22 Sunday
December 2024
2024 December 22
1446 Joumada II 20

അല്ലാഹുവിലുള്ള പ്രതീക്ഷ തഖ്‌വയുടെ മുഖമുദ്ര

അലി മദനി മൊറയൂര്‍


നമ്മള്‍ ധാരാളമായി ഉപയോഗിക്കുന്ന പദമാണ് തഖ്‌വ. തഖ്‌വയെന്നത് സൂക്ഷ്മ വിലയിരുത്തലിനു വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ ആരാധനകളുടെ മുഴുവന്‍ മര്‍മപ്രധാനമായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ തഖ്‌വ അനിവാര്യമാണ്. ‘നിങ്ങള്‍ എന്നെ സൂക്ഷിക്കുക’, ‘നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിനെ സൂക്ഷിക്കുക’, ‘നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക’ തുടങ്ങി ഖുര്‍ആനിന്റെ അഥവാ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും കാരുണ്യത്തെയും പ്രതിഫലത്തെയും കുറിച്ചുള്ള പ്രതീക്ഷയും വിശ്വാസിയുടെ ജീവിതത്തെ സ്വാധീനിക്കേണ്ടതുണ്ട്.
ഇഹലോകത്തും പരലോകത്തും എന്നെ കഠിനമായി ശിക്ഷിക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു എന്ന ബോധം തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കാനും നന്മകളില്‍ മുഴുകാനും വിശ്വാസിയെ സജ്ജമാക്കുന്നു. ഇഹലോകത്ത് ഉല്ലസിച്ചു നടക്കുന്ന മനുഷ്യന്‍ അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി ബോധവാനല്ല. ”എന്നാല്‍ ആ നാടുകളിലുള്ളവര്‍ക്ക്, അവര്‍ രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ? ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ പകല്‍സമയത്ത് കളിച്ചുനടക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റിയും അവര്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല” (7:97-99).
അല്ലാഹുവിന്റെ കല്‍പനകളെ ധിക്കരിച്ച് ജീവിക്കുന്നവര്‍ക്കെതിരെ ഇഹലോകത്തു വെച്ചുതന്നെ അവന്‍ തന്ത്രം പ്രയോഗിക്കുമെന്നാണ് ആയത്തുകള്‍ ബോധ്യപ്പെടുത്തുന്നത്. അല്ലാഹു നമുക്ക് കനിഞ്ഞരുളിയ കാഴ്ച, കേള്‍വി, ചിന്താശേഷി എന്നിവ എടുത്തുകളയാന്‍ അവന് നിമിഷനേരം കൊണ്ട് സാധിക്കുമെന്നും വിശുദ്ധ ഖുര്‍ആന്‍ നമുക്ക് താക്കീതു നല്‍കുന്നു:
”(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിന്മേല്‍ അവന്‍ മുദ്ര വെക്കുകയും ചെയ്യുന്നപക്ഷം അല്ലാഹുവല്ലാതെ ഏതൊരു ദൈവമാണ് നിങ്ങള്‍ക്കത് കൊണ്ടുവന്നു തരാനുള്ളത്? നോക്കൂ, ഏതെല്ലാം വിധത്തില്‍ നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു; എന്നിട്ടും അവര്‍ പിന്തിരിഞ്ഞു കളയുന്നു. (നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ, നിങ്ങള്‍ക്ക് അവിചാരിതമായിട്ടോ പ്രത്യക്ഷമായിട്ടോ അല്ലാഹുവിന്റെ ശിക്ഷ വന്നെത്തുന്ന പക്ഷം അക്രമികളായ ജനവിഭാഗമല്ലാതെ നശിപ്പിക്കപ്പെടുമോ?” (6:46-47). ഇഹലോകത്ത് മതിമറന്നു ജീവിക്കുന്നവനെ ഏതു നിമിഷവും പിടികൂടാന്‍ അല്ലാഹുവിനു കഴിയുമെന്ന ബോധം തിന്മകളില്‍ നിന്ന് അകന്ന് നന്മകള്‍ ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കേണ്ടതാണ്.
ഭൂമിയില്‍ തന്നെ നമ്മെ ആഴ്ത്തിക്കളയാനും ആകാശത്തുനിന്ന് ചരല്‍വര്‍ഷം നടത്തി നമ്മെ ശിക്ഷിക്കാനും കഴിവുള്ളവനാണ് അവന്‍. ”ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞുകൊണ്ടിരിക്കും. അതല്ല, ആകാശത്തുള്ളവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് വഴിയേ നിങ്ങള്‍ അറിഞ്ഞുകൊള്ളും” (67:16-17).
അല്ലാഹുവിന്റെ ഇത്തരത്തിലുള്ള താക്കീതുകള്‍ ജീവിതത്തെ ദോഷബാധയില്‍ നിന്ന് ഒഴിവാക്കി ധാര്‍മിക മൂല്യങ്ങളില്‍ ഊന്നി മുന്നോട്ട് ഗമിക്കാന്‍ നമ്മെ പര്യാപ്തരാക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് തഖ്‌വയുടെ ഭാഗമാണ്. മറിച്ച്, പ്രപഞ്ചനാഥന്‍ നമുക്ക് തുറന്നുതന്ന സാങ്കേതികവിദ്യയുടെ വിസ്മയിപ്പിക്കുന്ന മേഖലകള്‍ ലോകത്തിന്റെ മുഴുവന്‍ അതിര്‍ത്തികളെയും ഭേദിച്ച് നമ്മുടെ ഉള്ളംകൈകളില്‍ ലഭ്യമായ ഈ കാലഘട്ടത്തില്‍, അതിലെ തെറ്റും ശരിയും വേര്‍തിരിക്കാതെ വാരിപ്പുണര്‍ന്ന് ധൂര്‍ത്തും പൊങ്ങച്ചവുമായി ജീവിക്കുകയാണെങ്കില്‍ നേരത്തേ സൂചിപ്പിച്ച തഖ്‌വയുടെ ഭാഗം നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിട്ടില്ല എന്ന വസ്തുത വളരെ ഗൗരവത്തോടെ നാം തിരിച്ചറിയണം.
പരലോകത്തും അല്ലാഹുവിനെ ധിക്കരിക്കുന്നവര്‍ക്ക് അവന്‍ കടുത്ത ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്ന ബോധം തിന്മകളില്‍ നിന്ന് നമ്മെ അകറ്റാനും നന്മകളിലേക്ക് നമ്മെ അടുപ്പിക്കാനും ഉതകണം. അല്ലാഹുവിന്റെ കടുത്ത ശിക്ഷയില്‍ നിന്ന് പരലോകത്ത് രക്ഷപ്പെടണമെന്ന മോഹം നന്മകള്‍ ചെയ്യാന്‍ നമ്മെ സജ്ജമാക്കിയിട്ടുണ്ടെങ്കില്‍ തഖ്‌വയുടെ ഈ ഭാഗവും നമ്മുടെ ജീവിതത്തില്‍ ലഭ്യമായിട്ടുണ്ട്. നമ്മുടെ ആരാധനകളുടെ ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേര്‍ന്നിട്ടുണ്ട്. പടച്ചവനെയും പ്രവാചകനെയും ധിക്കരിക്കാന്‍ നമ്മുടെ മനസ്സ് കൊതിക്കുമ്പോള്‍ ആ ഭീകരമായ ദിവസത്തെ ശിക്ഷയെക്കുറിച്ചുള്ള ഭയം നമ്മെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കണം. ”പറയുക: ഞാന്‍ എന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുന്നപക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയെപ്പറ്റി തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു” (6:15).
പരലോക ശിക്ഷയില്‍ നിന്ന് നമ്മെയും കുടുംബത്തെയും രക്ഷിക്കുന്നതിനു വേണ്ടി പ്രവൃത്തിപഥത്തില്‍ ഇറങ്ങേണ്ടവരാണ് നമ്മള്‍. ”സത്യവിശ്വാസികളേ, മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും നിങ്ങള്‍ കാത്തു രക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകള്‍ ഉണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോട് അവര്‍ അനുസരണക്കേട് കാണിക്കില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും” (66:6). കൂടാതെ, നിരന്തരം അതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതുണ്ട്. അതും തഖ്‌വയുടെ ഭാഗം തന്നെയാണ്. ”തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു എന്നു പറയുന്നവരുമാകുന്നു അവര്‍” (25:66).
അല്ലാഹുവിന്റെ കാരുണ്യവും തൗഫീഖും
അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച പ്രതീക്ഷയും നമുക്ക് സമാധാനം നല്‍കണം. അവന്റെ തൗഫീഖ് ലഭ്യമായിട്ടില്ലെങ്കില്‍ ഒരു പദ്ധതിയും മുന്നോട്ടുകൊണ്ടുപോകാന്‍ സാധ്യമല്ല എന്ന തിരിച്ചറിവും നമുക്ക് ഉണ്ടാകണം. ഇതു രണ്ടും നിലനിര്‍ത്താന്‍ സാധിക്കുക എന്നത് തഖ്‌വയുടെ ഭാഗമാണ്. ശിര്‍ക്കിനെ ഒടുക്കിയ പ്രളയത്തില്‍ തന്റെ നൗകയെ നയിക്കാന്‍ നൂഹ് നബി(അ)യെ പ്രാപ്തനാക്കിയത് ഈ പ്രതീക്ഷയാണ്. ”അങ്ങനെ നീയും നിന്റെ കൂടെയുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: അക്രമകാരികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിനു സ്തുതി. എന്റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ എന്നും പറയുക” (23:28,29).
ക്രൂരനായ നംറൂദിന്റെ ആളിക്കത്തുന്ന അഗ്നിയെ പുച്ഛത്തോടെ തള്ളിക്കളഞ്ഞ ഇബ്‌റാഹീം നബി(അ)ക്ക് ശക്തി പകര്‍ന്നതും ഇതുതന്നെയായിരുന്നു. ”അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിനു പുറമേ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും അല്ലാഹുവിനു പുറമേ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാവുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ചുകളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമീന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്” (21:66-70).
കടലിനു മുന്നില്‍ സ്ത്രീകളും കുട്ടികളും യുവാക്കളും പ്രായം ചെന്നവരും അടങ്ങുന്ന തന്റെ സമൂഹം ആര്‍ത്തട്ടഹസിച്ച് നിലവിളിച്ചപ്പോള്‍ അവര്‍ക്ക് സമാധാനം പകര്‍ന്നുനല്‍കാന്‍ മൂസാ നബി(അ)ക്ക് കരുത്തേകിയതും ഈ പ്രതീക്ഷ തന്നെയാണ്. ”അങ്ങനെ രണ്ടു സമൂഹവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോവുകയാണ്. അദ്ദേഹം (മൂസ) പറഞ്ഞു: ഒരിക്കലുമില്ല. തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്. അവന്‍ എനിക്ക് വഴി കാണിച്ചുതരും” (26:61,62).
കടലിന്റെ അടിത്തട്ടില്‍ യൂനുസ് നബി(അ)ക്ക് വഴികാണിച്ചതും തന്റെ റബ്ബിലുള്ള പ്രതീക്ഷ തന്നെയാണ്. ”ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയ്ക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു” (21:87,88).
പ്രായാധിക്യം കാരണം എല്ലുകളെല്ലാം ദുര്‍ബലമായി, തൊലി ചുക്കിച്ചുളിഞ്ഞ്, നരച്ച് ജ്വലിച്ചുനില്‍ക്കുന്ന തലയുമായി, ഒരിക്കലും പ്രസവിക്കില്ലെന്ന് വൈദ്യശാസ്ത്രം വിധി പറഞ്ഞ തന്റെ ഭാര്യയില്‍ ഒരു കുഞ്ഞിനെ നല്‍കേണമേ എന്ന പ്രാര്‍ഥനയില്‍ സകരിയ്യാ നബി(അ)ക്കു പോലും പ്രചോദനമേകിയതും തന്റെ റബ്ബിന്റെ കഴിവിലും കാരുണ്യത്തിലുമുള്ള പ്രതീക്ഷ തന്നെ. ”സകരിയ്യയെയും (ഓര്‍ക്കുക), അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശം എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും അദ്ദേഹത്തിന് (മകന്‍) യഹ്‌യയെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതി കാണിക്കുകയും, ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു” (21:89,90).
നാടും വീടും കുടുംബവും കൈവിട്ട് രോഗാതുരമായ സന്ദര്‍ഭത്തില്‍ അയ്യൂബ് നബി(അ)ക്ക് ശക്തി പകര്‍ന്നത് റബ്ബിന്റെ കാരുണ്യത്തെക്കുറിച്ചുള്ള അറിവു തന്നെയായിരുന്നു. ”അയ്യൂബിനെയും (ഓര്‍ക്കുക), തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം. എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാകുന്നു. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും അദ്ദേഹത്തിന്് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിനു നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്” (21:83,84).
തന്റെ ചോരക്കുഞ്ഞിനെ അടച്ചുപൂട്ടിയ പെട്ടിയിലാക്കി നൈല്‍ നദിയില്‍ ഒഴുക്കുമ്പോഴും മൂസാ നബി(അ)യുടെ മാതാവിനു ലഭ്യമായ സമാധാനം തന്റെ റബ്ബിലുള്ള പ്രതീക്ഷ മാത്രമാണ്. ”മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവനു നീ മുലകൊടുത്തുകൊള്ളുക. ഇനി അവന്റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതും അവനെ ദൈവദൂതന്മാരില്‍ ഒരാളാക്കുന്നതുമാണ്” (28:7).
പ്രവാചകനും ഉത്തമ അനുയായിയായ അബൂബക്കറും(റ) ഒളിച്ചിരുന്ന ഗുഹാമുഖത്ത് ശത്രുവിന്റെ കാലൊച്ച കേട്ടപ്പോഴും പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് ഊര്‍ജം പകര്‍ന്നത് തങ്ങളുടെ റബ്ബിലുള്ള അങ്ങേയറ്റത്തെ പ്രതീക്ഷ തന്നെയാണ്. ”നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍, സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടു പേരില്‍ ഒരാളായിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടു പേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട് ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്നു പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിനു പിന്‍ബലം നല്‍കുകയും ചെയ്തു. സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (9:40).
ഇപ്രകാരം അല്ലാഹുവിന്റെ പ്രതിഫലത്തെയും കാരുണ്യത്തെയും കഴിവിനെയും അനുഗ്രഹത്തെയും കുറിച്ചുള്ള പ്രതീക്ഷ തഖ്‌വയുടെ ഭാഗമാണ്. തന്റെ കഴിവുകളെല്ലാം വഴിമുട്ടിയ സമയത്ത് സൈനികബലത്തിനും സാങ്കേതികവിദ്യയ്ക്കും സന്നാഹങ്ങള്‍ക്കും സംഘബലത്തിനും സാധിച്ചെടുക്കാന്‍ കഴിയാത്തത് നേടിത്തരാന്‍ റബ്ബിന് കഴിയുമെന്ന പ്രതീക്ഷ വിശ്വാസിയുടെ മുഖമുദ്രയാണ്.
ഇഹലോക ജീവിതത്തില്‍ എന്തൊക്കെ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നാലും പരലോകത്ത് തനിക്ക് ലഭിക്കാനുള്ളത് സ്വര്‍ഗീയ ജീവിതമാണെന്ന ഉത്തമവിശ്വാസവും പ്രതീക്ഷയും ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും മറികടക്കാനും അതിജീവിക്കാനും അവനു ശക്തി പകരുന്നു. ഇതാണ് ആസിയ(റ)യുടെ ചരിത്രത്തിലൂടെ വിശുദ്ധ ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നത്. ”സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔനിന്റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരുകയും ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ” (66:11).
തഖ്‌വയുള്ളവര്‍ക്കു വേണ്ടി ഒരുക്കിവെച്ച സ്വര്‍ഗം ലഭിക്കുന്നതിനു നിങ്ങള്‍ ധൃതി കാണിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. ”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ടു മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രേ അത്” (3:133).
ജീവിതത്തിലെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും കൃത്യമായ പ്രതിഫലേച്ഛയോടുകൂടി മറികടക്കുന്നവനു മാത്രമേ സ്വര്‍ഗം ലഭ്യമാവൂ എന്നും ഖുര്‍ആന്‍ അടിവരയിട്ടു പ്രഖ്യാപിച്ചിട്ടുണ്ട്. ”അല്ല, നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍)ക്ക് ഉണ്ടായതുപോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക്് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കുമെന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ട്” (2:214). അപ്പോള്‍ ഈ സ്വര്‍ഗത്തെക്കുറിച്ചുള്ള അറിവും ചിന്തയും അതില്‍ പ്രവേശനം ലഭിക്കണമെന്ന ആഗ്രഹവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനവും തഖ്‌വയുടെ ഈ ഭാഗത്തില്‍ പെട്ടതുതന്നെയാണ്.

Back to Top