22 Sunday
December 2024
2024 December 22
1446 Joumada II 20

സുന്നത്ത് നമസ്‌കാരങ്ങള്‍: സ്ഥാനവും ഇനങ്ങളും

പി കെ മൊയ്തീന്‍ സുല്ലമി


ഒരു വ്യക്തി സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ അല്ലാഹു നിരോധിച്ച മഹാപാപങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകള്‍ ഹൃദയവിശുദ്ധിയോടുകൂടി ജീവിതത്തില്‍ പുലര്‍ത്തി ജീവിക്കുകയും ചെയ്താല്‍ മതി. അല്ലാഹു പറയുന്നു: ”നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നപക്ഷം നിങ്ങളുടെ തിന്മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.” (അന്നിസാഅ് 31)
എന്നാല്‍ സുന്നത്തുകള്‍ അനുഷ്ഠിക്കുന്നതിലൂടെ അല്ലാഹുവിന്റെ സാമീപ്യവും സ്‌നേഹവും സംരക്ഷണവും കൂടുതല്‍ ലഭിക്കുന്നതുമാണ്. അല്ലാഹു അരുളിയതായി നബി(സ) പ്രസ്താവിക്കുകയുണ്ടായി: ”ഒരടിമയെ ഞാന്‍ ഇഷ്ടപ്പെടുന്നതുവരെ സുന്നത്തുകള്‍ അനുഷ്ഠിച്ചുകൊണ്ട് അവന്‍ എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കും. ഞാന്‍ അവനെ സ്‌നേഹിച്ചുകഴിഞ്ഞാല്‍ ഞാന്‍ അവന്‍ കേള്‍ക്കുന്ന കാതും അവന്‍ കാണുന്ന കണ്ണും അവന്‍ പിടിക്കുന്ന കൈയും അവന്‍ നടക്കുന്ന കാലുമായിത്തീരും.” (ബുഖാരി 6502)
മേല്‍ ഹദീസിന്റെ താല്‍പര്യം അനാവശ്യങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്ന് കാതിനും കാണുന്നതില്‍ നിന്ന് കണ്ണിനും സംരക്ഷണം നല്‍കും എന്നതാണ്. അതുപോലെ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നു കൈയ്യിനും നിരോധിക്കപ്പെട്ട കാര്യങ്ങളിലേക്ക് പോകുന്നതില്‍ നിന്നു കാലിനും സംരക്ഷണം നല്‍കും എന്നതുമാണ്. മേല്‍പറഞ്ഞ ഹദീസിന്റെ പദപ്രയോഗം ആലങ്കാരികമാണ്. ഇത്തരം ആലങ്കാരിക പ്രയോഗങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും നിരവധി കാണാവുന്നതാണ്. എന്നാല്‍ സമസ്തക്കാരായ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ മേല്‍പറഞ്ഞ ഹദീസിന് ഭാഷാര്‍ഥം നല്‍കി ഔലിയാക്കള്‍ക്ക് അല്ലാഹുവിന്റെ കേള്‍വിയും കാഴ്ചശക്തിയും ലഭിക്കുമെന്നു പറഞ്ഞ് ഹദീസിനെ ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്. അത് തെറ്റാണെന്ന് ഇബ്‌നു ഹജര്‍(റ) പ്രസ്തുത ഹദീസിന്റെ വ്യാഖ്യാനമായ ഫത്ഹുല്‍ബാരിയില്‍ (14:528) രേഖപ്പെടുത്തിയിട്ടുണ്ട്.
സുന്നത്ത് നമസ്‌കാരങ്ങള്‍ കൊണ്ടുള്ള മറ്റൊരു ഗുണം അവ ഫര്‍ദ് നമസ്‌കാരങ്ങളില്‍ വന്നിട്ടുള്ള വീഴ്ചകളെ പരിഹരിക്കുമെന്നതാണ്. ഇബ്‌നു തൈമിയ(റ) പറയുന്നു: ”നിര്‍ബന്ധ കര്‍മങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കാനാണ് സുന്നത്തായ കര്‍മങ്ങള്‍ നിയമമാക്കപ്പെട്ടതെന്നു പറയപ്പെട്ടിട്ടുണ്ട്. നബി(സ)യില്‍ നിന്ന് ഇപ്രകാരം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ഒരു അടിമയുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്‌കാരമായിരിക്കും. അതില്‍ അവന്‍ വീഴ്ച വരുത്തിയിട്ടുള്ളപക്ഷം അല്ലാഹു പറയും: അവന് വല്ല സുന്നത്തായ നമസ്‌കാരങ്ങളുമുണ്ടോ? അതുണ്ടെങ്കില്‍ അത് ഫര്‍ദ് നമസ്‌കാരത്തിന്റെ സ്ഥാനത്ത് പരിഹരിക്കപ്പെടും.” (ഇബ്‌നുമാജ 1415, ഫതാവല്‍ കുബ്‌റാ 2:20,21)
ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി പറയുന്നു: ”നബി(സ) അരുളിയതായി തമീമുദ്ദാരി(റ) പറയുന്നു: നബി(സ) പ്രസ്താവിച്ചിരിക്കുന്നു: അന്ത്യദിനത്തില്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്‌കാരമായിരിക്കും. അത് പൂര്‍ണമാണെങ്കില്‍ അപ്രകാരം രേഖപ്പെടുത്തപ്പെടും. അപ്രകാരമല്ലെങ്കില്‍ അല്ലാഹു മലക്കുകളോട് കല്‍പിക്കും: എന്റെ അടിമക്ക് വല്ല സുന്നത്തായ നമസ്‌കാരവും ഉണ്ടോയെന്ന് നിങ്ങള്‍ നോക്കണം. അവന്‍ പാഴാക്കിയ ഫര്‍ദിന്റെ സ്ഥാനത്ത് അവ വെക്കണം. അനസിബ്‌നു ഹകീമി(റ)നോട് അബൂഹുറയ്‌റ(റ) പറയുകയുണ്ടായി: അന്ത്യദിനത്തില്‍ ഒരടിമ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നിര്‍ബന്ധ നമസ്‌കാരമായിരിക്കും. അത് പൂര്‍ണമല്ലെങ്കില്‍ അവന്റെ സുന്നത്ത് നമസ്‌കാരങ്ങള്‍ ഫര്‍ദിന്റെ സ്ഥാനത്ത് പരിഹരിക്കപ്പെടും. പിന്നീട് മറ്റുള്ള കര്‍മങ്ങളും അപ്രകാരം പരിഹരിക്കപ്പെടും.” (അല്‍ഗുന്‍യ 2:106- 107)
നബി(സ) അരുളിയതായി അബൂഹുറയ്‌റ(റ) പറയുന്നു: അന്ത്യദിനത്തില്‍ അല്ലാഹു പ്രവര്‍ത്തനങ്ങളില്‍ ആദ്യം വിചാരണ ചെയ്യുന്നത് നമസ്‌കാരമായിരിക്കും. അല്ലാഹു മലക്കുകളോട് പറയും: എന്റെ അടിമയുടെ ഫര്‍ള് നമസ്‌കാരത്തില്‍ പൂര്‍ണതയുണ്ടോ, കുറവുണ്ടോ എന്ന് നിങ്ങള്‍ പരിശോധിക്കണം. അത് പൂര്‍ണമാണെങ്കില്‍ പൂര്‍ണമായ നിലയില്‍ പ്രതിഫലം രേഖപ്പെടുത്തപ്പെടും. അല്ലാത്തപക്ഷം അല്ലാഹു പറയും: എന്റെ അടിമക്ക് വല്ല സുന്നത്ത് നമസ്‌കാരവുമുണ്ടോ എന്നു നിങ്ങള്‍ പരിശോധിക്കണം. അങ്ങനെ അവന് സുന്നത്ത് നമസ്‌കാരമുണ്ടെങ്കില്‍ അല്ലാഹു പറയും: അവന്റെ നിര്‍ബന്ധ നമസ്‌കാരത്തെ സുന്നത്ത് നമസ്‌കാരം കൊണ്ട് നിങ്ങള്‍ പൂര്‍ത്തീകരിക്കണം. പിന്നീട് മറ്റുള്ള പ്രവര്‍ത്തനങ്ങളും അപ്രകാരം സ്വീകരിക്കപ്പെടുന്നതാണ്.” (അബൂദാവൂദ്)
ഇപ്രകാരം പണ്ഡിതന്മാര്‍ക്കിടയില്‍ ഏകോപനമുണ്ടെന്നാണ് ഇബ്‌നു തൈമിയ്യ(റ) തന്റെ മിന്‍ഹാജുസ്സുന്നത്തിന്നബവിയ്യയില്‍ (3:336) രേഖപ്പെടുത്തിയത്. ചുരുക്കത്തില്‍ നമസ്‌കാരം മുന്‍കാലങ്ങളില്‍ വീഴ്ച വരുത്തിയവര്‍ ഖദാഅ് വീട്ടുന്നതിനു പകരം സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കേണ്ടതാണ്. ഖദാഅ് വീട്ടുകയെന്നതിന് ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ യാതൊരു പിന്‍ബലവുമില്ല.
സുന്നത്ത് നമസ്‌കാരങ്ങളെ സംബന്ധിച്ച് ചിന്തിക്കുമ്പോള്‍ ആദ്യമായി നാം ഓര്‍ക്കേണ്ടത് റവാതിബ് സുന്നത്തുകളെ സംബന്ധിച്ചാണ്. റവാതിബ് സുന്നത്തുകളെ സംബന്ധിച്ച് അധികം പേര്‍ക്കും വ്യക്തമായ ധാരണയില്ല. 10 റക്അത്ത് മുതല്‍ 20 റക്അത്ത് വരെ റവാതിബ് സുന്നത്തുകളായി ഗണിക്കുന്നവരുണ്ട്. യഥാര്‍ഥത്തില്‍ റവാതിബ് സുന്നത്തുകള്‍ 10 റക്അത്തുകള്‍ മാത്രമേയുള്ളൂ. താഴെ വരുന്ന ഹദീസ് ശ്രദ്ധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും:
ഇബ്‌നു ഉമര്‍(റ) പ്രസ്താവിച്ചു: ”ഞാന്‍ 10 റക്അത്ത് നമസ്‌കാരങ്ങള്‍ നബി(സ)യില്‍ നിന്നു മനഃപാഠമാക്കുകയുണ്ടായി. ളുഹ്‌റിനു മുമ്പും ശേഷവും ഈരണ്ട് റക്അത്തുകള്‍ വീതവും മഗ്‌രിബിനു ശേഷം വീട്ടില്‍ വെച്ച് രണ്ടു റക്അത്ത് വീതവും ഇശാഇനു ശേഷം വീട്ടില്‍ വെച്ച് രണ്ട് റക്അത്ത് വീതവും സുബ്ഹിക്കു മുമ്പ് രണ്ട് റക്അത്തു വീതവുമാകുന്നു അവ” (ബുഖാരി 3:48, മുസ്‌ലിം 72, തിര്‍മിദി 433, അബൂദാവൂദ് 1252, നസാഈ 2:119, മുവത്വ 1:166, അഹ്മദ് മുസ്‌നദ് 2:117). അപ്പോള്‍ മഗ്‌രിബിനും ഇശാക്കും ശേഷം വീട്ടില്‍ വെച്ച് സുന്നത്ത് നമസ്‌കരിക്കലായിരുന്നു നബിചര്യ എന്നു ഹദീസില്‍ നിന്നു ബോധ്യപ്പെടും. ഇനി ഒരാള്‍ പ്രസ്തുത നമസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച് നിര്‍വഹിച്ചാലും കുറ്റമില്ല.
ഈ വിഷയത്തില്‍ വന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”ഉമ്മുഹബീബ(റ) നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: വല്ലവനും രാവും പകലും 12 റക്അത്ത് സുന്നത്ത് നമസ്‌കരിക്കുന്നപക്ഷം അല്ലാഹു അവന് സ്വര്‍ഗത്തില്‍ ഒരു വീട് വെച്ചുകൊടുക്കുന്നതാണ്” (മുസ്‌ലിം).
ഇതില്‍ ഒന്നാമത്തെ ഹദീസ് മാത്രമേ പ്രമാണപരമായി അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂ. അതിന് രണ്ട് കാരണങ്ങളുണ്ട്: ഒന്ന്, രണ്ടാമത്തെ ഹദീസില്‍ സുന്നത്ത് നമസ്‌കാരവും ഫര്‍ള് നമസ്‌കാരവുമായി ബന്ധപ്പെടുന്നില്ല. അഥവാ എപ്പോഴൊക്കെയാണ് നമസ്‌കരിക്കേണ്ടത് എന്ന സൂചനയില്ല. രണ്ട്, ഹദീസ് നിദാനശാസ്ത്ര നിയമമനുസരിച്ച് രണ്ടാമത്തെ ഹദീസ് ശാദ്ദ് ആണ്. അഥവാ ഏറ്റവും സ്വഹീഹായ ഹദീസിനു വിരുദ്ധമായ സ്വഹീഹായി റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ്. ആദ്യത്തെ ഹദീസ് സ്വിഹാഹുസ്സിത്തയിലെ ഇബ്‌നുമാജ ഒഴിച്ചുള്ള എല്ലാവരും ഉദ്ധരിച്ചിട്ടുണ്ട്. രണ്ടാമത്തെ ഹദീസ് മുസ്‌ലിം മാത്രം റിപോര്‍ട്ട് ചെയ്തതാണ്. അപ്പോള്‍ ശാദ്ദായി വരുന്ന ഹദീസുകള്‍ മാറ്റിവെക്കണമെന്നാണ് ഹദീസ് നിദാനശാസ്ത്രം പഠിപ്പിക്കുന്നത്.
ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) സ്വഹീഹായ ഹദീസിന്റെ നിബന്ധന പറയുന്നത് ഇപ്രകാരമാണ്: ”അത് റവാതിബ് സുന്നത്തുകളായി സ്ഥിരപ്പെട്ടുവന്നിട്ടുള്ളത് 10 റക്്അത്തുകള്‍ മാത്രമാണ്.” പൊതുവെ സുന്നത്ത് നമസ്‌കാരങ്ങളും മറ്റും നിഷിദ്ധമാക്കപ്പെട്ട ചില സമയങ്ങളുണ്ട്. അധികപേരും പ്രസ്തുത സമയങ്ങളെ സംബന്ധിച്ച് അശ്രദ്ധരാണ്. താഴെ വരുന്ന ഹദീസ് ശ്രദ്ധിക്കുക: ഉഖ്ബതുബ്‌നു ആമിര്‍(റ) പ്രസ്താവിച്ചു: ”മൂന്ന് സമയങ്ങളില്‍ നമസ്‌കരിക്കുന്നതും ജനാസ മറവു ചെയ്യുന്നതും നബി(സ) ഞങ്ങളോട് നിരോധിച്ചിരുന്നു. സൂര്യന്‍ ഉദിച്ചുപൊങ്ങുന്നതുവരെ, സൂര്യന്‍ മധ്യത്തിലാകുന്ന സന്ദര്‍ഭം, സൂര്യന്‍ അസ്തമിക്കാന്‍ ആരംഭിക്കുന്നതു മുതല്‍ അസ്തമിക്കുന്നതുവരെ.” (അല്‍ജമാഅഃ)
മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”നബി(സ) അരുളി: അസ്വ്ര്‍ നമസ്‌കാര ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെയും സുബ്ഹി നമസ്‌കാര ശേഷം സൂര്യന്‍ ഉദിച്ചുപൊങ്ങുന്നതുവരെയും നമസ്‌കാരമില്ല” (ബുഖാരി, മുസ്‌ലിം). ഈ പറയപ്പെട്ട സമയങ്ങളില്‍ തഹിയ്യത്ത് നമസ്‌കരിക്കാന്‍ പറ്റുമോ ഇല്ലേ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. തര്‍ക്കമുള്ള സന്ദര്‍ഭങ്ങളില്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാനാണല്ലോ വിശുദ്ധ ഖുര്‍ആനിന്റെ കല്‍പന.
ഇബ്‌നു തൈമിയ്യ(റ) രേഖപ്പെടുത്തുന്നു: ”ഈ പ്രശ്‌നത്തില്‍ (നിരോധിക്കപ്പെട്ട സമയങ്ങളില്‍ തഹിയ്യത്ത് നമസ്‌കരിക്കാമോ?) പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്. അത് രണ്ടും ഇമാം അഹ്മദില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നവയാണ്. അതില്‍ ഒരഭിപ്രായം ഇമാം അബൂഹനീഫയുടെയും ഇമാം മാലികിന്റേതുമാണ്. അത് നിരോധിക്കപ്പെട്ട സമയങ്ങളില്‍ നമസ്‌കരിക്കാന്‍ പാടില്ലയെന്നതാണ്. മറ്റൊരു അഭിപ്രായം ഇമാം ശാഫിഇ(റ)യുടേതാണ്. അത് നമസ്‌കരിക്കാം എന്നതാണ്. പ്രസ്തുത അഭിപ്രായം പ്രകടവും വ്യക്തവുമാണ്. തീര്‍ച്ചയായും നബി(സ) അരുളി: നിങ്ങളില്‍ ഒരാള്‍ പള്ളിയില്‍ പ്രവേശിക്കുന്നപക്ഷം രണ്ട് റക്അത്ത് നമസ്‌കരിക്കാതെ അയാള്‍ ഇരിക്കരുത്. ഈ കല്‍പന എല്ലാ സന്ദര്‍ഭങ്ങള്‍ക്കും ബാധകവുമാണ്.” (ഫതാവല്‍ കുബ്‌റ 1:113,114).
തഹിയ്യത്ത് എന്നാല്‍ അഭിവാദ്യം എന്നാണ്. അഥവാ പള്ളിക്ക് അഭിവാദ്യമെന്ന നിലയില്‍ അല്ലാഹുവിനു നാം സമര്‍പ്പിക്കുന്ന ആരാധനയാണ് തഹിയ്യത്ത് നമസ്‌കാരം. അത് ഏതെങ്കിലും ഫര്‍ദ് നമസ്‌കാരത്തിനു മുമ്പ് റവാതിബ് സുന്നത്ത് നമസ്‌കാരമുണ്ടെങ്കില്‍ അത് നിര്‍വഹിച്ചാലും തഹിയ്യത്ത് നമസ്‌കാരത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. ഉദാഹരണത്തിന് സുബ്ഹി ബാങ്ക് കൊടുക്കുന്നതിനു മുമ്പ് ഒരാള്‍ പള്ളിയില്‍ പ്രവേശിക്കുന്നപക്ഷം അയാള്‍ക്ക് തഹിയ്യത്ത് നമസ്‌കരിക്കാവുന്നതാണ്. എന്നാല്‍ സുബ്ഹി ബാങ്ക് കൊടുത്തതിനു ശേഷമണ് ഒരു വ്യക്തി പള്ളിയില്‍ പ്രവേശിക്കുന്നതെങ്കില്‍ അയാള്‍ സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് മാത്രം നിര്‍വഹിച്ചാല്‍ മതി. അത് തഹിയ്യത്തായും പരിഗണിക്കുന്നതാണ്.
ഇമാം ഐനി രേഖപ്പെടുത്തുന്നു: ”സുബ്ഹി നമസ്‌കാരത്തിന് ബാങ്ക് കൊടുത്തതിനു ശേഷം പള്ളിയില്‍ പ്രവേശിക്കുന്നവര്‍ രണ്ടിലധികം റക്അത്തുകള്‍ സുന്നത്തായി നിര്‍വഹിക്കുന്നതിനെ സംബന്ധിച്ച് ഒരു സംഘം പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. നബി(സ) പ്രഭാതമായാല്‍ രണ്ട് റക്അത്തുകള്‍ മാത്രമല്ലാതെ നിര്‍വഹിക്കാറുണ്ടായിരുന്നില്ല എന്ന് ഹഫ്‌സ(റ)യില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്.”
ഇബ്‌നു ഉമറി(റ)ന്റെ അടിമ യസാര്‍ പ്രസ്താവിച്ചു: ”ഞങ്ങള്‍ പള്ളിയില്‍ തഹിയ്യത്ത് നമസ്‌കരിച്ചുകൊണ്ടിരിക്കെ നബി(സ) ഞങ്ങളുടെ അടുത്തു വന്ന് ഇപ്രകാരം കല്‍പിക്കുകയുണ്ടായി: സുബ്ഹി ബാങ്കിനുശേഷം സുന്നത്തായി നിങ്ങള്‍ നേരിയ രണ്ട് റക്അത്തല്ലാതെ നമസ്‌കരിക്കരുത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് റക്അത്തിലധികം നമസ്‌കരിക്കുകയെന്ന കാര്യം വെറുക്കപ്പെട്ടതാണ് എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. ഇമാം അബൂഹനീഫ, മാലിക്, അഹ്മദ്(റ) എന്നിവരുടെയും അഭിപ്രായം ഇപ്രകാരമാണ്” (ഉംദത്തുല്‍ ഖാരി 5:141). മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”നബി(സ) പ്രഭാതമായാല്‍ നേരിയ രണ്ട് റക്അത്തുകളല്ലാതെ നമസ്‌കരിക്കാറില്ല” (മുസ്‌ലിം 88, മുസ്‌നദ് അഹ്മദ് 6:49).
ബാങ്കിനു ശേഷം പള്ളിയില്‍ വരുന്നവര്‍ ആദ്യം തഹിയ്യത്തും പിന്നെ സുബ്ഹിയുടെ സുന്നത്തും നിര്‍വഹിക്കുന്നത് പ്രമാണബദ്ധമല്ല. സുബ്ഹിയുടെ സുന്നത്തു മാത്രം മതിയാകുന്നതാണ്.

Back to Top