21 Saturday
December 2024
2024 December 21
1446 Joumada II 19

കടമിടപാടുകളിലെ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍

അബ്ദുല്‍ അലി മദനി


ദൈവിക മതമായ ഇസ്‌ലാം പ്രായോഗികവും പ്രയാസരഹിതവുമായ ജീവിതസാഹചര്യം സൃഷ്ടിക്കാന്‍ ഉതകുന്ന നിയമങ്ങളാണ് മാനവതയ്ക്ക് നല്‍കിയത്. മനുഷ്യപ്രകൃതിയുടെ തേട്ടങ്ങളെല്ലാം അനായാസേന കൈകാര്യം ചെയ്യുകയും മനുഷ്യത്വത്തിന്റെയും സമാധാന ജീവിതത്തിന്റെയും സമുന്നതമായൊരു സാമൂഹികാന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയുമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. അതിന്നായി മനുഷ്യരുടെ പ്രശ്‌നങ്ങളെ ഓരോന്നും ജീവകാരുണ്യ സമീപനത്തോടെ വീക്ഷിക്കുകയും തികച്ചും സൗഹാര്‍ദപൂര്‍ണമായതും ക്ലേശരഹിതവുമായൊരു നാഗരിക ക്രമം മനുഷ്യര്‍ക്ക് സമര്‍പ്പിക്കുകയുമാണ് ഇസ്‌ലാം ചെയ്തത്.
മനുഷ്യര്‍ക്ക് കടന്നു പോകേണ്ടിവരുന്ന എല്ലാ രംഗങ്ങളും ചൂഷണവിധേയമാക്കി ആവശ്യക്കാരനെ കൊള്ളയടിക്കുന്ന സമ്പ്രദായമാണ് എക്കാലത്തും മനുഷ്യരെ വരിഞ്ഞുകെട്ടിയിട്ടുള്ളത്. പരിഷ്‌കൃത സമൂഹത്തില്‍ അതെല്ലാം ബാഹ്യമായ സഹായമാണെന്നു തോന്നിപ്പിച്ച് ആന്തരികമായി അവരെ ഇഞ്ചിഞ്ചായി വധിച്ചുകളയുകയാണ് ചെയ്യുന്നത്. ധനവാന്‍ കൂടുതല്‍ വലിയ സമ്പന്നനും ദരിദ്രന്‍ പരമ ദരിദ്രനുമായി ആത്മഹത്യകള്‍ക്ക് വിധേയമാകുന്നൊരു സാമ്പത്തിക ശാസ്ത്രമാണ് ലോകത്തുടനീളം വാഴുന്നത്. മാനവ നാഗരികതയെ ശോഭയാര്‍ന്നതാക്കാനെന്ന നിലയില്‍ ആവിഷ്‌കരിച്ചെടുത്ത എല്ലാ സാമ്പത്തിക ഇടപാടുകളും മനുഷ്യരുടെ അധ്വാനവും വിയര്‍പ്പുകണങ്ങളും നക്കിത്തോര്‍ത്തിക്കൊണ്ടിരിക്കുകയുമാണ്. മനുഷ്യരുടെ ദൈനംദിന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, ഉദ്യോഗം, ചികിത്സ, വാഹനം, കച്ചവടം മുതലായവയെല്ലാം പൂര്‍ത്തീകരിച്ചു കൊടുക്കുന്നു എന്നതിന്റെ മറവില്‍ അവന്റെ മാനവും രക്തവും കൈയില്‍ മിച്ചമുള്ള വല്ലതുമുണ്ടെങ്കില്‍ അതും പിച്ചിച്ചീന്തപ്പെടുകയാണ് ഇതിലൂടെ അധോലോകം പുഞ്ചിരിയോടെ നിര്‍വഹിക്കുന്നത്.
പാവങ്ങള്‍ ഇതിലെല്ലാം വഞ്ചിതരാവുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം ദുരിതങ്ങളില്‍ നിന്നെല്ലാം മാനവരാശിയെ മോചിപ്പിച്ചെടുക്കുന്നൊരു ദൈവിക ദര്‍ശനമത്രേ ഇസ്‌ലാം. മനുഷ്യസമൂഹം നേരത്തേ കണ്ടറിഞ്ഞ് അനുഭവിച്ചിട്ടില്ലാത്ത സുന്ദരമായൊരു നാഗരിക ക്രമാണ് ഇസ്‌ലാം ലോകത്തിനു മുന്നില്‍ സംവിധാനിച്ചുകൊടുത്തത്. അത്തരമൊരു ഉല്‍കൃഷ്ട മതദര്‍ശനത്തെ പഠിച്ചെടുക്കുന്നതിനു പകരം തുടച്ചുനീക്കാന്‍ അണിയറശ്രമം നടത്തുന്നത് വഞ്ചകരും ചൂഷകരും കണ്ണില്‍ ചോരയില്ലാത്ത ധിക്കാരികളും തന്നെ.
വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തെ അധ്യായത്തിലാണ് ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തമായ കടമിടപാടില്‍ പാലിക്കേണ്ട മര്യാദകളെപ്പറ്റി വിശദമാക്കിയ വചനമുള്ളത്. ഈ വചനം നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവതരിച്ചതും ലോകാവസാനം വരെ നിലകൊള്ളുന്നതുമാണ്. പ്രവാചകന്റെ(സ) വാനാരോഹണഘട്ടത്തില്‍ കാണാനിടയായ ഭയാനകമായൊരു ശിക്ഷയുടെ രൂപം ഹദീസുകളില്‍ കാണാം. അതിങ്ങനെയാണ്: ‘ചില മനുഷ്യര്‍ രക്തപ്പുഴയില്‍ മുങ്ങുകയും താഴുകയും ചെയ്യുന്നു. നബി(സ) ജിബ്‌രീലിനോട് അവര്‍ ആരാണെന്ന് അന്വേഷിക്കുന്നു. അവര്‍ മനുഷ്യരുടെ രക്തം വലിച്ചുകുടിച്ചിരുന്ന പലിശക്കാരാണെന്ന് ജിബ്‌രീല്‍(അ) മറുപടി നല്‍കുകയും ചെയ്യുന്നു.’ അഥവാ ഇഹലോകത്തുവെച്ച് പലിശ ഭുജിച്ചതിന്റെ ഭയാനകതയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
ഇസ്‌ലാം പലിശയെ ഹറാമാക്കി. പ്രവാചകന്‍(സ) പലിശയെ ദുര്‍ബലമാക്കുന്നു എന്ന് തന്റെ അവസാനത്തെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഉറക്കെ പറയുകയും ചെയ്തു. എന്നാല്‍ ഇന്നും മനുഷ്യ സമൂഹത്തെ മുച്ചൂടും കാര്‍ന്നു തിന്നുന്ന പലിശയില്‍ അധിഷ്ഠിതമായ സാമ്പത്തിക വിനിമയരീതികളാണ് നിലനില്‍ക്കുന്നത്. മാനുഷിക ആവശ്യങ്ങളുടെ മുന്നില്‍ പരിഹാരങ്ങള്‍ കാട്ടിക്കൊടുക്കുന്നത് പലിശയില്‍ അധിഷ്ഠിതമായ പദ്ധതികളാണ്. ഇസ്‌ലാം ഇതിനെതിരാണ്. പ്രവാചകനോടും ഇസ്‌ലാം മതത്തോടും മനുഷ്യരെ ചൂഷണം ചെയ്യുന്ന വമ്പന്മാര്‍ക്ക് ശത്രുതയുണ്ടാകാനുള്ള കാരണവും ഇതുതന്നെയാണ്. ഏതൊരു പ്രശ്‌നവും പരിഹരിച്ചെടുക്കാന്‍ പുണ്യത്തിലും ഭക്തിയിലും ഊന്നല്‍ കൊടുക്കാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് (ഖുര്‍ആന്‍ 5:2). ഈയൊരു അടിത്തറയില്‍ നിന്നുകൊണ്ട് ലോകരാഷ്ട്രങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്കിടയിലും സംഭവിക്കുന്ന കടമിടപാടുകളും വായ്പാ സമ്പ്രദായങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്. ദൈവിക മതമായ ഇസ്‌ലാം ഇവ രണ്ടിനെയും അംഗീകരിക്കുകയും സങ്കീര്‍ണതകള്‍ അകറ്റാനുതകുന്ന ശക്തമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നതായും കണ്ടെത്താനാവും.
മേല്‍ സൂചിപ്പിച്ച ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തം കടമിടപാടില്‍ അവലംബിക്കേണ്ട മര്യാദകള്‍ തുറന്നുകാട്ടുന്നത് ഇങ്ങനെ മനസ്സിലാക്കാം: ”സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധി വെച്ചുകൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതിവെക്കേണ്ടതാണ്. ഒരെഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരെഴുത്തുകാരനും അല്ലാഹു അവനു പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്. അവനത് എഴുതുകയും കടബാധ്യതയുള്ളവന്‍ (എഴുതേണ്ട വാചകം) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്റെ രക്ഷിതാവായ അല്ലാഹു അവനെ സൂക്ഷിക്കുകയും (ബാധ്യതയില്‍) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ കാര്യശേഷിയില്ലാത്തവനോ (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വം (വാചകം) പറഞ്ഞുകൊടുക്കേണ്ടതാണ്. നിങ്ങളില്‍ പെട്ട രണ്ടു പുരുഷന്മാരെ നിങ്ങള്‍ സാക്ഷിനിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ടു സ്ത്രീകളുമായാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റു പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. (തെളിവ് നല്‍കാന്‍) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തിവെക്കാന്‍ നിങ്ങള്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വകമായതും സാക്ഷ്യത്തിന് കൂടുതല്‍ യോജ്യമായിട്ടുമുള്ളത്. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്. ഒരെഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചുതരുകയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു” (വി.ഖു 2:282).
ഈ സൂക്തത്തിലെ ദൈവികമായിട്ടുള്ള കല്‍പനകളും നിരോധങ്ങളും നിര്‍ദേശങ്ങളും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ നാഥനായ അല്ലാഹു എത്രമാത്രം ഗൗരവതരമായ ശ്രദ്ധയാണ് കടമിടപാട് നടത്തുമ്പോള്‍ പാലിക്കാന്‍ ഊന്നല്‍ കൊടുത്തിട്ടുള്ളതെന്നു കാണാനാകും.
നിങ്ങള്‍ അന്യോന്യം ആവശ്യങ്ങള്‍ പരിഹരിക്കാനായി പലിശയിലൂടെയല്ലാതെ കടം നല്‍കി സഹായിക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. ഇത്തരം സഹായങ്ങള്‍ നല്‍കുന്നവരോട് മനസ്സില്‍ തോന്നുന്ന ഇഷ്ടവും ആദരവും പലിശയ്ക്ക് നല്‍കി സഹായിക്കുന്നവരോട് ഉണ്ടാവാത്തത് പലിശയിലൂടെ താല്‍ക്കാലിക സഹായമാണ് ഉണ്ടാവുന്നതെങ്കിലും കടം വാങ്ങിയതിന്റെ ഇരട്ടിക്കിരട്ടി കൊടുത്തുവീട്ടിയാലും വീണ്ടും വാങ്ങിയ സംഖ്യ കൊടുക്കാന്‍ തന്നെയായി അവശേഷിക്കും. അതിനാല്‍ ഇഞ്ചിഞ്ചായി വധിക്കുന്ന പോലെയാണ് പലിശ. എന്നാല്‍ കടമായി നല്‍കിയ സംഖ്യ ഗഡുക്കളായോ മുഴുവനും ഒന്നിച്ചോ തിരിച്ചുനല്‍കുമ്പോള്‍ നല്‍കിയവന്‍ പുണ്യകരമായ സഹായം ചെയ്യുകയും വാങ്ങിയവന്‍ സന്തോഷപൂര്‍വം നല്‍കിയവനെ ഓര്‍ക്കുകയും ചെയ്യുന്നു. അല്ലാഹുവോട് അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് ‘ശുക്ര്‍’ (നന്ദി) പ്രകാശിപ്പിക്കുന്ന ദാസനുണ്ടാകുന്ന കൃതാര്‍ഥത പോലെ. ഇതാണ് അവയിലെ അന്തരം. ഇത്തരം സഹായസഹകരണങ്ങള്‍ മനുഷ്യധര്‍മമായി നിലനിര്‍ത്തുമ്പോള്‍ മാത്രമേ മാനവികതയും മനുഷ്യത്വവും പരിലസിക്കുകയുള്ളൂ.
കടമിടപാടില്‍ വാങ്ങിയവന്‍ നല്‍കിയവനോട് ഏറ്റവും ബാധ്യതപ്പെട്ടവനാണ്. കടം വാങ്ങിയ സംഖ്യ കൃത്യമായി വീട്ടിക്കൊടുക്കണം. മാത്രമല്ല, കടം വാങ്ങിയ തുക തിരിച്ചുനല്‍കാന്‍ കഴിവുണ്ടായിട്ടും തിരിച്ചുനല്‍കിയില്ലെങ്കില്‍ അതൊരു വലിയ അക്രമമാണെന്ന് പ്രവാചകന്‍(സ) അരുളിയിട്ടുണ്ട്. കടം വാങ്ങുമ്പോള്‍ ഇതൊരിക്കലും തിരിച്ചുനല്‍കില്ലെന്ന് മനസ്സില്‍ കരുതിയാണ് കടം വാങ്ങുന്നതെങ്കില്‍ അത് മോഷ്ടിക്കുന്നതിനു തുല്യവുമാണ്. കടം വാങ്ങുകയെന്നത് സ്ഥിരം പതിവാക്കുകയും ആര്‍ക്കും തിരിച്ചുകൊടുക്കാത്തവരുമായ ചില വ്യക്തികളുണ്ട്. അവര്‍ മാനുഷിക മൂല്യങ്ങളെ വിലമതിക്കാത്തവരുമാണ്. ‘ഗാരിം’ (കടക്കാരന്‍) സകാത്ത് വാങ്ങാന്‍ അര്‍ഹനാണെന്നാണ് ഖുര്‍ആനിന്റെ വിലയിരുത്തല്‍. എന്നാല്‍ അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ കടം വാങ്ങിയത് യഥാവിധി വീട്ടിക്കൊടുക്കാന്‍ കഴിയാതെ വന്നയാളോട്, ഞെരുക്കക്കാരന്‍ എന്ന നിലയില്‍ അയാള്‍ക്ക് അവധി നീട്ടിക്കൊടുക്കുകയോ സൗകര്യപ്പെടുംവിധം തിരിച്ചുനല്‍കിയാല്‍ മതിയെന്നു പറയുകയോ അതൊന്നുമല്ലെങ്കില്‍ പൂര്‍ണമായി കടക്കാരന് ഒഴികഴിവ് നല്‍കുകയോ ചെയ്യാന്‍ പഴുതുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ മനുഷ്യത്വപരമായ സമീപനമെന്ന് അല്ലാഹു വിശദമാക്കിയിട്ടുണ്ട് (ഖുര്‍ആന്‍ 2:280).
എന്തുതന്നെയായിരുന്നാലും കടമായി വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന സംഖ്യ എത്ര ചെറുതായാലും വലുതായാലും എഴുതി രേഖയാക്കി വെക്കണമെന്ന ഖുര്‍ആനിന്റെ ആഹ്വാനം ഗൗരവതരം തന്നെയാണ്. കൂടാതെ സാക്ഷികള്‍ ഉണ്ടായിരിക്കണമെന്നതും. ഇതിന്റെ പേരില്‍ പിന്നീട് കലഹമോ പിണക്കമോ മറ്റു തെറ്റിദ്ധാരണകളോ ഉണ്ടാവാതിരിക്കാനാണത്.
മരണപ്പെടുന്നയാളുടെ സ്വത്ത് അനന്തരാവകാശികള്‍ ഓഹരി വെച്ചെടുക്കുന്നതിനു മുമ്പായി അയാളുടെ കടബാധ്യതകളും അയാള്‍ വസ്വിയ്യത്ത് ചെയ്തതും പൂര്‍ത്തിയാക്കിയ ശേഷമേ സ്വത്ത് ഓഹരി വെക്കാന്‍ പാടുള്ളൂ എന്ന ഖുര്‍ആനിക നിര്‍ദേശം അതുല്യമായത് തന്നെയാണ് (4:11,12). എഴുതാനറിയുന്നവന്‍ ഇത്തരം ഇടപാടുകള്‍ എഴുതിക്കൊടുക്കാന്‍ വിസമ്മതിക്കുകയോ സാക്ഷികള്‍ സാക്ഷ്യം വഹിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും കള്ളസാക്ഷ്യം പറയല്‍ മഹാപാപമാണെന്നും ഇസ്‌ലാം താക്കീതായി ഓര്‍മപ്പെടുത്തുന്നുണ്ട്. കടം നല്‍കി സഹായിക്കുന്നതും വേണ്ടിവരുകയാണെങ്കില്‍ അതിലെല്ലാം ഇളവ് നല്‍കണമെന്ന് അനുശാസിക്കുകയും ചെയ്യുന്ന ഇസ്‌ലാം, എഴുതാന്‍ അറിയുന്നവന്‍ നേരാംവണ്ണം അതെഴുതിവെക്കാനും കല്‍പിക്കുകയാണ്. അല്ലാഹുവാണ് അവനെ എഴുതാന്‍ പഠിപ്പിച്ചതെന്ന ഓര്‍മപ്പെടുത്തല്‍, എഴുതാന്‍ വിസമ്മതിക്കുന്നത് കുറ്റകരമാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. പലിശയിടപാടില്‍ എഴുത്തുകാരും സാക്ഷികളും ഒരേപോലെ ശാപത്തിനും ദൈവകോപത്തിനും ഇടയാകുമെന്നും പ്രവാചകന്‍ അരുളിയിട്ടുണ്ട്.
വ്യക്തികള്‍ തമ്മില്‍ കടമിടപാടുകള്‍ ചെയ്യുംപോലെ നാടുകള്‍ക്കും രാഷ്ട്രങ്ങള്‍ക്കും അങ്ങനെയാകാവുന്നതാണ്. എന്നാല്‍ ദരിദ്രരാജ്യങ്ങളെ കീഴ്‌പ്പെടുത്താനോ അവരെ പിടിയിലൊതുക്കാനോ നശിപ്പിക്കാനോ ലക്ഷ്യമിട്ട് കടം നല്‍കാന്‍ പാടില്ലാത്തതും അയല്‍ രാജ്യത്തെ സമ്പത്ത് കടമായി വാങ്ങി തിരിച്ചുകൊടുക്കാതെ അവരുമായി അസ്വാരസ്യം സൃഷ്ടിക്കുന്നതും ഭൂഷണമല്ല തന്നെ. ഇന്ന് നമ്മുടെ സമൂഹത്തില്‍ ഇത്തരം ജീര്‍ണതകള്‍ ധാരാളം വ്യാപകമായിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല. ലോകബാങ്കുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ നല്‍കി ചെറുകിട രാജ്യങ്ങളില്‍ അധിനിവേശം നടത്തുന്നതും മറ്റും നാം കാണുന്നതാണ്. സ്വന്തം നാട്ടിലുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ പദ്ധതികളുടെയും പൂര്‍ത്തീകരണത്തിനായി ഭരണാധിപന്മാര്‍ അവിടത്തെ പൗരന്മാരുടെ അറിവോ സമ്മതമോ ഇല്ലാതെ നാടിനെത്തന്നെ പണയം വെച്ച് കൊള്ളയടിച്ച് നാടുവിട്ടോടുന്ന ദുരന്തങ്ങളും വ്യാപകമായിട്ടുണ്ട്.
അതിനാല്‍ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയും കൃത്യനിഷ്ഠയും മനുഷ്യത്വപരമായ സമീപനവും സമാധാനപൂരിതമായ അന്തരീക്ഷവും കാത്തുസൂക്ഷിക്കുന്ന ഒരവസ്ഥ സംജാതമാകേണ്ടതുണ്ട്. ഉള്ളവനെ കൂടുതല്‍ സമ്പന്നനാക്കുന്നതും ഇല്ലാത്തവനെ തരംതാഴ്ത്തി ദരിദ്രനാക്കുന്നതുമായ വ്യവസ്ഥിതികള്‍ ഉണ്ടാകാവതല്ല. ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കുന്നതും ഇല്ലാത്തവന്‍ ഉള്ളവനോട് അസൂയയില്ലാത്ത വിധം ഇടപഴകുന്നതുമായ തികച്ചും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന ഒരു നല്ല സംസ്‌കാരം ഉത്തേജിക്കപ്പെടുകയും വേണം. ഈയൊരു ലക്ഷ്യമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ധിക്കാരികളും സ്വേച്ഛാധിപതികളും അതിനു തടസ്സവുമാണ്. ഖുര്‍ആനില്‍ നിന്നു നാം മനസ്സിലാക്കിയ സൂക്തം വിശ്വാസികളെ ഇരുത്തിച്ചിന്തിപ്പിക്കുന്ന ഒന്നുതന്നെയാണ്.

Back to Top