20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ഉദ്ഹിയ്യത്തിന്റെ പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാമോ?

മുഫീദ്‌


? ഉദ്ഹിയ്യത് നിര്‍വഹിക്കുന്നതിനു പകരം ആ പണം മറ്റാവശ്യങ്ങള്‍ക്ക് നല്‍കാമോ? പാവപ്പെട്ട ഒരാളുടെ വീട് നിര്‍മാണത്തില്‍ പങ്കാളിയാവുകയോ നിര്‍ധന രോഗിയുടെ ചികിത്സാ സഹായത്തിനു നല്‍കുകയോ ചെയ്യാമോ? നമുക്ക് ചുറ്റും പലരും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കാലത്ത് ഉദ്ഹിയ്യത്തിന് ഉദ്ദേശിച്ച പണം ഇങ്ങനെ ചെലവഴിക്കുകയല്ലേ നല്ലത്.
ഹനാന്‍ അഹ്മദ്
മതം നിശ്ചയിച്ചിരിക്കുന്ന ആരാധനയാണ് ബലി കര്‍മം. ഉദ്ഹിയ്യത്തിന് കൂടുതല്‍ ആരാധനാഭാവമുണ്ട്. മുസ്‌ലിംകള്‍ക്ക് ഉണ്ടാവേണ്ട ത്യാഗസന്നദ്ധതയുടെയും സമര്‍പ്പണബോധത്തിന്റെയും പ്രതീകമാണത്. ‘കഴിവുണ്ടായിട്ടും ബലി നടത്താത്തവന്‍ ഈദ്ഗാഹിലേക്ക് വരേണ്ടതില്ല’ എന്ന നബിവചനം ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മാണം, രോഗീപരിചരണം തുടങ്ങിയവക്ക് നമ്മുടെ സാമൂഹികാവസ്ഥയില്‍ അധികം ഞെരുങ്ങാതെ തന്നെ പണം കണ്ടെത്താവുന്നതേയുള്ളൂ. ഇത്തരം സ്വാഭാവിക ആവശ്യങ്ങള്‍ക്കു വേണ്ടി ഉദ്ഹിയത്ത് നിര്‍ത്തിവെക്കുന്നത് ശരിയല്ല. എന്നാല്‍ ആകസ്മിക അത്യാഹിതങ്ങള്‍ ഉണ്ടാവുകയും, മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ വലിയ തോതില്‍ സാമ്പത്തിക സമാഹരണം ആവശ്യമാവുകയും മറ്റു സഹായ സ്രോതസ്സുകള്‍ ഇല്ലാതെ വരികയുമാണെങ്കില്‍, ഉദ്ഹിയ്യത്ത് ഫണ്ട് അതിന് വിനിയോഗിക്കാം എന്ന് അഭിപ്രായപ്പെട്ട ആധുനിക പണ്ഡിതന്മാരുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലും നാട്ടില്‍/ മഹല്ലില്‍ എണ്ണം ചുരുക്കിയാണെങ്കിലും, ഉദ്ഹിയത്ത് നിര്‍വഹിക്കുക എന്നതാണ് ഭക്തിയോട് ചേര്‍ന്ന് നില്‍ക്കുന്നത്. മിച്ചമുള്ള തുക അത്യാഹിതങ്ങള്‍ക്ക് നീക്കിവെക്കുകയും ചെയ്യാം.

Back to Top