വിത്ത്
ഫാത്തിമ ഫസീല
കടല് ചിലപ്പോഴൊക്കെ
പെയ്യാറുണ്ട്
പൊള്ളിപ്പോകുന്ന ദു:ഖങ്ങളുടെ
നീരാവിയായി
പ്രതീക്ഷയുടെ
ആകാശങ്ങളില്‍
നിക്കക്കള്ളിയില്ലാതെ
ഭൂമിയോളം താഴ്ന്ന്
ഒലിച്ചു വരും
അത്
കലങ്ങിയ പുഴയായി
അലറിത്തുള്ളാറില്ല
കരയെ ഉന്മാദത്തിന്റെ
ആഴങ്ങളിലേക്ക്
മുക്കിത്താഴ്ത്തി
പറമ്പുകളിലൂടെ
നില വിട്ടോടാറില്ല
എല്ലാം കടിച്ചുപിടിച്ച്
ഔന്നത്യത്തിന്റെ
വെള്ളയോ
ഓര്‍മകളുടെ നീലയോ
തൂവാല കൈയില്‍ പിടിച്ച്
കടല്‍ മേഘം
കണ്ണു തുടക്കുമ്പോഴാണ്
കുന്നിനു മുകളിലോ
വരണ്ട ചതുപ്പിലോ
ഇലയും
പൂവും
മധുരിക്കുന്ന കായ്കനികളും
മനസ്സിലൊളിപ്പിച്ച്
ഒരു വിത്ത്
പൊട്ടി മുളക്കുന്നത്.