ജിദ്ദ ഇസ്‌ലാഹി സെന്റര്‍ നാല്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
ജിദ്ദ: ‘നന്മയില്‍ നാല്‍പതാണ്ട്’ പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിക്കുന്ന നാല്‍പതാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം മാധ്യമപ്രവര്‍ത്തകനും അറബ് ന്യൂസ് മാനേജിങ് എഡിറ്ററുമായ സിറാജ് വഹാബ് നിര്‍വഹിച്ചു.
സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുന്നതോടൊപ്പം, ക്രിയാത്മക സമൂഹത്തിനെ സൃഷ്ടിക്കാനാവശ്യമായ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നേതൃത്വം നല്‍കിയെന്നും ഇത് മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിനും മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ ഡയരക്ടര്‍ ശൈഖ് ഹമൂദ് മുഹമ്മദ് അല്‍ശിമംരി, മുഖ്യ രക്ഷാധികാരി ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിസി, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ട്രഷറര്‍ അഹമ്മദ്കുട്ടി മദനി വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചു. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ വി പി മുഹമ്മദലി, അബീര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അഹമ്മദ് ആലുങ്ങല്‍, സക്കീര്‍ ഹുസൈന്‍ എടവണ്ണ (ഒ ഐ സി സി), റഫീഖ് പത്തനാപുരം (നവോദയ), മായിന്‍കുട്ടി (മീഡിയ ഫോറം), അമീറലി (ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി), നജീബ് കളപ്പാടന്‍ (ഇ എഫ് എസ് ലോജിസ്റ്റിക്), മജീദ് നഹ (എം എസ് എസ്) സി എച്ച് ബഷീര്‍, സഫറുല്ലാഹ് (കെ ഐ ജി), ഡോ. ഫൈസല്‍ (ഇസ്പാഫ്), അബ്ദുല്‍ റഷാദ് കരുമാര, ജനറല്‍ സെക്രട്ടറി ശക്കീല്‍ ബാബു പ്രസംഗിച്ചു. മുജീബ് റഹ്മാന്‍ സ്വലാഹി ഖുര്‍ആന്‍ പാരായണം നടത്തി. ട്രഷറര്‍ സലാഹ് കാരാടന്‍ ഇസ്‌ലാഹി സെന്റര്‍ ഇന്നലെകളില്‍ പിന്നിട്ട നാഴികക്കല്ലുകള്‍ സദസ്സിനെ പരിചയപ്പെടുത്തി.