ജെന്‍ഡര്‍ ന്യൂട്രല്‍ വാദങ്ങള്‍ കുടുംബ സംവിധാനം തകര്‍ക്കും -ഐ എസ് എം സാമൂഹ്യബോധനം

ഐ എസ് എം സംസ്ഥാന സമിതി കണ്ണൂരില്‍ സംഘടിപ്പിച്ച ‘ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളും കുടുംബ സംവിധാനവും’ സാമൂഹ്യബോധനം കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂര്‍: വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ മറവില്‍ നടനടപ്പിലാക്കാന്‍ ശ്രമിക്കുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആശയം വ്യക്തിയെയും കുടുംബ സംവിധാനത്തെയും സമൂഹത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന ആശയധാരയാണെന്ന് ഐ എസ് എം സംസ്ഥാന സമിതി കണ്ണൂരില്‍ സംഘടിപ്പിച്ച ‘ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളും കുടുംബ സംവിധാനവും’ സാമൂഹ്യബോധനം സെമിനാര്‍ അഭിപ്രായപ്പെട്ടു.
സ്വന്തത്തെ തിരിച്ചറിയാനാവാത്ത വ്യക്തിക്ക് മത ധാര്‍മികതയുടെ പരിധികള്‍ പരിഗണനാ വിഷയമാകുന്നില്ല. മത ധാര്‍മികതക്ക് പകരം ചൂഷണത്തില്‍ ഉറപ്പിക്കപ്പെട്ട ലിബറല്‍ ധാര്‍മികത മതിയെന്നത് യുക്തിവാദ കാഴ്ചപ്പാടുകളെ പിന്തുണക്കുകയാണ്. ധാര്‍മികതയിലും അച്ചടക്കത്തിലുമുള്ള കേരളീയ കുടുംബ സംവിധാനങ്ങളെ തകര്‍ക്കാന്‍ പോന്നതാണ് ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ഈ ലിംഗ സമത്വ വാദം. പൊതു ധാര്‍മികതയുടെ ഫലമായി മതരഹിതര്‍ പോലും ഇതിനെ പിന്താങ്ങുന്നില്ല. പാശ്ചാത്യ നാടുകളില്‍ മറയില്ലാതെ നടക്കുന്ന സ്വതന്ത്ര ലൈംഗിക ചേഷ്ടകളും കൂടിച്ചേരലുകളും കേരളത്തിലും നടപ്പാക്കുകയെന്ന ഹിഡന്‍ അജണ്ട ഇതിന്റെ പിന്നിലുണ്ടെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.
മതത്തെയും ദൈവത്തെയും മതസംഹിതകളെയും നേര്‍ക്കുനേര്‍ ആക്രമിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മതം ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പരീക്ഷണമായി ഈ വാദത്തെ കാണേണ്ടതുണ്ടെന്നും ജാഗ്രത വേണമെന്നും സെമിനാര്‍ മുന്നറിയിപ്പ് നല്‍കി.
കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി ഡോ. ഡോ. ജാബിര്‍ അമാനി, ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, എം ജി എം സംസ്ഥാന ജന. സെക്രട്ടറി സി ടി ആയിശ ടീച്ചര്‍, ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡന്റ് ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, ട്രഷറര്‍ ശരീഫ് കോട്ടക്കല്‍, മിസ്ബാഹ് ഫാറൂഖി, ഐ എസ് എം ജില്ലാ പ്രസിഡന്റ് സഹദ് ഇരിക്കൂര്‍ പ്രസംഗിച്ചു.