28 Tuesday
October 2025
2025 October 28
1447 Joumada I 6

ടീസ്റ്റയും മറവിയിലേക്ക് പോകുന്നുവോ?

അമീന കോഴിക്കോട്‌

സാമൂഹിക പ്രതിബദ്ധതയുള്ള പ്രമുഖര്‍ ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്നത് നിത്യ സംഭവമായിരിക്കുകയാണ് ഇന്ത്യയില്‍. ഓരോ പേരും ആഴ്ചകള്‍ മാത്രം അന്തരീക്ഷത്തില്‍ മുഴങ്ങുകയും പിന്നെയത് മറവിയിലേക്ക് എടുത്തെറിയപ്പെടുന്നതുമാണ് ചരിത്രം. സഞ്ജീവ് ഭട്ട് എന്ന പേര് മാത്രം പരിശോധിച്ചാല്‍ നമ്മുടെ മറവിയുടെ ആഴം വെളിവാകും.
സാകിയ ജാഫ്‌രിയുടെ അവസാനത്തെ നിലവിളിയും പരമോന്നത നീതിപീഠം തള്ളി മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്ക് നീതി, സത്യം തുടങ്ങിയ വാക്കുകള്‍ക്കു പിന്നാലെ ദീര്‍ഘദൂരം കിതയ്ക്കാതെ സഞ്ചരിച്ച ടീസ്റ്റ സെറ്റല്‍വാദും ആര്‍ ബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടത് ഓര്‍മയുടെ വീണ്ടെടുപ്പിന്റെ സന്ദര്‍ഭമായിരുന്നു. ഏറെക്കാലമായി പുറംലോകത്തില്ലാത്ത സഞ്ജീവ് ഭട്ടിനെ ജനാധിപത്യം ആഗ്രഹിക്കുന്ന ഇന്ത്യന്‍ മനസ്സുകള്‍ വീണ്ടുമോര്‍ത്തു. സഞ്ജീവ് ഭട്ട് ഒരു സൂചന കൂടിയാണ്. എത്ര വേഗമാണ് നമ്മള്‍ ടീസ്റ്റയെയും ശ്രീകുമാറിനെയും മറക്കാന്‍ പോവുന്നത് എന്നതിന്റെ സൂചന. നിരന്തരമായി പൗരാവകാശ നിഷേധങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ ഭയത്തിന്റെയും നിസ്സംഗതയുടെയും കാര്‍മേഘങ്ങള്‍ അതിവേഗം മൂടുന്നുണ്ട് ഇന്ത്യന്‍ ആകാശത്തില്‍. വിയോജിപ്പിന്റെ ശബ്ദങ്ങള്‍ നേര്‍ത്തു വരുന്നുണ്ട്.
ചരിത്രത്തില്‍ എക്കാലവും എല്ലാതരം ഫാസിസ്റ്റുകളുടെയും തായ് വേര് ഭയത്തിലും ഹിംസയിലുമാണ് ഉറപ്പിച്ചു നിര്‍ത്തുന്നത്. വിയോജിപ്പുകളെ കൊന്നുകളയുക, തടങ്കലിലാക്കുക, ഭയപ്പെടുത്തി നിശ്ശബ്ദമാക്കുക തുടങ്ങിയവയെല്ലാം പഴക്കമേറിയ ഫാസിസ്റ്റ് തന്ത്രങ്ങളാണ്.
ഇന്ത്യയ്ക്ക് ഭയം ഒരു നിശാവസ്ത്രമല്ല. അതൊരു മുഴുസമയ മേല്‍മൂടിയായിക്കഴിഞ്ഞിരിക്കുന്നു. നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും ഗൗരി ലങ്കേഷും പിന്നെ, പേരില്ലാത്ത എണ്ണമറ്റ മനുഷ്യരും ഒളിഞ്ഞും തെളിഞ്ഞും കൊല ചെയ്യപ്പെട്ടത് ഇന്ത്യയില്‍ ജനകീയമായിക്കഴിഞ്ഞ ഫാസിസ്റ്റ് ഉന്മാദങ്ങളുടെ ബാക്കിപത്രമായിരുന്നു. അതിനെതിരെ ചൂണ്ടുവിരലുയര്‍ത്തുന്ന സിവില്‍ സമൂഹത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ഭരണകൂട ദൗത്യം ആ മനുഷ്യവിരുദ്ധ ജനകീയതയ്ക്ക് തണലൊരുക്കുകയാണ്.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന എണ്ണമറ്റ പൗരാവകാശനിഷേധങ്ങളെ, അതിനു വേണ്ടിയുള്ള വിചിത്രമായ ന്യായങ്ങളെ, ഏറ്റവും സാധാരണമായി കാണാന്‍ കഴിയുന്ന ഒരു മാധ്യമ മനസ്സ് പോലും ഇന്ന് ഇന്ത്യയിലുണ്ട്. അധികാരികള്‍ക്ക് ക്ലീന്‍ ചിറ്റ് എന്ന് മാധ്യമങ്ങള്‍ മിക്കതും വാഴ്ത്തുന്നു. ക്രൂരമായ മറവികളാണ് ഇന്ത്യയില്‍ സ്വതന്ത്രശബ്ദങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്നത്. ആന്റി നാഷണല്‍ എന്നോ അര്‍ബന്‍ നക്സല്‍ എന്നോ ഉള്ള മുദ്രകള്‍ ചാര്‍ത്തി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എത്ര പേര്‍ ഇന്ന് ഓര്‍മയിലുണ്ട്?
ശബ്ദങ്ങള്‍ അടഞ്ഞുപോവാതിരിക്കുക എന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളടക്കം തിരിച്ചുപിടിക്കേണ്ട കാലമാണ്. ടീസ്റ്റ എന്ന പേരും മറവിയിലേക്ക് തള്ളിക്കൂടാ. അനീതിക്കെതിരെ ഇനിയും ശബ്ദമുയരാന്‍ ഈ ഓര്‍മകള്‍ അത്യാവശ്യമാണ്.
ഭയപ്പെടുത്തി നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നത്. ഓരോ അറസ്റ്റുകളും ഇനിയും പൊങ്ങാനിരിക്കുന്ന ശബ്ദങ്ങളെ ഉന്നം വെച്ചുള്ളതാണ്. ഒട്ടും നീതിയില്ലാത്ത, ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ലാത്ത ഈ പ്രവണതയ്ക്കു നേരെ ഭരണവര്‍ഗമല്ലാത്തവര്‍ പോലും കടന്നു വരുന്നില്ല എന്നത് ഇന്നത്തെ അവസ്ഥയെ കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്. ജനകീയമായ പ്രതിരോധങ്ങള്‍ക്കു മാത്രമേ ഈ പ്രവണതയ്‌ക്കൊരു തടയിടാനാകൂ. അതിന് മറ്റൊരാളെ കാത്തിരിക്കുക വയ്യ. സ്വയം ഓരോരുത്തരം മുന്‍കൈ എടുക്കുക മാത്രമേ വഴിയുള്ളൂ.

Back to Top