ആദര്‍ശ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം, അകാരണമായി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
മഞ്ചേരി: നീതിക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടി ജയിലിലടക്കുന്ന നടപടി കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’ സന്ദേശവുമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ നടത്തുന്ന പഞ്ചമാസ ആദര്‍ശ പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.
വാദിയെ പ്രതിയാക്കി സംഘ്പരിവാര്‍ ഭരണകൂട ഭീകരതക്ക് നിയമപരിരക്ഷ നല്കുന്ന ജുഡീഷ്യല്‍ ഇടപെടലുകള്‍ ആശങ്കാജനകമാണ്. അകാരണമായി കേസെടുത്ത് ജയിലിലടച്ച സഞ്ജീവ് ഭട്ട്, ടീസ്റ്റ സെറ്റല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ നിരുപാധികം വിട്ടയക്കണം. രാജ്യത്തെ ജനങ്ങളുടെ നീതിക്കു വേണ്ടിയുള്ള ആശ്രയ കേന്ദ്രമായ ജുഡീഷ്യറിയില്‍ വിശ്വാസ്യത നഷ്ടമാവുന്നത് രാജ്യത്ത് അരാജകത്വം വളര്‍ത്തും.
സമ്മേളനം സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വിശ്വാസികളെ യാഥാസ്ഥിതികതയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും നയിക്കുന്ന ആത്മീയ വാണിഭക്കാരുടെയും പൗരോഹിത്യത്തിന്റെയും കറാമത്ത് പ്രചാരണത്തിനെതിരെ വിശ്വാസികള്‍ ബോധവാന്മാരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രബുദ്ധ കേരളത്തില്‍ ആത്മീയ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നത് മതനേതൃത്വങ്ങള്‍ ഗൗരവമായി കാണണം. നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നവര്‍ പോലും ജിന്ന് ബാധ, മാരണം പോലുള്ള അന്ധവിശ്വാസങ്ങളിലേക്ക് തിരിച്ചുനടക്കുന്നത് നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. സുഫ്‌യാന്‍ അബ്ദുസത്താര്‍ യുവത പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. ഇര്‍ശാദ് സ്വലാഹി കൊല്ലം, എം അഹ്മദ്കുട്ടി മദനി, അലി മദനി മൊറയൂര്‍, ഐ എസ് എം സംസ്ഥാന ജന: സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, എം എസ് എം ജന. സെക്രട്ടറി ആദില്‍ നസീഫ് മങ്കട, എം ജി എം ജന. സെക്രട്ടറി സി ടി ആയിശ, ഐ ജി എം പ്രസിഡന്റ് അഫ്‌നിദ പുളിക്കല്‍, എം ടി മനാഫ്, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, അബ്ദുസ്സലാം മുട്ടില്‍, അബ്ദുസ്സലാം പുത്തൂര്‍ പ്രസംഗിച്ചു. അഡ്വ. പി മുഹമ്മദ് ഹനീഫ, അഡ്വ. പി കുഞ്ഞമ്മദ്, കെ എം കുഞ്ഞമ്മദ് മദനി, സഹല്‍ മുട്ടില്‍, മമ്മു കോട്ടക്കല്‍, സി അബ്ദുല്ലത്തീഫ്, ബി പി എ ഗഫൂര്‍, അബ്ദുല്‍ അസീസ് മദനി, അബ്ദുല്‍കരീം സുല്ലമി എടവണ്ണ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു.