22 Sunday
December 2024
2024 December 22
1446 Joumada II 20

മഗ്‌രിബിനു മുമ്പ് സുന്നത്ത് നമസ്‌കാരമുണ്ടോ?

പി കെ മൊയ്തീന്‍ സുല്ലമി


നമ്മുടെ മാതൃകാപുരുഷന്‍ മുഹമ്മദ് നബി(സ)യാണ്. അല്ലാഹു അരുളി: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്. അഥവാ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്” (അഹ്‌സാബ് 21). നബി(സ)ക്കു പുറമേ സഹാബത്തിന്റെ ഇജ്മാഅ് (ഏകകണ്ഠമായ അഭിപ്രായം) ദീനില്‍ പ്രമാണമാണെന്ന കാര്യത്തിലും തര്‍ക്കമില്ല. ഇബ്‌നു ഹജര്‍(റ) പ്രസ്താവിച്ചു: ”അബൂബക്കര്‍(റ) തനിക്ക് ദീനില്‍ വല്ല പ്രശ്‌നവും നേരിട്ടാല്‍ അല്ലാഹുവിന്റെ കിതാബിലേക്ക് നോക്കുമായിരുന്നു. അതില്‍ അതിനു പരിഹാരം കണ്ടില്ലെങ്കില്‍ നബി(സ)യുടെ ചര്യ എന്താണെന്നു നോക്കും. അതിലും പരിഹാരം കണ്ടില്ലെങ്കില്‍ സജ്ജനങ്ങള്‍ (സഹാബിമാര്‍ മൊത്തം) അക്കാര്യത്തില്‍ എന്താണ് അനുവര്‍ത്തിച്ചിരുന്നതെന്ന് നോക്കുമെന്ന് ഇമാം ബൈഹഖി(റ) സഹീഹായ പരമ്പരയോടുകൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്” (ഫത്ഹുല്‍ബാരി 17:115).
അതുപോലെത്തന്നെയാണ് നാലു ഖലീഫമാരുടെ ഏകോപിച്ച അഭിപ്രായവും. അവര്‍ പ്രവാചകന്റെ കണ്ണാടികളാണ്. സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടവരാണ്. അവര്‍ നാലു പേരും ഒന്നടങ്കം നബി(സ)യെ ധിക്കരിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടാണ് നബി(സ) അവരെക്കുറിച്ച് ഇപ്രകാരം പറഞ്ഞത്: ”എനിക്കു ശേഷം വല്ലവനും ജീവിച്ചിരിക്കുന്നപക്ഷം ഒരുപാട് ഭിന്നിപ്പുകള്‍ കാണാന്‍ സാധിക്കും. അപ്പോള്‍ എന്റെയും എനിക്കു ശേഷം വരുന്ന സന്മാര്‍ഗചാരികളായ ഖലീഫമാരുടെയും ചര്യകള്‍ മുറുകെപ്പിടിച്ചുകൊണ്ട് ജീവിക്കേണ്ടത് നിങ്ങള്‍ക്ക് നിര്‍ബന്ധമാണ്. നിങ്ങളത് അണപ്പല്ലുകള്‍ കൊണ്ട് കടിച്ചുപിടിക്കണം” (അബൂദാവൂദ് 4607, തിര്‍മിദി 2676, ഇബ്‌നുമാജ 44, ദാരിമി 1:44, അഹ്മദ് 4:126, ഹാകിം 1:95-96, ബൈഹഖി 10:114, ഇബ്‌നു ഹിബ്ബാന്‍ 1:104).
എന്നാല്‍ വിശുദ്ധ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി സഹാബികള്‍ ഒറ്റതിരിഞ്ഞു നടത്തുന്ന പ്രവര്‍ത്തനങ്ങളോ പ്രസ്താവനകളോ ദീനില്‍ പ്രമാണങ്ങളല്ലെന്ന് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഇമാം ശാഫിഇ അര്‍രിസാല 511ാം പേജിലും ഇമാം നവവി ശറഹു മുസ്‌ലിം 1:55ലും ഇമാം ഗസ്സാലി അല്‍മുസ്തസ്ഫ 1:262ലും ഇമാം സുബുകി ജംഉല്‍ ജവാമിഅ് 2:37ലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും രേഖപ്പെടുത്താന്‍ കാരണം, നബി(സ)യും നാലു ഖലീഫമാരും മഗ്‌രിബിനു മുമ്പ് സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചിരുന്നില്ല എന്ന് ഖണ്ഡിതമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ നബി(സ)യുടെ പ്രസ്താവന തെറ്റിദ്ധരിച്ചുകൊണ്ട് ചില സഹാബിമാര്‍ നമസ്‌കരിച്ചിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുമുണ്ട്.
നബി(സ) പറഞ്ഞു: ”നിങ്ങള്‍ മഗ്‌രിബിനു മുമ്പ് നമസ്‌കരിക്കുക. നിങ്ങള്‍ മഗ്‌രിബിനു മുമ്പ് നമസ്‌കരിക്കുക. മൂന്നാം തവണ നബി(സ) പറഞ്ഞു: ഉദ്ദേശിക്കുന്നവര്‍ (നമസ്‌കരിക്കണം എന്ന് ആവശ്യമുള്ളവര്‍). അപ്രകാരം നബി(സ) പറഞ്ഞത് ജനങ്ങള്‍ പ്രസ്തുത നമസ്‌കാരം സ്ഥിരചര്യയാക്കുന്നതിനോട് വിയോജിച്ചുകൊണ്ടാണ്.” (ബുഖാരി). മേല്‍ ഹദീസില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക: ഒന്ന്, മഗ്‌രിബിനു മുമ്പ് (വിട്ടുപോയ) വല്ല നമസ്‌കാരവും നിര്‍വഹിക്കുന്നതില്‍ തെറ്റില്ല. ബോധക്കേടു മൂലമോ ഉറക്കം കാരണമോ വല്ല നമസ്‌കാരവും വിട്ടുപോയിട്ടുണ്ടെങ്കില്‍ മഗ്‌രിബിനു മുമ്പ് നമസ്‌കരിക്കുന്നത് ഹറാമല്ല. രണ്ട്, മഗ്‌രിബിനു മുമ്പ് എത്ര റക്അത്ത് നമസ്‌കരിക്കണം എന്ന് ഹദീസില്‍ വ്യക്തമല്ല. മൂന്ന്, ആ നമസ്‌കാരം സ്ഥിരമായ സുന്നത്താക്കുന്നതിനെ നബി(സ) ഇഷ്ടപ്പെട്ടിരുന്നില്ല. അപ്പോള്‍ ഒരു കാര്യം മനസ്സിലാക്കാം: ഇന്ന് ചിലര്‍ ചെയ്യുന്നതുപോലെ മഗ്‌രിബിനു മുമ്പ് സ്ഥിരമായി രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കാന്‍ നബി(സ) കല്‍പിച്ചിട്ടില്ല. ബുഖാരി(റ)യുടെ മേല്‍ ഹദീസില്‍ നിന്നു നമുക്ക് ലഭിക്കുന്നത് ഇത്ര മാത്രമാണ്: അഥവാ മഗ്‌രിബിനു മുമ്പ് നമസ്‌കരിക്കല്‍ ഹറാമല്ല. അതിന് ഒരു കാരണം കൂടിയുണ്ട്: അസ്‌റിനുശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ നമസ്‌കരിക്കല്‍ ഹറാമാണ്. എന്നാല്‍ മഗ്‌രിബിനു മുമ്പ് ബാങ്ക് കൊടുത്തതിനു ശേഷം നമസ്‌കരിക്കല്‍ ഹറാമല്ല എന്നു കാണിക്കുന്നതാണ് മേല്‍ ഹദീസ്. താഴെ വരുന്ന ഇബ്‌നു ഹജറി(റ)ന്റെ പ്രസ്താവന ശ്രദ്ധിക്കുക:
”ആദ്യഘട്ടത്തില്‍ അസ്‌റിനു ശേഷം നമസ്‌കരിക്കുന്നത് ഹറാമാക്കിയതു കൊണ്ടായിരിക്കാം മഗ്‌രിബിനു ശേഷം നമസ്‌കരിക്കല്‍ അനുവദനീയമാക്കിയത്’ (ഫത്ഹുല്‍ബാരി 2:562). ഈ വിഷയത്തില്‍ വന്ന ഹദീസ് ഇപ്രകാരമാണ്: ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചു: ”സൂര്യാസ്തമയത്തിനു ശേഷം രണ്ട് റക്്അത്ത് ഞങ്ങള്‍ നമസ്‌കരിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ നമസ്‌കാരം നബി(സ) കാണാറുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളോട് പ്രസ്തുത നമസ്‌കാരം നിര്‍വഹിക്കുന്നതിനെ സംബന്ധിച്ച് അവിടുന്ന് കല്‍പിക്കുകയോ നമസ്‌കരിക്കുന്നവരെ തടയുകയോ ചെയ്യാറുണ്ടായിരുന്നില്ല” (മുസ്‌ലിം).
മേല്‍പറഞ്ഞ രണ്ടു റക്അത്ത് നമസ്‌കാരം തഹിയ്യത്തായിരിക്കാം. പ്രസ്തുത നമസ്‌കാരം ഹറാമല്ലാത്ത സന്ദര്‍ഭത്തിലായിരുന്നതിനാല്‍ നബി(സ) അത്ര ശ്രദ്ധിച്ചിരുന്നില്ല എന്നര്‍ഥം. കാരണം, നബി(സ) മഗ്‌രിബിനു മുമ്പ് സ്ഥിരമായി സുന്നത്ത് നമസ്‌കരിക്കുന്നതു നിരുത്സാഹപ്പെടുത്തിയിരുന്നു എന്നാണല്ലോ ഇമാം ബുഖാരി രേഖപ്പെടുത്തിയത്. മുസ്‌ലിമിന്റെ മേല്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തി: ”അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), മറ്റു (പ്രമുഖരായ) സഹാബിമാര്‍, ഇമാം മാലിക്, ബഹുഭൂരിപക്ഷം കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ എന്നിവരാരും തന്നെ മഗ്‌രിബിനു മുമ്പ് സുന്നത്ത് നമസ്‌കാരം പതിവാക്കിയിരുന്നില്ല” (ശറഹു മുസ്‌ലിം 3:385). നബി(സ)യും നാല് ഖലീഫമാരും അംഗീകരിക്കാത്ത ഒരു കാര്യം എങ്ങനെ സുന്നത്തായിത്തീരും. മഗ്‌രിബിനു മുമ്പുള്ള സുന്നത്ത് നമസ്‌കാരത്തെ സംബന്ധിച്ച് ഇബ്‌നുല്‍ ഖയ്യിം(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”എന്നാല്‍ മഗ്‌രിബിനു മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരം നബി(സ) നിര്‍വഹിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇമാം അഹ്മദ്(റ) പ്രസ്താവിച്ചു: മഗ്‌രിബിനു ശേഷം രണ്ട് റക്അത്ത് വീട്ടില്‍ വെച്ച് നിര്‍വഹിക്കലാണ് നബിചര്യ” (സാദുല്‍ മആദ് 1:312).
ഇബ്‌നു ഹജറി(റ)ന്റെ പ്രസ്താവന ഇപ്രകാരമാണ്: ”ഇബ്‌നു ഉമറി(റ)ല്‍ നിന്ന് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: നബി(സ)യുടെ കാലഘട്ടത്തില്‍ ഒരാളോ നാലു ഖലീഫമാരോ അപ്രകാരം മഗ്‌രിബിനു മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഇമാം മാലിക്, ഇമാം ശാഫിഈ എന്നിവര്‍ അപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്” (ഫത്ഹുല്‍ബാരി 2:562). ഇമാം ശൗക്കാനി(റ)യുടെ പ്രസ്താവന ശ്രദ്ധിക്കുക: ”നാല് ഖലീഫമാരോ മറ്റുള്ള സഹാബിമാരോ ഇമാം മാലികോ കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷമോ മഗ്‌രിബിനു മുമ്പുള്ള രണ്ടു റക്അത്ത് നമസ്‌കാരം സുന്നത്താണെന്നു പറഞ്ഞിട്ടില്ല. ഇമാം നഖ്ഈ(റ) പ്രസ്തുത രണ്ടു റക്അത്ത് നമസ്‌കാരം ബിദ്അത്താണെന്ന് പ്രസ്താവിച്ചിട്ടുണ്ട്” (നൈലുല്‍ ഔത്വാര്‍ 2:8).
ഇമാം നഖ്ഈ അത് ബിദ്അത്താണെന്ന് പറഞ്ഞത് പ്രസ്തുത നമസ്‌കാരം നബിചര്യയിലോ നാലു ഖലീഫമാരുടെ ചര്യയിലോ ഉള്‍പ്പെടാത്തതുകൊണ്ടാണ്. ഇമാം ഐനിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ”ത്വാഊസ് പ്രസ്താവിച്ചു: മഗ്‌രിബിനു മുമ്പുള്ള രണ്ട് റക്അത്ത് നമസ്‌കാരത്തെക്കുറിച്ച് ഇബ്‌നു ഉമറി(റ)നോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി(സ)യുടെ കാലഘട്ടത്തില്‍ മഗ്‌രിബിനു മുമ്പ് രണ്ട് റക്അത്ത് നമസ്‌കരിക്കുന്നതായി ഞാന്‍ ആരെയും കണ്ടിട്ടില്ല. അബൂബകറുബ്‌നുല്‍ അറബി പ്രസ്താവിച്ചു. സഹാബികള്‍ക്കിടയില്‍ പ്രസ്തുത നമസ്‌കാരത്തെക്കുറിച്ച് ഭിന്നിപ്പുണ്ട്. സഹാബികള്‍ക്കു ശേഷം പ്രമുഖരായ ഒരാളും തന്നെ അപ്രകാരം ചെയ്തിട്ടില്ല. തീര്‍ച്ചയായും മഗ്‌രിബിനു മുമ്പ് രണ്ട് റക്അത്ത് നമസ്‌കരിക്കല്‍ ബിദ്അത്താണെന്ന് ഇമാം നഖ്ഈ പ്രസ്താവിച്ചിരിക്കുന്നു. നാല് ഖലീഫമാരില്‍ നിന്നും സഹാബികളില്‍ പ്രമുഖരായ ഒരു സംഘം ആളുകളില്‍ നിന്നും അവരാരുംതന്നെ അപ്രകാരം മഗ്‌രിബിനു മുമ്പ് രണ്ട് റക്അത്ത് നമസ്‌കരിച്ചിരുന്നിെല്ലന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്” (ഉംദത്തുല്‍ ഖാരി 5:139). ഉംദത്തുല്‍ ഖാരി എന്ന ഗ്രന്ഥം ഫത്ഹുല്‍ ബാരി പോലെ ഇമാം ബുഖാരിയുടെ സഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമാണ്. ഇമാം ഐനിയാണ് ഗ്രന്ഥകര്‍ത്താവ്.
ഈ വിഷയത്തില്‍ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ”എന്നാല്‍ മഗ്‌രിബിനു മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കുന്നതിനെ സംബന്ധിച്ച് അഹ്മദുബ്‌നു ഹമ്പലിനോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്നാല്‍ ഞാന്‍ പ്രസ്തുത രണ്ട് റക്അത്ത് നമസ്‌കരിക്കുന്നതല്ല. ഇനി ഒരാള്‍ അപ്രകാരം നമസ്‌കരിക്കുന്നപക്ഷം അതില്‍ കുറ്റമില്ല. മഗ്‌രിബിനു മുമ്പുള്ള രണ്ട് റക്അത്ത് നമസ്‌കാരത്തെ സംബന്ധിച്ച് ഇബ്‌നു ഉമറി(റ)നോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി(സ)യുടെ കാലഘട്ടത്തില്‍ ആരെയും ഞാന്‍ അപ്രകാരം നമസ്‌കരിക്കുന്നതായി കണ്ടിട്ടില്ല. എന്നാല്‍ ഇബ്‌നു ഉമര്‍(റ) അതിനെ നിരോധിക്കുകയുണ്ടായില്ല.
അനസുബ്‌നു മാലിക്(റ) പ്രസ്താവിച്ചു: ഞങ്ങള്‍ നബി(സ)യുടെ കാലത്ത് മഗ്‌രിബ് നമസ്‌കാരത്തിനു മുമ്പ് സൂര്യാസ്തമയ ശേഷം രണ്ടു റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു. തീര്‍ച്ചയായും നബി(സ) അത് കാണാറുണ്ടായിരുന്നു. എന്നാല്‍ അവിടന്ന് അപ്രകാരം നമസ്‌കരിക്കാന്‍ കല്‍പിക്കുകയോ നിരോധിക്കുകയോ ചെയ്തിരുന്നില്ല. ഇബ്‌റാഹീമുന്നഖ്ഈ പ്രസ്താവിച്ചു: തീര്‍ച്ചയായും കൂഫയില്‍ നബി(സ)യുടെ സഹാബിമാരില്‍ പ്രമുഖരായ അലിയ്യുബ്‌നു അബീത്വാലിബ്(റ), ഇബ്‌നു മസ്ഊദ്(റ), ഹുദൈഫതുബ്‌നു യമാനി(റ), അമ്മാറുബ്‌നു യാസിര്‍(റ), അബൂമസ്ഊദില്‍ അന്‍സാരി(റ) തുടങ്ങിയവരും അല്ലാത്തവരും ഉണ്ടായിരുന്നു. അവരാരും തന്നെ മഗ്‌രിബിനു മുമ്പ് രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല. മഗ്‌രിബിനു മുമ്പുള്ള രണ്ടു റക്അത്ത് നമസ്‌കാരം അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങിയവരും നമസ്‌കരിക്കാറുണ്ടായിരുന്നില്ല” (അല്‍ഗുന്‍യ 2: 82-83).
‘ഞങ്ങള്‍ മഗ്‌രിബിനു മുമ്പ് രണ്ടു റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു’ എന്ന അനസുബ്‌നു മാലികി(റ)ന്റെ പ്രസ്താവന തഹിയ്യത്ത് നമസ്‌കാരമായിരിക്കാനാണ് സാധ്യത. അതുകൊണ്ടായിരിക്കാം നബി(സ) അത് തടയാതിരുന്നത്. മാത്രവുമല്ല, മഗ്‌രിബിനു മുമ്പ് തഹിയ്യത്തോ മറ്റോ നമസ്‌കരിക്കുന്നതില്‍ വിരോധമില്ല എന്ന് അവരെ ബോധിപ്പിക്കാനും കൂടിയായിരിക്കണം നബി(സ) അത് തടയാതിരുന്നത്. നബി(സ)യുടെ നാലു ഖലീഫമാരും അപ്രകാരം നമസ്‌കരിച്ചതിനു യാതൊരു രേഖയുമില്ല. അല്ലാഹു അഅ്‌ലം.

Back to Top