വഖ്ഫ് നിയമനവും ഉരുണ്ടുമറിച്ചിലും
മുഹമ്മദ് അമീന്‍
വഖ്ഫ് നിയമനം പി എസ് സിക്കു വിടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞിരിക്കുന്നു. 2017 ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിലാണ് നിയമനം പി എസ് സിക്കു വിടുമെന്നുള്ള സര്‍ക്കാറിന്റെ ആദ്യ പ്രഖ്യാപനം വന്നത്. അതോടൊപ്പം പ്രഖ്യാപിച്ച ദേവസ്വം നിയമന വിഷയത്തില്‍ നിന്ന് ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ പെട്ടെന്നു തന്നെ പിന്നാക്കം പോയി. എന്നാല്‍, വഖ്ഫ് നിയമന വിഷയത്തി ല്‍ സര്‍ക്കാര്‍ വീണ്ടും രംഗത്തുവരുകയും പി എസ് സിക്കു വിടാന്‍ തീരുമാനിച്ചതായി അറിയിക്കുകയും ചെയ്തു. അതിനു പിന്നാലെ മുഴുവന്‍ മുസ്ലിം സംഘടനകളും പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളും മുസ്‌ലിംലീഗും നിയമസഭക്കുള്ളിലും മുസ്‌ലിം മതസംഘടനകള്‍ സഭയ്ക്കു പുറത്തും പ്രതിഷേധം നടത്തി. ആദ്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റില്ലെന്നും വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്കു തന്നെ വിടുമെന്നും വാശി പിടിച്ചു. നിയമസഭയിലെ വാക്‌പോരിലും മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഇക്കാര്യം ആവര്‍ത്തിച്ചു. തുടര്‍ന്ന് സമസ്ത ഇരു വിഭാഗം, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് സംഘടനകള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ കേരളത്തിലെ മുഴുവന്‍ മുസ്ലിം സംഘടനകളും പ്രക്ഷോഭവുമായി തെരുവിലിറങ്ങി. സംഘടനകള്‍ കൂട്ടായും ഒറ്റയായും നിയമസഭാ മാര്‍ച്ച്, കലക്ടറേറ്റ് മാര്‍ച്ച്, ബഹുജന സമ്മേളനം, പ്രതിഷേധ റാലി, പള്ളികളില്‍ ഉദ്ബോധനം എന്നിവ സംഘടിപ്പിച്ചു. വിഷയം മാധ്യമങ്ങളിലെയും കേരളീയ രാഷ്ട്രീയ മണ്ഡലത്തിലെയും പ്രധാന ചര്‍ച്ച വരെയായി.
106 ഓഫീസ് തസ്തികകള്‍ മാത്രമുള്ള വഖ്ഫ് ബോര്‍ഡിലെ നിയമനം മാത്രം പി എസ് സിക്ക് വിടാന്‍ സര്‍ക്കാരിന് എന്താണിത്ര പിടിവാശി എന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ചോദ്യം. കോളജ് അധ്യാപകരും ഡോക്ടര്‍മാരും അടക്കം ആയിരത്തിലേറെ തസ്തികകളുള്ള ദേവസ്വം ബോര്‍ഡ് അടക്കമുള്ള മറ്റു നിയമനങ്ങള്‍ പി എസ് സിക്ക് വിടാതിരിക്കുകയും മുസ്‌ലിം സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരമൊരു നീക്കം ശുദ്ധവിവേചനമാണെന്നും സര്‍ക്കാരിനെതിരെ ആക്ഷേപമുയര്‍ന്നു. മാത്രവുമല്ല, ഇന്ത്യയില്‍ ആകെ 30 വഖ്ഫ് ബോര്‍ഡുകളുണ്ട്. ഇതില്‍ കേരളത്തിലെ നിയമനം മാത്രമാണ് പി എസ് സിക്ക് വിടാന്‍ തീരുമാനിച്ചതും.
കേരളത്തില്‍ ഉടനീളമുള്ള വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പള്ളികളും മദ്റസകളും മറ്റു പള്ളി സ്വത്തുവകകളുടെയും മേല്‍നോട്ടവും നിയമ നടപടികളുമാണ് വഖ്ഫ് ബോര്‍ഡിന്റെ പ്രധാന ചുമതല. അതിനാല്‍ തന്നെ മുസ്‌ലിംകളായ പല ആളുകളും പള്ളികള്‍ക്കും മദ്‌റസകള്‍ക്കുമായി വഖ്ഫ് ചെയ്യുന്ന സ്വത്തുക്കള്‍ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തമാണ് ബോര്‍ഡ് ജീവനക്കാരില്‍ വന്നുചേരുക. ഇത് മുസ്‌ലിം സമുദായാംഗങ്ങള്‍ തന്നെയാണ് ഇത്രയും കാലം കൈകാര്യം ചെയ്തുപോന്നിരുന്നത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഇതിന്റെ കൈകാര്യകര്‍തൃത്വം മറ്റു സമുദായാംഗങ്ങളില്‍ എത്തിപ്പെടുമ്പോള്‍ സംഭവിക്കുന്ന ആശങ്കയും മുസ്‌ലിം സമുദായത്തോട് മാത്രം സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തെയുമാണ് പ്രധാനമായും മുസ്‌ലിം സംഘടനകള്‍ ചോദ്യം ചെയ്തത്.
എന്നാല്‍ പി എസ് സി വഴിയാണെങ്കിലും മുസ്‌ലിം സമുദായാംഗങ്ങളെ മാത്രമേ നിയമിക്കൂ എന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് സര്‍ക്കാരും വഖ്ഫ് മന്ത്രിയും ബോര്‍ഡ് ചെയര്‍മാനുമെല്ലാം ആവര്‍ത്തിച്ചിരുന്നത്.
വാക്കാലുള്ള ഉറപ്പുകളെ മുഴുവന്‍ മറികടന്ന് പിന്നീട് പി എസ് സിക്കു വിടാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെയാണ് കാണാനായത്. ആദ്യം ഓര്‍ഡിനന്‍സ്, പിന്നീട് ബില്ല്, ഗവര്‍ണറുടെ ഒപ്പ് എന്നിവയൊക്കെ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഒരു പിന്മടക്കം പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്ലിം സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കാന്‍ എന്നൊക്കെയാണ് തള്ളുകള്‍. എന്നാല്‍ ഇത് പാലിക്കാന്‍ എന്തിനിത്ര കാലതാമസമെടുത്തു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. നാണം കെട്ട് പിന്മാറുമ്പോള്‍ കുറച്ച് മുസ്ലിം പേരുള്ള അനുഭാവികളെയെങ്കിലും സന്തോഷിപ്പിക്കാമെന്നു കരുതിക്കാണും.