8 Tuesday
July 2025
2025 July 8
1447 Mouharrem 12

ലഹരിയുടെ ശിക്ഷ

എം ടി അബ്ദുല്‍ഗഫൂര്‍


ജാബിര്‍ ബിന്‍ അബ്ദുല്ല പറയുന്നു: ”യമനിലെ ജൈശാനില്‍ നിന്ന് ഒരാള്‍ നബി(സ)യുടെ അരികില്‍ വന്നു. ആ നാട്ടിലെ ആളുകള്‍ കുടിക്കുന്ന, ‘മിസ്ര്‍’ എന്ന് പേരുപറയുന്ന, ധാന്യം പാകപ്പെടുത്തിയെടുക്കുന്ന ഒരുതരം പാനീയത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ നബി(സ) ചോദിച്ചു: ‘അത് ലഹരിയുണ്ടാക്കുന്നതാണോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ നബി(സ) പറഞ്ഞു: ‘ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്. ലഹരി ഉപയോഗിക്കുന്നവന്‍ ത്വീനതുല്‍ ഖബാലില്‍ നിന്ന് കുടിക്കുമെന്ന് അല്ലാഹു ഉടമ്പടി ചെയ്തിരിക്കുന്നു’ അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണ് ത്വീനതുല്‍ ഖബാല്‍?’ നബി(സ) പറഞ്ഞു: ‘നരകവാസികളുടെ ദുര്‍ഗന്ധം വമിക്കുന്ന വിയര്‍പ്പും ദുര്‍ന്നീരുമാണത്” (മുസ്‌ലിം)

ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ബുദ്ധിപരവും സാംസ്‌കാരികവും സാമ്പത്തികവുമായ വളര്‍ച്ച കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുസ്ഥിതിയുടെയും സുരക്ഷയുടെയും അടയാളമാകുന്നു. വ്യക്തിയുടെയും കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും സ്വസ്ഥത നശിപ്പിക്കുന്ന യാതൊന്നും ഇസ്‌ലാം അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.
ധാര്‍മികമായ മൂല്യച്യുതിയിലേക്ക് സുരക്ഷിത സമൂഹത്തെ വലിച്ചുകൊണ്ടുപോവുന്ന മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളും ഇസ്‌ലാം നിഷിദ്ധമാക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഒരു വ്യക്തിയുടെ ശരീരത്തിന് ദൗര്‍ബല്യം ബാധിക്കുന്ന തരത്തില്‍ മാരകമായ ഒട്ടേറെ അസുഖങ്ങള്‍ക്ക് കാരണം ലഹരിയുടെ ഉപയോഗമാണെന്ന് വൈദ്യശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഓര്‍മശക്തി നശിക്കുകയും ക്രമം തെറ്റിയ ചിന്തകളിലേക്ക് വഴുതിവീഴുകയും ചെയ്യുന്ന ലഹരിബാധിതന്‍ വിവേകം നഷ്ടപ്പെട്ട് ചെയ്യുന്ന ക്രൂരകൃത്യങ്ങള്‍ക്ക് സമൂഹം സാക്ഷിയാണ്. ലഹരിയുടെ ദൂഷ്യങ്ങള്‍ക്ക് ഇരയായി വഴിയാധാരമാവുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നു.
ബുദ്ധിയും വിവേകവും നഷ്ടപ്പെട്ട് മനുഷ്യന്‍ ചെയ്യുന്ന കോപ്രായങ്ങള്‍ക്ക് മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തുകയാണിന്ന് സംസ്‌കൃതസമൂഹം. മദ്യവും മറ്റ് ലഹരി പദാര്‍ഥങ്ങളും വ്യാപകമാവുകയും അവ ഉപയോഗിക്കുന്നവരുടെ എണ്ണം പ്രത്യേകിച്ചും യുവതലമുറയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതും ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ലഹരിയുണ്ടാക്കുന്ന യാതൊന്നും ഉപയോഗിക്കരുതെന്ന ഇസ്‌ലാമിന്റെ അധ്യാപനം കൂടുതല്‍ പ്രസക്തമാക്കുന്നതാണ് സമകാലിക സമൂഹത്തിലെ കാഴ്ചകളോരോന്നും.
മനുഷ്യസമൂഹത്തില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുകയും അധാര്‍മികതയിലേക്കും അസാന്മാര്‍ഗികതയിലേക്കും അവരെ നയിക്കുകയും ചെയ്യുന്ന പൈശാചിക പ്രവൃത്തിയായ മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗത്തെ കര്‍ശനമായി വിരോധിക്കുകയും അതിന്റെ ശിക്ഷയെ വ്യക്തമാക്കുകയും ചെയ്യുന്ന ഈ നബിവചനം നിത്യപ്രസക്തമാണ്.

Back to Top