8 Tuesday
July 2025
2025 July 8
1447 Mouharrem 12

ഹിന്ദുരാഷ്ട്രം: നരേന്ദ്ര മോദിയും ബി ജെ പിയും നിലപാട് വ്യക്തമാക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.


കോഴിക്കോട്: നിര്‍ദിഷ്ട ഹിന്ദു രാഷ്ട്രത്തിനു വേണ്ടി ഭരണഘടന തയ്യാറാക്കിയതായുള്ള ഹരിദ്വാര്‍ ധര്‍മ സന്‍സദ് ഋഷി ആനന്ദ് സ്വരൂപിയുടെ പ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും മറ്റു ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും പൗരാവകാശം റദ്ദ് ചെയ്യുന്ന ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തെക്കുറിച്ചുള്ള ആശങ്കാജനകമായ പ്രസ്താവനയെക്കുറിച്ച് രാഷ്ട്രീയ നേതൃത്വങ്ങള്‍ മൗനം തുടര്‍ന്നുകൂടാ.
മതേതര ജനാധിപത്യ വ്യവസ്ഥയിലധിഷ്ഠിതമായ ഭരണഘടന നിലനില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിച്ച് മതരാഷ്ട്രവാദ പ്രഖ്യാപനം പരസ്യമായി നടത്തിയ ഋഷി ആനന്ദ് സ്വരൂപിയുടെ രാജ്യദ്രോഹ നടപടി അംഗീകരിക്കാനാവില്ല. ഭരണഘടനാപരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിജ്ഞ ചെയ്ത് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷി ആനന്ദ് സ്വരൂപിയുടെ പ്രസ്താവനയെക്കുറിച്ച് പരസ്യമായി പ്രതികരിക്കണം. ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തെ തള്ളിപ്പറയാന്‍ മോദിയും ബി ജെ പിയും തയ്യാറില്ലെങ്കില്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തെ പരസ്യമായി പിന്തുണക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹ്മദ്കുട്ടി മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ്, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുല്‍ജബ്ബാര്‍ കുന്നംകുളം, കെ എം കുഞ്ഞമ്മദ് മദനി, എന്‍ജി. സെയ്തലവി, കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, ഇസ്മാഈല്‍ കരിയാട്, കെ എ സുബൈര്‍, ഫൈസല്‍ നന്മണ്ട, സി അബ്ദുല്ലത്തീഫ്, പി പി ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, ഹമീദലി ചാലിയം, ഫഹീം പുളിക്കല്‍, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.

Back to Top