30 Friday
January 2026
2026 January 30
1447 Chabân 11

‘ബുര്‍ഖ ധരിക്കാത്ത സ്ത്രീകള്‍ മൃഗങ്ങളെപ്പോലെ’ കാന്തഹാറില്‍ പോസ്റ്റര്‍ പതിച്ച് താലിബാന്‍


‘ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ മൃഗങ്ങളെ പോലെയാകാന്‍ ശ്രമിക്കുകയാണ്’ എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളുമായി താലിബാന്‍. തെക്കന്‍ അഫ്ഗാന്‍ നഗരമായ കാന്തഹാറിലാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിച്ചത്. ബുര്‍ഖയുടെ ചിത്രവും പോസ്റ്ററിലുണ്ട്. ഇറുകിയതും ശരീരം മുഴുവന്‍ മറയ്ക്കാത്തതും സുതാര്യവുമായ വസ്ത്രം ധരിക്കുന്നവര്‍ നിയമലംഘനമാണ് നടത്തുന്നതെന്ന് താലിബാന്‍ വ്യക്തമാക്കി. പോസ്റ്ററുകളെക്കുറിച്ച് കാബൂളിലെ താലിബാന്‍ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. സ്ത്രീകള്‍ വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നും പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മുഖവും ശരീരവും മൂടുന്ന വസ്ത്രം ധരിക്കണമെന്നും കാണിച്ച് താലിബാന്‍ നേതാവും പരമാധികാരിയുമായ ഹിബത്തുല്ല അഖുന്‍സാദ നേരത്തെ ഉത്തരവിറക്കിയിരുന്നു. അധികാരം പിടിച്ചെടുത്തപ്പോള്‍ മുന്‍ ഭരണത്തിലേതുപോലെ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കില്ലെന്നാണ് താലിബാന്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ തന്നെ സ്ത്രീകളെ പൊതുഇടങ്ങളില്‍ നിന്ന് മാറ്റാനുള്ള നിയമങ്ങള്‍ കൊണ്ടുവന്നു. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുകയും പുരുഷന്‍മാരായ ബന്ധുക്കള്‍ കൂടെയുണ്ടെങ്കില്‍ മാത്രം സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ മതിയെന്നും നിയമം കൊണ്ടുവന്നു. പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സന്ദര്‍ശനം നടത്താമെന്നും നിര്‍ദേശം നല്‍കി.

Back to Top