29 Sunday
June 2025
2025 June 29
1447 Mouharrem 3

അഡ്വ. എ നഫീസത്ത് ബീവി നേതൃപാടവം കാണിച്ച അഭിഭാഷക

ഹാറൂന്‍ കക്കാട്‌


കേരളീയ വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ, വിശിഷ്യാ മുസ്‌ലിം പരിഷ്‌കരണ നഭസ്സിലെ അദ്വിതീയ വനിതാ സാന്നിധ്യമായിരുന്നു അഡ്വ. എ നഫീസത്ത് ബീവി. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുകയാണ് പോംവഴിയെന്ന് സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു അവര്‍.
1924 മാര്‍ച്ച് 22-ന് കൊല്ലം ജില്ലയിലെ പ്രമുഖ ലോയര്‍ കുടുംബത്തില്‍ കായംകുളം കൃഷ്ണപുരത്തെ അബ്ദുല്‍ കരീമിന്റെയും ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറ കറ്റാനം പതിയാരത്ത് പുത്തന്‍പുരയില്‍ ഹവ്വാ ഉമ്മയുടെയും മകളായാണ് നഫീസത്ത് ബീവിയുടെ ജനനം. രാഷ്ട്രീയാവബോധവും സാമൂഹികബന്ധങ്ങളും പുരോഗമന കാഴ്ചപ്പാടുമുള്ള പിതാവ് 1936-ല്‍ നഫീസത്ത് ബീവിയുടെ 12-ാം വയസ്സില്‍ മരണപ്പെട്ടു. പഠനത്തിനും മറ്റും വളരെ പ്രയാസപ്പെട്ടെങ്കിലും ക്ഷമയോടെ മുന്നേറുകയായിരുന്നു. മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തിനു നേരെ അക്കാലത്ത് നിലനിന്നിരുന്ന വലിയ വിലക്കുകളെ അതിജീവിച്ചാണ് നഫീസത്ത് ബീവി ചരിത്രത്തില്‍ ഉജ്ജ്വലമായ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ നടത്തിയത്.
കൊല്ലത്തെ മലയാള മന്ദിരം സ്‌കൂള്‍, കറ്റാനം പോപ് പയസ് ഇംഗ്ലീഷ് സ്‌കൂള്‍, ആലപ്പുഴ എസ് ഡി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. ചെറുപ്പത്തിലേ പിതാവില്‍ നിന്നും ശേഷം ഉമ്മയുടെ ഉപ്പയില്‍ നിന്നുമാണ് ബീവി മതചിട്ടകള്‍ പരിശീലിച്ചത്. നമസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണവുമൊക്കെ കുട്ടിക്കാലം മുതലേ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. ചെറിയ കുട്ടിയായിരിക്കെ, അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളില്‍ നടന്നുപോകുമ്പോഴും നോമ്പെടുക്കുമായിരുന്നു. ചുരുങ്ങിയത് ഒരു ജുസ്അ് എങ്കിലും ദിവസവും ഖുര്‍ആന്‍ പാരായണം ചെയ്യും. ചിട്ടയോടെയും അച്ചടക്കത്തോടെയുമുള്ള ജീവിതശൈലി ബീവിയെ കര്‍മോത്സുകയാക്കി. പഠനകാലത്താണ് ആലപ്പുഴയിലെ പി എസ് അബ്ദുല്ലക്കുട്ടിയുമായി വിവാഹം നടന്നത്. തുടര്‍പഠനത്തിന് ഭര്‍തൃവീട്ടുകാര്‍ വലിയ പിന്തുണ നല്‍കിയത് നഫീസത്ത് ബീവിക്ക് കൂടുതല്‍ ആവേശം പകര്‍ന്നു.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം തോന്നിയ ബീവി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡിസിന് അപേക്ഷിച്ചു. 25 സീറ്റിന് 700 അപേക്ഷകള്‍. ഒരാഴ്ച നീണ്ട പരീക്ഷകളും ഇന്റര്‍വ്യൂവും. കൈക്കുഞ്ഞിനെയും എടുത്തായിരുന്നു യാത്ര. മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യതയുണ്ടായിട്ടും കുട്ടിയുണ്ടെന്ന കാരണത്താല്‍ അപേക്ഷ നിരസിച്ചു. ‘നിനക്ക് ഒരു കൊച്ചുണ്ടല്ലോ, അതിനെ വളര്‍ത്ത്. ഇങ്ങനെയുള്ളവര്‍ ഇടയ്ക്കു വെച്ച് പഠനം ഇട്ടേച്ചുപോകും’ എന്നായിരുന്നു കോളജ് അധികൃതരുടെ പ്രതികരണം. ഏറെ ദുഃഖത്തോടെ നഫീസത്ത് ബീവി തിരിച്ചുപോന്നെങ്കിലും, ഇച്ഛാശക്തിയോടെ പില്‍ക്കാലത്ത് തന്റെ ഒരു മകളെയും ഒരു മകനെയും പഠിപ്പിച്ച് ഡോക്ടര്‍മാരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ഒരുപാട് വൈതരണികള്‍ താണ്ടിയാണ് നഫീസത്ത് ബീവി നിയമപഠനം പൂര്‍ത്തിയാക്കിയത്. ബാര്‍ കൗണ്‍സില്‍ പരീക്ഷ പാസായി സനദ് എടുത്ത് വക്കീലായത് 1952 ഡിസംബര്‍ 13-നായിരുന്നു. ആലപ്പുഴ ബാറിലായിരുന്നു പ്രാക്ടീസ്. വിവാഹിതയും രണ്ടു മക്കളുടെ മാതാവുമായ ഒരു മുസ്‌ലിം സ്ത്രീ അഭിഭാഷകയുടെ ഗൗണ്‍ അണിഞ്ഞ് കോടതിയില്‍ വാദിക്കാനെത്തുന്നതും പുരുഷന്മാരായ വക്കീലന്മാരോട് ഏറ്റുമുട്ടുന്നതും ജനം വിസ്മയത്തോടെ നോക്കിനിന്നു. ജസ്റ്റിസ് ഫാത്തിമാ ബീവി മാത്രമാണ് നഫീസത്ത് ബീവിക്കു മുമ്പേ വക്കീലായ മലയാളി മുസ്‌ലിം സ്ത്രീ. അഭിഭാഷക വൃത്തിയില്‍ മൂന്നു വര്‍ഷം പിന്നിട്ട സമയത്താണ് ഒരു നിയോഗം പോലെ നഫീസത്ത് ബീവി കേരള രാഷ്ട്രീയത്തിലെ താരമായി മാറിയത്.
1954-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി വി തോമസിനെതിരെ മത്സരിച്ച മുന്‍ മന്ത്രി ടി എ അബ്ദുല്ലക്കു വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി നഫീസത്ത് ബീവിയെ പ്രചാരണത്തിന് ഇറക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകത്തില്‍ പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത ബീവിയെ കെ പി സി സി പ്രസിഡന്റ് കെ മാധവന്‍ നായര്‍ സംഘടനയിലേക്ക് നോമിനേറ്റ് ചെയ്തു. ഏതാനും മാസങ്ങള്‍ക്കകം നഫീസത്ത് ബീവി എ ഐ സി സി മെമ്പറായി ചുമതലയേറ്റു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു അന്ന് എ ഐ സി സി പ്രസിഡന്റ്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലത്തും നഫീസത്ത് ബീവി എ ഐ സി സി മെമ്പറായി തുടര്‍ന്നു, 1992 വരെ. ഒന്നര പതിറ്റാണ്ട് നീണ്ട ഇടവേളക്കു ശേഷം 2006-ല്‍ ബീവിയെ വീണ്ടും എ ഐ സി സിയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു.
1960-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് കോട്ടയായ ആലപ്പുഴയില്‍ നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച നഫീസത്ത് ബീവി പ്രഗത്ഭ കമ്മ്യൂണിസ്റ്റ് നേതാവ് ടി വി തോമസിനെ പരാജയപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വലമായ ഈ ചരിത്രവിജയം ബീവിയെ പ്രശസ്തയാക്കി. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം മാത്രമല്ല, അമേരിക്കയും നഫീസത്ത് ബീവിയെ അഭിനന്ദിച്ചു. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ എജ്യൂക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ലീഡേഴ്‌സ് എക്സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 1965 നവംബര്‍ മുതല്‍ 1966 ജനുവരി വരെ ബീവി അമേരിക്കയില്‍ പര്യടനം നടത്തി. അവിടെ 12 സ്റ്റേറ്റുകളില്‍ സന്ദര്‍ശനം നടത്താന്‍ ബീവിക്ക് അവസരം ലഭിച്ചത് ഈ ചരിത്രവിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
1960 മാര്‍ച്ച് 15-ന് രണ്ടാം കേരള നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായി നഫീസത്ത് ബീവി ചുമതലയേറ്റു. 1964 സപ്തംബര്‍ 10 വരെ ഈ പദവിയില്‍ തുടര്‍ന്നു. 1962-ല്‍ സ്പീക്കര്‍ കെ എം സീതി സാഹിബ് അസുഖബാധിതനായപ്പോഴും പിന്നീട് സ്പീക്കറായ സി എച്ച് മുഹമ്മദ് കോയ സാഹിബ് രാജിവെച്ചപ്പോഴും സ്പീക്കറുടെ ചുമതല നിര്‍വഹിച്ചത് നഫീസത്ത് ബീവിയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ മന്ത്രിപദം ഉള്‍പ്പെടെ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സര്‍വ യോഗ്യതകളും കഴിവുകളും ഉണ്ടായിട്ടും നഫീസത്ത് ബീവിയെ കോണ്‍ഗ്രസ് നേതൃത്വം പലപ്പോഴും തഴയുകയായിരുന്നു. രാഷ്ട്രീയത്തിലെ പുരുഷാധിപത്യത്തിന്റെയും അവഗണനകളുടെയും ക്രൂരതകള്‍ ഏറ്റുവാങ്ങിയ ഇരയായിരുന്നു അവര്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങളെ തുടര്‍ന്ന് രണ്ടു തവണ നഫീസത്ത് ബീവിയെ ജയിലില്‍ അടച്ചു. 1959-ലെ വിമോചന സമരത്തെ തുടര്‍ന്നായിരുന്നു ആദ്യ അറസ്റ്റ്. 1979-ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരത്തില്‍ വന്ന ജനതാ ഗവണ്‍മെന്റ് ഇന്ദിരാ ഗാന്ധിയെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് സമരം ചെയ്തതിനായിരുന്നു രണ്ടാമത്തെ തടവുശിക്ഷ. കേരളത്തില്‍ കോണ്‍ഗ്രസ് മഹിളാ സംഘടന കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച മഹതിയാണ് നഫീസത്ത് ബീവി. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കേരളത്തിലെ നവോത്ഥാന സംരംഭമായ ഇസ്‌ലാഹി പ്രസ്ഥാനത്തോട് അതീവ താല്‍പര്യമുണ്ടായിരുന്ന നഫീസത്ത് ബീവി, മുജാഹിദ് സംഘടനയുടെ പല പരിപാടികളിലും അതിഥിയും പ്രഭാഷകയുമായിരുന്നു.
കെ പി സി സി, എ ഐ സി സി, സംസ്ഥാന വനിതാ കമ്മീഷന്‍, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വിമന്‍സ് എജ്യൂക്കേഷനല്‍ സ്റ്റേറ്റ് കമ്മിറ്റി, സാമൂഹിക ക്ഷേമ ഉപദേശക ബോര്‍ഡ്, ആലപ്പുഴ ജില്ലാ വഖഫ് ബോര്‍ഡ്, തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്‍, സ്റ്റേറ്റ് ഓര്‍ഫനേജ് ബോര്‍ഡ് തുടങ്ങി വിവിധ കമ്മിറ്റികളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നഫീസത്ത് ബീവിക്ക് സാധിച്ചു. കൊച്ചിന്‍ റിഫൈനറീസ് ഡയറക്ടര്‍, കേരള റീജ്യനല്‍ പോസ്റ്റ് ആന്റ് ടെലഗ്രാഫ് ഉപദേശക സമിതി അംഗം, പെന്‍ഗ്വിന്‍ രാഷ്ട്രീയ വാരിക എഡിറ്റര്‍, ആലപ്പുഴ അബലാ മന്ദിര്‍ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ധീവര സ്മാരക സമിതി പുരസ്‌കാരം, തിരുവനന്തപുരം മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ അവാര്‍ഡ്, തൃശൂര്‍ സഹൃദയവേദിയുടെ ലക്ഷ്മി അവാര്‍ഡ്, എം ഇ എസ് ലേഡീസ് വിങ് അവാര്‍ഡ്, കാന്‍ഫെഡ് സില്‍വര്‍ ജൂബിലി വിദഗ്ധ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നഫീസത്ത് ബീവിക്ക് ലഭിച്ചിട്ടുണ്ട്. മലയാളക്കരയുടെ സാമൂഹിക-വൈജ്ഞാനിക മുന്നേറ്റത്തിനായി ജീവിതം സമര്‍പ്പിച്ച ധീരവനിതയായിരുന്ന അഡ്വ. എ നഫീസത്ത് ബീവി 91ാം വയസ്സില്‍ 2015 മെയ് 11ന് നിര്യാതയായി.

Back to Top