22 Sunday
December 2024
2024 December 22
1446 Joumada II 20

സുന്നത്ത് നമസ്‌കാരങ്ങളിലെ പതിരുകള്‍

പി കെ മൊയ്തീന്‍ സുല്ലമി


ഇസ്‌ലാമിന്റെ വിശ്വാസ, ആചാര കര്‍മങ്ങളില്‍ നിരവധി പതിരുകള്‍ കടന്നുകൂടിയിട്ടുണ്ട്. അതിനെയാണ് നാം പൊതുവില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എന്നു പറയുന്നത്. അതുപോലെ നബി(സ)ക്കു മാത്രം ബാധകമാകുന്ന ചില കര്‍മങ്ങളും ഇസ്‌ലാമിലുണ്ട്. ”നബി(സ) പറയുന്നു: എനിക്കു മുമ്പ് ആര്‍ക്കും നല്‍കപ്പെടാത്ത അഞ്ചു കാര്യങ്ങള്‍ എനിക്ക് നല്‍കപ്പെട്ടു. ഒരു മാസത്തെ വഴിദൂരം കൊണ്ടുള്ള ഭയത്താല്‍ ഞാന്‍ സഹായിക്കപ്പെട്ടു. (അഥവാ ശത്രുക്കള്‍ നബി(സ) അവരിലേക്ക് അടുക്കുന്നതിന്റെ ഒരു മാസം മുമ്പുതന്നെ നബിയെക്കുറിച്ചുള്ള മതിപ്പും ഭയവും അവരുടെ മനസ്സില്‍ ഉണ്ടാകും). ഭൂമി മുഴുവന്‍ എനിക്ക് സുജൂദിന്റെ സ്ഥലവും (പള്ളി) ശുദ്ധിയും ആക്കപ്പെട്ടു. അതിനാല്‍ എന്റെ സമുദായത്തില്‍പ്പെട്ട ഏതൊരു മനുഷ്യനും നമസ്‌കാരസമയം എത്തിക്കഴിഞ്ഞാല്‍ അവനത് നിര്‍വഹിച്ചുകൊള്ളട്ടെ. എനിക്ക് ഗനീമത്ത് ധനം (സമരാര്‍ജിത സമ്പത്ത്) അനുവദിക്കപ്പെട്ടു. എനിക്കു മുമ്പ് ആര്‍ക്കും തന്നെ അത് അനുവദനീയമാക്കപ്പെട്ടിട്ടില്ല. എനിക്ക് ശുപാര്‍ശക്കുള്ള അധികാരം നല്‍കപ്പെട്ടു. മുന്‍കഴിഞ്ഞ പ്രവാചകന്മാര്‍ ഓരോ സമുദായത്തിലേക്കും പ്രത്യേകമായി നിയോഗിക്കപ്പെട്ടവരായിരുന്നു. ഞാന്‍ ജനങ്ങള്‍ക്കു മുഴുവന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.” (ബുഖാരി 335)
ഈ ഹദീസില്‍ പ്രസ്താവിക്കപ്പെട്ട കാര്യങ്ങളില്‍ നബി(സ)ക്ക് മാത്രം ബാധകമാകുന്നതും നബി(സ)ക്കും നമുക്കും കൂടി ബാധകമാക്കിയ കാര്യങ്ങളുമുണ്ട്. എന്നാല്‍ നബി(സ)ക്കു മാത്രം ബാധകമാക്കപ്പെട്ടവയാണ് ഹദീസുകളില്‍ വന്നിട്ടുള്ള അസ്‌റിനു മുമ്പും ശേഷവും സുന്നത്ത് നമസ്‌കാരങ്ങള്‍. ചിലര്‍ ഇത് റവാതിബ് സുന്നത്തില്‍ പെട്ടതാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.
”ആഇശ(റ) പറഞ്ഞതായി അബ്ദുല്‍ വാഹിദ്(റ) ഇപ്രകാരം കേള്‍ക്കുകയുണ്ടായി: നബി(സ) നിരവധി തവണ അസറിനു മുമ്പുള്ള സുന്നത്ത് നമസ്‌കാരം ഇരുന്നു നിര്‍വഹിക്കാറുണ്ടായിരുന്നു. സമുദായത്തിന്റെ വിഷമം പരിഗണിച്ചുകൊണ്ട് നബി(സ) പ്രസ്തുത നമസ്‌കാരം പള്ളിയില്‍ വെച്ച് നിര്‍വഹിക്കാറുണ്ടായിരുന്നില്ല. നബി(സ) സമൂഹത്തിനു ലഘൂകരണമായിരുന്നു ഉദ്ദേശിച്ചിരുന്നത്” (ബുഖാരി, ഉംദതുല്‍ ഖാരി 5:84). അസ്വറിനു മുമ്പുള്ള സുന്നത്ത് നമസ്‌കാരം നമുക്ക് ബാധകമല്ലെന്ന് പ്രസ്തുത ഹദീസില്‍ നിന്നു മനസ്സിലാക്കാം.
അസ്വറിനു ശേഷം ഹദീസുകളില്‍ വന്ന നമസ്‌കാരവും നബി(സ)ക്കു മാത്രം ബാധകമാണ്. ”ഉമ്മുസലമ(റ) പറയുന്നു: അവര്‍ തന്റെ വേലക്കാരി പെണ്‍കുട്ടിയോട് നബി(സ)യോട് ഇപ്രകാരം ചോദിക്കാന്‍ കല്‍പിക്കുകയുണ്ടായി. അല്ലാഹുവിന്റെ ദൂതരേ, അങ്ങ് അസ്‌റിനു ശേഷം രണ്ട് റക്അത്ത് നമസ്‌കരിക്കുന്നതില്‍ നിന്നും ജനങ്ങളെ വിലക്കുകയും താങ്കള്‍ നമസ്‌കരിക്കുകയും ചെയ്യുന്നു. ഇതെന്തുകൊണ്ടാണ്? നബി(സ) പറഞ്ഞു: അബൂഉമയ്യത്തിന്റെ മകളേ, അസ്‌റിനു ശേഷമുള്ള രണ്ടു റക്അത്തിനെ സംബന്ധിച്ച് നീ എന്നോട് ചോദിച്ചുവല്ലോ. അബ്ദുല്‍ ഖൈസ് ഗോത്രത്തില്‍ പെട്ട ചിലര്‍ എന്റെ അടുത്തു വന്നിരുന്നു. അവര്‍ ളുഹ്‌റിനു ശേഷമുള്ള രണ്ട് റക്അത്ത് നമസ്‌കരിക്കുന്നതില്‍ നിന്നു തടസ്സം വരുത്തി. പ്രസ്തുത രണ്ട് റക്അത്താണ് ഞാന്‍ അസ്‌റിനു ശേഷം നമസ്‌കരിച്ചത്.” (ബുഖാരി, മുസ്‌ലിം)
ഈ വിഷയത്തില്‍ വന്ന മറ്റൊരു ഹദീസ് ശ്രദ്ധിക്കുക: ആഇശ(റ) പ്രസ്താവിച്ചു: ”നബി(സ) അസ്‌റിനു ശേഷം നമസ്‌കരിക്കുകയും മറ്റുള്ളവരെ അതില്‍ നിന്നു വിലക്കുകയും ചെയ്തിരുന്നു. നബി(സ) രാവും പകലും തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരെ അപ്രകാരം നോമ്പനുഷ്ഠിക്കുന്നത് തടയുകയും ചെയ്തിരുന്നു” (അബൂദാവൂദ് 1280, ബൈഹഖി 2:458).
ഈ ഹദീസുകളെ സംബന്ധിച്ച് ഇമാം ഐനി രേഖപ്പെടുത്തുന്നു: ”സുബ്ഹി നമസ്‌കാര ശേഷം സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതു വരെയും അസ്‌റിനു ശേഷം സൂര്യന്‍ അസ്തമിക്കുന്നതു വരെയും സുന്നത്ത് നമസ്‌കരിക്കല്‍ അഭികാമ്യമല്ലെന്ന് ഇമാം അബൂഹനീഫ(റ) പ്രസ്താവിച്ചിരിക്കുന്നു. ഹസന്‍ ബസ്വരി, സഈദുബ്‌നുല്‍ മുസ്വയ്യബ്, അലാഉബ്‌നു സിയാദ്, ഹുമാദുബ്‌നു അബ്ദുര്‍റഹ്മാന്‍(റ) എന്നിവരും അപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
ഇമാം നഖ്ഈ(റ) പറയുന്നു: മേല്‍ പറഞ്ഞവരൊക്കെ അപ്രകാരം നമസ്‌കരിക്കുന്നത് വെറുത്തിരുന്നു. സഹാബികളില്‍ ഒരു സംഘത്തിന്റെ അഭിപ്രായവും അപ്രകാരം തന്നെ. ഇബ്‌നുല്‍ സത്ത്വാന്‍(റ) പറയുന്നു: സുബ്ഹിക്കു ശേഷവും അസ്‌റിനു ശേഷവും നമസ്‌കരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഹദീസുകള്‍ നബി(സ)യില്‍ നിന്നും മുതവാതിറായി വന്നിട്ടുണ്ട്. അസ്‌റിനു ശേഷം നമസ്‌കരിക്കുന്നവരെ ഉമര്‍(റ) സഹാബിമാരുടെ സാന്നിധ്യത്തില്‍ അടിച്ചിരുന്നു. ഇതെല്ലാം ബോധ്യപ്പെടുത്തുന്നത് അത്തരം നമസ്‌കാരങ്ങള്‍ സമുദായത്തിനു ബാധകമല്ലെന്നും നബി(സ)ക്കു മാത്രം ബാധകമാണെന്നുമാണ്. അലിയ്യുബ്‌നു അബീത്വാലിബ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബൂഹുറൈറ, സമുറതുബ്‌നുല്‍ ജുന്‍ദബ്, സൈദുബ്‌നു സാബിത്, സലമതുബ്‌നു അംറ്, അബ്ദുല്ലാഹിബ്‌നു അംറ്, കഅ്ബുബ്‌നു മുര്‍റത്ത്, ആഇശ(റ) എന്നിവര്‍ അസ്‌റിനു ശേഷം സുന്നത്ത് നമസ്‌കാരം ഉള്ളതായി കണ്ടിരുന്നില്ല.
ഇബ്‌നു അബീശൈബ(റ) തന്റെ മുസന്നഫില്‍ അബുല്‍ ആലിയയില്‍ നിന്ന് ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്: ”അസ്‌റിനു ശേഷം സൂര്യന്‍ അസ്തമിക്കുന്നതു വരെയും സുബ്ഹിക്കു ശേഷം സൂര്യന്‍ ഉദിച്ചുപൊങ്ങുന്നതു വരെയും നമസ്‌കാരം നല്ലതല്ല. അപ്രകാരം നമസ്‌കരിക്കുന്നവരെ ഉമര്‍(റ) അടിച്ചിരുന്നു” (ഉംദതുല്‍ ഖാരി 3:77). അസ്ര്‍ നമസ്‌കാരത്തിനു മുമ്പ് സുന്നത്തില്ല. എന്നാല്‍ പള്ളിയില്‍ പ്രവേശിക്കുന്നവര്‍ക്ക് തഹിയ്യത്ത് നമസ്‌കരിക്കാം. നിസ്സാര സത്കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലവും (സ്വര്‍ഗം) നിസ്സാര തെറ്റുകള്‍ക്ക് വലിയ ശിക്ഷയും (നരകവും) ഓഫര്‍ ചെയ്യുന്ന ചില ഹദീസുകളുണ്ട്. അത്തരം ഹദീസുകള്‍ സഹീഹല്ലയെന്നാണ് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരു തെറ്റു കൊണ്ടു മാത്രം ഒരാളും നരകത്തില്‍ കടക്കുന്നതല്ല. കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെ ശിര്‍ക്കും കുഫ്‌റും ഹറാമും ചെയ്ത് മരണപ്പെട്ടുപോയവരാണ് നരകത്തില്‍ പ്രവേശിക്കുക. അതുപോലെ നന്മകള്‍ തുലാസില്‍ തിന്മകളെക്കാള്‍ മുന്തിനില്‍ക്കുന്നവരാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അല്ലാഹു അരുളി: ”അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ കനം തൂങ്ങിയോ അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും. എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ കനം കുറഞ്ഞുവോ അവന്റെ സങ്കേതം ഹാവിയ(നരകം)യുമായിരിക്കും” (അല്‍ഖാരിഅ 6-9). തിന്മകള്‍ ചെയ്തവര്‍ ആരോടാണോ തിന്മ ചെയ്തത് അയാള്‍ക്ക് നന്മ ചെയ്തുകൊടുക്കുന്നപക്ഷം അയാളുടെ തിന്മ ദുനിയാവില്‍ വെച്ചുതന്നെ മായ്ക്കപ്പെടും. നബി(സ) അരുളി: ”നീ എവിടെയായിരുന്നാലും അല്ലാഹുവെ സൂക്ഷിക്കുക. ഒരു തിന്മയോടൊപ്പം നന്മയെ തുടര്‍ത്തുക. അത് ആ തിന്മയെ മായ്ക്കും. ജനങ്ങളോട് നല്ല നിലയില്‍ വര്‍ത്തിക്കുക” (തിര്‍മിദി).
ചുരുക്കത്തില്‍ നമ്മുടെ എല്ലാ നന്മകളും എല്ലാ തിന്മകളും നാം അനുഭവിക്കുന്നതാണ്. അല്ലാഹു അരുളി: അപ്പോള്‍ ആര്‍ ഒരണുത്തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരണുത്തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും” (ഖാരിഅ 7,8). അപ്പോള്‍ ഒരു നന്മ കൊണ്ട് സ്വര്‍ഗത്തിലും ഒരു തിന്മ കൊണ്ട് നരകത്തിലും കടക്കുമെന്ന റിപോര്‍ട്ടുകള്‍ ഖുര്‍ആന്‍ വിരുദ്ധങ്ങളാണ്. അത് ഹദീസ് നിദാനശാസ്ത്രത്തിനും വിരുദ്ധമാണ്. അത് ശ്രദ്ധിക്കുക. നിസ്സാര കുറ്റങ്ങള്‍ക്ക് വലിയ ശിക്ഷ നല്‍കുന്ന ഹദീസുകള്‍ നിര്‍മിതങ്ങളാണ്. ‘വെള്ളിയാഴ്ച രാത്രി വല്ലവനും വെളുത്തുള്ളി ഭക്ഷിക്കുന്നപക്ഷം അവന്‍ എഴുപത് വര്‍ഷത്തോളം നരകത്തില്‍ ആണ്ടുകൊണ്ടേയിരിക്കും’ എന്ന ഹദീസ് അതിന് ഉദാഹരണമാണ്. അതുപോലെത്തന്നെ നിസ്സാര കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഹദീസുകളും നിര്‍മിതങ്ങളാണ്. ‘ഇന്നിന്ന രൂപത്തില്‍ ഇത്ര റക്അത്ത് ഒരാള്‍ ളുഹാ നമസ്‌കാരം നിര്‍വഹിക്കുന്നപക്ഷം അയാള്‍ക്ക് എഴുപത് പ്രവാചകന്മാരുടെ പ്രതിഫലം ലഭിക്കുമെന്ന ഹദീസും അതിനുദാഹരണമാണ്” (ശറഹു നുഖ്ബതില്‍ ഫിക്‌രി, പേജ് 112).
ഇത്തരത്തില്‍പെട്ട ഒരു ഹദീസ് താഴെ വരുന്നു. യാഥാസ്ഥിതികരും നവയാഥാസ്ഥിതികരും അമിതമായ ആവേശത്തോടെ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ദുര്‍ബലമായ ഹദീസാണത്. ശ്രദ്ധിക്കുക: ”നബി(സ) അരുളിയതായി അനസ്(റ) പ്രസ്താവിച്ചു: വല്ലവനും സുബ്ഹി നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കുകയും പിന്നീട് സൂര്യന്‍ ഉദിക്കുന്നതുവരെ അല്ലാഹുവിന് ദിക്‌റുകള്‍ മൊഴിഞ്ഞുകൊണ്ട് അവിടെത്തന്നെ ഇരിക്കുകയും അനന്തരം രണ്ടു റക്അത്ത് നമസ്‌കരിക്കുകയും ചെയ്യുന്നപക്ഷം അവന് ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുന്നതാണ്” (തിര്‍മിദി 586). ഈ നമസ്‌കാരത്തിന് പറയപ്പെടുന്ന പേര് സ്വലാതുല്‍ ഇശ്‌റാഖ് എന്നാണ് (സൂര്യോദയ നമസ്‌കാരം). ഇനി ഈ ഹദീസിനെ പണ്ഡിതന്മാര്‍ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് പരിശോധിക്കാം. ഇമാം നവവി(റ) പ്രസ്താവിച്ചു: ”ഈ ഹദീസിന്റെ പരമ്പരയില്‍ (വിശ്വാസയോഗ്യനല്ലാത്ത) അബൂളലാല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിലാല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയുണ്ട്. തീര്‍ച്ചയായും അദ്ദേഹം ഹദീസിന്റെ വിഷയത്തില്‍ ദുര്‍ബലനാണ്” (നൈലുല്‍ ഔത്വാര്‍ 1:189).
ഇനി ഹദീസ് നിദാനശാസ്ത്രത്തില്‍ നിപുണനായ ഇമാം ഹൈതമി(റ)യുടെ അഭിപ്രായം ശ്രദ്ധിക്കുക: ”ഈ ഹദീസിന്റെ പരമ്പരയില്‍ ഫള്‌ലുബ്‌നു മുവഫ്ഫിഖ് എന്നൊരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ ഹദീസുകള്‍ അബൂഹാതിമുര്‍റാസി എന്ന പണ്ഡിതന്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്” (മജ്മഉസ്സവാഇദ് 10:105). ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ ‘ളുഹാ’ നമസ്‌കാരത്തെ ദുര്‍ബലപ്പെടുത്താറുണ്ട്. അത് ശരിയല്ല. കാരണം ളുഹാ നമസ്‌കാരത്തിന്റെ പുണ്യത്തെക്കുറിച്ച് അര ഡസനോളം മുത്തഫഖുന്‍ അലൈഹിയായ ഹദീസുകള്‍ വന്നിട്ടുണ്ട്. മേല്‍പറഞ്ഞത് സൂര്യോദയ നമസ്‌കാരത്തെ സംബന്ധിച്ചാണ്. പ്രസ്തുത ഹദീസ് ദുര്‍ബലമാണ്. ളുഹാ നമസ്‌കാരം സൂര്യന്‍ ഉദിക്കുമ്പോഴല്ല, മറിച്ച്, ഉദിച്ച് ഒരു കുന്തത്തോളം ഉയര്‍ന്നുപൊങ്ങിയതിനു ശേഷമാണ്. സയ്യിദ് സാബിഖ്(റ) പറയുന്നു: ”അതിന്റെ സമയം ആരംഭിക്കുന്നത് സൂര്യന്‍ ഉദിച്ചുപൊങ്ങി ഒരു കുന്തത്തോളം ഉയര്‍ന്നുപൊങ്ങുമ്പോഴാണ്. സൂര്യന്‍ മധ്യത്തില്‍ തെറ്റുമ്പോഴാണ് അതിന്റെ ഒടുക്കം” (ഫുഖ്ഹുസ്സുന്ന 1:210).
അപ്പോള്‍ ളുഹാ നമസ്‌കാരത്തിന്റെ സമയം രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണെന്ന് ഏകദേശം വിലയിരുത്തി സമയം കണക്കാക്കാം. എന്നാല്‍ ഇശ്‌റാഖ് നമസ്‌കാരം സൂര്യന്‍ ഉദിക്കുമ്പോഴാണ്. ഇശ്‌റാഖ് എന്നാല്‍ ഉദിപ്പ് എന്നാണ് അര്‍ഥം. ളുഹായെന്നാല്‍ അര്‍ഥം ‘ഇളയുച്ച’ എന്നാണ്. ചിലര്‍ ബിദ്അത്താണെന്ന പേരില്‍ ളുഹാ നമസ്‌കാരത്തെ നിഷേധിക്കുന്നവരുമുണ്ട്. അത് വലിയ കുറ്റമാണ്. ഒരാള്‍ ളുഹാ നമസ്‌കാരത്തെ നിഷേധിച്ചിട്ടില്ലെങ്കില്‍ അയാള്‍ക്ക് കുറ്റമില്ല. അതേയവസരത്തില്‍ ഒരു സുന്നത്തിനെ നിഷേധിക്കല്‍ കുറ്റകരമാണ്.

Back to Top