വല്ല്യെര്ന്നാള്
മുബാറക് മുഹമ്മദ്
വാപ്പച്ചി
വിളിച്ചിറക്കിയിട്ടാണ്
ഇസ്മായില് പോയേന്നും
ഓല് പറഞ്ഞിട്ടാന്ന്
കേട്ടിട്ടാണ്
ഹാജറ
പറഞ്ഞയച്ചേന്നും
പടച്ചോന്‍
അരുളിച്ചെയ്തിട്ടാണ്
‘യാ ബുനയ്യ’ എന്നും പറഞ്ഞ്
ഇബ്‌റാഹീം
കൊണ്ടുപോയേന്നും
വല്യാപ്പന്റെ
പ്രായത്തിലാണ്
ഇബ്‌റാഹീമിന്
കുഞ്ഞിത്തൊള്ളേല്
മ്മ കൊട്ക്കാനായേന്നും
അയ്‌നേം
മ്മനേം
നട്ടാച്ചി വെയ്‌ലത്ത്
ഇട്ടേച്ചുപോകാനാണ്
റബ്ബ് പറഞ്ഞേന്നും
ആട്ന്നാണ്
സംസം
പൊട്ടിയേന്നും
ആടെയാണ് ഓല്
പിരിശത്തില്ണ്ടായ
മോന് പകരം
ആട്‌നെ ബലി കൊട്‌ത്തേന്നും
ആടെയാണ്
വാപ്പച്ചിം മോനും
കഅബം
കെട്ടിയേന്നും
വെല്ലിമ്മ
പറഞ്ഞ കേട്ടിട്ടാണ്
ഞാള് കുട്ട്യേളെല്ലാം കൂടി
കോലായ്ക്കലേക്കോടി
തക്ബീറ് ചൊല്ലിയേ
‘ലബ്ബൈക്ക’ന്റെ
ഒച്ചത്തിരകള്‍ക്കിടയില്‍
വെള്ളക്കടലായൊഴുകുന്ന
ഹാജിമാരില്‍ നിന്നും
ഞാളെ വാപ്പച്ചിന്റെ മുഖം
വാട്‌സാപ്പ് സ്റ്റാറ്റസില്‍ കണ്ട്
ചിരിക്കണ്ണീരുമായി
‘മോനേ ഇസ്മായീലേ’ന്ന്
ചുണ്ടനക്കി
വെല്ലിമ്മ
കോലായപ്പടിയില്‍
കുറേ നേരമിരുന്നു.