30 Friday
January 2026
2026 January 30
1447 Chabân 11

ഇന്ത്യയിലെ പ്രവാചകനിന്ദക്കെതിരെ ഷിക്കാഗോയില്‍ വീണ്ടും പ്രതിഷേധം


ഇന്ത്യയിലെ ബി ജെ പി വക്താക്കളുടെ പ്രവാചക നിന്ദക്കെതിരെ വീണ്ടും പ്രതിഷേധവുമായി യു എസ്. ഗ്രേറ്റര്‍ ഷിക്കാഗോയിലെ യുനൈറ്റഡ് മുസ്‌ലിം ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം നൂറുകണക്കിന് പേര്‍ അണിനിരന്ന പ്രതിഷേധം അരങ്ങേറിയത്. ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസിനു മുന്നിലാണ് പ്രതിഷേധം നടന്നത്. പ്രവാചകന്‍ മുഹമ്മദ് നബിക്ക് ആദരവ് അര്‍പ്പിച്ച് വിവിധ പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള 700-ലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു. ”ഇന്ത്യയിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളും ദലിതരും സിഖുകാരും വിവേചനം അനുഭവിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വിവേചനരഹിതവും നിയമവിരുദ്ധവുമായ അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനും പ്രവാചകനെ ബഹുമാനിക്കുന്നതിനും വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയത്. ഇത് നമ്മുടെ അന്തസ്സാണ്. നമുക്ക് ഒരു സ്രഷ്ടാവുണ്ട്”- ഷിക്കാഗോയില്‍ നിന്നുള്ള ഫിസിഷ്യനും ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസറുമായ ഡോ. മുഹമ്മദ് ഖുത്ബുദ്ദീന്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് വീട് തകര്‍ക്കപ്പെട്ട അഫ്രീന്‍ ഫാത്തിമയ്‌ക്കൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ പിന്തുണച്ചും പ്രവാചകനെ സ്തുതിച്ചും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും ദലിതര്‍ക്കും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുസ്‌ലിംകളെ കശാപ്പ് ചെയ്യുന്നതും അവരുടെ വീടുകള്‍ തകര്‍ക്കുന്നതും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Back to Top