18 Saturday
October 2025
2025 October 18
1447 Rabie Al-Âkher 25

അറഫയിലെ പ്രഖ്യാപനം

എം ടി അബ്ദുല്‍ഗഫൂര്‍


ജാബിറിബ്‌നു അബ്ദില്ല(റ) പറയുന്നു: നബി(സ) ഹജ്ജത്തുല്‍ വിദാഇല്‍ അറഫയിലെത്തി. നമിറയില്‍ അദ്ദേഹത്തിനുവേണ്ടി ഒരു ടെന്റ് സ്ഥാപിച്ചിരുന്നു. അവിടെയിറങ്ങി. സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റിയശേഷം ബത്വ്‌നുവാദിയില്‍ എത്തി. അവിടെവെച്ച് ജനങ്ങളോട് പ്രസംഗിച്ചു: ”ജനങ്ങളേ, നിങ്ങളുടെ രക്തവും സമ്പത്തും ഈ ദിവസത്തിന്റെ പവിത്രത പോലെ, ഈ മാസത്തിന്റെ പവിത്രത പോലെ, ഈ നാടിന്റെ പവിത്രത പോലെ നിങ്ങള്‍ക്ക് പരസ്പരം നിഷിദ്ധമാണ്. അറിയുക, ജാഹിലിയ്യത്തിലുണ്ടായിരുന്ന എല്ലാ നീചകാര്യങ്ങളും എന്റെ കാലിന്നടിയില്‍ ചവിട്ടിത്താഴ്ത്തപ്പെട്ടിരിക്കുന്നു. ജാഹിലിയ്യാ കാലത്തെ എല്ലാ പ്രതികാരച്ചോരയും ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു. ഞാന്‍ ദുര്‍ബലമാക്കുന്ന ആദ്യത്തെ പ്രതികാരം ബനൂസഅ്ദില്‍ വെച്ച് മുലകുടി പ്രായത്തില്‍ ഹുദൈല്‍ ഗോത്രം കൊലപ്പെടുത്തിയ റബീഅതുബ്‌നു ഹാരിസിന്റെ പുത്രന്റെ പ്രതികാരമാകുന്നു.
ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന എല്ലാ പലിശയും ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു. ആദ്യമായി ഞാന്‍ ദുര്‍ബലമാക്കുന്നത് അബ്ദുല്‍മുത്വലിബിന്റെ മകന്‍ അബ്ബാസിന് ലഭിക്കാനുള്ള പലിശയാകുന്നു. അതു മുഴുവനും നിഷിദ്ധമാകുന്നു. നിങ്ങളുടെ സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിന്റെ അമാനത്തായിട്ടാണ് അവരെ നിങ്ങള്‍ എറ്റെടുത്തത്. അല്ലാഹുവിന്റെ വചനംകൊണ്ടാണ് അവരുടെ ജനനേന്ദ്രിയങ്ങളെ നിങ്ങള്‍ക്ക് അനുവദനീയമാക്കിയത്. നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്കിഷ്ടമില്ലാത്ത ആരെയും ചവിട്ടാന്‍ അനുവദിക്കാതിരിക്കുക എന്നത് അവരുടെ ബാധ്യതയാണ്. മോശമായ വല്ലതും അവര്‍ ചെയ്താല്‍ പരിക്കുപറ്റാത്തവിധം അവരെ അടിക്കുക. അവരുടെ ഭക്ഷണം, വസ്ത്രം എന്നിവ നിങ്ങളുടെ ബാധ്യതയാകുന്നു. ഞാന്‍ നിങ്ങളില്‍ ഒരു കാര്യം വിട്ടേച്ചുപോവുന്നു. അത് മുറുകെ പിടിച്ചാല്‍ നിങ്ങളൊരിക്കലും പിഴച്ചുപോവുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമാണത്. എന്നെക്കുറിച്ച് നിങ്ങളോട് ചോദിച്ചാല്‍ നിങ്ങളെന്ത് പറയും? അവര്‍ പറഞ്ഞു: താങ്കള്‍ ദൗത്യം നിര്‍വഹിച്ചിരിക്കുന്നു, സദുപദേശം നല്‍കിയിരിക്കുന്നു എന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ നബി(സ) തന്റെ ചൂണ്ടുവിരല്‍ മേലോട്ടുയര്‍ത്തി അല്ലാഹുവേ, നീ സാക്ഷിയാണ്, അല്ലാഹുവേ, നീ സാക്ഷിയാണ് എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു”. (മുസ്‌ലിം)
മുഹമ്മദ് നബി(സ) അറഫയില്‍ നടത്തിയ ഈ പ്രഭാഷണം ലോകംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപനമത്രേ. രക്തം ചിന്തുന്നതും സമ്പത്ത് ചൂഷണം ചെയ്യുന്നതും തുടങ്ങി മോശമായ എല്ലാ കാര്യങ്ങളും ഇവിടെ വെച്ച് നിഷിദ്ധമാക്കി. സ്വന്തം കുടുംബത്തിന്റെ പ്രതികാരവും പലിശയിടപാടും ആദ്യം ദുര്‍ബലപ്പെടുത്തിക്കൊണ്ട് ജനങ്ങള്‍ക്ക് മാതൃകയാവുകയാണ് നബിതിരുമേനി. സമൂഹത്തിലെ ദുര്‍ബലരായ സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷിതത്വത്തിനുമുതകുന്ന നിര്‍ദേശങ്ങളും താക്കീതുകളും ഈ പ്രഭാഷണത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്നു.

Back to Top