മറവിരോഗമുള്ളവര്‍ കലക്ടറാകുമ്പോള്‍
അഹമ്മദ് ഷജീര്‍
ഒരിടവേളക്കു ശേഷം ശ്രീറാം വെങ്കിട്ടരാമന്‍ എന്ന പേര് വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു. കകെ എം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിനു ശേഷം പല പദവികളിലിരുന്ന ശ്രീറാമിനെ ഇപ്പോഴിതാ ആലപ്പുഴ കലക്ടറാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. മദ്യപിച്ച് വാഹനമോടിച്ചാണ് റോഡരികില്‍ നിര്‍ത്തിയിട്ട് ബൈക്കില്‍ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന ബഷീറിനെ ഇടിച്ചുകൊലപ്പെടുത്തിയത്. സിവില്‍ സര്‍വീസിന്റെ മഹത്വം പഠിച്ചിറങ്ങിയവര്‍ തന്നെ നിയമലംഘനം നടത്തിയത് സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല. പ്രത്യേക മറവിരോഗമുള്ളയാളാണ് അദ്ദേഹമെന്നായിരുന്നു ഭാഷ്യം. അദ്ദേഹത്തെ രക്ഷിച്ചെടുക്കാന്‍ അത്തരം നുണകള്‍ തട്ടിവിടുന്നവര്‍ ഇപ്പോള്‍ ആ മറവിരോഗക്കാരനെ ഒരു ജില്ലയുടെ ഉത്തരവാദിത്തം ഏല്‍പിച്ചിരിക്കുന്നു എന്നതാണ് തമാശ. തെറ്റ് ഏറ്റുപറയാനുള്ള സാമാന്യ മര്യാദ പോലും പുലര്‍ത്താതെ എല്ലാം തനിക്ക് അനുകൂലമാക്കി മാറ്റാന്‍ ശ്രമിക്കുന്ന കുറ്റവാളിയുടെ മനസ്സുള്ള ശ്രീറാം വെങ്കിട്ടരാമനെയാണ് ഒരു ജില്ലയുടെ മുഴുവന്‍ ചുമതലയുള്ള കലക്ടറായി നിയമിച്ചിരിക്കുന്നത്. അങ്ങനെയുള്ള ഒരാളില്‍ നിന്ന് എന്തു നീതിയാണ് പൊതുജനം പ്രതീക്ഷിക്കേണ്ടത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കളങ്കിതനായ ഒരാളെ കോടതിവിധി വരും വരെ സുപ്രധാന പദവിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താന്‍ കഴിയുമായിരുന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ അത് ചെയ്യാതിരുന്നത്? ശ്രീറാമിനെ സംരക്ഷിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സര്‍ക്കാ രും സില്‍ബന്തികളും. ഒരുവശത്ത് ഈ ഓട്ടം നടക്കുമ്പോഴും, ഞങ്ങള്‍ ബഷീറിന് നീതി നല്‍കുമെന്ന വാചകക്കസര്‍ത്തിന് യാതൊരു കുറവുമില്ല.