന് ഐ എസ് എം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അന്നുയര്‍ത്തിയ ആദര്‍ശ വ്യതിയാന ആരോപണങ്ങള്‍ പുകമറ മാത്രമായിരുന്നുവെന്ന് ഇസ്‌ലാഹി കേരളം അധികം വൈകാതെ തിരിച്ചറിഞ്ഞു. പിളര്‍പ്പിന്റെ ആദ്യ ദശകം പിന്നിടുമ്പോള്‍ തന്നെ ആരോപണങ്ങളുടെ പിന്നാമ്പുറങ്ങളും പൊള്ളത്തരങ്ങളും മുസ്‌ലിം കൈരളിക്ക് ബോധ്യപ്പെടുകയുണ്ടായി.
ആദര്‍ശവ്യതിയാനത്തിന്റെ പേരില്‍ പ്രചരിപ്പിച്ച ദുരാരോപണങ്ങളും അപവാദങ്ങളും ആരോപകരിലേക്ക് തന്നെ തിരിച്ചുവരുന്ന ചരിത്രത്തിന്റെ കാവ്യനീതിയാണ് പിന്നീടുണ്ടായത്. ഇസ്‌ലാഹി പ്രസ്ഥാനത്തിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് കേരളത്തിന്റെ പൊതുമണ്ഡലത്തിലും സാമൂഹിക ബന്ധങ്ങളിലും ഉണ്ടാക്കിയ വിള്ളല്‍ പ്രത്യേകമായി പഠിക്കേണ്ട ഒന്നാണ്. ശുദ്ധമായ തൗഹീദും ശുദ്ധമായ നാടും രാജ്യവും ഒക്കെ തേടിയുള്ള യാത്രകള്‍ പുറപ്പെട്ടുവെന്ന് മാത്രമല്ല, ഇസ്‌ലാഹി പ്രസ്ഥാനം പുലര്‍ത്തിപ്പോന്നിരുന്ന രീതിശാസ്ത്രവും പ്രയോഗവത്കരിച്ചിരുന്ന സാമൂഹിക ശാസ്ത്രവും ഹറാമും വഴികേടുമാണെന്ന് തീര്‍പ്പു കല്‍പിക്കുന്ന പ്രഭാഷണങ്ങളും എഴുത്തുകളും വ്യാപകമായി. 2002-ല്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ചും ആദര്‍ശ നയനിലപാടുകളെക്കുറിച്ചും ഐ എസ് എം സ്വീകരിച്ച സമീപനം, സത്യസന്ധവും നീതിപൂര്‍വകവുമായിരുന്നു. അന്നതിനെ തിരസ്‌കരിച്ചവര്‍ക്ക് പാളയത്തില്‍ നിന്നു തന്നെ തിക്താനുഭവങ്ങള്‍ നേരിട്ടപ്പോള്‍, മര്‍കസുദ്ദഅ്‌വ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ദീര്‍ഘവീക്ഷണത്തെയും അഭിപ്രായസ്ഥൈര്യത്തെയും പൊതുസമൂഹം അഭിനന്ദിക്കുകയുണ്ടായി. പൊതു മുസ്‌ലിം സമക്ഷത്തില്‍ പരിഹാസ്യരാകും വിധം പിളര്‍പ്പുകളുടെ നീണ്ട നിര തന്നെ പിന്നീടുണ്ടായി. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുക എന്ന സ്ഥിതി പക്ഷെ, മര്‍കസുദ്ദഅ്‌വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായില്ല.
പതിനാല് വര്‍ഷങ്ങള്‍ക്കും മൂന്ന് സംസ്ഥാന സമ്മേളനങ്ങള്‍ക്കും ശേഷം മുജാഹിദ് പ്രസ്ഥാനത്തില്‍ സാങ്കേതികമായി ഐക്യമുണ്ടായെങ്കിലും അത് അധികനാള്‍ നീണ്ടുനിന്നില്ല. 2002-ലുണ്ടായ പിളര്‍പ്പിലെ ആശയപരമായ ചര്‍ച്ചകളില്‍ കടന്നുവന്നിരുന്ന ചില അടിസ്ഥാന ആദര്‍ശങ്ങളും സമീപനങ്ങളും ഐക്യത്തിനു ശേഷവും പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചു. കൂടോത്രത്തിന് യാഥാര്‍ഥ്യമുണ്ടോ എന്ന ചോദ്യം പോലെ പ്രസക്തമാണ്, ആ ചോദ്യത്തിന്റെ ഉത്തരത്തിന് സ്വീകരിക്കുന്ന രീതിശാസ്ത്രം ഏതാണ് എന്നതും. പ്രമാണങ്ങളോടുള്ള ഐക്യ പ്രസ്ഥാനത്തിന്റെ സമീപനം, ഇസ്‌ലാഹി പ്രസ്ഥാനത്തിന്റേതായിരിക്കുമെന്ന തീരുമാനം ആദ്യഘട്ടത്തില്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍, ആദ്യ പിളര്‍പ്പില്‍ തന്നെ രീതിശാസ്ത്രപരമായ വ്യതിയാനം എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട തിസീസുകളുടെ ബാക്കിപത്രങ്ങള്‍ പല രൂപത്തില്‍ ഇന്നും അവശേഷിക്കുന്നുവെന്നതാണ് ഐക്യം നീണ്ടുപോകാതിരുന്നതിന്റെ അടിസ്ഥാന കാരണം.
കാലക്രമത്തില്‍ മുജാഹിദുകള്‍ കിടന്നനുഭവിച്ച പ്രൊക്രൂസ്റ്റസിന്റെ കട്ടിലുകളും നവയാഥാസ്ഥിതികതയുടെ പുകമറകളും പലര്‍ക്കും വെളിച്ചമേകിയിട്ടുണ്ടാകും എന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന് ഏതാനും മാസങ്ങള്‍ കൊണ്ട് തിരിച്ചറിഞ്ഞു. മര്‍കസുദ്ദഅ്‌വ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനം പൂര്‍വരൂപത്തിലേക്ക് മടങ്ങിവന്നു. പക്ഷേ, ചരിത്രത്തിലെ ക്രൂരഹാസ്യങ്ങള്‍ ഈ ഘട്ടത്തിലും ആവര്‍ത്തിക്കുന്നുവെന്നതാണ് വിരോധാഭാസം. പ്രബോധനരംഗം മത്സരമാക്കുകയും പ്രസ്ഥാനത്തിന്റെ പൊതുമുതലുകള്‍ ലെറ്റര്‍പാഡിന്റെയും സീലിന്റെയും പേരില്‍ കോടതിവ്യവഹാരങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്ത കാലത്ത് പ്രബുദ്ധതയുടെയും ഗുണകാംക്ഷയുടെയും ക്ഷമയുടെയും മാര്‍ഗമവലംബിക്കാനാണ് നേതൃത്വം ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ മുജാഹിദ് ആദര്‍ശത്തിന്റെ നിഷ്‌ക്രിയ ദയാവധത്തിന് കൂട്ട്‌നില്‍ക്കാത്തവര്‍ക്കു നേരെ അസ്ത്രങ്ങളയക്കാന്‍ അധ്വാനിക്കുകയാണ് ചിലര്‍. അയച്ച അസ്ത്രങ്ങള്‍ തങ്ങളിലേക്ക് തന്നെ തിരിച്ചു വന്ന ചരിത്രപാഠം ഓര്‍ക്കുന്നത് നല്ലതാണെന്ന് ഉണര്‍ത്തട്ടെ.