24 Friday
October 2025
2025 October 24
1447 Joumada I 2

വേരുകള്‍

ഫാത്തിമ ഫസീല


ഓര്‍മകളിലെ
പെരുന്നാള്‍ മരം
ഇങ്ങനെയാണ്:
മൈലാഞ്ചിച്ചോപ്പുള്ള
പൂക്കള്‍ വരച്ച്
അത്തര്‍മണം പരത്തി
തക്ബീറിന്
താളം പിടിക്കുന്ന
കുപ്പിവളകളെ
കിളികളോട് ഉപമിച്ച്
വേരുകളാല്‍
പിറന്ന മണ്ണിനെ
കെട്ടിപ്പിടിച്ച്
പച്ചപ്പിന്റെ
തണല്‍ പരപ്പായി
അങ്ങനെയങ്ങനെ.

കാറ്റു വീശാറുണ്ട്
ചിലപ്പോള്‍ ചാറ്റല്‍മഴയും
കല്ലുകളെ പോലും
ഉമ്മ വെക്കാന്‍ പഠിച്ച്
ഒരു മരമങ്ങനെ
മധുരം പൊഴിക്കുമ്പോള്‍
ആകാശനീലയിലേക്ക് പടരും
നന്മയുടെ വിത്തുകള്‍;
പൊട്ടിവിടരാന്‍ വെമ്പി
അറ്റമില്ലാത്ത പച്ചപ്പിന്റെ ചില്ലകള്‍.

പെരുന്നാള്‍ ഒരു മരമാണ്;
ഓര്‍മകളില്‍
തളിര്‍ത്തുകൊണ്ടേയിരിക്കുന്ന
ഗൃഹാതുരത്വത്തിന്റെ പൂമരം.

കൊന്നയും കുരുത്തോലയും
പേരറിയാത്ത കുറേ
വള്ളിപ്പടര്‍പ്പുകളും
സ്‌നേഹത്തിന്റെ വേലി കെട്ടി
കാത്തുവെക്കുമ്പോള്‍
മരത്തെ
ഒരു ബുള്‍ഡോസറിനും
പിഴുതെറിയാനാവില്ലെന്ന്
പെരുന്നാള്‍പ്പക്ഷി പാടുന്നു.

Back to Top