20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ലോട്ടറി, മദ്യം; സാമ്പത്തിക വരുമാനവും സാമൂഹിക സുരക്ഷിതത്വവും

സഈദ് പൂനൂര്‍


ചൂഷണാത്മകമായ സാമ്പത്തിക നയങ്ങളില്‍ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയാണ് സാമൂഹിക ആഘാതങ്ങള്‍ക്ക് ഹേതുവാകുന്നത്. സാമ്പത്തിക നീതി, ദാരിദ്ര്യ നിര്‍മാര്‍ജനം, സന്തുലിതമായ സാമൂഹിക വളര്‍ച്ച, പണമിടപാടുകളിലെ സുതാര്യത തുടങ്ങിയവയാണ് സുഭദ്രമായ സമൂഹത്തിന്റെ നിര്‍മിതിയിലെ നിര്‍ണായക ഘടകങ്ങള്‍. അവ അനിയന്ത്രിതമായി താളം തെറ്റുമ്പോള്‍ നിര്‍മാണാത്മകമായ സാമൂഹിക പരിതഃസ്ഥിതി സാധ്യമല്ലാതാവും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളോടെ വരുംതലമുറകളെ പോലും അത് ബാധിക്കുകയും ചെയ്യും. രാജ്യത്തിന്റെ ജീവിതവിഭവങ്ങള്‍ കൊണ്ട് ചൂതാടിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള സാമ്പത്തിക വീക്ഷണം ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ മര്‍മമായിരുന്നു. ചൂഷണ മുക്തമായ രാജ്യം വിഭാവനം ചെയ്ത രാഷ്ട്രപിതാവിന്റെ കാഴ്ചപ്പാടുകള്‍ സ്വീകരിച്ചുവെന്നതല്ലാതെ ചൂഷണത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാനുള്ളതൊന്നും ചെയ്യാനാവുന്നില്ലെന്ന് പ്രതിവര്‍ഷം ആനുപാതികമായി ഉയരുന്ന മദ്യാസക്തിയും ലോട്ടറി ഭ്രമവും രാജ്യത്തിന് ബോധ്യപ്പെടുത്തിത്തരികയാണ്.
രാജ്യത്ത് തഴച്ചു വളര്‍ന്ന ലോട്ടറി മാഫിയയെ നിയന്ത്രിക്കാനുള്ള ചര്‍ച്ചകളിലൊന്നും മാര്‍ക്‌സിന്റെയോ ഗാന്ധിജിയുടെയോ ഇതര ആചാര്യന്മാരുടെയോ സിദ്ധാന്തങ്ങള്‍ക്ക് സ്ഥാനമില്ല. അധ്വാനിക്കാതെ കുറുക്കുവഴിയിലൂടെ സമ്പാദിക്കാനുള്ള പ്രവണത തൊഴിലാളികളില്‍ വളര്‍ന്നുവരുന്നതിന്റെ ആഘാതങ്ങള്‍ ഗൗരവമേറിയതുമാണ്. തൊഴിലാളിയുടെ നിത്യവരുമാനം ലോട്ടറി വാങ്ങാന്‍ വിനിയോഗിക്കുന്നത് സാമൂഹിക-സാമ്പത്തിക അഭിവൃദ്ധിക്കും തടസ്സമാണ്.
നയങ്ങള്‍ വന്ന വഴി
ജനകീയ ഇടപെടലുകള്‍ വഴി മെച്ചപ്പെട്ട സാമൂഹിക വികസനം രൂപപ്പെട്ടുവന്ന സംസ്ഥാനമാണ് കേരളം. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ മുതല്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ വരെ സാമൂഹിക-സാമ്പത്തിക അഭിവൃദ്ധിക്ക് ഊന്നല്‍ നല്‍കിയതായി കാണാം. പക്ഷേ കേരളീയ സാമൂഹിക പരിസരം മുന്‍നിര്‍ത്തി ചരിത്രം പരിശോധിക്കുമ്പോള്‍ ഇവ രണ്ടും സൃഷ്ടിച്ച അതിമാരകമായ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടും.
1967ലാണ് കേരളത്തില്‍ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാറില്‍ നിലവിലുണ്ടായിരുന്ന മദ്യനിരോധനം ഗവണ്‍മെന്റ് എടുത്തുകളഞ്ഞതും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ലോട്ടറി ആരംഭിച്ചതും. വിനാശകരമായ രണ്ടു പദ്ധതികള്‍ വഴി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് തുടക്കം കുറിച്ച വര്‍ഷം. തുടര്‍ന്നുള്ള 43 വര്‍ഷത്തെ നമ്മുടെ ചരിത്രത്തിലെ ദുരനുഭവങ്ങളും വര്‍ത്തമാനത്തിന്റെ ഭീഷണമായ അവസ്ഥാവിശേഷങ്ങളും മദ്യവും ലോട്ടറിയും കേരളീയ സാമൂഹിക മണ്ഡലത്തില്‍ എത്രമേല്‍ ദുരിതപൂര്‍ണമാക്കിയെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. 1967-ല്‍ നിന്ന് 2022ല്‍ എത്തുമ്പോള്‍ മദ്യവും ലോട്ടറിയും വഴി സമൂഹം നേടിയതെന്താണെന്ന് കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ രണ്ടു പ്രശ്‌നങ്ങളെയും പുതിയ കാലത്തിന്റെ വില കുറഞ്ഞ രാഷ്ട്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച്, ചരിത്രത്തിന്റെയും ദര്‍ശനത്തിന്റെയും പിന്‍ബലത്തോടെയാണ് വിശകലനം ചെയ്യേണ്ടത്.
മദ്യത്തിനും ചൂതാട്ടത്തിനുമെതിരെ അതിശക്തമായ നിലപാടെടുക്കേണ്ട മൂന്നു പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഗവണ്‍മെന്റ്, അവയുടെ നടത്തിപ്പുകാരും ലാഭം പറ്റുന്നവരുമായി തരംതാണ വിരോധഭാസത്തിനാണ് 1967ല്‍ കേരളം സാക്ഷ്യം വഹിച്ചത്. എല്ലാവിധ ചൂഷണങ്ങള്‍ക്കുമെതിരിലുള്ള പോരാട്ടവും മര്‍ദിതരുടെയും പട്ടിണിപ്പാവങ്ങളുടെയും തൊഴിലാളി വര്‍ഗത്തിന്റെയും വിമോചനവും എന്നാണ് കമ്മ്യൂണിസം സ്വയം അവകാശപ്പെടുന്നത്. മുതലാളിത്ത ചൂഷണത്തിന്റെ, തൊഴിലാളി മര്‍ദനത്തിന്റെ, സ്ത്രീപീഡനത്തിന്റെ, സാമ്പത്തിക അനീതിയുടെ വലിയ ഉപകരണങ്ങളായ മദ്യത്തെയും ലോട്ടറിയെയും ശക്തമായി എതിര്‍ക്കേണ്ടിയിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികള്‍ തന്നെ അവയുടെ പ്രചാരകരായതാണ് വിരോധാഭാസം.
സാമ്പത്തിക നീതിയും സാമൂഹിക സമത്വവും സുരക്ഷയുമൊക്കെയാണ് സോഷ്യലിസത്തിന്റെ പ്രധാന മുദ്രാവാക്യങ്ങള്‍. ഇവയ്ക്ക് കനത്ത ഭീഷണിയായ മദ്യത്തിനും ചൂതാട്ടത്തിനുമെതിരെ പ്രവര്‍ത്തിക്കേണ്ട ‘സോഷ്യലിസ്റ്റ് പാര്‍ട്ടി’യും പക്ഷേ അതിന്റെ നടത്തിപ്പുകാരായി മുന്നില്‍ നില്‍ക്കുകയായിരുന്നു.
1967ലെ ഇ എം എസ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പി കെ കുഞ്ഞു സാഹിബാണ് ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ അധീനതയില്‍ ലോട്ടറി നടപ്പാക്കുന്നത്. പിന്നിട്ട 53 വര്‍ഷങ്ങളില്‍ കേരള ഖജനാവിലേക്ക് ലോട്ടറിയും മദ്യവും ചൊരിഞ്ഞ പണമാണ് ഉദ്യോഗസ്ഥരുടെ പെന്‍ഷനും ശമ്പളവും സംസ്ഥാന വളര്‍ച്ചയിലെ പ്രധാന മുതല്‍മുടക്കുമായതെന്നത് വസ്തുതയാണ്.
ലോട്ടറി യഥാര്‍ഥത്തില്‍ അലസതയുടെ പര്യായമാണ്. സാധാരണ ജനങ്ങള്‍ക്കിടയില്‍ ഒരുതരം വിഭ്രമമാണ് ലോട്ടറി ഉണ്ടാക്കുന്നത്. അധ്വാനത്തിന്റെ വിയര്‍പ്പ് തൊടാതെത്തന്നെ കോടികള്‍ കൈയില്‍ വരുമെന്ന മിഥ്യാഭ്രമം സൃഷ്ടിച്ചാണ് ലോട്ടറിയുമായി ബന്ധപ്പെട്ട തൊഴില്‍വിപണി രൂപപ്പെടുന്നത്. ഒരര്‍ഥത്തില്‍ ലോട്ടറിയും ഒരു ചൂതാട്ടമാണ്. അതൊരു വരുമാന സ്രോതസ്സായി സര്‍ക്കാരുകള്‍ കാണുമ്പോള്‍ ഭാഗ്യത്തിന്റെ ആവരണം ചാര്‍ത്തി ഭാഗ്യക്കുറിയായി അവതരിപ്പിക്കുന്നു എന്നു മാത്രം. മദ്യശാലകള്‍ക്കു മുമ്പില്‍ ലോട്ടറി കച്ചവടക്കാരെ ധാരാളം കാണാം. മദ്യാസക്തി കൊണ്ട് ജീവിതം തകര്‍ന്നുപോയവനു മുമ്പില്‍ ലോട്ടറി പ്രതീക്ഷകള്‍ സമ്മാനിക്കും. മദ്യവും ലോട്ടറിയും സര്‍ക്കാരിന്റെ വരുമാന മാര്‍ഗമാവുമ്പോള്‍ ധാര്‍മികതയെക്കുറിച്ചോ സാമൂഹിക ആരോഗ്യത്തെക്കുറിച്ചോ സര്‍ക്കാരുകള്‍ ആലോചിക്കില്ല. ‘ഓരോ മനുഷ്യനും ജനിക്കുന്നത് അധ്വാനിക്കാനുള്ള രണ്ടു കൈകളുമായാണ്’ എന്ന മാര്‍ക്‌സിയന്‍ വാക്യം അധ്വാനത്തിന് മറ്റെന്തിനെക്കാളും പരിഗണന നല്‍കാന്‍ വേണ്ടിയാണ് ഉദ്ധരിക്കാറുള്ളത്. കുറുക്കുവഴിയിലൂടെയുള്ള സമ്പാദനത്തിനുള്ള മുന്നറിയിപ്പ് കൂടിയാണിത്. ജനസംഖ്യാ നിയന്ത്രണം അതിരുവിട്ട് മുന്നേറിയ ഒരുകാലത്ത് ചിലര്‍ ഇത് ഉദ്ധരിച്ചിരുന്നു. ഇന്നിപ്പോള്‍ കേരളത്തിലെ അധ്വാനിക്കുന്ന വര്‍ഗം അധ്വാനിക്കാതെ കാശുണ്ടാക്കാവുന്ന മാര്‍ഗമായി ലോട്ടറിയില്‍ അഭയം തേടി പട്ടിണി വിലയ്ക്ക് വാങ്ങുമ്പോള്‍ ഈ മുന്നറിയിപ്പിന്റെ പ്രസക്തി വലുതാണ്. പക്ഷേ, ഈ മുന്നറിയിപ്പ് നന്നായി ബോധ്യപ്പെട്ട കേരളത്തിലെ അധ്വാനിക്കുന്ന വര്‍ഗത്തിലാണ് വിയര്‍പ്പൊഴുക്കാതെ സമ്പാദിക്കാനുള്ള മോഹങ്ങള്‍ ലോട്ടറി സ്വപ്‌നങ്ങളായി തഴച്ചുവളര്‍ന്നത്.

സര്‍ക്കാറിന്റെ വരുമാനം
മദ്യപാനവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. സംസ്ഥാനം നേടിയെടുത്ത സാമൂഹിക-സാംസ്‌കാരിക നേട്ടങ്ങള്‍ക്ക് തടസ്സമായി മദ്യം മാറിയിരിക്കുകയാണ്. മദ്യപാനം സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ കേരളത്തിലെ കുടുംബങ്ങളിലും സമൂഹത്തിലും സമ്പദ്ഘടനയിലും രാഷ്ട്രീയരംഗത്തുമെല്ലാം വര്‍ധിക്കുന്നുണ്ട്. എന്നിട്ടുപോലും മദ്യത്തിനെതിരായ ജനകീയ ഇടപെടലുകള്‍ വളരെ പരിമിതമാണെന്നു മാത്രമല്ല, മദ്യത്തിനുള്ള സാമൂഹിക അംഗീകാരം വര്‍ധിച്ചുവരികയുമാണ്.
സാമ്പത്തിക വളര്‍ച്ച മാത്രമാണ് ഇതിനു പിന്നിലെ മോട്ടീവായി ഉയര്‍ത്തിക്കാട്ടുന്നത്. കേരളം സമരം ചെയ്തു നേടിയ അവകാശങ്ങളും കൈവരിച്ച സാമൂഹിക നേട്ടങ്ങളും കാര്‍ന്നുതിന്നുകയാണ് സമൂഹത്തില്‍ പിടിമുറുക്കിയ മദ്യാസക്തി. ഇത് നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ സാമൂഹിക പുരോഗതിയുടെ സദ്ഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടും.
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാരിനും വലിയ പങ്കാണുള്ളത്. സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ 40 ശതമാനവും മദ്യവില്‍പനയിലൂടെയാണ് സമാഹരിക്കുന്നത്. 2010-2011 ല്‍ 6730 കോടി രൂപ മദ്യവില്‍പനയിലൂടെ ലഭിച്ചപ്പോള്‍ അതില്‍ 5239 കോടി രൂപയും സര്‍ക്കാര്‍ ഖജനാവിലേക്കാണ് ഒഴുകിയത്. കേരളത്തില്‍ സമ്പന്ന വിഭാഗങ്ങളില്‍ നിന്നും മധ്യവര്‍ഗ വിഭാഗത്തില്‍ നിന്നും കൂടുതല്‍ നികുതി പിരിക്കാന്‍ പല കാരണങ്ങള്‍ കൊണ്ടും സര്‍ക്കാരിനു കഴിയുന്നില്ല, തയ്യാറാവുന്നുമില്ല. അതിനാല്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകളെല്ലാം മുഖ്യ വരുമാനമാര്‍ഗമായി കാണുന്നത് മദ്യവില്‍പനയും ലോട്ടറിയുമാണ്. ഇതു രണ്ടും സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്ന ഏര്‍പ്പാടുകളാണ്.
സാമൂഹിക സേവനമേഖലകളെ കച്ചവടച്ചരക്കാക്കിയും പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ചും പൊതുമുതലുകള്‍ കൈയേറിയും അതിസമ്പന്നരായിത്തീര്‍ന്നവരുടെ ഒരു വലിയ നിരയുണ്ട് കേരളത്തില്‍. ആഡംബര ഉപഭോഗങ്ങളുടെ കാര്യത്തില്‍ പരിധി വിട്ട പ്രവര്‍ത്തനമാണ് ഈ സമ്പന്നവിഭാഗങ്ങള്‍ നടത്തുന്നത്. ഇത്തരക്കാരില്‍ നിന്ന് കനത്ത നികുതികളിലൂടെയും ഫീസുകളിലൂടെയും സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനു പകരം സാധാരണ ജനങ്ങളെ കൊള്ളയടിച്ചു നശിപ്പിക്കുന്ന മദ്യവില്‍പനയെ സര്‍ക്കാര്‍ ആശ്രയിക്കുന്നത് അധാര്‍മികമാണ്, കുറ്റകരമാണ്. സാമ്പത്തിക വളര്‍ച്ച മാത്രം നോക്കി നാടിന്റെ പുരോഗതി വിലയിരുത്തുന്ന നവലിബറല്‍ നയങ്ങളും മദ്യപാനാസക്തി വളര്‍ത്തുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്. മദ്യത്തിന്റെ ഉല്‍പാദനവും ഉപഭോഗവും വര്‍ധിക്കുന്നത് സാമ്പത്തിക വളര്‍ച്ചയിലും പ്രതിഫലിക്കുമെന്നത് ഇത്തരം വ്യവസായങ്ങളെ കാര്യമായി സഹായിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.
ലോട്ടറിയുടെ പിന്നാമ്പുറവും പ്രത്യാഘാതങ്ങളും
സ്റ്റേറ്റ് അടിസ്ഥാനത്തില്‍ ലോട്ടറികള്‍ നടത്താന്‍ തുടങ്ങിയത് 15ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നെങ്കിലും ചൂതാട്ടത്തിന്റെ വിവിധ രീതികള്‍ അതിനും എത്രയോ മുമ്പുതന്നെ പല രാജ്യങ്ങളിലും സമൂഹങ്ങളിലും വ്യത്യസ്ത രൂപങ്ങളില്‍ നിലവിലുണ്ടായിരുന്നു. ‘ദ്യൂതം’ എന്നറിയപ്പെടുന്ന ചൂതുകളി ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന വിനോദമായിരുന്നു. നള മഹാരാജാവും യുധിഷ്ഠിര ചക്രവര്‍ത്തിയും ചൂതാട്ടത്തിന്റെ ദുരന്ത കഥാപാത്രങ്ങളാണ്. ചന്ദ്രഗുപ്തന്റെ ഭരണകാലത്ത് (1329-26 ബി.സി) ഭരണകൂടത്തിന്റെ ചുമതലയില്‍ ‘ചൂതാട്ട വകുപ്പ്’ പ്രവര്‍ത്തിച്ചിരുന്നുവത്രേ. ഗുരുതരമായ സാമൂഹിക-സാമ്പത്തിക ദൂഷ്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനാല്‍ ചന്ദ്രഗുപ്തന്‍ തന്നെ ചൂതാട്ടം നിര്‍ത്തുകയായിരുന്നുവെന്ന് ചരിത്രം പറയുന്നു. ചൂതാട്ടത്തെ കുറ്റകൃത്യമായി പ്രഖ്യാപിച്ച അദ്ദേഹം, അതില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷയും നല്‍കിയിരുന്നു. ഈജിപ്ത്, ഗ്രീക്ക്, റോം എന്നീ രാജ്യങ്ങളിലും ചൂതാട്ടത്തിനു കടുത്ത ശിക്ഷ നല്‍കിയിരുന്നു.
പില്‍ക്കാലത്ത് പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായാണ് ചൂതാട്ടത്തിന്റെ ആധുനിക രൂപമായ ലോട്ടറി നിയമവിധേയ മാര്‍ഗങ്ങളിലൂടെ പ്രചാരം നേടിത്തുടങ്ങിയത്. സ്‌റ്റേറ്റിനു വേണ്ടി ആദ്യമായി ലോട്ടറി ആരംഭിച്ചത് ഫ്‌ളോറന്‍സിലാണെന്ന് എന്‍സൈക്‌ളോപീഡിയ ഓഫ് സോഷ്യല്‍ സയന്‍സില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ഇറ്റലി, ഹോളണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി, ഓസ്ട്രിയ മുതലായ രാജ്യങ്ങളില്‍ ലോട്ടറി വളരെ വേഗം പ്രചരിച്ചു. എലിസബത്ത് രാജ്ഞി ഇംഗ്ലണ്ടില്‍ 1569ല്‍ സ്‌റേറ്റ് ലോട്ടറി ആരംഭിച്ചു. 1826 വരെ ഇംഗ്ലണ്ടിലെ ഗവണ്‍മെന്റ് അതിനെ വരുമാന മാര്‍ഗമായി അംഗീകരിച്ചു. പക്ഷേ, ലോട്ടറിയുടെ ദൂഷ്യങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങുകയും സമൂഹത്തില്‍ സാമ്പത്തികവും ധാര്‍മികവുമായ അപചയങ്ങള്‍ക്ക് അത് കാരണമാവുകയും ചെയ്തതോടെ പല രാജ്യങ്ങളും ലോട്ടറി നിരോധിച്ചു. ലോട്ടറികള്‍ക്കെതിരെ പല സ്ഥലങ്ങളിലും ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. ഫ്രഞ്ച് വിപ്ലവാനന്തരം മിതവാദികള്‍ ലോട്ടറിക്കെതിരെ രംഗത്തുവന്നു. ഏറ്റവും ലജ്ജാവഹമായ വരുമാന മാര്‍ഗം എന്നാണ് അവര്‍ ലോട്ടറിയെ വിശേഷിപ്പിച്ചത്. ഇതേത്തുടര്‍ന്ന് 1836ല്‍ ഫ്രാന്‍സും 1826ല്‍ ബ്രിട്ടനും 1833ല്‍ ന്യൂയോര്‍ക്കും ലോട്ടറികള്‍ നിര്‍ത്തലാക്കി. അമേരിക്കയിലും ജപ്പാനിലും എല്ലാവിധ ഭാഗ്യക്കുറികളും നിരോധിക്കപ്പെട്ടു. 1923 ജൂലൈ 24ന് സോവിയറ്റ് റഷ്യ എല്ലാ തരത്തിലുമുള്ള ലോട്ടറികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഓരോ രാജ്യത്തും ലോട്ടറിയുണ്ടാക്കിയ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളാണ് അതത് സ്റ്റേറ്റ് ഗവണ്‍മെന്റുകളെ ലോട്ടറി നിരോധനത്തിന് പ്രേരിപ്പിച്ചത്.

പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ ഭാഗ്യക്കുറി നടപ്പാക്കിയതോടെയാണ് ഈ ചൂഷണമാര്‍ഗം ഇന്ത്യയിലെത്തിയത്. സ്വാതന്ത്ര്യാനന്തരം പോര്‍ച്ചുഗീസ് മാതൃക നമ്മുടെ സംസ്ഥാന ഗവണ്‍മെന്റുകള്‍ പിന്തുടരുകയാണുണ്ടായത്. എന്നാല്‍, ഇന്ത്യയില്‍ കേരളത്തെ പിന്തുടര്‍ന്ന് പല സംസ്ഥാനങ്ങളും സര്‍ക്കാര്‍ തലത്തില്‍ ലോട്ടറികള്‍ ആരംഭിക്കുകയാണ് ചെയ്തത്. മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിനു പുറമേ ലോട്ടറി ചൂതാട്ടം തുടങ്ങിയത്.
ഏതാനും വര്‍ഷങ്ങള്‍ക്കകം സര്‍ക്കാര്‍ ലോട്ടറികള്‍ക്കു പുറമേ സ്വകാര്യ കമ്പനികളും ദേശവ്യാപകമായി പല തരത്തിലുള്ള ലോട്ടറികള്‍ ആരംഭിച്ചു. യാതൊരുവിധ കണക്കും കൃത്യതയുമില്ലാത്ത, നറുക്കെടുപ്പും സമ്മാനങ്ങളും മാത്രമല്ല, നടത്തിപ്പുകാര്‍ക്ക് ശരിയായ മേല്‍വിലാസവും രേഖകളും അംഗീകാരവും പോലുമില്ലാത്ത ലോട്ടറികള്‍ നാടെങ്ങും പെരുകി. അഴിമതിയുടെയും പകല്‍ക്കൊള്ളയുടെയും നിയമലംഘനത്തിന്റെയും വന്‍ മാഫിയയായി ലോട്ടറി രാജ്യത്തെ വിഴുങ്ങിയപ്പോള്‍, ജനാധിപത്യ ഭരണകൂടങ്ങളും ഇന്ത്യ ഭരിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചൂഷകരായ ലോട്ടറി മാഫിയയുടെ ചുമലില്‍ കൈയിട്ട് നടന്നു. അങ്ങനെ തഴച്ചുവളര്‍ന്ന ഈ ചൂഷണ സംവിധാനം വന്‍ സാമ്പത്തിക ആഘാതമായി പരിണമിച്ചു.
എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗവണ്‍മെന്റുകള്‍ തന്നെ നടപ്പാക്കുന്ന ലോട്ടറികളെയാണ് കേരള ഗവണ്‍മെന്റും മാതൃകയാക്കിയത്. കേരളത്തിലാകട്ടെ സ്വകാര്യ മേഖലയില്‍ ചില സ്ഥാപനങ്ങള്‍ ചെറിയ രീതിയില്‍ ഭാഗ്യക്കുറികള്‍ നടത്തുകയും ചെയ്തിരുന്നു. ചിട്ടിയും കുറിയും പോലുള്ള പണ സമാഹരണ മാര്‍ഗങ്ങള്‍ മുമ്പുതന്നെ ഉണ്ടായിരുന്നെങ്കിലും, ഔദ്യോഗിക അംഗീകാരത്തോടെ മലയാളക്കരയില്‍ ആദ്യമായി ലോട്ടറി നടത്തിയത് മലയാള മനോരമയുടെ സ്ഥാപകന്‍ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയാണ്. കോട്ടയത്തെ എംഡി സെമിനാരി സ്‌കൂളിന്റെ ധനശേഖരണാര്‍ഥം 1893ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ അനുമതിയോടെയായിരുന്നു അത്. കേരള കലാമണ്ഡലത്തിന് പണം സ്വരൂപിക്കാന്‍ മഹാകവി വള്ളത്തോളും ഭാഗ്യക്കുറി നടത്തിയിരുന്നുവത്രേ. കോട്ടയം പബ്ലിക് ലൈബ്രറിക്ക് പണം കണ്ടെത്താനായി ഡി സി കിഴക്കേമുറിയും ലോട്ടറി നടത്തിയിരുന്നു.
കേരള സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ലോട്ടറി തുടങ്ങിയതോടെ മറ്റു സംസ്ഥാനങ്ങളും ആ വഴിക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ‘കണ്ണീരില്ലാത്ത നികുതി’ എന്നാണ് അനുകൂലിക്കുന്നവര്‍ ലോട്ടറിക്ക് നല്‍കിയ വിശേഷണം. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും മാത്രമേ ലോട്ടറി വരുമാനം ഉപയോഗിക്കൂ എന്നാണ് ആദ്യം കേരള ഗവണ്‍മെന്റ് പറഞ്ഞത്. അതുകൊണ്ടുതന്നെ മറ്റു വരുമാനങ്ങളോടൊപ്പം ലോട്ടറിയില്‍ നിന്നുള്ള ലാഭം പൊതുഖജനാവില്‍ ലയിപ്പിക്കില്ല എന്നായിരുന്നു തീരുമാനം. ഇതൊരു പ്രത്യേക ഫണ്ടായി ജനക്ഷേമ പദ്ധതികള്‍ക്ക് വിനിയോഗിക്കാമെന്നു വെച്ചു. ലോട്ടറിയോട് എതിര്‍പ്പുള്ള ചിലരെങ്കിലും നിശ്ശബ്ദരായത് ഈ വശം പരിഗണിച്ചുകൊണ്ടായിരുന്നു. എന്നാല്‍, ഗവണ്‍മെന്റിലെ മറ്റു വകുപ്പുകളും മന്ത്രിമാരും ലോട്ടറി വരുമാനം പൊതുഖജനാവില്‍ ലയിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ അസ്വസ്ഥരായി. അങ്ങനെ പ്രസ്തുത തീരുമാനം മാറ്റുകയുമാണുണ്ടായത്. ലോട്ടറി ആരംഭിക്കാന്‍ കാരണമായി പറഞ്ഞ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ജനക്ഷേമകരമായ സേവനപദ്ധതികളുടെ നടത്തിപ്പിനും ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുകയെന്ന ചിന്ത തന്നെ പിന്നീട് ഇല്ലാതായി. മാത്രമല്ല അഴിമതി, വഞ്ചന, ചൂഷണം തുടങ്ങി സകലവിധ സാമ്പത്തിക തട്ടിപ്പുകളുടെയും കള്ളങ്ങളുടെയും വിളനിലമായി ലോട്ടറി രംഗം മാറി. ഗവണ്‍മെന്റിനെ ഭരിക്കുന്ന മാഫിയകള്‍ രംഗം കീഴടക്കി; ലോട്ടറിയിലും മദ്യത്തിലും. അതിന്റെ ഉഗ്രരൂപങ്ങളുടെ താണ്ഡവമാണ് ഇന്ന് നാം കാണുന്നത്.
ഇന്നത്തെ മദ്യ-ലോട്ടറി ദുരന്തങ്ങളുടെ വേരുകള്‍ കിടക്കുന്നത് 1967ലെ സപ്തകക്ഷി മുന്നണിയുടെ ഭരണനയങ്ങളിലാണ്. ഈ രണ്ട് ചൂഷണമാര്‍ഗങ്ങളെയും എതിര്‍ക്കേണ്ടവരായിരുന്നു മുന്നണിക്ക് നേതൃത്വം നല്‍കിയിരുന്ന സി പി എം. എന്നാല്‍ ഭൗതികവാദികളായ മാര്‍ക്‌സിസ്റ്റ്-കമ്മ്യൂണിസ്‌റ് പാര്‍ട്ടികള്‍ ഭൗതികനേട്ടങ്ങള്‍ക്കും സ്ഥാപിതതാല്‍പര്യങ്ങള്‍ക്കും വേണ്ടി സ്വന്തം പ്രത്യയശാസ്ത്രത്തെയും മുദ്രാവാക്യങ്ങളെയും മാറ്റിവെക്കുകയും വര്‍ഗശത്രുവിന്റെ ഉപകരണങ്ങള്‍ സ്വയം പ്രയോഗിക്കുകയും ചെയ്തു.

Back to Top