30 Friday
January 2026
2026 January 30
1447 Chabân 11

ഫലസ്തീന്‍: അനധികൃത കുടിയേറ്റത്തിന് വന്നത് ആയിരക്കണക്കിന് ഇസ്‌റാഈലികള്‍


അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ആറ് സ്ഥലങ്ങളില്‍ അനധികൃത കുടിയേറ്റം നടത്താനൊരുങ്ങി ആയിരക്കണക്കിന് ഇസ്‌റാഈലി കുടിയേറ്റക്കാര്‍ കൂട്ടമായെത്തി. കഴിഞ്ഞ ദിവസമാണ് ജൂത കുടിയേറ്റ കുടുംബങ്ങള്‍ യുവാക്കളും കുട്ടികളുമായി റാമല്ലയിലും വെസ്റ്റ്ബാങ്കിലുമൊക്കെ അനധികൃത ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കാനായി എത്തിയത്. ബസുകളിലും കാല്‍നടയായും മറ്റു വാഹനങ്ങളിലുമായാണ് സംഘങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്നത്. ഇസ്‌റാഈല്‍ പതാകകള്‍ വഹിച്ച അവര്‍, സൈന്യത്തിന്റെയും പോലീസിന്റെയും സംരക്ഷണത്തില്‍ ക്യാമ്പിങ് ടെന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ്ബാങ്ക് നഗരങ്ങളായ റാമല്ല, സാല്‍ഫിറ്റ്, ഹെബ്രോണ്‍ എന്നിവയ്ക്ക് സമീപമുള്ള സ്ഥലങ്ങളിലാണ് അവര്‍ ഒത്തുകൂടിയത്.
അധിനിവേശ വെസ്റ്റ്ബാങ്കിന്റെ മധ്യത്തിലുള്ള പെസഗോട്ടിന്റെ അനധികൃത കുടിയേറ്റത്തിനു സമീപം നൂറുകണക്കിന് ഇസ്രായേലി കുടിയേറ്റക്കാര്‍ ഒരു പുതിയ കൊളോണിയല്‍ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഇസ്‌റാഈല്‍-ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇസ്‌റാഈലി ജൂതര്‍ക്ക് ഇവിടങ്ങളില്‍ രാത്രി ചെലവഴിക്കാന്‍ അനുവാദം നല്‍കിയിരുന്നുവെങ്കിലും ഇസ്‌റാഈലി സൈന്യം ഭൂരിഭാഗം ക്യാമ്പുകളും പിന്നീട് പുറത്താക്കിയതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ സൈന്യം റോഡുകള്‍ തടയുകയും പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ ഫലസ്തീനികള്‍ക്കായി ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തതായും റിപോര്‍ട്ടുണ്ട്.

Back to Top