ടീസ്റ്റയെ വിട്ടയക്കണം: ഹ്യൂമന്റൈറ്റ്‌സ് വാച്ച്

ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്റ്റ സെറ്റല്‍വാദിനെ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. അവര്‍ക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളിക്കളയണമെന്നും ഇന്ത്യയുടെ നിരന്തരമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഹ്യൂമന്റൈറ്റ്‌സ് വാച്ച് പറഞ്ഞു. ”ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനും അധികാരത്തിലിരുന്നവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചതിനുമുള്ള പ്രതികാരമാണ് ഈ അറസ്റ്റുകള്‍”- ഹ്യൂമന്റൈറ്റ്‌സ് വാച്ചിന്റെ സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു. അക്രമം നടന്നുവെന്നതോ അല്ലെങ്കില്‍ നീതി ലഭിക്കേണ്ടതുണ്ടെന്നതോ ആര്‍ക്കും നിഷേധിക്കാനാവില്ല,
എന്നിട്ടും ടീസ്റ്റ സെറ്റല്‍വാദിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി വര്‍ഷങ്ങളായി അവരെ നിശ്ശബ്ദയാക്കാനുള്ള ശ്രമത്തിലാണെന്നും അവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ടീസ്റ്റ സെറ്റല്‍വാദിനെയും മുന്‍ ഗുജറാത്ത് ഡി ജി പിയായ ആര്‍ ബി ശ്രീകുമാറിനെയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ടീസ്റ്റയെ മുംബൈയിലെ വസതിയിലെത്തി ഗുജറാത്ത് ഭീകരവിരുദ്ധ സേന കസ്റ്റഡിയിലെടുത്ത് സാന്താക്രൂസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അഹ്മദാബാദിലേക്ക് കൊണ്ടുപോയി. ശ്രീകുമാറിനെ അഹ്മദാബാദില്‍ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.
