തെരഞ്ഞെടുത്തു തീരാത്ത ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പ്

മൂന്നു വര്‍ഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ് ഇസ്രായേല്‍. പാര്‍ലമെന്റ് പിരിച്ചുവിടുകയാണെന്ന് ഇസ്രായേല്‍ സഖ്യ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്തയാഴ്ച സഖ്യസര്‍ക്കാരിനെ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്. വലത്-മധ്യപക്ഷവും ഇസ്രായേലിലെ ഫലസ്തീന്‍ പൗരന്മാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയും ഉള്‍പ്പെടുന്ന എട്ട് പാര്‍ട്ടികള്‍ കൂടിച്ചേര്‍ന്നതാണ് ഇസ്രായേല്‍ സഖ്യസര്‍ക്കാര്‍. ഒരു വര്‍ഷം മുമ്പ് അധികാരത്തിലേറിയ ഈ സഖ്യസര്‍ക്കാര്‍ തുടക്കം മുതല്‍ക്കേ ദുര്‍ബലമാണ്. രണ്ടു വര്‍ഷത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു ശേഷം 2021 ജൂണില്‍ നഫ്താലി ബെനറ്റും സഖ്യപങ്കാളിയായ യേര്‍ ലാപിഡും ചേര്‍ന്നാണ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. 12 വര്‍ഷമായി അധികാരത്തില്‍ തുടര്‍ന്നിരുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തിന് അന്ത്യംകുറിച്ചാണ് പുതിയ സഖ്യസര്‍ക്കാര്‍ അധികാരത്തിലേറിയത്. പിന്നീട് സഖ്യത്തിനുള്ളിലെ വൈരുധ്യങ്ങള്‍ തലപൊക്കിത്തുടങ്ങി.
