ഹജ്ജ് വിഗ്രഹാരാധനയല്ല
ഖലീലുര്‍റഹ്മാന്‍ മുട്ടില്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ വര്‍ഷംതോറും സമ്മേളിക്കുന്ന ഏക മതാചാരമാണ് ഹജ്ജ്. ഭൂമിയിലെ മുഴുവന്‍ വൈവിധ്യങ്ങളും ഉള്‍ക്കൊണ്ടാണ് ഹജ്ജ് കര്‍മം നടക്കുന്നത്. മണ്ണിന് നിറങ്ങള്‍ പലതാണ്. കറുപ്പും വെളുപ്പും ചുവപ്പും തവിട്ടുനിറവും അതിലുണ്ട്. മനുഷ്യരിലും ഈ നിറങ്ങളുണ്ട്. നിറങ്ങള്‍ മണ്ണിന് ഔന്നത്യമോ അധമത്വമോ കല്‍പിക്കുന്നില്ല. എന്നാല്‍ മനുഷ്യന്‍ നിറത്തിന്റെ പേരില്‍ ശ്രേഷ്ഠതയും നിന്ദ്യതയും നടിക്കാറുണ്ട്. ഹജ്ജ് എല്ലാവിധ സങ്കുചിതബോധത്തെയും അമര്‍ച്ച ചെയ്തുകൊണ്ട് മനുഷ്യന്‍ എന്ന ഉന്നത വിതാനത്തിലേക്ക് അവനെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്.
ഹജ്ജ് ഏകദൈവാരാധനയുടെ പ്രഖ്യാപനമാണെങ്കിലും ഹജ്ജിലെ ചടങ്ങുകളെല്ലാം ബിംബാരാധനയ്ക്ക് തുല്യമാണെന്നു തെറ്റിദ്ധരിച്ചവരെ കാണാന്‍ കഴിയും. ഹജ്ജിന്റെ ആശയതലത്തില്‍ നിന്ന് അകലെ മാറിനിന്നുകൊണ്ട് അതിനെ നിരീക്ഷിക്കുന്നവര്‍ക്ക് അങ്ങനെ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ‘വിഗ്രഹത്തെ ആരാധിക്കുന്നവര്‍ ഉത്സവത്തിന് അതിനു ചുറ്റും പ്രദക്ഷിണം ചെയ്യാറുണ്ട്. ഹജ്ജിനു പോകുന്നവര്‍ കഅ്ബയ്ക്കു ചുറ്റും പ്രദക്ഷിണം വെക്കുന്നു. ബിംബാരാധകര്‍ അതിനെ വണങ്ങുകയും നമസ്‌കരിക്കുകയും ചെയ്യുന്നു. ഹജ്ജിന് ഹജറുല്‍ അസ്‌വദിനെ ചുംബിക്കുകയും വണങ്ങുകയും ചെയ്യുന്നു. ശബരിമലയില്‍ മലകയറുന്നു. ഹജ്ജിനും സഫ-മര്‍വ മലകള്‍ കയറുന്നു. പ്രതിഷ്ഠകള്‍ക്കു മുമ്പില്‍ നരബലിയും മൃഗബലിയും നടത്തുന്നു. ഹജ്ജിനും മൃഗബലി നടത്തുന്നു…’ ഇങ്ങനെ നീളുന്നു ഹജ്ജും വിഗ്രഹാരാധനയും തമ്മിലുള്ള താരതമ്യം ചെയ്യല്‍.
ആധുനിക ലോകത്തെ ബഹുദൈവാരാധകരുടെ ആചാരങ്ങളെ ഹജ്ജ് കടംകൊണ്ടതാണ് എന്നാണ് താരതമ്യം ചെയ്തു വായിക്കുന്നവര്‍ കരുതുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഹജ്ജ് കര്‍മത്തിന്റെ ആചാരങ്ങളാണ് ബഹുദൈവാരാധകര്‍ കടമെടുത്തത് എന്ന് തിരിച്ചു വായിക്കാനുള്ള യാഥാര്‍ഥ്യബോധം പോലും വിമര്‍ശകര്‍ക്ക് നഷ്ടപ്പെടുന്നതായി കാണാന്‍ കഴിയും. കാരണം ശബരിമല, വേളാങ്കണ്ണി, അമര്‍നാഥ് എന്നിവയെക്കാളെല്ലാം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ ഇബ്‌റാഹീം നബിയുടെ കാലം മുതല്‍ ഹജ്ജ് കര്‍മം ലോകത്തുണ്ട്. അപ്പോള്‍ ഹജ്ജ് കര്‍മങ്ങള്‍ പില്‍ക്കാലത്ത് ബഹുദൈവാരാധകര്‍ പകര്‍ത്തുകയാണ് ചെയ്തതെന്നു പറയുന്നതല്ലേ ശരി?
കഅ്ബാലയം വിഗ്രഹമോ?
കഅ്ബാലയം ഒരു വിഗ്രഹമായതുകൊണ്ടാണ് മുസ്‌ലിംകള്‍ അതിനെ ആരാധിക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ മുടക്കി മക്കയിലേക്ക് പോകുന്നതും കോടികള്‍ ചെലവഴിച്ച് സുഊദി ഭരണകൂടം അതിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നത് എന്നുമാണ് പ്രധാനപ്പെട്ട ആരോപണം. എന്നാല്‍, പ്രവാചകന്റെ കാലത്ത് ബാങ്കുവിളി നടത്തിയിരുന്നത് കഅ്ബാലയത്തിനു മുകളില്‍ കയറി നിന്നുകൊണ്ടായിരുന്നു. അത് ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമായിരുന്നുവെങ്കില്‍ വിഗ്രഹത്തിന്റെ തലയില്‍ ആരെങ്കിലും കയറിനില്‍ക്കുമായിരുന്നോ? സാധാരണഗതിയില്‍ വിഗ്രഹാരാധകര്‍ ഭവ്യതയോടു കൂടിയാണ് വിഗ്രഹങ്ങളെ കാണാറുള്ളത്. അതിന്റെ മുകളിലെ പൊടിപടലങ്ങള്‍ പോലും കരുതലോടും പുണ്യപ്രതീക്ഷയോടും കൂടിയാണ് അവര്‍ പുറത്തെടുക്കുകയും ചെയ്യാറുള്ളത്. അതിനെ കാലുകൊണ്ട് ചവിട്ടുകയെന്നത് അവര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്തതാണ്.
കഅ്ബാലയത്തിന്റെ മുകളില്‍ വര്‍ഷത്തിലൊരിക്കലല്ല പ്രവാചകാനുയായികള്‍ കയറിയത്. ദിവസവും അഞ്ചു നേരം കയറിനിന്ന് അവര്‍ ബാങ്ക് വിളിച്ചു. ‘അല്ലാഹുവാണ് ഏറ്റവും വലിയവന്‍, അല്ലാഹുവല്ലാതെ ആരാധ്യനില്ല’ എന്ന ബഹുദൈവാരാധനാവിരുദ്ധമായ സന്ദേശമായിരുന്നു കഅ്ബാലയത്തിനു മുകളില്‍ വെച്ച് ആ ബാങ്കിലൂടെ അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞിരുന്നത്. മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും ഈ പ്രവൃത്തി കഅ്ബാലയം വിഗ്രഹമാണെന്ന വാദത്തിന്റെ മുനയൊടിക്കാന്‍ പര്യാപ്തമാകുന്നു.
വിഗ്രഹാരാധനാലയത്തില്‍ കയറി വിഗ്രഹങ്ങളെ നശിപ്പിച്ച ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും ചേര്‍ന്നുകൊണ്ടാണ് കഅ്ബാലയം പണിതത്. ഇതുതന്നെ കഅ്ബാലയം ഒരു വിഗ്രഹമല്ല എന്നതിന് മതിയായ തെളിവാണ്. മുഹമ്മദ് നബി(സ)യുടെ ആഗമനത്തിനു നൂറ്റാണ്ടുകള്‍ക്കു മുമ്പായിരുന്നു കഅ്ബാലയം പണിതത്. ഏകദൈവ ആരാധനാലയമായ കഅ്ബ മുഹമ്മദ് നബിയുടെ നിയോഗത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് വിഗ്രഹാരാധനാലയമായി മാറിയിരുന്നു. പ്രവാചകന്‍ മക്ക വിജയിച്ചടക്കിയപ്പോള്‍ കഅ്ബാലയത്തിന്റെ അകത്തുനിന്നു നൂറുകണക്കിന് വിഗ്രഹങ്ങള്‍ എടുത്തുമാറ്റിയത് ഒരു ചരിത്രയാഥാര്‍ഥ്യമാണ്. കഅ്ബാലയം ഒരു വിഗ്രഹമായിരുന്നുവെങ്കില്‍ അതിനുള്ളില്‍ മറ്റു വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുമായിരുന്നോ? പ്രവാചകനു മുമ്പ് കഅ്ബാലയം പരിപാലിച്ചിരുന്ന ബഹുദൈവാരാധകര്‍ പോലും അതൊരു വിഗ്രഹമാണെന്നു കരുതുകയോ അതിനെ ആരാധിക്കുകയോ ചെയ്തിരുന്നില്ല എന്ന വസ്തുതയാണിത് അറിയിക്കുന്നത്. മാത്രമല്ല, ദൈവത്തിന്റെ വീട് (ബയ്ത്തുല്ല) എന്നാണ് അവര്‍ അതിനെ വിളിച്ചിരുന്നത്.
കഅ്ബാലയം ഖിബ്‌ലയാണ്
ഒരേയൊരു ദൈവം, ഒരൊറ്റ ജനത എന്ന ഏകമാനവികതാബോധം മനുഷ്യരില്‍ നിലനിര്‍ത്തുന്നതില്‍ ജാഗ്രത കാണിക്കുന്ന മതമാണ് ഇസ്ലാം. ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍ ക്രമീകരിച്ചതില്‍ പോലും നമുക്ക് അതു വായിച്ചെടുക്കാന്‍ കഴിയും. നമസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് തുടങ്ങിയ ആരാധനാകര്‍മങ്ങളിലെല്ലാം ഒരു സാമൂഹികബോധം ഇസ്‌ലാം മനഃപൂര്‍വം വളര്‍ത്തിയെടുക്കുന്നുണ്ട്. സമൂഹം എന്നതുകൊണ്ട് ഏതെങ്കിലും ഒരു പ്രദേശത്തെ ആള്‍ക്കൂട്ടം എന്നതല്ല ഇസ്‌ലാം വിവക്ഷിക്കുന്നത്. മനുഷ്യനിര്‍മിത വേലിക്കെട്ടുകളൊന്നും പരിഗണിക്കാതെ ആഗോളതലത്തിലുള്ള മുഴുവന്‍ മനുഷ്യരെയും സമൂഹമെന്ന വൃത്തത്തിനകത്ത് മതം ഉള്‍പ്പെടുത്തിയിരിക്കുന്നു.
ദിവസവും അഞ്ചു നേരം സമൂഹമായിക്കൊണ്ട് നമസ്‌കാരം നിര്‍വഹിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. ഒരു സമൂഹത്തെ പൂര്‍ണ അച്ചടക്കമുള്ള പൗരന്മാരായി വളര്‍ത്തണമെങ്കില്‍ ഒരു ദിശയിലേക്ക് തിരിച്ചുനിര്‍ത്തി പരിശീലിപ്പിക്കാന്‍ നിര്‍ബന്ധിതരാവും. വന്‍ റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ പങ്കെടുത്ത ജനസഞ്ചയത്തെ ഒതുക്കി ഇരുത്തിക്കൊണ്ട് അവരെ അഭിസംബോധന ചെയ്യണമെങ്കില്‍ അവരെയെല്ലാം ഒരു സ്റ്റേജിന് അഭിമുഖമായി ഇരുത്തേണ്ടിവരും. ഇത് ആ സ്റ്റേജിനോടുള്ള ആരാധനയാണെന്ന് ആരും പറയാറില്ല. ഇതുപോലെയാണ് ലോകത്തെ മുഴുവന്‍ ഒന്നായി കാണുന്ന ഇസ്‌ലാം നമസ്‌കാരവേളയില്‍ കഅ്ബാലയത്തിന് അഭിമുഖമായി നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നതും (2:144). കഅ്ബാലയം ആരാധ്യവസ്തുവല്ല, അതൊരു ദിശാസൂചകം (ഖിബ്‌ല) മാത്രമാണ്.
കഅ്ബാലയം ഖിബ്‌ലയായി നിശ്ചയിച്ചതിനു പിന്നിലും ദൈവിക യുക്തി കണ്ടെത്താന്‍ കഴിയും. ലോകത്തുള്ളവരെയെല്ലാം ഒരു പ്രത്യേക ദിശയിലേക്ക് തിരിച്ചുനിര്‍ത്തല്‍ അനിവാര്യമായി വരുമ്പോള്‍ അത് മനുഷ്യര്‍ക്കിടയില്‍ തര്‍ക്കത്തിന് ഇടവരാതെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വടക്കോട്ട് തിരിയാന്‍ ആവശ്യപ്പെട്ടാല്‍ അത് തെക്കുള്ളവരെ ചൊടിപ്പിക്കും. കിഴക്കിനെ അഭിമുഖീകരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് പാശ്ചാത്യരും പൗരസ്ത്യരും തമ്മിലുള്ള കലഹങ്ങള്‍ക്ക് ഇടവരും. അതുകൊണ്ടാണ് അത്തരം ദിശകള്‍ക്കൊന്നും പരിഗണന നല്‍കാതെ ഏകദൈവത്തെ മാത്രം ആരാധിക്കാന്‍ വേണ്ടി ലോകത്ത് ആദ്യമായി നിര്‍മിച്ച ദേവാലയത്തിലേക്ക് തിരിയുക എന്ന മാനദണ്ഡം അവലംബിച്ചത്. അതുകൊണ്ടാണ് കഅ്ബാലയം ഖിബ്‌ലയായി തെരഞ്ഞെടുത്തത്.
കഅ്ബയെ ആരാധിക്കുന്നത് മതവിരുദ്ധം
ഇസ്‌ലാം സൃഷ്ടിപൂജയെ നഖശിഖാന്തം എതിര്‍ക്കുന്നുണ്ട്. മനുഷ്യന്റെ അന്തരാളങ്ങളില്‍ നിന്നു നിര്‍ഗളിച്ചുവരുന്ന പ്രാര്‍ഥനകള്‍ ഉള്‍ക്കൊള്ളുന്നതാണ് ആരാധന. ആരാധന അല്ലാഹുവിനു മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം. അല്ലാഹുവല്ലാത്ത പ്രപഞ്ചത്തിലെ എത്ര വലിയ ശക്തികള്‍ക്കും വ്യക്തികള്‍ക്കും ആരാധനകള്‍ അര്‍പ്പിക്കുന്നത് സൃഷ്ടിപൂജയായിട്ടാണ് ഇസ്‌ലാം കാണുന്നത്. ഒരിക്കലും ദൈവം പൊറുക്കാത്ത ഈ വന്‍പാപം ഒരാള്‍ ചെയ്താല്‍ അയാള്‍ യഥാര്‍ഥ മതത്തിന്റെ വൃത്തത്തില്‍ നിന്നു പുറത്താകുന്നു. മനുഷ്യരിലെ പുണ്യപുരുഷന്മാരായ പ്രവാചകന്മാരാണ് അല്ലാഹുവല്ലാത്തവര്‍ക്ക് ആരാധനകള്‍ അര്‍പ്പിക്കുന്നതെങ്കില്‍ അവരും മതത്തിനു പുറത്താണെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്: ”പ്രവാചകരേ, പറയുക: തീര്‍ച്ചയായും നിനക്കും നിനക്കു മുമ്പുള്ളവര്‍ക്കും ദിവ്യസന്ദേശം നല്‍കിയിട്ടുണ്ട്. നീ അല്ലാഹുവില്‍ പങ്കുചേര്‍ത്താല്‍ (സൃഷ്ടിപൂജ) നിന്റെ കര്‍മങ്ങളെല്ലാം നിഷ്ഫലമാവുക തന്നെ ചെയ്യും. നീ നഷ്ടകാരികളില്‍ ഉള്‍പ്പെടുകയും ചെയ്യും” (39:65). പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബിയാണ് സൃഷ്ടിപൂജ നടത്തുന്നതെങ്കില്‍ അദ്ദേഹവും മതത്തില്‍ നിന്നു പുറത്താണെന്ന് ഈ വിശുദ്ധ വചനത്തില്‍ നിന്നു വായിച്ചെടുക്കാന്‍ കഴിയും.
ആരാധ്യനായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ചില യോഗ്യതകള്‍ വേണമെന്ന് ഇസ്‌ലാമിനു നിര്‍ബന്ധമുണ്ട്. അവര്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥന കേള്‍ക്കുന്നവരാവണം. പ്രാര്‍ഥിക്കുന്നവന്റെ അവസ്ഥാന്തരങ്ങളും പ്രാര്‍ഥനയില്‍ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ വരുംവരായ്മകളും മുന്‍കൂട്ടി അറിയുന്നവരും പ്രാര്‍ഥിക്കുന്നവന് ഉത്തരം നല്‍കാന്‍ കഴിയുന്നവരും ആയിരിക്കണം. ഈ യോഗ്യതകള്‍ പ്രപഞ്ചത്തിലെ ഒരു വ്യക്തിക്കും ശക്തിക്കുമില്ല എന്നത് ഒരു പരമാര്‍ഥമാകുന്നു. പ്രപഞ്ചാതീതനായ അല്ലാഹുവിനു മാത്രമേ ഈ യോഗ്യതകളുള്ളൂ. അതുകൊണ്ടാണ് സൃഷ്ടിപൂജയെ ഇസ്‌ലാം വന്‍പാപമായി പരിഗണിക്കുന്നതും സ്രഷ്ടാവിനെ മാത്രം ആരാധിക്കണമെന്ന് ആവശ്യപ്പെടുന്നതും.
പ്രവാചകന്‍ മഹാനാണെന്നു കരുതി അദ്ദേഹത്തോട് ആരെങ്കിലും പ്രാര്‍ഥിച്ചാല്‍ അയാളും ഇസ്‌ലാമിന്റെ വൃത്തത്തില്‍ നിന്നു പുറത്താകും. അതുപോലെ കഅ്ബാലയത്തോട് ആരെങ്കിലും പ്രാര്‍ഥിച്ചാല്‍ അതും ഇസ്‌ലാമികവിരുദ്ധമാകുന്നു. കഅ്ബാലയത്തെ ആരാധിക്കാനല്ല പ്രവാചകന്റെ പ്രബോധിത സമൂഹമായിരുന്ന ഖുറൈശികളോട് ഖുര്‍ആന്‍ ആഹ്വാനം ചെയ്തത്, അതിന്റെ തമ്പുരാനെ ആരാധിക്കാനാണ്. ”അതുകൊണ്ട് അവര്‍ക്ക് വിശപ്പില്‍ നിന്നു ഭക്ഷണം നല്‍കുകയും ഭീതിയില്‍ നിന്നു നിര്‍ഭയത്വം നല്‍കുകയും ചെയ്ത ഈ വീടിന്റെ (കഅ്ബ) തമ്പുരാനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ” (106:3,4).
ഹജറുല്‍ അസ്‌വദ്
ബിംബമല്ല
കഅ്ബാലയത്തിന്റെ മൂലകളിലൊന്നില്‍ സ്ഥാപിക്കപ്പെട്ട കറുത്ത കല്ലാണ് ഹജറുല്‍ അസ്‌വദ്. ഹജ്ജ് വേളയില്‍ ഹാജിമാര്‍ അതിനെ ചുംബിക്കുകയോ കൈയുയര്‍ത്തി അഭിവാദ്യം അര്‍പ്പിക്കുകയോ ചെയ്യാറുണ്ട്. ഈ കറുത്ത കല്ല് കഅ്ബയിലെ പ്രതിഷ്ഠയായതുകൊണ്ടാണ് അതിനെ ആരാധിക്കുന്നത് എന്നാണ് വിമര്‍ശകരുടെ ഭാഷ്യം. സാധാരണഗതിയില്‍ ബിംബാരാധകര്‍ പ്രതിഷ്ഠിക്കുന്ന ബിംബങ്ങളുടെ സ്വഭാവം പരിശോധിക്കുകയാണെങ്കില്‍ അവ അവര്‍ക്കിടയില്‍ ജീവിച്ചിരിക്കുകയോ മരിച്ചുപോവുകയോ ചെയ്ത ഏതെങ്കിലും ഒരു പുണ്യപുരുഷന്റെ പ്രതിരൂപമായിരിക്കും. ഒരു വസ്തുവിനെ പ്രതിബിംബിപ്പിക്കുന്നതിനെയാണല്ലോ ബിംബം എന്നു പറയുന്നത്. അതുകൊണ്ടുതന്നെ ആ മഹാന്മാരുടെ പേരുകളും ബിംബാരാധകര്‍ ബിംബങ്ങള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഹജറുല്‍ അസ്‌വദ് എന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെ പേരല്ല. മറ്റെന്തെങ്കിലും ഒരു വസ്തുവിന്റെ ബിംബവുമല്ല. അതിനെ ആരെങ്കിലും ആരാധിക്കുകയോ അതിനോട് പ്രാര്‍ഥിക്കുകയോ ചെയ്യുന്നുമില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ ഇസ്‌ലാമികവിരുദ്ധമാകുന്നു.
ഹജറുല്‍ അസ്‌വദ് കഅ്ബാലയത്തില്‍ സ്ഥാപിച്ചത് എന്തിനാണെന്ന് സ്വാഭാവികമായും സംശയിച്ചേക്കാം. ഹജ്ജിന് എത്തുന്ന ഹാജിമാര്‍ ആദ്യം നിര്‍വഹിക്കേണ്ടത് കഅ്ബയെ പ്രദക്ഷിണം (ത്വവാഫ്) ചെയ്യലാണ്. ത്വവാഫ് തുടങ്ങേണ്ടത് ഹജറുല്‍ അസ്‌വദ് നില്‍ക്കുന്നിടത്തു നിന്നാണ്. അത് അവസാനിപ്പിക്കേണ്ടതും അതിന്റെ അടുത്തുതന്നെ. ത്വവാഫിന്റെ സ്ഥാനനിര്‍ണയത്തിനു വേണ്ടിയാണ് ഹജറുല്‍ അസ്‌വദ് ഉപയോഗിക്കുന്നത്, അല്ലാതെ അതിനെ ആരാധിക്കാന്‍ വേണ്ടിയല്ല. നമസ്‌കരിക്കുന്നയാള്‍ ഭൂമിയില്‍ മുഖം വെച്ചുകൊണ്ടാണ് സാഷ്ടാംഗം (സുജൂദ്) ചെയ്യുന്നത്. അതുകൊണ്ട് നമസ്‌കാരത്തില്‍ ഭൂമിപൂജയുണ്ടെന്നു പറയുന്നതിനു തുല്യമാണ് ഹജറുല്‍ അസ്‌വദിനെ ആരാധിക്കുന്നു എന്നു പറയുന്നതും.
ഹജറുല്‍ അസ്‌വദ് ഒരു കല്ലാണ് എന്നതിലപ്പുറം ഒരുതരത്തിലുള്ള ആരാധനാഭാവവും അതിനോട് ഉണ്ടാവാന്‍ പാടില്ല എന്നതാണ് മതത്തിന്റെ കാതല്‍. രണ്ടാം ഖലീഫ ഉമറി(റ)ന്റെ പ്രസ്താവനയില്‍ നിന്ന് ഇതു വ്യക്തമാണ്. അദ്ദേഹം ഒരിക്കല്‍ ഹജറുല്‍ അസ്‌വദ് ചുംബിച്ചുകൊണ്ട് പറഞ്ഞു: ”നീ ഒരു കല്ലാണെന്ന് എനിക്കറിയാം. നീ ഒരു ഉപകാരവും ഉപദ്രവവും ചെയ്യുകയില്ല. പ്രവാചകന്‍ നിന്നെ മുത്തുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കില്ലായിരുന്നു” (ബുഖാരി). ഒരു കാലത്ത് വിഗ്രഹാരാധനയുടെ അപ്പോസ്തലനായിരുന്ന ഉമര്‍ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നത് അതിനുള്ള ആരാധനയാണെന്ന് മനസ്സിലാക്കിയിരുന്നില്ല. ഒരു വസ്തുവിനെ ചുംബിക്കാന്‍ അതിന് ദിവ്യത്വമോ അതിനോട് ആരാധനാഭാവമോ വേണമെന്നില്ല. കുഞ്ഞുങ്ങളെയും പുഷ്പങ്ങളെയും ചുംബിക്കാത്തവര്‍ ആരാണുള്ളത്? ആ ചുംബനം അവയെ ആരാധിക്കലാണെന്ന് ആരും അവകാശപ്പെടാറില്ലല്ലോ.