ഹിന്ദുത്വ ദേശീയത ഇന്ത്യയുടെ ഉയര്‍ച്ചക്ക് ഭീഷണിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍

ഹിന്ദുത്വ ദേശീയത ഇന്ത്യയുടെ ഉയര്‍ച്ചക്ക് ഭീഷണിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനം. രാഷ്ട്രങ്ങളുടെ വ്യാപാര-നയതന്ത്ര പങ്കാളികളുടെ മതത്തെ ഭരണകക്ഷിയിലെ വക്താക്കള്‍ നിന്ദിക്കുന്നത് ‘ഭൗമരാഷ്ട്രീയ’ യുക്തിയല്ലെന്ന് സദാനന്ദ് ദൂം എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. മുഹമ്മദ് നബിയെ കുറിച്ച് ബി ജെ പി വക്താക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കുവൈത്തും ഇറാനും ഖത്തറും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി വിശദീകരണം തേടിയതോടെ ബി ജെ പി വക്താക്കളുടെ പ്രവാചകനിന്ദ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായി. ‘ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക’, ‘പ്രവാചകനിന്ദ അവസാനിപ്പിക്കുക’ എന്നീ ഹാഷ്ടാഗുകള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ബി ജെ പി വക്താക്കളുടെ അശ്ലീലതയും പരുഷതയും ഭൂമിയുടെ കിഴക്കും പടിഞ്ഞാറുമുള്ള മുസ്ലിംകള്‍ക്കെതിരായ യുദ്ധത്തിന് സമാനമാണെന്ന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി പ്രഖ്യാപിച്ചു. ഇസ്ലാമിക ലോകത്തിന്റെ എതിര്‍പ്പ് താങ്ങാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുകയാണെന്ന് ലേഖനം മുന്നറിയിപ്പ് നല്‍കി.
