1 Tuesday
July 2025
2025 July 1
1447 Mouharrem 5

സമന്വയ വിദ്യാഭ്യാസം ഇപ്പോള്‍ വിനയാകുന്നുവോ?

ബി പി എ ഗഫൂര്‍


കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജിന്റെ(സി ഐ സി) നേതൃത്വത്തില്‍ നടന്നുവരുന്ന വാഫി-വഫിയ്യ മത-ഭൗതിക സമന്വയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ ഈയടുത്ത് പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ സമസ്തയില്‍ ചേരിതിരിഞ്ഞ വാഗ്വാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
സി ഐ സിയുടെ ആസ്ഥാനമായ വളാഞ്ചേരി മര്‍കസും അതിന്റെ നേതൃത്വം വഹിക്കുന്ന അബ്ദുല്‍ഹകീം ഫൈസിയും കൂട്ടരും ഒരു ഭാഗത്തും സമസ്ത പ്രസിഡന്റിനെ മുന്നില്‍ നിര്‍ത്തി സമസ്തക്കുള്ളില്‍ രൂപംകൊണ്ട ‘ശജറ’ വിഭാഗവും ൃേമറശശേീിമഹ ാൗഹെശാ രീഹഹലരശേ്‌ല എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പും ചേര്‍ന്ന് മറ്റൊരു വിഭാഗവും തമ്മില്‍ രൂക്ഷമായ അഭിപ്രായ സംഘട്ടനം തന്നെയാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വഫിയ്യ കോഴ്‌സിന്റെ സിലബസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ് സമസ്തയും സി ഐ സിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടലിലേക്ക് നീങ്ങിയിട്ടുള്ളത്. വാഫി കോഴ്‌സ് ആണ്‍കുട്ടികള്‍ക്കും വഫിയ്യ കോഴ്‌സ് പെണ്‍കുട്ടികള്‍ക്കുമാണ്. വളാഞ്ചേരി മര്‍കസ് കേന്ദ്രീകരിച്ചുള്ള സി ഐ സിക്കു കീഴില്‍ സംസ്ഥാനത്ത് നൂറോളം സ്ഥാപനങ്ങള്‍ സമസ്തയുടേതായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
കേരളത്തിലെ ഇസ്‌ലാഹി നവോത്ഥാന മുന്നേറ്റത്തിന്റെ ഫലമായുണ്ടായ വൈജ്ഞാനിക മുന്നേറ്റത്തിന് അനുഗുണമായി ഉഴുതുമറിച്ച മണ്ണില്‍ ഇസ്‌ലാഹി പ്രസ്ഥാനവും എം ഇ എസ് പോലുള്ള വിദ്യാഭ്യാസ പ്രസ്ഥാനങ്ങളും വിത്തിറക്കുകയും സി എച്ച് മുഹമ്മദ് കോയ സാഹിബിനെ പോലുള്ള നവോത്ഥാന നായകര്‍ മുസ്‌ലിം ലീഗിന്റെ അധികാര പങ്കാളിത്തത്തിലൂടെ വളംവെച്ച് വളര്‍ത്തുകയും ഗള്‍ഫ് മലയാളികളുടെ സാമ്പത്തിക പിന്തുണയില്‍ പടര്‍ന്നു പന്തലിക്കുകയും ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുസ്‌ലിം സമുദായത്തില്‍ ഉജ്ജ്വലമായി വിദ്യാഭ്യാസ വിപ്ലവം തന്നെ തീര്‍ത്തു.
ഫാറൂഖ് കോളജ്, സര്‍ സയ്യിദ് കോളജ്, എം ഇ എസ് കോളജുകള്‍, മുജാഹിദ് പ്രസ്ഥാനത്തിനു കീഴില്‍ തുടങ്ങിയ അറബിക് കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസരംഗത്ത് എന്തെന്നില്ലാത്ത സംഭാവനകള്‍ അര്‍പ്പിച്ചു. 1932-ലെ മണ്ണാര്‍ക്കാട് പ്രമേയം സ്ത്രീ വിദ്യാഭ്യാസം വിലക്കിയെങ്കിലും സമസ്തയുടെ പെണ്‍കുട്ടികളും ഇത്തരം കോളജുകളില്‍ പഠനം നടത്തുകയും ഉന്നത ബിരുദങ്ങള്‍ നേടുകയും ചെയ്തു. വിലക്കിന്റെ എല്ലാ മതിലുകളും ചവിട്ടിപ്പൊളിച്ച് മത-ഭൗതിക വിദ്യാഭ്യാസം നേടുന്നതില്‍ യാഥാസ്ഥിതിക വിഭാഗത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരിച്ചു മുന്നേറി. ഈ മുന്നേറ്റം നിലപാട് പുനഃപരിശോധിക്കാന്‍ സമസ്തയെ നിര്‍ബന്ധിതമാക്കി. സമസ്തയുടെ ബൗദ്ധിക കേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെട്ട മര്‍ഹൂം എം എം ബഷീര്‍ മുസ്‌ലിയാര്‍ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് സമസ്തക്കുള്ളില്‍ വിപ്ലവകരമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
ആത്മീയ ഉത്കൃഷ്ടത തേടി ഇസ്‌ലാമിക നിയമങ്ങള്‍ അഭ്യസിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന ദര്‍സ് വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ട അദ്ദേഹം സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയരംഗങ്ങളിലെല്ലാം വ്യക്തമായ സമീപനങ്ങള്‍ കാഴ്ചവെക്കുന്ന സുന്ദരവും പ്രവിശാലവുമായ ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലേക്ക് വഴിതുറക്കണമെന്ന് വാദിച്ചു. മാനവസമൂഹത്തിന്റെ നാനാമുഖമായ പുരോഗതിക്കുള്ള ഒരു ചൂണ്ടുപലകയായിരിക്കണം പാഠ്യപദ്ധതിയെന്നും അദ്ദേഹം വിവക്ഷിച്ചു. തൊഴില്‍പരവും സാങ്കേതികവുമായ കുറേ കലകളുടെ കലവറയായി സമസ്തയുടെ സ്ഥാപനങ്ങള്‍ മാറണമെന്ന് അദ്ദേഹം ആശിച്ചു. ഇസ്‌ലാം സാര്‍വജനീനവും പ്രവിശാലവുമാണെന്നതിനാല്‍ കൃഷി, എന്‍ജിനീയറിങ്, ഗതാഗതം, മരാമത്ത്, വ്യവസായം തുടങ്ങിയവ സമുദായത്തില്‍ ആരും അഭ്യസിക്കാതിരിക്കുക എന്നത് കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയുടെ കലാലയങ്ങളില്‍ ഇവ പഠിപ്പിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശിച്ചു. വിദ്യാര്‍ഥികളുടെ നൈസര്‍ഗിക സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിരീക്ഷിച്ചു.
തന്റെ ആശയങ്ങള്‍ പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതിന് അദ്ദേഹം തന്നെ നേതൃത്വം നല്‍കി സ്ഥാപിതമായതാണ് ചെമ്മാട് ദാറുല്‍ഹുദാ സ്ഥാപനം. 1983 ഡിസംബറില്‍ ചെമ്മാട് മാലിപ്പാടത്ത് ശിലാസ്ഥാപനം നടത്തി 1986 ജൂണ്‍ 26ന് പ്രവര്‍ത്തനം ആരംഭിച്ച ദാറുല്‍ഹുദയുടെ സന്തതികളാണ് ഹുദവികളെന്ന പേരില്‍ നാട്ടിലും മറുനാട്ടിലുമായി സേവനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇ ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടപ്പാക്കിയ സ്വാശ്രയ വിദ്യാഭ്യാസം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് സമസ്തയുടെ സ്ഥാപനങ്ങളാണ്. സ്വാശ്രയ വിദ്യാഭ്യാസം മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. മാറിവന്ന സര്‍ക്കാരുകളെല്ലാം സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെയും മുസ്‌ലിം സമുദായത്തെയും അവഗണിച്ചപ്പോള്‍ സ്വാശ്രയ മേഖലയെ നെഞ്ചേറ്റി മുസ്‌ലിം സമുദായം സ്വന്തം കാലില്‍ നില്‍ക്കാന്‍ വിപ്ലവകരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചു. സര്‍ക്കാരുകളുടെ കടുത്ത അവഗണനയെ അതിജയിക്കാന്‍ ഗള്‍ഫ് മലയാളികളുടെ പിന്തുണ കുറച്ചൊന്നുമല്ല മുസ്‌ലിം സമുദായത്തെ പിന്തുണച്ചത്.
സര്‍ക്കാരിന്റെ ഔദാര്യം കാത്തുനില്‍ക്കാതെ നാടു നീളെ സ്വാശ്രയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ മുസ്‌ലിം സംഘടനകള്‍ ആരോഗ്യകരമായ മത്സരം തന്നെ കാഴ്ചവെച്ചു. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ മുതല്‍ മെഡിക്കല്‍, എന്‍ജിനീയറിങ്, ലോ കോളജുകള്‍ വരെ സമുദായത്തിന് സ്വന്തമായുണ്ടായി.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ സേവനവും സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അവസരവും പ്രയോജനപ്പെടുത്തിയതില്‍ വിഭവശേഷി ഏറെയുള്ള സമസ്തയ്ക്കു തന്നെയായിരുന്നു ഏറെ മുന്‍തൂക്കം. മിക്ക പള്ളി ദര്‍സുകളും കോളജുകളായി പരിവര്‍ത്തിപ്പിച്ചതിനു പുറമെ 2000ല്‍ രൂപം കൊണ്ട വാഫി സംവിധാനത്തില്‍ (സി ഐ സി) ഒട്ടേറെ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
പൊതുവിദ്യാഭ്യാസ മേഖലയുമായി ഒത്തുപോകാന്‍ സി ഐ സി കോളജുകളിലെ പാഠ്യപദ്ധതികള്‍ അതിനനുഗുണമായി പൊളിച്ചെഴുതി. അങ്ങനെ വാഫിമാരും വഫിയ്യകളും ഹുദവിമാരും വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ അവരുടെ മികവും പങ്കാളിത്തവും സാധിച്ചെടുത്തു. എന്നാല്‍ പിന്നീട് സമൂഹത്തിന്റെ ബഹുമുഖങ്ങളായ തലങ്ങളില്‍ ഹുദവിമാരും വാഫികളും വ്യാപിച്ചുതുടങ്ങിയതോടെ സമസ്തയുടെ പ്രഖ്യാപിത നയനിലപാടുകളില്‍ നിന്ന് അവര്‍ വ്യതിചലിച്ചു തുടങ്ങിയതായി സമസ്തയിലെ മുതിര്‍ന്ന തലമുറയില്‍ ആശങ്ക വന്നുതുടങ്ങി.
ബഹുസ്വര സമൂഹത്തില്‍ ഇടപഴകുമ്പോഴുള്ള സാമാന്യ മര്യാദകളും ആദര്‍ശ പ്രതിയോഗികളോടുള്ള പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ഇടപെടലുകളും കലാസാഹിത്യ മേഖലകളിലുള്ള പങ്കാളിത്തവും കണ്ടപ്പോള്‍, തങ്ങളുടെ പഴയ നിലപാടുകളെ തള്ളിപ്പറയുന്ന ഒരു വിഭാഗമാണ് തങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്നു പുറത്തുവരുന്നതെന്ന് അവര്‍ ന്യായമായും സംശയിച്ചു.
മതവിജ്ഞാനം അല്‍പം ചില അധ്യായങ്ങളില്‍ ഒതുക്കിനിര്‍ത്താതെ അതിന്റെ വിശാലതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തയ്യാറാവണമെന്ന എം എം ബഷീര്‍ മുസ്‌ലിയാരുടെ ലക്ഷ്യം സാധിച്ചെടുക്കണമെന്ന നിലക്കാണ് സി ഐ സിക്ക് നേതൃത്വം നല്‍കുന്ന അബ്ദുല്‍ ഹകീം ഫൈസിയും കൂട്ടരും മുന്നോട്ടുപോകുന്നത്. അതിനനുസരിച്ച് പാഠ്യപദ്ധതിയിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കാലികമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കി വഫിയ്യ കോഴ്‌സും വ്യാപകമാക്കി. കലാകായിക മേഖലകളിലും പ്രോത്സാഹനം സാധ്യമാക്കി.
എന്നാല്‍ ഈ പാഠ്യപദ്ധതി പരിഷ്‌കരണം പഠിതാക്കളെ സമസ്തയുടെ ആശയാദര്‍ശങ്ങളില്‍ നിന്നു വഴിതിരിച്ചു വിടുന്നതായി വിമര്‍ശനമുയര്‍ന്നു. ഹുദവിമാരും വാഫിമാരും തിന്ന ചോറിന് കൂറു കാണിക്കാതെ സമസ്തക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്നുപോലും ആക്ഷേപമുയര്‍ന്നു. സി ഐ സി സംവിധാനത്തിനു നേതൃത്വം നല്‍കുന്ന അബ്ദുല്‍ ഹകീം ഫൈസിക്ക് നേരെയായി പ്രതിയോഗികളുടെ വിമര്‍ശനങ്ങളുടെ കുന്തമുന.
സമസ്തയുടെ ആന്തരിക ധ്രുവീകരണത്തിന് കാരണമായിത്തീര്‍ന്ന, സമസ്തയിലെ ഇടതുപക്ഷം എന്നു വിശേഷിപ്പിക്കുന്ന ‘ശജറ’ ഗ്രൂപ്പും ഠൃമറശശേീിമഹ ാൗഹെശാ രീഹഹലരശേ്‌ല എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പും അതിശക്തമായ വിമര്‍ശനങ്ങള്‍ തന്നെ സി ഐ സിക്കെതിരെ അഴിച്ചുവിട്ടു. അബ്ദുല്‍ഹമീദ് ഫൈസിയും നാസര്‍ ഫൈസി കൂടത്തായിയും മുസ്തഫ മുണ്ടുപാറയുമാണ് ‘ശജറ’യുടെ പിന്നിലെന്നാണ് സി ഐ സി പക്ഷം ആരോപിക്കുന്നത്. ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള വഫിയ്യ കോളജിന്റെ പരസ്യം ചന്ദ്രിക കൊടുത്തിട്ടും സുപ്രഭാതം കൊടുക്കാതിരുന്നത് സുപ്രഭാതത്തിന്റെ സി ഇ ഒ മുസ്തഫ മുണ്ടുപാറയുടെ കളിയാണെന്നാണ് ഇതിന്റെ കാരണമായി ആരോപിക്കപ്പെടുന്നത്. പ്രശ്‌നം രൂക്ഷമായതോടെ സമസ്തയിലെ ആഭ്യന്തര ധ്രുവീകരണം പാരമ്യത്തിലെത്തി. ശജറ പക്ഷം ലക്ഷ്യം വെക്കുന്നത് മുസ്‌ലിം ലീഗിനെയും പാണക്കാട് തങ്ങന്മാരെയുമാണെന്നതിനാല്‍ മുസ്‌ലിം ലീഗ് സി ഐ സിയുടെ പക്ഷം പിടിക്കുകയും സമസ്ത പ്രസിഡന്റ് സി ഐ സിയുടെ എതിര്‍പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തു.
സി ഐ സിയുടെ സിലബസില്‍ കാര്യമായ പൊളിച്ചെഴുത്ത് വേണമെന്ന് സമസ്തയുടെ മുശാവറ യോഗം കൂടി സി ഐ സി നേതൃത്വത്തോട് നിര്‍ദേശിച്ചു: മദ്ഹബ് താരതമ്യ പഠനം സിലബസില്‍ നിന്നു മാറ്റണം, വഫിയ്യ കോഴ്‌സ് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്‌സ് കാലയളവില്‍ വിവാഹിതരാകാന്‍ പാടില്ലെന്ന സി ഐ സിയുടെ മാര്‍ഗനിര്‍ദേശം പിന്‍വലിക്കണം, ബിദ്ഈ ആശയങ്ങളുള്ള പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് പിന്‍വലിക്കണം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള പഠനം പാടില്ല, യുക്തിവാദികള്‍, ആദര്‍ശവിരോധികള്‍ തുടങ്ങിയവരെ ക്ലാസുകള്‍ക്കോ മറ്റോ പങ്കെടുപ്പിക്കരുത്, ലൈബ്രറിയിലും വായനശാലകളിലും സമസ്തയുമായി ആശയവൈവിധ്യമുള്ള പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും പാടില്ല, ഇതര ആശയക്കാരെ കേള്‍ക്കാന്‍ അവസരമുണ്ടാക്കരുത് തുടങ്ങിയ അറുപിന്തിരിപ്പന്‍ നിര്‍ദേശങ്ങളാണ് സമസ്ത മുശാവറ സി ഐ സിക്കു മുന്നില്‍ വെച്ചത്.
ഈ നിര്‍ദേശങ്ങള്‍ വന്നതോടെ സമസ്ത രണ്ടു ചേരിയായി പരസ്യമായി രംഗപ്രവേശം ചെയ്തു. സി ഐ സി സമസ്തയ്ക്കു കീഴിലുള്ള സംഘടനയല്ലെന്നും, ആദര്‍ശന വിധേയത്വം സമസ്തയോട് ഉള്ളപ്പോള്‍ തന്നെ മുസ്‌ലിംലീഗിനോട് രാഷ്ട്രീയ ചായ്‌വുണ്ടെന്നും സി ഐ സി നേതൃത്വം പരസ്യമായി തുറന്നടിച്ചു. മാത്രമല്ല, ഇതിന് അനുഗുണമായി സി ഐ സി ഭരണഘടന ഭേദഗതി ചെയ്തു. രാഷ്ട്രത്തിന്റെ കൊടി, സമസ്തയുടെ കൊടി, പാണക്കാട്ടെ കൊടി- ഈ മൂന്നു കൊടികളും ചേര്‍ന്നതാണ് സി ഐ സിയെന്ന് അതിനു നേതൃത്വം നല്‍കുന്ന അബ്ദുല്‍ഹകീം ഫൈസി പരസ്യമായി വിശദീകരിച്ചു.
സി ഐ സിയുടെ ഭരണഘടന പ്രകാരം സമസ്തയുടെ പ്രസിഡന്റ് സി ഐ സിയുടെ ഉപദേശക സമിതിയില്‍ അംഗമായിരിക്കണം എന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ സമസ്ത മുശാവറ അംഗമായ ഒരാള്‍ ഉപദേശക സമിതിയില്‍ ഉണ്ടായിരിക്കേണ്ടതാണെന്ന് ഭരണഘടന ഭേദഗതി ചെയ്തു.
എന്നാല്‍ ഈ കാര്യങ്ങളൊന്നും തന്നെ സി ഐ സിയുടെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്നും അതിനെ നിമിത്തമാക്കി സമസ്തയെ മുസ്‌ലിം ലീഗില്‍ നിന്ന് അകറ്റുന്നതിനായുള്ള രാഷ്ട്രീയ കരുനീക്കങ്ങളാണെന്നും മുസ്‌ലിം ലീഗ് വിശ്വസിക്കുന്നു. ഇക്കഴിഞ്ഞതിനു മുമ്പത്തെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എം എസ് എഫ് നേതാവ് ടി പി അഷ്‌റഫലിക്കെതിരെ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവിന്റെ നേതൃത്വത്തില്‍ സുപ്രഭാതം ടീം തുടങ്ങിവെച്ച രാഷ്ട്രീയക്കളിയാണ് ‘ശജറ’യായി രൂപാന്തരപ്പെട്ടത്. പിന്നീട് ഓരോ കാര്യങ്ങളും കൂടുതല്‍ തെളിഞ്ഞുവന്നു. സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ വരുതിയിലാക്കി ലീഗിനെതിരെ ചരടുവലി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ‘ഇതര മുസ്‌ലിം സംഘടനകള്‍ വിളിക്കുന്ന യോഗങ്ങളുമായി സഹകരിക്കേണ്ടതില്ലെ’ന്ന് സമസ്ത തീരുമാനമെടുത്തത്. തൊട്ടുപിന്നാലെ സ്‌കോളര്‍ഷിപ് വിഷയം വന്നപ്പോള്‍ മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകളില്‍ നിന്ന് വേറിട്ട് സ്വതന്ത്രമായ നടപടികളുമായി സമസ്ത മുന്നോട്ടുവന്നു.
വഖഫ് നിയമനവുമായി ബന്ധപ്പെട്ടു വന്ന വിവാദത്തില്‍ മുസ്‌ലിം ലീഗിനോട് പരസ്യമായി കൊമ്പുകോര്‍ക്കാന്‍ തന്നെ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുന്നോട്ടുവന്നത് ഇതൊക്കെ കൊണ്ടുതന്നെയാണ്. സി ഐ സിയുടെ നെടുംതൂണും സമസ്തയുടെ പൊതുമുഖവുമായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി അടക്കമുള്ളവര്‍ ഒന്നിച്ചെടുത്ത മുസ്‌ലിം സംഘടനകളുടെ സമരത്തില്‍ നിന്നു സമസ്ത പിന്‍മാറിയതും ഇതിനോട് ചേര്‍ത്തുവായിക്കുക. ഈയൊരു സാഹചര്യത്തില്‍ സി ഐ സിയുടെ ഭാവി എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണുക തന്നെ.

Back to Top