സര്‍ഗാത്മകതകള്‍ തെളിയുന്ന പുതുകാലം
ഷമീം കീഴുപറമ്പ്
പുതിയ കാലത്ത് പുതിയ രീതിയില്‍ ട്രോളുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പല ട്രോളുകളിലൂടെയും ഒരുപാട് സര്‍ഗവാസനകള്‍ വിരിയുന്നതായി നമുക്ക് കാണാം. ചിലത് ഒന്നിനും പറ്റാത്തതായി നമുക്കു ബോധ്യപ്പെട്ടതുമുണ്ട്. യഥാര്‍ഥ സംഭവവികാസങ്ങള്‍ നോക്കുമ്പോള്‍ ഒരുപാട് പ്രസക്തി ട്രോളുകള്‍ക്കുണ്ട്. എന്തിനും ഏതിനും ട്രോള്‍ എന്നതാണ് ഇക്കാലത്തെ ഒരു ട്രെന്‍ഡ്.
അതിഗൗരവമായ കാര്യങ്ങള്‍ പോലും തമാശയാക്കി മാറ്റി അവതരിപ്പിക്കുന്നതാണ് ട്രോളുകള്‍ ജനപ്രിയമാകാന്‍ കാരണം. ചുറ്റും നടക്കുന്ന കാര്യങ്ങളെ ചൂടന്‍ പരിഹാസത്തിലൂടെ വിമര്‍ശിക്കാന്‍ ഈ ട്രോളുകള്‍ മുന്‍പന്തിയിലാണ്. അല്ലെങ്കില്‍ തന്നെ എന്തിനെയും കുറിച്ച് പരിഹാസം ചേര്‍ത്ത് വിമര്‍ശിക്കാനുള്ള കഴിവ് മലയാളികള്‍ക്ക് പൊതുവായി ഉള്ളതാണല്ലോ. മന്ത്രിമാരുടെ നാക്കുപിഴകള്‍ മുതല്‍ മലയാളികള്‍ തീവ്രവാദ സംഘടനയില്‍ ചേരാന്‍ പോയ വാര്‍ത്ത വരെ ട്രോളുകളുടെ രൂപത്തില്‍ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ഇന്ന് ഏതൊരു സംഭവമുണ്ടായാലും ആള്‍ക്കാര്‍ ആദ്യം തിരയുക ട്രോളുകളായിരിക്കുന്ന ഒരു സ്ഥിതിയുണ്ട്. അത്രത്തോളം സാര്‍വത്രികമായിരിക്കുന്നു ഇന്ന് ട്രോളുകള്‍. എന്തും അറിഞ്ഞു ചിരിപ്പിക്കാന്‍ കഴിയുന്ന ട്രോളന്‍മാരാണ് ഇക്കാലത്ത് ഏറ്റവും വലിയ സര്‍ഗാത്മക കഴിവുകള്‍ നേടിയെടുത്തവര്‍ എന്നുതന്നെ നമുക്ക് പറയാം.